കൃഷ്ണനാട്ടം
‘എന്റെ മകന് കൃഷ്ണനുണ്ണി
കൃഷ്ണാട്ടത്തിന്നു പോകേണം
കൃഷ്ണാട്ടത്തിന്നു പോയാല്‍ പോരാ
കൃഷ്ണന്‍തന്നെ കെട്ടേണം
കൃഷ്ണന് തന്നെ കെട്ടിയാല്‍ പോരാ
കൂട്ടുകാരൊത്തു കളിക്കേണം…’
ഇങ്ങിനെ നീണ്ടുപോകുന്ന പഴയ പാട്ടിന്റെ ഇമ്പമോലുന്ന ശീലുകള്‍ മനസ്സില്‍ താലോലിക്കാത്ത സഹൃദയര്‍ കേരളത്തില്‍ വിരളമായിരിക്കും. എന്നിരിക്കലും കൃഷ്ണനാട്ടമെന്ന കലാരൂപം കണ്‍കുളിര്‍ക്കെ കാണാനും ആ കളിയുടെ സവിശേഷതകള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും കേരളീയരില്‍ പലര്‍ക്കും ഇടവന്നിട്ടില്ലെന്നത് അത്ഭുതകരമായിത്തോന്നാം.അടുത്തകാലം വരെ ഒരു ക്ഷേത്രകലയെന്നനിലയില് ഉത്തരമദ്ധ്യ-കേരളത്തിലെ ദേവാലയങ്ങളിലും ബ്രഹ്മാലയങ്ങളിലും ഒതുങ്ങിനിന്നു എന്നതും, കഥകളിയുടെ മേളക്കൊഴുപ്പാര്‍ന്ന അരങ്ങുകളുടെ ഇടയില്‍ കൃഷ്ണനാട്ടം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി എന്നതും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടാം. ഭക്തിരസസാന്ദ്രമായ ഈ ക്ഷേത്രകലാരൂപത്തിന്ന് കഥകളിപോലെ പ്രചുരപ്രചാരം സിദ്ധിക്കാന്‍ ഇടവന്നില്ല എന്നതു സ്വഭാവികം മാത്രമാണ്. കൃഷ്ണഗീതയുടെ ഭാഷ തനി സംസ്കൃതമായതും പ്രാദേശികമായ സങ്കുചിതത്ത്വങ്ങളും കൃഷ്ണനാട്ടത്തിന്റെ ജനസമ്മതിയ്ക്കു വിഘാതമായി നില്‍ക്കുകയും ചെയ്തു.
മാനവേദ കവിയുടെ കൃഷ്ണ ഗീതി
കൃഷ്ണനാട്ടമെന്ന കലാരൂപത്തിന്റെ സ്രഷ്ടാവും പ്രയോക്താവും പതിനേഴാം ശതകത്തില്‍ ജീവിച്ചിരുന്ന മാനവേദന് സാമുതിരി രാജാവാണ്. പരമഭക്തനും പണ്ഡിതനും കലാമര്‍മ്മജ്ഞനുമായിരുന്ന ഈ സാമുതിരിപ്പാടിന്ന് ഭക്തോക്തംസമായിരുന്ന വില്വമംഗലത്തു സ്വാമിയാരുടെ അനുഗ്രഹത്താല്‍ ഗുരുവായൂരിലെ ഇലഞ്ഞിമരച്ചുവട്ടില്‍ വച്ച് ശ്രീകൃഷ്ണദര്‍ശനം ലഭിച്ചു എന്നാണ് ഐതിഹ്യം. ഭഗവാനെ പുണരാന്‍ ശ്രമിച്ച മാനവേദനോട് ‘കാണാനെ വില്വമംഗലം പറഞ്ഞിട്ടുള്ളു. തൊടാന്‍ പറഞ്ഞിട്ടില്ല‘ എന്നരുളിചെയ്ത് ഉണ്ണിക്കണ്ണന് മറഞ്ഞു.ഭഗവാന്റെ തിരുമുടിയിലെ രണ്ടുകണ്ണുള്ള ഒരു പീലി മാനവേദന്റെ കയ്യില്‍ പറിഞ്ഞുപോന്നു. ആ പീലികുത്തിയുണ്ടാക്കിയ തിരുമുടിയോടെയാണ് മാനവേദ വിരചിതമായ കൃഷ്ണനാട്ടം ആദ്യമായി അരങ്ങേറിയത്. കൃഷ്ണന്റെ വേഷം കെട്ടുന്ന എതു കളിക്കാരന്റെ തലയിലും ഇണങ്ങിനിന്നിരുന്ന ഈ തിരുമുടി നൂറുവര്‍ഷം മുമ്പ് സാമൂതിരി കോവിലകം അഗ്നിക്കരിയായപ്പോള് കത്തിനശിച്ചുവെന്ന് പഴമക്കാര്‍ പറയുന്നു.
