മാന്ത്രികകലയിലെ ഇതിഹാസപുരുഷന്‍

pm-narayanan
PM. Narayanan

പലരും പലതരത്തിലും പറഞ്ഞതെല്ലാം കേട്ടുകേട്ട് ചെറുപ്പത്തില്‍ തന്നെ എന്റെ മനസ്സില്‍ പ്രൊഫ.വാഴക്കുന്നം എന്ന ഐന്ദ്രജാലികന്‍ ഒരത്ഭുതമായി മാറിക്കഴിഞ്ഞിരുന്നു. വണ്ടിക്കു സ്റ്റോപ്പില്ലാത്ത പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ മദ്രാസ് മെയില്‍ പിടിച്ചുനിര്‍ത്തിയത്, കമ്പാര്‍ട്ടുമെന്റിലെ എല്ലായാത്രക്കാരുടെയും ടിക്കറ്റുകള്‍ പൊടുന്നനെ അപ്രത്യക്ഷമാക്കിയത്, അവയെല്ലാം ടി.ടി.ആറിന്റെ കോട്ടിന്റെ പോക്കറ്റില്‍ പ്രത്യക്ഷമാക്കിയത്, തോക്കില്‍ നിന്ന് ചീറിപ്പാഞ്ഞുവരുന്ന ഉണ്ട തന്റെ വായില്‍ കടിച്ചുപിടിച്ചത്-ഇങ്ങനെ ആശ്ചര്യമുളവാക്കുന്ന പല കാര്യങ്ങളും വാഴക്കുന്നത്തെപ്പറ്റി പറഞ്ഞുകേട്ടിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജാലവിദ്യാ പ്രദര്‍ശനം കാണുവാന്‍ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു: 1967ലോ 68ലോ-കൊല്ലം കൃത്യമായി ഓര്‍മ്മയില്ല-കോഴിക്കോട്ടെ ടൗണ്‍ ഹാളില്‍വെച്ചാണ് ഞാനാദ്യമായി വാഴക്കുന്നത്തിന്റെ കളികാണുന്നത്. എന്റെ സങ്കല്‍പ്പത്തിലുള്ള ഐന്ദ്രജാലികന്‍ തിളങ്ങുന്ന രാജാപ്പാര്‍ട്ട് വേഷവിധാനങ്ങളും ഭയപ്പെടുത്തുന്ന ഭാവഹാവങ്ങളും ആരേയും വലയിലാക്കുന്ന വാചകക്കസര്‍ത്തുമുള്ള ഒരുദ്ദണ്ഡകേസരിയായിരുന്നു. എന്നാല്‍ നേരില്‍ കണ്ടതോ?ഉയരം കുറഞ്ഞ് തടിച്ച, നല്ല വള്ളുവനാടന്‍ ഭാഷയില്‍ സംസാരിക്കുന്ന, പ്രസന്നനും ആരോഗ്യവാനുമായ ഒരു ശുദ്ധബ്രാഹ്മണനെ.

