സാഹിത്യകാരനും സമൂഹവും
വിഖ്യാതനായ ഐറിഷ്‌കവി ഡബ്ലിയു. ബി. യേറ്റ്‌സ് എഴുതുകയുണ്ടായി: “A work of art is the social act of a solitary man” എന്ന്, സമൂഹവും കലാകാരനും തമ്മിലുള്ള ബന്ധത്തെ ചുരുങ്ങിയ വാക്കുകളില്‍ നിഷ്‌കൃഷ്‌ടമായി നിര്‍വ്വചിച്ചിരിക്കയാണ് യേറ്റ്‌സ്. ഏതു കലാസൃഷ്‌ടിയും ഏകാകിയായ കലാകാരന്‍ ഏകാഗ്രമായി രൂപം നല്‍കുന്നതാണ്. പക്ഷേ, ആ കലാസൃഷ്‌ടി അതേസമയം ഒരു സാമൂഹ്യപ്രവര്‍ത്തനവുമാണ്. സാമൂഹ്യജീവിതം ഒളിഞ്ഞോ തെളിഞ്ഞോ സ്വാധീനിച്ചിട്ടില്ലാത്ത ഒരു കലാസൃഷ്‌ടിയുമില്ല. സമൂഹത്തിലെ വ്യക്തികളുടെ ആസ്വാദനത്തിനായുള്ള കലാസൃഷ്‌ടിയും സാമൂഹ്യപ്രവര്‍ത്തനമായിത്തീരുന്നു. സൃഷ്‌ടിക്കപ്പെട്ടുകഴിഞ്ഞാല്‍ അതിന്റെ ഉടമസ്ഥാവകാശം കലാകാരനുണ്ടാവാമെങ്കിലും കൈവശാവകാശം സമൂഹത്തിനാണ്. അതിനാല്‍ എല്ലാ കലാസൃഷ്‌ടിയും ഏകാകിയായ വ്യക്തിയുടെ സാമൂഹ്യപ്രവര്‍ത്തനമാണ്. ഈ ആശയം അംഗീകരിക്കാത്ത ആളുകള്‍ സാഹിത്യകാരന്മാരുടെ കൂട്ടത്തിലുണ്ട്. അവര്‍ പറയും സമൂഹത്തോട് ഒരു ഉത്തരവാദിത്വമില്ലാത്ത, സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ട, നാടുകടത്തപ്പെട്ട, വ്യക്തിയാണ് എഴുത്തുകാരന്‍ എന്ന്. സ്വാന്തഃസുഖത്തിനു വേണ്ടിക്കൊണ്ടാണ് തങ്ങള്‍ എഴുതുന്നതെന്നും അവര്‍ ഘോഷിക്കും. ക്ഷോഭിക്കുന്നവരുടെ സുവിശേഷം ചമച്ച ഒരു ലേഖകന്‍ എഴുതിയിരിക്കുന്നതു നോക്കൂ: “പുതിയ എഴുത്തുകാരന്‍ ഒരു സ്റ്റീഫന്‍ ഡെഡാലസ് ആണ്. അയാള്‍ നാടുകടത്തപ്പെട്ടവനാണ്. റിബലാണ്; സ്രഷ്‌ടാവാണ്. അയാള്‍ക്കുവേണ്ടി മാത്രമാണ് അയാള്‍ സൃഷ്‌ടി നടത്തുന്നത്. അയാളുടെ ആത്മസംതൃപ്‌തിയാണ് സൃഷ്‌ടിയുടെ ലക്ഷ്യം.” എഴുത്തുകാരന്‍ ഒറ്റപ്പെട്ടവനാണ് എന്ന വാദം വാസ്‌തവത്തില്‍ അര്‍ത്ഥമില്ലാത്തതാണ്. അവന്‍ സമൂഹത്തില്‍നിന്നു നാടുകടത്തപ്പെട്ടവനാണ് എന്ന വാദം അയഥാര്‍ത്ഥവും. ഒറ്റപ്പെട്ടുകൊണ്ട് ഒരു ജീവിക്ക് ഈ ലോകത്തില്‍ ജീവിക്കാനാവില്ല. ജനനം മുതല്‍ മരണം വരെയുള്ള ഓരോ ഘട്ടത്തിലും മനുഷ്യന്‍ അന്യരോട് ബന്ധപ്പെടുന്നു എന്നതാണ് വാസ്‌തവം. മനുഷ്യന്റെ സഹജവാസന കൂട്ടുതേടാനാണ്; ഒറ്റപ്പെടാനല്ല. പിന്നെ ഫാഷനുവേണ്ടി വലിയ വലിയ വാചകങ്ങളില്‍ താന്‍ ഒറ്റപ്പെട്ടവനാണെന്ന് പ്രഖ്യാപിക്കാമെന്ന് മാത്രം.
