അഭിമുഖങ്ങളെ നേരിടുമ്പോള്‍

interview1 “Do you think that you are impertinent?” അഭിമുഖത്തിനിടയില്‍ ഇങ്ങനെയൊരു ചോദ്യം വന്നാല്‍ നിങ്ങള്‍ ഒന്നു പതറിയേക്കും, impertinent എന്ന വാക്ക് നിങ്ങള്‍ക്കു പരിചിതമല്ലെങ്കില്‍ നിങ്ങള്‍ എന്തുചെയ്യും? ആണെന്നും അല്ലെന്നും പറയാന്‍ പറ്റാത്ത അവസ്ഥ. ഒടുവില്‍ രണ്ടും കല്പിച്ച് നിങ്ങള്‍ “No” എന്നു പറയുന്നു. അപ്പോള്‍ ചോദ്യം വീണ്ടും വരുന്നു: “Why do you think so?” നിങ്ങള്‍ കറക്കികുത്തിയതാണോ എന്നറിയാന്‍ ഇന്റര്‍വ്യൂവര്‍ ഉന്നയിച്ച ഈ ചോദ്യത്തിനുമുമ്പില്‍ നിങ്ങള്‍ക്ക് അടിയറവുപറയേണ്ടിവരുന്നു. ഇനി “Yes” എന്നാണ് നിങ്ങള്‍ ഉത്തരം പറഞ്ഞിരുന്നതെങ്കില്‍ നിങ്ങള്‍ അഹങ്കാരിയും മറ്റുള്ളവരെ മാനിക്കാത്തവനുമാണെന്നും സ്വയം സമ്മതിച്ചതായിവരും! Impudent എന്ന വാക്കിനു ഇത്ര അര്‍ത്ഥം തന്നെയാണ് ഓര്‍ക്കുക.

“Window envelop” എന്താണ് എന്നായിരിക്കാം അടുത്ത ചോദ്യം.നിങ്ങള്‍ക്കുത്തരം മുട്ടുന്നുണ്ടോ? കവറിനുള്ളിലെ കത്തിലെ അഡ്രസ്സ് കാണത്തക്കവിധത്തില്‍ സുതാര്യമായ ഒരു കിളിവാതിലുള്ള Window envelopകളാണ് ഓഫീസ് ജോലികുറയ്ക്കുവനായി ഗവണ്മെന്റ് സ്ഥാപനങ്ങളും എല്‍.ഐ.സി തുടങ്ങിയവയും സാധാരണ ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ വാണിജ്യമന്ത്രി ആരാണെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആരാണെന്നുമൊക്കെയുളള്ള പതിവുചോദ്യങ്ങളും അഭിമുഖത്തില്‍ പ്രതീക്ഷീക്കാം.

ചോദ്യങ്ങള്‍ക്ക് ഉത്തരമറിയില്ലെങ്കിലും അതിന്റെ ജാള്യം നിങ്ങളുടെ മുഖത്ത് നിഴലിക്കരുത്. അറിയാത്തവയെക്കുറിച്ച് തുടരെതുടരെ ചോദ്യങ്ങള്‍ വന്നാലും അതു നിങ്ങളുടെ മനോവീര്യത്തെ കെടുത്തിക്കളയരുത്. സമചിത്തതയോടെ അടുത്ത ചോദ്യത്തെ നേരിടുക [ I am not  scared എന്ന ഭാവമല്ല ഇവിടെ ഉദ്ദേശിക്കുന്നത്!]

പരിജ്ഞാനത്തോടൊപ്പം അഥവാ അതിലുപരിയായി നിങ്ങളുടെ വ്യക്തിത്വത്തിന്റെ വിവിധതലങ്ങള്‍ അറിയുവാന‍ാണ് ഇന്റര്‍വ്യൂ ബോര്‍ഡിന് താല്പര്യം. നിങ്ങളുടെ ശരീരഭാഷയില്‍ നിന്നും വാക്കുകളില്‍ നിന്നും നിങ്ങളെ അളക്കുവാന്‍ പരിചയസമ്പന്നരായ പരീക്ഷകര്‍ക്ക് പ്രായാസമില്ല.

മൗലികമായി നിങ്ങള്‍ക്ക് ചിന്തിക്കുവാന്‍ കഴിയുമോ, കാര്യങ്ങള്‍ വേണ്ടവിധം വിശകലനം ചെയ്തു മനസ്സിലാക്കുവാനുള്ള വിവേകം നിങ്ങള്‍ക്കുണ്ടോ, സാഹചര്യങ്ങളോടു പെട്ടെന്നു പൊരുത്തപ്പെടാന്‍ നിങ്ങള്‍ക്കു കഴിയുമോ,പ്രശ്നങ്ങളെ നേരിടുവാനുള്ള മനോബലവും സഹനശക്തിയും നിങ്ങള്‍ക്കുണ്ടോ, ഉത്തരവാദിത്വബോധം, ബൗ ദ്ധികമായ സത്യസന്ധത, ക്രിയാത്മകത, നേതൃത്വപാടവം എന്നീ ഗുണങ്ങളാല്‍ നിങ്ങള്‍ അനുഗൃരഹീതനാണോ, ശുഭപ്രതീക്ഷയുള്ള ഒരു വ്യക്തിയാണോ എന്നിങ്ങനെ നിങ്ങളുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളാണ് ഒരു അഭിമുഖത്തില്‍ വിലയിരുത്തപ്പെടുന്നത്.