Prof.-Vazhakkunnam
Prof. Vazhakkunnam

ഒരു തോര്‍ത്തുമുണ്ടു മാത്രമുടുത്ത് പൂജാരിയുടെ വേഷത്തില്‍ കിണ്ടിയില്‍ വെള്ളവുമായി വാഴക്കുന്നം സ്റ്റേജിലേയ്ക്കു പ്രവേശിക്കുന്നു;നിലത്തു ചമ്രം പടിഞ്ഞിരിക്കുന്നു. ശ്രീകോവില്‍ അടയ്ക്കുന്നതിന്റെ പ്രതീകമായി അദ്ദേഹത്തിനുചുറ്റും ഒരു മുണ്ടുകൊണ്ട് ചെറുതായ ഒരു മറയുണ്ടാക്കുന്നു. ഒന്നു രണ്ടു നിമിഷങ്ങള്‍ക്കുള്ളില്‍ മറനീക്കപ്പെടുമ്പോള്‍ എല്ലാ പൂജാസാമഗ്രികളുമായി കൊളുത്തിവെച്ച നിറദീപങ്ങള്‍ക്കുപിന്നില്‍ ഗുരുവായൂരപ്പനെ പൂജ ചെയ്യുന്ന ഐന്ദ്രജാലികനെയാണ് നാം കാണുക. അദ്ദേഹമിരിക്കുന്ന ആവണപ്പലക, പൂജാസാമഗ്രികള്‍, വിളക്കുകള്‍, വിഗ്രഹം, പൂക്കള്‍, ചന്ദനം-ഇവയെല്ലാം എവിടെ നിന്നു വന്നുവെന്നന്തിച്ചുകൊണ്ട് ഭക്തിസാന്ദ്രമായ ആ രംഗത്തിന് കാണികള്‍ സാക്ഷികളാവുന്നു. പിന്നിട് നാണ്യങ്ങള്‍കൊണ്ടുള്ള കയ്യടക്കവിദ്യകള്‍, കുടമാറ്റം,ചീട്ടുവിദ്യകള്‍ എന്നിങ്ങനെ പലതും. ചെറിയ വിദ്യകളില്‍നിന്നു പതുക്കെപ്പതുക്കെ വലിയ വിദ്യകളിലേക്കു കടക്കുന്നു. മുന്‍കൂട്ടി അടയാളപ്പെടുത്തിയ ഉണ്ട തോക്കിലിട്ട് അതുകൊണ്ട് തന്റെ സഹചാരിയായ പരിയാനംപറ്റയുടെ വായിലേക്കു വെടിവെക്കുന്നു. മരണവെപ്രാളം കാണിച്ച് താഴെ വീഴുന്ന പരിയാനംപറ്റ പതുക്കെ എഴുന്നേല്‍ക്കുകയും ഉണ്ട വായില്‍ നിന്നെടുത്ത് കാണികളെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. പരിശോധിച്ചു നോക്കുമ്പോള്‍ ഉണ്ട നേരത്തെ അടയാളപ്പെടുത്തിയതുതന്നെ. നാലാള്‍ നാലുവശത്തും അമര്‍ത്തിപ്പിടിച്ച മേശ മാന്ത്രികന്റെ കല്പന കേള്‍ക്കുമ്പോള്‍ പതുക്കെപ്പതുക്കെ പൊന്തുന്നു. ഒരടി ഉയരത്തില്‍ വായുവില്‍ നില്‍ക്കുന്നു. കുരിശില്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ടു നില്‍ക്കുന്ന ശിഷ്യന്‍ മഞ്ചേരി ആലിഖാന്‍ ഒരൊറ്റ നിമിഷത്തിനുള്ളില്‍ കെട്ടുകളഴിച്ച് പുറത്തേക്കുവരുന്നു.

ഇങ്ങനെ രണ്ടുമണിക്കുറോളം വിദ്യകള്‍ കണ്ടുകഴിഞ്ഞപ്പോള്‍ എതോ സ്വപ്നലോകത്തില്‍ നിന്നിറങ്ങിവരുന്ന പോലെയാണ് എനിക്കുതോന്നിയത്. ആസ്വാദകനും കലാകാരനും ഒന്നായിമാറുക എന്നതാണ് ഏതു കലയുടെയും സാഫല്യം. വലിയൊതിര്‍ത്തിവരെ, വാഴക്കുന്നത്തിന്റെ കളിയില്‍ അതു സംഭവിക്കുന്നു.

1969 ഏപ്രില്‍ മാസത്തില്‍ വാഴക്കുന്നത്തിന്റെ മകള്‍ സുമതിയും ഞാനും തമ്മിലുള്ള വിവാഹം നടന്നു. അതിനുശേഷമാണ് ആ മഹാനായ കലാകാരനെ അടുത്തറിയുവാന്‍ എനിക്കിടവന്നത്. ഞങ്ങളുടെ കോഴിക്കോട്ടെ വീട്ടില്‍ അദ്ദേഹം പലപ്പോഴും വന്നുതാമസിക്കാറുണ്ടായിരുന്നു. കലാ സാംസ്കാരിക മണ്ഡലങ്ങളിലെ ഉന്നതരായ പലരും അപ്പോഴൊക്കെ അദ്ദേഹത്തെ കാണാ‍നെത്താറുണ്ട്. അവരുമായി മണിക്കൂറുകളോളം വെടിപറഞ്ഞിരിക്കുന്നതിനിടയില്‍ തന്റെ ഒന്നോ രണ്ടോ വിദ്യകള്‍ അവര്‍ക്കെല്ലാം അദ്ദേഹം കാണിച്ചുകൊടുക്കുകയും ചെയ്യും. താനൊരു വിദ്യ പ്രദര്‍ശിപ്പിക്കുകയാണെന്ന ഭാവത്തിലൊന്നുമല്ല അദ്ദേഹം അവ കാണിക്കാറുള്ളത്. ജീവിതസന്ദര്‍ഭങ്ങളെ തന്നെ അദ്ദേഹം കളിയരങ്ങുകളാക്കുകയായിരുന്നു.

