ഇച്ഛാശക്തി

gn-pilla
GN Pilla

ഇച്ഛാശക്തി ഇഗോയില്‍ നിന്നാണ്. ഇഗോയെ വലുതാക്കിയിട്ട് നിര്‍മ്മലമാക്കുക. തന്റെ ഇച്ഛാശക്തിയെ കോസ്മിക് ആക്കിയിട്ട് നിര്‍മ്മലമാക്കുകയാണ് വേണ്ടത്.  ഈ ഇച്ഛാശക്തിയെ യൂണിവേഴ്സില്‍ ലയിപ്പിക്കുക. ശക്തമായ വിദ്യുത് പ്രവാഹമാണ് നമ്മുടെ ഇച്ഛാശക്തി. ഇച്ഛാശക്തി വീണു കഴിഞ്ഞാല്‍ അതില്‍ നിന്നുണ്ടാവുന്ന ഒരു സ്പന്ദശക്തി, മേല്പോട്ടുള്ള സ്പന്ദശക്തിയാണ് ക്രിയാശക്തി.ഇച്ഛാശക്തി എത്രയുണ്ടോ അത്രതന്നെ ക്രിയാശക്തിയുണ്ടാവുന്നു.

പ്രാണശക്തികള്‍ ക്രിയാശക്തികളുടെ സര്‍പ്പിള സഞ്ചാരമാണ്; ജീവിതങ്ങളാണ്, ശ്വസനചക്രങ്ങളാണ്. അവയുടെ കേന്ദ്രം ബ്രഹ്മാഗ്നിയാണ്. അനന്തമായ ബ്രഹ്മാഗ്നിയില്‍ സ്വല്പം കത്തുകയും എരിഞ്ഞടങ്ങുകയും ചെയ്യുന്നതിനെയാണ് ഗോചരപ്രപഞ്ചമെന്നു വ്യവഹരിക്കുന്നത്. അനശ്വരമാ‍യ ആ അഗ്നിയില്‍ നിന്നും തെറിച്ചുപോകുന്ന സ്ഫുലിംഗങ്ങളാണ് പ്രാണശക്തികള്‍, പ്രവര്‍ത്തന ശക്തികള്‍,  ഇന്ദ്രശക്തികള്‍ അവ സൗരരശ്മികളാണ്. രസമയങ്ങളാണ്. ആത്മാവ് അവയിലേക്ക് പ്രവേശിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുന്നു. അവ ആത്മാവിന്റേതാണ്. ഇന്ദ്രിയശക്തികളെ നിയന്ത്രിക്കുന്ന ആത്മാവു തന്നെയാണ് ഇന്ദ്രന്‍.

ഇച്ഛാശക്തി ശക്തമാണെങ്കില്‍ ക്രിയാപൂര്‍ത്തിയുണ്ടാവും.  എത് ഇച്ഛയും  പ്രപഞ്ചവുമായി ബന്ധപ്പെട്ടതാണ്. അല്ലെങ്കില്‍  പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതാണ്. സകല ഇച്ഛാശക്തിയും സൃഷ്ടിശക്തിയാണ്.

ആഗ്രഹങ്ങള്‍ അകത്ത് ബീജമായി കിടപ്പുണ്ട്. ഇതെപ്പോഴും ഉണരാന്‍ വെമ്പുന്ന ഇച്ഛാശക്തിയാണ്.
ഇച്ഛാശക്തി പാശവികമയാലും അതില്ലെങ്കിലും ജീവിക്കാന്‍ കഴിയില്ല.ഇച്ഛാശക്തി അനിമാലിറ്റിയായി മാ‍റരുത്. സത്യം അറിയും തോറും ആഗ്രഹം ഒതുക്കിവെയ്ക്കുന്നു. അബോധത്തില്‍ സമയം നോക്കി നില്‍ക്കുന്ന ആഗ്രഹശക്തികളുണ്ട്.ഇതിലും വലിയ ദുഃഖവും മനസ്സിനുണ്ട്.ഇന്ദ്രിയങ്ങളുടെ പിന്നില്‍ ഒരു മാത്ര ബോധശക്തി നില്‍ക്കുന്നുണ്ട്. എല്ലാ ഇന്ദ്രിയങ്ങളുടെയും പിന്നില്‍ ബോധതലം പ്രവര്‍ത്തിക്കുന്നു എന്നതാണ് ഒരു വേദന. പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ളപ്പോള്‍ തന്നെ ഇന്ദ്രിയങ്ങളുടെ പിന്നില്‍ ബോധമിരിക്കുന്നു. ഇച്ഛയും ക്രിയയുമെല്ലാം ഒന്നായി, ഒരു മണ്ഡലമായിത്തീരുമ്പോള്‍ നിങ്ങള്‍ക്കു ഫ്രാക്ഷനില്ല. ഈ ഫ്രാക്ഷന്‍ ഇല്ലാത്ത സന്ദര്‍ഭത്തില്‍ അനന്തമായ പ്രവാഹം മാത്രമാണുണ്ടാവുക.

ജി.എന്‍.പിള്ളയുടെ പ്രഭാഷണങ്ങള്‍
സമ്പാദനം:ഡോ.യു.വി.കുമാരന്‍.

Share Button