“അസമയം” – അപൂര്‍വ്വമായ വായനാനുഭവം

Habeeb Rahman C
Habeeb Rahman C

മാനവരാശി ഭാവിയില്‍ അഭിമുഖികരിക്കാനിരിക്കുന്ന യാന്ത്രികലോകത്തിന്റെ പരിതോവസ്ഥകളാണ് ഹബീസിയുടെ ‘അസമയം’ എന്ന ശാസ്ത്രനോവല്‍ ചര്‍ച്ചചെയ്യുന്നത്. “യന്ത്രങ്ങള്‍ക്കുള്ളില്‍ രൂപപ്പെടുത്തിയെടുത്ത ജീവിതത്തിന്റെ അവസ്ഥയില്‍ നിന്ന്‍ ഒരാള്‍ക്കും വേറിട്ടുനില്‍ക്കാന്‍ കഴിയാത്ത ” ഭയാനകമായ സ്ഥിതിവിശേഷം. “നിങ്ങളുടെ ജീവിതം നിങ്ങളുടേതാണെന്ന് അവകാശപ്പെടാന്‍ പോലും അര്‍ഹതയില്ലാത്ത കാലം”. നിലനില്‍ക്കുവാന്‍ അര്‍ഹതനേടാനുള്ള മത്സരം-സങ്കല്പവും യാഥാര്‍ഥ്യവും ശാസ്ത്രവും ഇടകലര്‍ന്ന് സങ്കീര്‍ണ്ണമാവുന്ന മനുഷ്യജീവിതത്തിന്റെ അപൂര്‍വ്വമായ വായനാനുഭവമാണ് ‘അസമയം’ എന്ന സയന്‍സ് ഫിക്‌ഷന്‍ നമുക്കു സമ്മാനിക്കുന്നത്.

അതിനൂതനമായ സെക്യുരിറ്റിസിസ്റ്റങ്ങള്‍ക്കും സാങ്കേതികവിദ്യകള്‍ക്കും കണിശക്കാരായ ഹ്യുമനോയ്ഡ് റോബോര്‍ട്ടുകള്‍ക്കുമിടയില്‍ യാന്ത്രിക ജീവിതം നയിക്കുന്ന, യന്ത്രങ്ങളോടൊട്ടിനിന്ന് യന്ത്രങ്ങളായി മാറേണ്ടിവരുന്ന കുറെ മനുഷ്യരുടെ കഥയാണ് ‘അസമയം’ പറയുന്നത്. ക്രോസ് വെ ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായ പീറ്ററും, ദൂരെ ബോസ്റ്റണിലിരുന്ന് പീറ്ററുടെ എല്ലാകാര്യങ്ങളും ശ്രദ്ധിക്കുന്ന ഭാര്യ ഇസബെല്ലയും അതിബുദ്ധിമാനായ മകന്‍ റോബിനും പീറ്ററുടെ പ്രോജക്ട് മാനേജര്‍ ക്ലിപ്പറും സഹപ്രവര്‍ത്തകയായ മായയും സുഹൃത്ത് ബാര്‍ബറയും റോബോട്ടിക് വിദഗ്ധനായ കനിത്കര്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയും ഈ സാങ്കല്പിക സാങ്കേതിക ലോകത്തിലെ വ്യതിരിക്ത കഥാപാത്രങ്ങളാണ്.

Asamayam cover
Asamayam

തൊഴില്‍പരവും ഗാര്‍ഹികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പിരിമുറുക്കത്തില്‍ നിന്നു രക്ഷനേടാന്‍ വെര്‍ച്വല്‍ ഹെല്‍മറ്റുപയോഗിച്ച് സാങ്കല്പിക ലോകം പൂകുന്ന പീറ്ററിനെ യഥാര്‍ഥ ലോകത്തിലേക്ക് തിരിച്ചുവിളിക്കാന്‍ ജാവയെന്ന ഹ്യുമനോയ്ഡ് കംപ്യൂട്ടര്‍ സദാ ജാഗരൂകനാണ്. പീറ്ററിന്റെ ഭക്ഷണകാര്യത്തില്‍ പോലും ജാവ ഇടപെടുന്നു. റോബോകാന്‍ഡി എന്ന സിലിക്കണ്‍ മൈക്രോ ഇന്‍സക്ട് കൊണ്ട് സഹപാഠി കാതറിനെ ഏറെ ഉപദ്രവിച്ചകാരണം ബോസ്റ്റണിലെ സ്ക്കൂളില്‍ നിന്ന് പുറത്താക്കപ്പെടുന്ന ജനിതക സന്തതിയായ റോബിന്‍ , പീറ്ററിന് എന്നും ഒരു തലവേദനയാകുന്നു. അതിരുവിട്ടുപെരുമാറുന്ന മകന്‍ റോബിനെ ശാസിക്കാന്‍ ഒരുങ്ങിയ പീറ്റര്‍ വധശ്രമത്തിന് പോലീസിന്റെ പിടിയിലാവുന്നു. റോബിനെ പീറ്ററിനെതിരെ തിരിക്കുന്നത് കനിത്കറു‍ടെ കുബുദ്ധിയാണ്.