തമ്പുരാന് കൃഷ്ണഗീതി എഴുതിത്തീര്‍ത്തത് കൊല്ലവര്‍ഷം 829-ല്‍ ആണെന്നാണു പണ്ഡിതമതം. കൃഷ്ണഗീതിയുടെ ഒടുവിലത്തെ പ്രാര്‍ത്ഥനാ പദ്യത്തിലെ ‘ഗ്രാഹ്യാസ്തുതിര് ഗാഥ കൈ:’ എന്നതിലടങ്ങിയ കലിദിനത്തെ അടിസ്ഥാനപെടുത്തിയാണ് ഈ നിഗമനം. കൃഷ്ണഗീതി രചിയ്ക്കുന്നതിനു പത്തുവര്‍ഷം മുമ്പുതന്നെ പൂര്‍വ്വഭാരത ചമ്പു, അഥവാ മാനവേദ ചമ്പു കവി എഴുതിക്കഴിഞ്ഞിരുന്നതായും വിശ്വസിക്കപ്പെടുന്നു. ജയദേവ കവിയുടെ ഗീതാഗോവിന്ദവും ശങ്കരകവിയുടെ ശ്രീകൃഷ്ണ വിജയവും, സുകുമാരകവിയുടെ ശ്രീകൃഷ്ണ വിലാസവും, എല്ലാറ്റിനുമുപരി മേല്പുത്തൂരിന്റെ നാരായണീയവും കൃഷ്ണഗീതിയുടെ രചനയില്‍ മാനവേദ കവിക്ക് പ്രചോദനമരുളിയിരുന്നു. കൂടിയാട്ടവും അഷ്ടപദിയാട്ടവും കൃഷ്ണനാട്ടത്തിന്റെ രൂപഘടന ചിട്ടപെടുത്തുന്നതില്‍ മാനവേദ കവിയെ കാര്യമായി സ്വാധീനിക്കുകയും ചെയ്തു.
എട്ടുകഥകള്‍
എട്ടുദിവസംകൊണ്ട് ആടിത്തീര്‍ക്കാവുന്ന വിധത്തില്‍ അടുക്കി ചിട്ടപെടുത്തിയ എട്ടുകഥകളായിട്ടാണ് കൃഷ്ണഗീതി രചിക്കപെട്ടിട്ടുള്ളത്. അവതാരം,കാളിയമര്‍ദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വര്‍ഗ്ഗാരോഹണം-എന്നിങ്ങനെ വേര്‍തിരിച്ച് ഭാഗവതം-ദശമം-ഏകാദശംസ്ക്കന്ധങ്ങളെ ഉപജീവിച്ചെഴുതിയ കൃഷ്ണകഥയാണ് മാനവേദന്റെ കൃഷ്ണഗീതിയുടെ ഉള്ളടക്കം. ഓരോ ശ്ലോകവും പദവും ഏതൊക്കെ രാഗങ്ങളിലും താളങ്ങളിലും ഉപയോഗിക്കണമെന്നു കൃഷ്ണഗീതികാരന് നിര്‍ദ്ദേശിച്ചിരുന്നു. ഉചിതവൃത്തങ്ങളില് പ്രസാദസുഭഗങ്ങളായ ശ്ലോകങ്ങള്‍ അലങ്കാരഭംഗിയില് കോര്‍ത്തിണക്കിയ കൃഷ്ണഗീതിയുടെ സ്ഥായീഭാവം ഭക്തിയാണ്. രചനാശില്പത്തിന്റെ കാര്യത്തില്‍ ഗീതഗോവിന്ദകാരനായ ജയദേവ കവിയോടാണ് മാനവേദ കവി അടുപ്പം പുലര്‍ത്തുന്നത്. എട്ടുകഥകളായി വിഭജിക്കപ്പെട്ടതിനാല്‍ ‘കൃഷ്ണാഷ്ടകം’ എന്ന പേരുണ്ടായി. അതു ലോപിച്ച് കൃഷ്ണാട്ടമായി മാറിയെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. ‘കൃഷ്ണ നാടകം’ കൃഷ്ണാട്ടമായി മാറിയതാണെന്നാണ് മറ്റൊരു മതം.
