മലയാളഭാഷയ്‌ക്ക്‌ ശ്രേഷ്ഠപദവി

scripts

മലയാളഭാഷയ്‌ക്ക്‌ ശ്രേഷ്ഠപദവി ലഭിച്ചതോടെ ഭാഷാസ്‌നേഹികളുടെ ചിരകാല മോഹം സഫലമായിരിക്കുന്നു. സംസ്‌കൃതം, തമിഴ്‌, കന്നഡ, തെലുങ്ക്‌ എന്നീ ഭാഷകള്‍ക്കൊപ്പം ശ്രേഷ്ഠഭാഷാ ശ്രണിയിലേക്ക്‌ മലയാളം കൂടി അംഗീകരിക്കപ്പെടുന്നത്‌ മാതൃഭാഷയെക്കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വഴി തുറക്കും. മലയാളത്തിന്റെ പഴമയും തനിമയും ചൈതന്യവും തിരിച്ചറിയാന്‍ ഈ പഠനങ്ങള്‍ സഹായകമാവും. മലയാളഭാഷയുടെ പരിപോഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന 100 കോടി രൂപയുടെ ധനസഹായം ഏറ്റവും ഫലവത്തായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നുവെന്ന്‌ ഉത്തരവാദപ്പെട്ടവര്‍ ഉറപ്പു വരുത്തേണ്ടതുണ്ട്‌. ഭാഷാഗവേഷകരും, സാഹിത്യകാരന്മാരും വിദ്യാഭ്യാസ വിചക്ഷണരും സാംസ്‌കാരിക പ്രവര്‍ത്തകരുമടങ്ങുന്ന മലയാളഭാഷാ പ്രേമികളുടെ ഒരു കൂട്ടായ്‌മ ഇക്കാര്യത്തില്‍ സജീവമായി ഇടപെടേണ്ടതുമുണ്ട്‌.

ശ്രേഷ്ഠഭാഷാ പദവി ലഭിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന മാനദണ്‌ഡം 1500 വര്‍ഷങ്ങള്‍ക്കുമേലുള്ള പഴക്കമാണ്‌. മലയാളത്തിന്‌ 2000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ്‌ പ്രാഫ: ഒ.എന്‍.വി. കുറുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസമിതി വാദിച്ച്‌ സമര്‍ത്ഥിച്ചത്‌. ബി.സി. ഒന്നാം നൂറ്റാണ്ടിലെ ‘പുളിമാന്‍കൊമ്പ്‌ വീരക്കല്‍ ലിഖിത’ത്തില്‍ മലയാളത്തിന്റെ വ്യാകരണ സവിശേഷതകള്‍ പ്രകടമാണെന്ന്‌ വാദിച്ച സമിതി സംഘകാല സാഹിത്യത്തില്‍ 40 ശതമാനം മലയാളവാക്കുകളും വ്യാകരണവുമുണ്ടെന്നും സമര്‍ത്ഥിച്ചു. ബി.സി. 277-300 കാലത്തെ അശോകന്റെ രണ്ടാം ശിലാശാസനത്തിലെ ‘കേരളം’ എന്ന വാക്കും പട്ടണ പര്യവേഷണത്തില്‍ ലഭ്യമായ എ.ഡി. രണ്ടാമാണ്ടിലെ ഓട്ടക്കലവും എം.ഡി. അഞ്ചാം നൂറ്റാണ്ടിലെ നിലമ്പൂര്‍ -നെടുങ്കയം ശിലാരേഖകളും തെളിവായി നിരത്തി. പ്രശസ്‌ത ചരിത്രപണ്‌ഡിതന്‍ ഡോ: എം.ജി.എസിന്റെ മൂലദ്രാവിഡഭാഷയെക്കുറിച്ചുള്ള നിഗമനങ്ങളും മലയാളത്തിന്റെ പഴമ സ്ഥാപിക്കുവാന്‍ സഹായകമായി. മൂലദ്രാവിഡ ഭാഷയില്‍ എഴുതപ്പെട്ടതാണ്‌ സംഘം കൃതികളെന്നും ഈ ഭാഷയില്‍ നിന്ന്‌ ഉരുത്തിരിഞ്ഞതാണ്‌ മലയാളവും തമിഴും എന്നുമുള്ള ഡോ: എം.ജി.എസ്‌. നാരായണന്റെ വാദം മലയാളത്തിന്റെ പഴമയെ സ്ഥിരീകരിക്കുന്നു. ദ്രാവിഡ വ്യാകരണ ഗ്രന്ഥമായ തൊല്‍ക്കാപ്പിയത്തിലെ 40 ശതമാനം വ്യാകരണ നിയമങ്ങളും മലയാളത്തിഌ മാത്രമാണ്‌ യോജിക്കുന്നതെന്ന കണ്ടെത്തലും ശ്രേഷ്ഠപദവി ലഭിക്കുവാന്‍ കാരണമായി.