സാഹിത്യകാരന്‍ തനിക്കുവേണ്ടിയാണ് എഴുതുന്നത് എന്നത് ഒരു പരിധിവരെ ന്യായീകരിക്കാം. അയാളുടെ ആത്മതൃപ്‌തി എഴുത്തിന്റെ ലക്ഷ്യങ്ങളിലൊന്നായും അംഗീകരിക്കുന്നതില്‍ തെറ്റില്ല. ഈ ആത്മതൃപ്‌തി എഴുതിക്കഴിയുന്നതോടെ എഴുത്തുകാരന് ലഭിക്കുന്നു. അതിനുശേഷം തനിക്കുവേണ്ടി എന്നത്, ഒരു കലാസൃഷ്‌ടിയുടെ കാര്യത്തില്‍ അന്യരുമായി ബന്ധപ്പെട്ടേ നടക്കുന്നുള്ളു. തനിക്ക് പ്രശസ്‌തി ലഭിക്കണം, തനിക്ക് പണം കിട്ടണം ഈ അര്‍ത്ഥത്തിലൊക്കെ എഴുത്തുകാരന്‍ തനിക്കുവേണ്ടി എഴുതുന്നു എന്നു പറയാം. പണം ലഭിക്കണമെങ്കില്‍ മറ്റുള്ളവര്‍ വാങ്ങി വായിക്കണം. അപ്പോള്‍ സൃഷ്‌ടിയുടെ അവസാനത്തില്‍ ലഭിക്കുന്ന ആത്മസംതൃപ്‌തിയില്‍ തനിക്കുവേണ്ടി എന്ന മുദ്രാവാക്യം അലിഞ്ഞുതീരുന്നു. അതിനപ്പുറം ഏതു കലാസൃഷ്‌ടിയും അന്യര്‍ക്കുവേണ്ടിയുള്ളതാണ്. തന്റേതാണ് എന്ന ഉടമസ്ഥാവകാശം മാത്രമേ പിന്നെ കലാകാരനുള്ളു. കൈവശാവകാശവും രക്ഷാശിക്ഷാവകാശവും സമൂഹത്തിനുള്ളതാണ്. രസിപ്പിക്കുക എന്നത് സാഹിത്യത്തിന്റെ സ്വഭാവമാണ്. സാഹിത്യത്തിന്റെ ലക്ഷ്യം മനുഷ്യനെ സംസ്‌കരിക്കുക എന്നതാണ്. വാക്കുകള്‍കൊണ്ടും ആശയങ്ങള്‍കൊണ്ടും കലാസൃഷ്‌ടി നടത്തുന്ന എഴുത്തുകാരന് മനുഷ്യമനസ്സില്‍ പല ഏച്ചുകൂട്ടലുകളും മുറിച്ചുകളയലുകളും നടത്താന്‍ പറ്റും. ഈ കൃത്യം എഴുത്തുകാരന്‍ ചെയ്യണമെന്ന് സമൂഹം പ്രതീക്ഷിക്കുന്നു. മാതൃകാഭൂതരായ വ്യക്തികളുടെ ജീവിതം ചിത്രീകരിച്ച് അവരുടെ വിജയം കാട്ടിയും സമുദായദ്രോഹികളായ ദുഷ്‌ടകഥാപാത്രങ്ങളുടെ ജീവിതം ചിത്രീകരിച്ച് അവരുടെ പതനം കാട്ടിയും ആസ്വാദകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം ചെയ്യാന്‍ സാഹിത്യകാരന് കഴിയും. ആദര്‍ശാത്മകമായ ഒരു ജീവിതത്തെ വിഭാവനം ചെയ്‌ത് അത് അവതരിപ്പിച്ച് സാഹിത്യകാരന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ സാധിക്കുന്നതാണ്.
എ.പി.പി.യുടെ പ്രബന്ധങ്ങള്‍
Read more at appcritic.org