മാനവേദകവിയെ സംസ്ക്കരിച്ച സ്ഥാനത്ത് ഒരു തറ ഗുരുവയൂരില്പാഞ്ചജന്യം ഗസ്റ്റ്ഹൌസ് നില്ക്കുന്ന കോവിലകം വളപ്പിലുണ്ട്. ഗുരുവായൂര്‍ വെച്ച് ഓരോകൊല്ലവും കൃഷ്ണനാട്ടം കളി നടക്കുമ്പോള്‍ കോവിലകത്തിന്റെ പൂമുഖത്തുവെച്ച്, മാനവേദനെ സംസ്ക്കരിച്ച തറയ്ക്കഭിമുഖമായി തെക്കൊട്ടു തിരിഞ്ഞാണ് അവസാനത്തെകളിനടത്താറുണ്ടായിരുന്നത് ‘പെട്ടിവെച്ചുകളി’ എന്നറിയപ്പെട്ടിരുന്ന ഈ കളിയോടെ അണിയറയിലേക്കു നീങ്ങുന്ന കൃഷ്ണനാട്ടം കളി അടുത്തകൊല്ലം നവരാത്രി കാലത്ത് ഗുരുവയൂരമ്പലത്തില്‍ വെച്ചു നടക്കുന്ന കളിയ്ക്കുശേഷം വിജയദശമി ദിവസമാടുന്ന അവതാര കഥയോടെയാണ് വീണ്ടും സജീവമാകുന്നത്.
വര്‍ണ്ണഭംഗിയാര്‍ന്ന നൃത്തവിശേഷം
നൃത്തപ്രധാനമായ ദൃശ്യകലയാണ് കൃഷ്ണനാട്ടം. അതില്‍ ഭാവഭിനയത്തിനും മുദ്രകള്‍ക്കും സ്ഥാനമുണ്ടെങ്കിലും,നൃത്തഭേദങ്ങള്ക്കും വേഷപൊലിമയ്ക്കുമാണ് പ്രാധാന്യം. കേരളത്തിലെ പ്രചീന നാടോടി രൂപങ്ങളായ തെയ്യം, തിറ എന്നിവയുടെയും അഭിജാതകലയായ കൂടിയാട്ടത്തിന്റെയും വേഷവിധാനങ്ങളുടെ സമഞ്ജസമായ സമ്മേളനം കൃഷ്ണനാട്ടത്തില്‍ കാണാം. കൂടിയാട്ടത്തിന്റെയും അഷ്ടപദിയാട്ടത്തിന്റെയും പരിമിതികളും സാധ്യതകളുമറിഞ്ഞ കലാമര്‍മ്മജ്ഞനായ കവിയുടെ ഭാവനയില്‍ വിടര്‍ന്ന കലാപിഞ്ഛമാണ് കൃഷ്ണനാട്ടം. കൂടിയാട്ടത്തിലെ പകര്‍ന്നാട്ടം-ഒരേ കഥാപാത്രം തന്നെ വിവിധ കഥാപത്രങ്ങളുടെ ഭാവങ്ങള്‍ മാറി മാറി അവതരിപ്പിക്കുന്ന രസാഭിനയം-കൃഷ്ണനാട്ടത്തിലില്ല. അതില്‍ ഓരോ കഥാപാത്രത്തിന്റെ ഭാഗം ആടാനും വേറെ വേറെ നടന്മാര് ഉണ്ടായിരിക്കും.
കൂടിയാട്ടത്തിലെ കുഴിത്താളത്തിന്നു പകരം ഇലത്താളവും ചേങ്ങലയുമാണ് കൃഷ്ണനാട്ടത്തില്‍ ഉപയോഗിക്കുന്നത്. മേളത്തിന്ന് ശുദ്ധമദ്ദളവും തൊപ്പിമദ്ദളവും ഉപയോഗിക്കുന്നു. അടുത്തകാലത്തായി ഇടയ്ക്കയും കൃഷ്ണനാട്ടത്തില്‍ പ്രയോഗിച്ചു വരുന്നു. നൃത്തപ്രാധാന്യമുള്ള കലാരൂപമായതിനാല്‍ കൃഷ്ണനാട്ടത്തില്‍ രാഗത്തേക്കാള്‍ താളത്തിനാണ് സ്ഥാനം. സംസ്കൃതത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളതെങ്കിലും അക്ഷരശുദ്ധിയോടെ, രാഗഭാവത്തോടെ, ആലപിക്കുന്നതായാല് ആദ്യന്തം ശ്രവണ സുഭഗമാണ് കൃഷ്ണഗീതിയിലെ പദാവലി.