അഭിമുഖ വേളയില്‍ എറെ വ്യക്തിനിഷ്ഠനാവാതെ ശ്രദ്ധിക്കണം.അതിര്‍ കവിഞ്ഞ ഉത്സാഹം കാണിക്കരുത്.മനസ്സിന്റെ നന്മ സംസാരരീതിയില്‍ പ്രതിഫലിപ്പിക്കണം. തുറന്നമനസ്സോടെ വേണം അഭിമുഖത്തെ നേരിടുവാന്‍. ശാന്തചിത്തനായി, എന്നാല്‍ ഉര്‍ജ്ജസ്വലത വെടിയാതെ ആശയവിനിമയം നടത്തുക.

പരിഭ്രമം തീരെ വേണ്ട. ഒരു ചെറുചിരിയോടെ ചോദ്യങ്ങളെ നേരിടുക. ശ്രദ്ധാപൂര്‍വ്വം മറുപടിപറയുക. നിങ്ങളുടെ ശക്തിയാണ്, ദൗര്‍ബ്ബല്യമല്ല ഒരു അഭിമുഖത്തില്‍ പ്രകടമാവേണ്ടത്. കടഞ്ഞെടുക്കാവുന്ന കാതല്‍ നിങ്ങള്‍ക്കുണ്ടെന്ന് അധികൃതരെ ബോദ്ധ്യപെടുത്തുക.

ഒരു ഗ്രൂപ്പില്‍ അഥവാ ടീമില്‍ ചേര്‍ന്ന് ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാന്‍ വേണ്ട സന്നദ്ധതയും മാനസിക പക്വതയും നിങ്ങള്‍ക്കുണ്ടോ എന്നാണ് ഒരഭിമുഖത്തില്‍ മുഖ്യമായും ആരായുന്നത്. മറ്റുള്ളവരുടെ വിചാരങ്ങളും വികാരങ്ങളും ഉള്‍ക്കൊള്ളുവാനും അതനുസരിച്ച് പ്രവര്‍ത്തിക്കുവാനുമുള്ള Emotional intelligence നിങ്ങള്‍ക്കുണ്ടോ എന്ന് പ്രത്യേകം വിശകലനം ചെയ്യപെടുന്നു. നിങ്ങള്‍ Aggressive ആണോ Assertive ആണോ Participative ആണോ എന്നതൊക്കെ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു.അതുപ്പോലെ പ്രതികൂല സാഹചര്യങ്ങളെ നേരിടാനും ശരിയായ തീരുമാനങ്ങളില്‍ വേഗത്തില്‍ എത്തിച്ചേരാനും നിങ്ങള്‍ക്കു കഴിവുണ്ടോ
എന്നും പരീക്ഷിക്കപ്പെടുന്നു.

നിങ്ങളുടെ ക്ഷമ പൂര്‍ണ്ണമായും പരീക്ഷിക്കപ്പെടുന്ന stress interview കളില്‍ മനസ്സിടിയാതെ നോക്കുക എന്നത് പരമ പ്രധാനമാണ്. ചോദ്യശരങ്ങള്‍ നിങ്ങളെ ആകെ പിടിച്ചുലച്ചേക്കാം. നിങ്ങളുടെ അഹംബോധത്തെ ചെറുതായി മുറിവേല്പിച്ചെന്നും വരാം. ഒരേ സമയം മൂന്നും നാലും പേര്‍ വ്യത്യസ്തങ്ങളായ ചോദ്യങ്ങള്‍ ചോദിച്ച് നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഔചിത്യബോധം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ചോദ്യത്തിന്റെ പ്രാധാന്യം, ഉത്തരം നല്‍കുന്നതില്‍ നിങ്ങളുടെ പ്രാവീണ്യം ഇവയെല്ലാം പരിഗണിച്ച് ഇത്തരം ചോദ്യങ്ങളെ നേരിടണം.

പ്രസാദാത്മകതയും ആശയവിനിമയശേഷിയും ഒരു അഭിമുഖത്തില്‍ നിങ്ങളെ എറെ തുണക്കുന്ന ഘടകങ്ങളാണ്.നിങ്ങളുടെ വസ്ത്രധാരണത്തിലെ ലാളിത്യം കലര്‍ന്ന ആര്‍ജ്ജവം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. സമയനിഷ്ഠ പുലര്‍ത്തുന്നതില്‍ നിങ്ങള്‍ കാണിക്കുന്ന ശുഷ്ക്കാന്തി എവിടെയും മാനിക്കപ്പെടുന്നു. ഒരു അഭിമുഖത്തിനു മുമ്പ് നിങ്ങള്‍ ചെയ്യുന്ന ഗൃഹപാഠങ്ങളെ ആശ്രയിച്ചിരിക്കും നിങ്ങളുടെ പ്രകടനത്തിന്റെ തിളക്കം എങ്കിലും, എത്രയൊക്കെ തയ്യാറെടുത്താലും,അഭിമുഖത്തിനിടയില്‍ നിങ്ങളുടെ ബുദ്ധി പരീക്ഷിക്കുന്നതരത്തില്‍ ആരെങ്കിലും ഇങ്ങിനെ ചോദിച്ചേയ്ക്കാം:

“ഒരച്ഛന്റേയും മകന്റേയും ഇപ്പോഴത്തെ വയസ്സില്‍ നിന്ന് 10 വയസ്സുവീതം കിഴിച്ചാല്‍ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിനേക്കാള്‍ മൂന്നിരട്ടിയാ‍വും. 5 വയസ്സുവീതം കൂട്ടിയാല്‍ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാവും. എങ്കില്‍ അവരുടെ ഇപ്പോഴത്തെ വയസ്സുകള്‍ എത്ര?.” ഉത്തരം പെട്ടെന്നാകട്ടെ!

-മെന്റര്‍
softskillsynergy.com

Share Button