ഒരിക്കല്‍ പ്രശസ്തകവി എം.എന്‍.പാലൂര്‍ വാഴക്കുന്നത്തിനെ കാണാന്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. ചായയും നാലഞ്ചു പൂവന്‍പഴവും അദ്ദേഹത്തിനു മുന്നില്‍ കൊണ്ടുവെച്ചു. വര്‍ത്തമാനം പറയുന്നതിനിടയില്‍ പാലൂര്‍ പഴങ്ങളെല്ലാം തിന്നുതീര്‍ത്തു. നോക്കുമ്പോള്‍ അദ്ദേഹത്തിനുമുന്നില്‍ അപ്പോഴുമുണ്ട് നാലഞ്ചു പൂവന്‍ പഴങ്ങള്‍. തിന്ന പഴങ്ങളുടെ തൊലിയൊട്ടു കാണാനുമില്ല. സംഭവിച്ചതെന്താണെന്നറിയാതെ അന്തംവിട്ടിരിക്കുന്ന പാലൂരിനെയും വീണ്ടും വീണ്ടും പഴം തിന്നാന്‍ അദ്ദേഹത്തിനെ പ്രേരിപ്പിക്കുന്ന വാഴക്കുന്നത്തേയും ഞാനിപ്പോഴുമോര്‍ക്കുന്നു.

അതിഥികള്‍ വരുമ്പോള്‍ അവരുടെ ആവശ്യമനുസരിച്ച് വാഴക്കുന്നം പലപ്പോഴും തന്റെ മാസ്റ്റര്‍പീസ് വിദ്യയായ ചെപ്പും പന്തും കളി കാണിച്ചു കൊടുക്കാറുണ്ട്. ഞങ്ങളുടെ ഡ്രോയിങ്ങ് റൂമില്‍ ഒരു ഷീറ്റുവിരിച്ച് അദ്ദേഹം നിലത്തു ചമ്രം പടിഞ്ഞിരിക്കും. മുന്നില്‍ ഓടുകൊണ്ടുള്ള രണ്ടു ചെപ്പുകളും നാലഞ്ചു ചെറിയ തുണിപ്പന്തുകളും. ഒരു പന്തിനുമേല്‍ ചെപ്പുകമഴ്ത്തി അദ്ദേഹം ചോദിക്കും. പന്ത് ഏതു ചെപ്പില്‍? ഇടത്തെ ചെപ്പിലെന്നു പറഞ്ഞാല്‍ പന്ത് വലത്തേ ചെപ്പിലായിരിക്കും. വലത്തേതിലെന്നു പറഞ്ഞാല്‍ ഇടത്തേതിലായിരിക്കും. രണ്ടു ചെപ്പിലും പന്തില്ലെന്നു പറഞ്ഞാല്‍ രണ്ടിലും പന്തുണ്ടാവും. രണ്ടിലും ഉണ്ടെന്നു പറഞ്ഞാല്‍ പന്ത് രണ്ടിലും ഉണ്ടാവില്ല. പറഞ്ഞാല്‍ എന്തായാലും അതിനു വിപരീതമായിരിക്കും സംഭവിക്കുക. ചുറ്റും ആളുകള്‍ നിന്നാലും വാഴക്കുന്നം പന്തുകള്‍ ഒളിപ്പിക്കുന്നതോ മാ‍റ്റുന്നതോ ഒരിക്കലും നമുക്കു കാണാനാവില്ല. കയ്യടക്കത്തിന്റെ ഈ അത്ഭുതവിദ്യ ഇന്ന് മിക്കവാറും അന്യം നിന്നിരിക്കുന്നു. വാഴക്കുന്നത്തിന്റെ ശിഷ്യന്മാരില്‍ കുറ്റ്യാടി നാണു മാത്രമേ ചെപ്പും പന്തും കളി സ്റ്റേജുകളില്‍ കാണിക്കുന്നുള്ളൂ.