കഥകളിയിലെ ചുവടുകളില്‍ താണ്ഡവഛായ മുന്നിട്ടുനില്ക്കുന്നുവെങ്കില് കൃഷ്ണനാട്ടത്തില്‍ ലാസ്യത്തിനാണ് മുന്‍തൂക്കം.കൃഷ്ണനാട്ടത്തില്‍ ഇളകിയാട്ടമില്ലെന്നില്ല. കംസവധത്തിലെ ‘കുവലയാ പീഡം’ സ്വയംവരത്തിലെ കാലയവനന്റെയും രുക്മിയുടെയും ഇളകിയാട്ടം വിവിധ വധത്തില്‍ ശിശുപാലന്റെ ഇളകിയാട്ടം-ഇവ ഉദാഹരണം. ‘മുല്ലപ്പുവു ചൂടലിലും മറ്റും മുറ്റിനില്ക്കുന്ന ലാസ്യമാണ് കൃഷ്ണനാട്ടത്തിലെ ആകര്‍ഷണം.’
കോപ്പും ചമയവും
കുമിഴ്മരത്തടിയില്‍ കൊത്തിയെടുത്ത കിരീടങ്ങളും മുടികളും കൃഷ്ണനാട്ടത്തില്‍ ഉപയോഗിച്ചു വരുന്നു. കൃഷ്ണനും ബലരാമനും മുടിയാണ്. വെള്ളിയലക്കുകള് ചുറ്റും തൂങ്ങിക്കിടക്കുന്ന ഈ കിരീടങ്ങള്‍ കോണാകൃതിയില്‍ ഉള്ളവയാണ്. കൃഷ്ണമുടിയുടെ അഗ്രത്തില്‍ പീലിച്ചാര്‍ത്തുണ്ട്. ബലരാമനു മകുടമുടിയാണ്. കഥകളിയെ അപേക്ഷിച്ച് കൃഷ്ണനാട്ടത്തിലെ കിരീടങ്ങളുടെ പ്രഭാമണ്ഡലം ചെറുതാണ്. കേശഭാരമില്ല. കേയൂരം, അംഗദം, കടകം, മാല, ചെവിപ്പുവ്, എന്നിവയാണ് മറ്റു കോപ്പുകള്‍. തോട, തോള്‍വള, ഹസ്തകടകം, ഉറുക്ക്, പതക്കം തുടങ്ങിയവയും കുമിഴില്‍ തന്നെ പണിതീര്‍ത്തവയാണ്. കോപ്പുകളില്‍ സ്ഫടികമണികളും ഗില്‍റ്റുകളും ചെറിയ വട്ടക്കണ്ണാടികളും പതിച്ച് മോടിക്കുട്ടുന്നു.
കൃഷ്ണനാട്ടത്തിലെ വേഷക്കാര്‍ ഇരുന്നാണ് ചുട്ടികുത്തുന്നത്; കിടന്നല്ല. പൂര്‍ണ്ണമായും അരിമാവുപയോഗിച്ചാണ് ചുട്ടികുത്തുക. കടലാസ് തീരെ ഉപയോഗിക്കുന്നില്ല. പച്ച, കത്തി, മിനുക്ക് എന്നിവയ്ക്കു പുറമെ വെളുപ്പുകലര്‍ന്ന മഞ്ഞച്ചായം തേച്ച ‘പഴുക്ക’ എന്ന ഒരു ചമയം കൃഷ്ണനാട്ടത്തിന്റെ പ്രത്യേകതയാണ്. സ്ത്രീവേഷത്തിനും നേരിയ ചുട്ടിയുണ്ടാവും. അരയ്ക്കുമേലെ കറുപ്പുകുപ്പായവും താഴെ ചുവന്ന പട്ടിന്റെ പാവടപോലുള്ള ഉടുപ്പുമാണ് കൃഷ്ണന്റെ വേഷം. ബലരാമന്ന് ചുവന്നകുപ്പായവും ജാംബവാനു വെള്ളനിറത്തിലുള്ള വേഷവുമാണ്.