മനുഷ്യന്റെ ആയുസ്സ് നീട്ടാന്‍ കഴിയുന്ന ശാസ്ത്രപരീക്ഷണങ്ങളുടെ ആരാധികയാണ് ഇസബെല്ലയെങ്കില്‍ , നീണ്ടജീവിതത്തെ വെറുക്കുന്ന വ്യക്തിയാണ് പീറ്റര്‍. ഇസബെല്ലയ്ക്കുള്ള ഒരു സന്ദേശത്തില്‍ പീറ്റര്‍ ഇങ്ങിനെ കുറിക്കുന്നു. “ഏറ്റവും കുറഞ്ഞകാലം കൊണ്ട് തന്നെ ഓരോ മനുഷ്യനും ഇവിടെ അനാവശ്യവസ്തുവാകുന്നുണ്ട്. അനാവശ്യജീവിതം ഒരിക്കലും ഉണങ്ങാത്ത വ്രണം പോലെയാണ് ”.

തന്നില്‍ നിന്ന് ഏറെദൂരെ ബോസ്റ്റണില്‍ ജീവിക്കുന്ന ജീവിതസഖി ഇസബെല്ലയുമായി രമിക്കുവാന്‍ പേഴ്സണല്‍ ഏരിയ നെറ്റ് വര്‍ക്കുമായി സ്വയം ബന്ധിപ്പിച്ചശേഷം പ്രൈവറ്റ് പെരിഫെറല്‍ സ്റ്റിമ്യുലെയ്റ്റ് മെഷീനിന് മുകളില്‍ കയറി കിടന്ന് സീക്രട്ട് നമ്പറും പാസ് വേര്‍ഡും നല്‍കി വെര്‍ച്വല്‍ സെക്സില്‍ തൃപ്തിപ്പെടേണ്ടി വരുന്ന പീറ്ററിന്റെ ഗതികേട് വായനക്കാരില്‍ സഹതാപമുണര്‍ത്തുന്നു.

നേറ്റാലിറ്റി സെല്‍ രണ്ടുതവണ അപേക്ഷ തള്ളിയിട്ടും ഒരു കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ മനസ്സില്‍ താലോലിക്കുന്ന മായ മനുഷ്യന്റെ നിസ്സഹായതയുടെ പ്രതീകമാണ്. മായയുടെ കൂട്ടുകാരി ബാര്‍ബറയുടെ സഹോദരന്‍ ഇഷ്ക്കാലിന് അപകടത്തില്‍ നഷ്ടപ്പെട്ടത് ശരീരം മുഴുവനായിട്ടാണ്. അവന്റെ കഴുത്തിന് മുകളിലുള്ള ഭാഗം നിലനിര്‍ത്തി മറ്റോരു ശരീരത്തിലേക്ക് ജീവിതം മാറ്റാനുള്ള ശ്രമത്തിലാണ് ബാര്‍ബറ. ബ്രെയിന്‍ ഡത്തോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലോ മരണം ഉറപ്പായ ഒരു യുവാവിന്റെ വൃത്തിയുള്ള ശരീരം ലഭിക്കുവാനുള്ള അന്വേഷണത്തിലാണ് അവള്‍. ഒരു ശരീരം സംഘടിപ്പിച്ചു കൊടുക്കാമെന്നു പറഞ്ഞ കനിത്കറിലാണ് അവളുടെ അവസാന പ്രതീക്ഷ. വായനക്കാര്‍ക്ക്, കനിത്കര്‍ ഒരു പ്രഹേളികയാണ്. “നല്ല ക്രിമിനല്‍ ആവാന്‍ ഉയര്‍ന്നതരം തലച്ചോറു വേണം. വേഗതകൂടിയ ചിന്താശക്തിവേണം. ഭേദപ്പെട്ട ധൈര്യവും അവസരങ്ങളെ അനുകൂലമാക്കാനുള്ള അസാമാന്യകഴിവും വേണം ”- ഇതാണ് കനിത്കറുടെ അഭിപ്രായം. യാന്ത്രികതയുടെ ഈ ലോകത്ത് തലയെടുപ്പോടെ നില്‍ക്കാനും സ്വന്തം കയ്യൊപ്പ്ചാര്‍ത്താനും കനിത്കര്‍ ശക്തനാണ്.