എതു കലാകാരന്റേയും ജീവിതം തന്റെ കലയ്ക്കുവേണ്ടിയുള്ള ആത്മസമര്‍പ്പണമാണ്. കവിക്കു ജീവിതം കവിത തന്നെ. സംഗീതകാരന് സംഗീതം തന്നെ ജീവിതം. പ്രൊഫ.വാഴക്കുന്നത്തിന് ഊണിലും ഉറക്കത്തിലും ഒരേ ചിന്ത മാത്രമാണുണ്ടായിരുന്നത് തന്റെ ജാലവിദ്യകള്‍ക്ക് എങ്ങനെ കൂടുതല്‍ ഭംഗിയും വൈവിധ്യവും ഉണ്ടാക്കാമെന്നത്. ഒരു കളി ഏറ്റു കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ഒരുക്കം കാണേണ്ടതുതന്നെയാണ്. പൊതികളും കെട്ടുകളും വീണ്ടും വീണ്ടും പരിശോധിക്കും. ഉപകരണങ്ങള്‍ പരീക്ഷിച്ചുനോക്കി അവയുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തും. ആദ്യം മുതല്‍ അവസാനം വരെയുള്ള കളിയുടെ പ്രോഗ്രാം ശിഷ്യരോട് പറഞ്ഞ് ഉറപ്പിക്കും. നിഷ്കൃഷ്ടമായ ഈ പ്ലാനിങ്ങ് കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രദര്‍ശനങ്ങള്‍ വന്‍ വിജയമാകാറുള്ളത്.

നിരന്തരമായ അഭ്യാസം കൊണ്ട് മാത്രം കാണിക്കാവുന്ന വിദ്യകള്‍ക്കാണ് വാഴക്കുന്നം എന്നും പ്രാധാന്യം നല്‍കിയിരുന്നത്. കയ്യടക്കം അദ്ദേഹം ജീവിതകാലം മുഴുവന്‍ പരിശീലിച്ചിരുന്നു. കയ്യടക്കം പരിശീലിച്ചവന് ആനയെവരെ ഉള്ളംകയ്യിലെടുക്കാനാവുമെന്നാണ് ശാസ്ത്രം പറയുന്നത്. ഒരു വലിയ കുമ്പളങ്ങവരെ കൈകളിലൊളിപ്പിച്ചു വെക്കാന്‍ ചെറുപ്പത്തില്‍ തനിക്കു കഴിഞ്ഞിരുന്നുവെന്ന്. വാഴക്കുന്നം പറയുന്നു. വാസ്തവത്തില്‍ അദ്ദേഹം കേരളം മുഴുവന്‍ ആരാധിക്കുന്ന ഒരത്ഭുത പുരുഷനായി മാറിയത് പ്രതിഭകൊണ്ടെന്നപോലെ നിരന്തരമായ അഭ്യാസംകൊണ്ടു കൂടിയായിരുന്നു. ശിഷ്യന്മാരെ പരിശീലിപ്പിക്കുന്ന സമയമൊഴിച്ച് മറ്റു സമയങ്ങളിലെല്ലാം അദ്ദേഹം സ്വയം പരിശീലിക്കുകയായിരുന്നു. ഏതെങ്കിലും ചരടില്‍ ഒരു പുതിയ കെട്ടുമുറുക്കിക്കൊണ്ടോ അഴിച്ചുകൊണ്ടോ മാത്രമേ അദ്ദേഹത്തെ മിക്കസമയത്തും കാണാ‍നാവൂ. ഒരേ വിദ്യ തന്നെ പലതരത്തിലും അദ്ദേഹം പരിശീലിക്കും. അതിനാല്‍ ചുറ്റും ആളുകള്‍ നില്‍ക്കുമ്പോഴും തന്റെ വിദ്യകള്‍ അദ്ദേഹത്തിന് അനായസേന കാണിക്കാനാവും.