പൊയ്മുഖങ്ങള്‍
കൃഷ്ണനാട്ടത്തിന് വര്‍ണ്ണപൊലിമയും വൈവിധ്യവും നല്‍കുന്നത് പൊയ്മുഖങ്ങളാണ്. ബ്രഹ്മാവ്, പൂതന, യമന്‍, ജാംബവാന്, മുരാസുരന്, നരകാസുരന്, ഘണ്ടാകര്‍ണ്ണന്മാര്‍, ശിവഭുതങ്ങള്, ബകപ്പക്ഷി എന്നീ പൊയ്മുഖങ്ങള്‍ കൃഷ്ണനാട്ടത്തിന്റെ അരങ്ങുകളില്‍ നിറഞ്ഞു നില്ക്കുന്നവയാണ്. വിശ്വരൂപത്തിനും ബ്രഹ്മാവിനും ബാണന്നും കെട്ടുകയ്യുകളുണ്ട്. അഭൗമരോ അമാനുഷികരോ ആയ കഥാപത്രങ്ങള്‍ക്കാണ് കൃഷ്ണനാട്ടത്തില്‍ പൊയ്മുഖങ്ങളും കെട്ടുകയ്യുകളും ഉപയോഗിക്കുന്നത്. കുമിളില്‍ ശ്രദ്ധാപൂര്‍വ്വം കൊത്തിയെടുത്തവയാണ് ഈ പൊയ്മുഖങ്ങള്‍. രസാഭിനയപ്രാധാന്യം കുറഞ്ഞ വേഷങ്ങള്‍ക്കാണ് കൃഷ്ണനാട്ടത്തില്‍ പൊയ്മുഖമുപയോഗിക്കുന്നതിനാല് അവ അസ്ഥാനത്തല്ല എന്നു തന്നെ വേണം കരുതുവാന്‍.
കൃഷ്ണനാട്ടം കളരി
‘പണ്ടൊക്കെ കര്‍ക്കിടകം ഒന്നാം തിയ്യതിയാണ് അഭ്യാസം തുടരുന്നത്. വെളുപ്പിനു മൂന്നുമണിക്കു മുമ്പെ എഴുന്നേല്‍ക്കണം. നിത്യകര്‍മ്മങ്ങള്‍ കഴിച്ച് കുഴമ്പിടണം. തുടര്‍ന്ന് മെയ്യറപ്പ് പിടിക്കല്‍, കാല്‍സാധകം, കലാശങ്ങള്‍ ചവിട്ടുക എന്നിവ കഴിഞ്ഞാല്‍ ആശാന്മാര് കുട്ടികളെ ഉഴിയും. അപ്പോഴെയ്ക്കും നേരം പുലരും. പിന്നെ പല്ലുതേച്ച് കഞ്ഞികഴിക്കും കഞ്ഞിയ്ക്കുള്ള അരിയും നെയ്യും കോവിലകം കലവറയില്‍ നിന്നും തരും. കഞ്ഞികഴിഞ്ഞാല് കളി പഠിക്കലായി. തോടയം, അവതാരം കൃഷ്ണന്, വെണ്ണക്കാല്, മുല്ലപ്പൂചുറ്റല്‍, എന്നിങ്ങനെ ആശാന്മാര് നിര്‍ദ്ദേശിക്കുന്ന ഭാഗങ്ങള്‍ അഭ്യസിക്കല്‍ പത്ത് പത്തരവരെ ഉണ്ടാവും. വലിച്ച് തഞ്ചംവെയ്ക്കാനും മറിയാനും സൂചിക്കിരുത്താനും മറ്റും അന്ന് പഠിപ്പിച്ചിരുന്നു. പിന്നെ കുളിയും ഉച്ചയ്ക്ക് കോവിലകം അഗ്രശാലയില്‍ നിന്ന് ഊണും കഴിഞ്ഞാല്‍ അല്പം വിശ്രമിക്കാം. രണ്ടുമണിക്ക് അഭ്യാസം വീണ്ടും തുടങ്ങും ഈ സമയം താളം പിടിക്കലും കണ്ണിളക്കലും മുദ്രപിടിക്കലും ഒക്കെ നടക്കും. കൂട്ടത്തില്‍ കളി അഭ്യസിക്കലും. ഇതൊരു അഞ്ചു മണിവരെ കാണും. പിന്നെ കാലും മുഖവും കഴുകി ഭസ്മക്കുറിയിട്ട് കളരിയില്‍ നാമം ചൊല്ലലാണ് . താളം പിടിക്കലും