മലയാളത്തിന്‌ ശ്രേഷ്ഠപദവി കൈവന്നതോടെ തമിഴിന്റെ ഭാഷാഭേദമാണ്‌ മലയാളമെന്ന കാല്‍ഡ്വെല്‍, കേരളപാണിനി, എല്‍.വി. രാമസ്വാമി അയ്യര്‍, പ്രാഫ: ഇളംകുളം കുഞ്ഞന്‍പിള്ള തുടങ്ങിയ ഭാഷാഗവേഷകരുടെ വാദമാണ്‌ അസാധുവാകുന്നത്‌. മലയാളം ഒരു സ്വതന്ത്ര ഭാഷയാണെന്ന്‌ വാദിച്ച ആറ്റൂര്‍ കൃഷ്‌ണപിഷാരടിയുടെയും ഡോ: കെ. ഗോദവര്‍മ്മയുടെയും ഡോ: കെ.എം. ജോര്‍ജ്ജിന്റെയും നിലപാടുകള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ആദ്യം, മലയാളം തമിഴിന്റെ ഒരു ഉപശാഖയാണെന്ന്‌ പ്രഖ്യാപിച്ചെങ്കിലും പിന്നീട്‌, മൂലദ്രാവിഡ ഭാഷയുടെ ഒരു പ്രത്യേക ശാഖയില്‍നിന്ന്‌ ഉടലെടുത്താകാം തമിഴും മലയാളവുമെന്ന നിഗമനത്തിലാണ്‌ പാശ്ചാത്യ ഭാഷാപണ്‌ഡിതനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടും എത്തിച്ചേര്‍ന്നത്‌. മലയാളത്തെ തമിഴിന്റെ മാതാവെന്നോ ജ്യേഷ്‌ഠത്തിയെന്നോ കരുതണമെന്നാണ്‌ ഭാഷാ പണ്‌ഡിതനായ മഹാകവി ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യര്‍ അഭിപ്രായപ്പെട്ടത്‌. കൊല്ലവര്‍ഷം തുടങ്ങുന്നതുവരെ ആദി മലയാളഘട്ടമായാണ്‌ പി. ഗോവിന്ദപിള്ള കണ്ടെത്തിയത്‌.

മലയാളഭാഷയുടെ പിറവിയെക്കുറിച്ചും പഴമയെക്കുറിച്ചുമുള്ള പൂര്‍വ്വധാരണകള്‍ പലതും തിരുത്തിക്കൊണ്ടാണ്‌ പുതിയ അംഗീകാരം വന്നിരിക്കുന്നത്‌. മലയാളം സംസ്‌കൃതജന്യമാണെന്നും തമിഴിന്റെ വകഭേദമാണെന്നുമൊക്കെയുള്ള വാദങ്ങളെല്ലാം ഇവിടെ പൊലിഞ്ഞുപോകുകയാണ്‌. കൊല്ലവര്‍ഷവും ലീലാതിലകവുമൊക്കെ മുന്‍വിധിയോടെ ഭാഷാഗവേഷണത്തിന്‌ സൂചകങ്ങളായി ഉപയോഗിച്ചത്‌ തെറ്റായ നിഗമനങ്ങളിലെത്തിച്ചേരാന്‍ കാരണമായെന്നും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഭാഷയുടെ തനിമയും പൊലിമയും കണ്ടെത്താനുള്ള പഠനഗവേഷണങ്ങള്‍ക്കൊപ്പം പ്രയോഗക്ഷമതയും ആശയവിനിമയശേഷിയും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിക്കേണ്ടതായുണ്ട്‌. ആധുനിക കാലഘട്ടത്തിന്റെ ആശയ വിനിമയ വെല്ലുവിളികളെ നേരിടുവാന്‍ ഭാഷയെ സജ്ജമാക്കുകയും വേണം. ശ്രേഷ്ഠഭാഷയായ മലയാളത്തിന്റെ പോഷണം എന്നതുകൊണ്ടുദ്ദേശിക്കുന്നതും ഇവയൊക്കെത്തന്നെയാണ്‌.

— എ.പി. നളിനന്‍

Share Button