തന്റെ ജ്യേഷ്ഠനും ഭാഗവതോത്തമനുമായിരുന്ന വാഴക്കുന്നം വാസുദേവന്‍ നമ്പൂതിരിയെപ്പോലെ പ്രൊഫ.വാഴക്കുന്നവും ഗുരുവായൂരപ്പന്റെ ഒരു വലിയ ഭക്തനായിരുന്നു. ചെറുപ്പകാലത്ത് രക്തവാതം കൊണ്ട് അദ്ദേഹം കുറെക്കാലം കഷ്ടപ്പെടുകയുണ്ടായി. ഗുരുവായൂരപ്പനെ ഭജിച്ചതുകൊണ്ടാണ് രോഗം മാറിയതെന്നു പറയപ്പെടുന്നു. ‘വാതാലയേശസ്തുതി’ എന്ന തന്റെ കൃതിയില്‍ വാഴക്കുന്നം ഇങ്ങനെ പറയുന്നു:

“കാലില്‍ക്കടന്നു പിടികൂടിയ വാതരോഗം
നാലില്‍ക്കവിഞ്ഞു ശിവ! വത്സരമെന്‍പുരാനേ!
പാലില്‍ക്കൊതിച്ചു മരുവും മമകൃഷ്ണ! നിന്‍ തൃ-
ക്കാ‍ലില്‍ പിടിച്ചൊരടിയന്‍ വലയില്ലമേലില്‍.”

ഞാന്‍ കാണുന്ന കാലത്തൊന്നും അദ്ദേഹം വാതരോഗത്താല്‍ അവശനായിരുന്നില്ല. എങ്കിലും അചഞ്ചലമായ ഗുരുവായൂരപ്പഭക്തി അദ്ദേഹത്തില്‍ അന്നുമുണ്ടാ‍യിരുന്നു. അമ്പതു വര്‍ഷത്തോളം താനുപയോഗിച്ച ചെപ്പും പന്തും ജീവിതാന്ത്യത്തില്‍ അദ്ദേഹം ഗുരുവായൂരപ്പന് കാണിക്കയായി സമര്‍പ്പിക്കുകയാണുണ്ടായത്.

ജാലവിദ്യ ഇന്ന് ഏറെ പുരോഗമിച്ചു കഴിഞ്ഞു. വലിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പോപ് മ്യൂസിക്കിന്റേയും ബ്രേക് ഡാന്‍സിന്റേയും മറ്റും അകമ്പടിയോടെ പ്രത്യേകം ഒരുക്കിയ വന്‍ വേദികളില്‍വെച്ചു നടത്തപ്പെടുന്ന മെഗാഷോകള്‍ തീര്‍ച്ചയായും കാണികളെ അത്ഭുതപരതന്ത്രരാക്കും. പക്ഷേ,ഉപകരണങ്ങളുടെ രഹസ്യം ഒരിക്കല്‍ അറിഞ്ഞു കഴിഞ്ഞാല്‍ പിന്നീട ഓരോ വിദ്യയും ഒരു കുട്ടിക്കളിയായി മാത്രമേ അവര്‍ക്കു തോന്നുകയുള്ളു. താനിന്ന വിദ്യയാണ് കാണിക്കാന്‍ പോകുന്നതെന്നും അതിങ്ങനെയാണ് കാണിക്കാന്‍ പോകുന്നതെന്നും മുന്‍കൂട്ടി പറഞ്ഞ് വിദ്യ കാണിക്കുമ്പോഴും അതിന്റെ അത്ഭുതം നിലനിര്‍ത്താന്‍ കഴിയുന്നവനാരോ അവനാണ് മഹാനായ മാജിക് കലാകാരന്‍.

വാഴക്കുന്നം മഹാനായൊരു മാജിക് കലാകാരനായിരുന്നു. അതുകൊണ്ടുതന്നെയാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള സാമാന്യജനങ്ങള്‍ക്കിടയില്‍ അദ്ദേഹം ജീവിച്ചിരിക്കെത്തന്നെ ഇതിഹാസമായി മാറിയത്.

പി എം നാരായണന്‍

Share Button