മുദ്ര പിടിക്കലുമൊക്കെ അപ്പോഴുമുണ്ടാവും. രാത്രി എട്ടുമണിക്ക് അഗ്രശാലയില്‍ പോയി അത്താഴം കഴിക്കാം അത്താഴം കഴിഞ്ഞാല്‍ ഉറങ്ങാം. അന്നത്തെയും ഇന്നത്തെയും അഭ്യാസക്രമത്തില്‍ വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും അന്നത്തെ വിദ്യാഭ്യാസത്തിന് ഘനവും ഗാംഭീര്യവും കൂടും. ഗുരുനാഥന്മാര്ക്കു ശിഷ്യന്മാരോടുണ്ടായിരുന്ന വാത്സല്യവും, ശിഷ്യന്മാര്‍ക്കുണ്ടായിരുന്ന ഗുരുഭക്തിയും ആദരവും ഒന്നു വേറെ തന്നെയാണ്. യഥാര്‍ത്ഥ ഗുരുകുല സമ്പ്രദായമായിരുന്നു അന്ന്.’
മാനവേദകവിയുടെ നാലാം ജന്മ ശതാബ്ദ്യുപഹാരത്തില് പഴയ ഒരു കൃഷ്ണനാട്ടം കളിക്കാരനായിരുന്നു ടി,വി വാസു നെടുങ്ങാടിയുടെ ‘കൃഷ്ണനാട്ടം-ചില പൂവ്വകാലസ്മരണകള്’ എന്ന ലേഖനത്തിലെ മേലുദ്ധരിച്ച വരികള്‍ കൃഷ്ണനാട്ടം കളരിയുടെ ഒരു പൂര്‍ണ്ണരൂപം തന്നെ നമുക്കുതരുന്നു.
ക്ഷേത്ര കലാനിലയം
കൃഷ്ണനാട്ടമെന്നകലാരൂപത്തിന്, കൃഷ്ണനാട്ടം കളിയോഗം ഗുരുവായൂര്‍ ദേവസ്വം എറ്റെടുത്തതൊടെ പുതിയൊരു മിഴിവും തെളിവും വന്നു തുടങ്ങിയിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്ര കലാനിലയം നടത്തിവരുന്ന കൃഷ്ണനാട്ടം കളരി ഈ കലാരൂപത്തെ കരുത്തുറ്റ ഒരു നൃത്തവിശേഷമായി വളര്‍ത്തിയെടുത്തു നിലനിര്‍ത്തുന്നതില്‍ സുപ്രധാനമായ ഒരു പങ്കുവഹിക്കുന്നു. കൃഷ്ണനാട്ടത്തിന്റെ വ്യക്തിത്വത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെ യഥോചിതമായ ഭേദങ്ങള്‍ വരുത്തി ഈ അനുഷ്ഠാനകലയെ കാലാനുസൃതമായി പരിഷ്ക്കരിക്കാനുള്ള കലാനിലയത്തിന്റെ ശ്രമങ്ങള്‍ ശ്രദ്ധേയങ്ങളാണ്. കോട്ടയ്ക്കല്‍ നെടുങ്ങാടിയുടേയും പരേതനായ കലാമണ്ഡലം നമ്പീശന്റെയും വിദഗ്ധ മേല്‍നോട്ടത്തില്‍ കൃഷ്ണനാട്ടത്തിന്റെ സംഗീതം ചിട്ടപെടുത്തിയതും വാദ്യങ്ങളില്‍ ഇടയ്ക്കയെക്കൂടി ഉള്‍പ്പെടുത്തിയതും എടുത്തു പറയാവുന്ന പരിഷ്കാരങ്ങള്‍ ആണ്. സംസ്കൃതപദങ്ങള്‍ രാഗഭാവം നഷ്ടപ്പെടാതെ അക്ഷരശുദ്ധിയോടെയും ശ്രവണ സുഭഗതയോടെയും ആലപിക്കാനും കൃഷ്ണനാട്ടം കളിയില്‍ ഇപ്പോള്‍ ശ്രദ്ധിച്ചു വരുന്നു.
എ. പി. നളിനന്