യന്ത്രങ്ങളുടെ മഹാസാമ്രാജ്യമായ ‘ബിലീഫി’ലാണ് ക്രയോണിക്സിലെ ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നത്. വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ച് മൈനസ് 370 ഡിഗ്രി ഫാരനില്‍ ക്ലൈന്റുകളുടെ ചേതനയറ്റ ശരീരങ്ങള്‍ അവിടെ സൂക്ഷിച്ചിരിക്കുന്നു. ക്രയോണിക്സിലെ ഏറ്റവും പുതിയ പരീക്ഷണം വിജയത്തോടടുത്തിരിക്കുന്ന ഘട്ടമാണ്. കൂടുതല്‍ കാലം പ്രായത്തെ ചെറുത്ത് നില്‍ക്കാന്‍ സഹായിക്കുന്ന സെല്‍തെറാപ്പി, പിമജെഡിന്‍ ട്രീറ്റ്മെന്റ് എന്നീ നൂതന രീതികളും ‘ബിലീഫി’ല്‍ പരീക്ഷിക്കപ്പെടുന്നു.

വിരസതകൂടാതെ വായിച്ചാസ്വദിക്കാവുന്ന ഒരു നല്ല ശാസ്ത്രനോവല്‍ ‍-അതാണ് ഹബീസിയുടെ ‘അസമയം’ കറുത്തമഴയ്ക്കുശേഷം പുകമഞ്ഞിന്റെ കട്ടികൂടിയ ആവരണത്തിനുകീഴില്‍ ശ്വാസം മുട്ടുന്ന തരാറിലെ റോബിന്‍വില്ലയും, ഓക്സിജന്‍ കുറ്റികള്‍ക്കായി കലാപമുയര്‍ത്തുന്ന ബെഗ്ഗേഴസ് സ്ട്രീറ്റും, സങ്കീര്‍ണ്ണമായ ജനിതകപരീക്ഷണങ്ങള്‍ നടക്കുന്ന ബിലീഫും, ക്രോസ് വേ ഇന്റ്ര്‍നാഷണല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ആസ്ഥാനവും, സര്‍വ്വപ്രതീക്ഷകളും സ്വപ്നങ്ങളും ശേഖരിച്ചുവെച്ച മായയുടെ ടെക്നോലാന്റ് അണ്ടര്‍ ഗ്രൗണ്ട് സ്ട്രീറ്റിലെ കൊച്ചുക്യാബിനുമെല്ലാം ഈ നോവലിലെ സജീവപശ്ചാത്തലമായി വര്‍ത്തിക്കുന്നു.

പ്രപഞ്ചമെന്ന ദ്രവ്യ-സ്ഥല-കാല സാതത്യത്തിന്റെ അനന്തസാദ്ധ്യതകളിലേക്കാണ് ‘അസമയം’ എന്ന നോവല്‍ വിരല്‍ ചൂണ്ടുന്നത്. നവീനമായ ഒരു ബോധമണ്ഡലത്തിന്റെ, ആശയലോകത്തിന്റെ വാതിലുകള്‍ ഈ കൃതി നമുക്കു മുന്നില്‍ തുറന്നിടുന്നു. പുറം ചട്ടയില്‍ വ്യക്തമാക്കപ്പെട്ടതു പോലെ സാങ്കേതികലോകത്തേയ്ക്കുള്ള സ്വപ്നാന്വേഷണമാണ് ‘അസമയം’;ഹബീസി എന്ന ഭാവനാസമ്പന്നനായ എഴുത്തുകാരന്റെ സാഫല്യവും.

കാലത്തിന്റെ ഈ വലിയവളവിനപ്പുറം, എന്താവാം എന്ന ഒരെത്തിനോട്ടം തീര്‍ച്ചയായും രസകരമായ ഒരനുഭവം തന്നെ!

കേശവ്

അസമയം
ഹബീസി (habeeci.com)
ന്യൂബുക്സ്, കണ്ണൂര്‍
വില Rs. 145.00

Share Button