വിലാസിനിയുടെ നോവലുകള്‍

Vilasini (M.K. Menon)
Vilasini
(M.K. Menon)

മലയാളസാഹിത്യചരിത്രത്തില്‍ വിശേഷമായ സ്ഥാനമാണ്‌ വിലാസിനി എന്ന നോവലിസ്റ്റിനുള്ളത്‌. ആധുനിക രചനാരീതിയായ ബോധധാരാ സങ്കേതം ഉപയോഗിച്ച്‌ രചിച്ച മനശാസ്‌ത്ര-ദാര്‍ശനിക സ്വഭാവമുള്ള വിലാസിനിയുടെ നോവലുകള്‍ മലയാള നോവല്‍ സാഹിത്യത്തെ അറുപതുകളുടെ തുടക്കത്തില്‍ ഒരു പുതിയ മേഖലയിലേക്ക്‌ നയിച്ചു. അതുവരെ മലയാള നോവല്‍ രംഗത്ത്‌ സുപരിചിതമല്ലാതിരുന്ന മലേഷ്യന്‍ മലയാളികളുടെ ജീവിത ചിത്രണത്തിലൂടെ മലയാള നോവലിന്ന്‌ ഒരു അന്തര്‍ദ്ദേശീയ മാനം നല്‍കാനും മനുഷ്യബന്ധങ്ങളുടെ നിറവാര്‍ന്ന ആഖ്യാനത്തിലൂടെ, നോവലിന്റെ മണ്‌ഡലത്തില്‍ സാമൂഹ്യ പശ്ചാത്തലത്തിലുപരി മനുഷ്യമനസ്സിനെ അവരോധിക്കാനുള്ള പുതിയ പ്രവണതയുടെ വക്താക്കളില്‍ പ്രാതഃസ്മരണീയനായി തീരാനും വിലാസിനിക്ക്‌ കഴിഞ്ഞു. മനഃശാസ്‌ത്ര സിദ്ധാന്തങ്ങളുടെ യുക്തിസഹജമായ പിന്‍ബലം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രൗഢഗംഭീരമായ ദാര്‍ശനികതത്വങ്ങളുടെ പാര്‍ത്ഥസാരഥ്യവും അദ്ദേഹത്തിനു കൂട്ടുണ്ടായിരുന്നു. എല്ലാറ്റിനുമുപരി വൈവിധ്യമുള്‍ക്കൊള്ളുന്ന സ്വന്തമായൊരു അനുഭവമണ്ഡലവും തനിമയാര്‍ന്ന ഒരു പശ്ചാത്തലവും.

books2

ആദ്യത്തെ നോവലായ ‘നിറമുള്ള നിഴലുകളില്‍’ രണ്ടാം ലോകമഹായുദ്ധത്തിന്റെ നിഴലില്‍ ഇടറി നില്‍ക്കുന്ന മലേഷ്യന്‍ തോട്ടം തൊഴിലാളികളുടെ ജീവിത മേഖലകള്‍ അനാവരണം ചെയ്യപ്പെടുമ്പോള്‍ ഒടുവിലെഴുതിയ നാലായിരത്തോളം പേജുള്ള ‘അവകാശി’കളെന്ന ബ്രഹദ്‌ ഗ്രന്ഥത്തില്‍ ആധുനിക മലേഷ്യയുടെ സാമൂഹ്യ-രാഷ്‌ട്രീയ-നൈതിക തലങ്ങള്‍ ഹിപ്പിസം, ഹരേകൃഷ്‌ണ പ്രസ്ഥാനം, തുടങ്ങിയ ദര്‍ശനമുഖങ്ങളോടൊപ്പം ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നു. ‘ഊഞ്ഞാലി’ല്‍ അറുപതുകള്‍ക്കു തൊട്ടു മുമ്പുള്ള ഏതാനും ദശകങ്ങളിലെ കേരളത്തിലെ സാമൂഹ്യാന്തരീക്ഷവും, മലേഷ്യയിലെ ചീനന്മാരുടെ ജീവിതരീതികളും വിശ്വാസപ്രമാണങ്ങളും സാമൂഹ്യാചാരങ്ങളും അവിടവിടെ വരച്ചു കാട്ടുന്നു. ‘ഇണങ്ങാത്ത കണ്ണികളി’ലാകട്ടെ പണിക്കരുടെ ഒരാഗോള പ്രദക്ഷിണം വഴി വിവിധ ദേശങ്ങളിലെ അന്തരീക്ഷത്തിന്റെ ഭാവരേഖകള്‍ നമുക്ക്‌ അനുഭവവേദ്യമാകുന്നു. ‘ചുണ്ടെലി’യിലും ‘തുടക്ക’ത്തിലും മലേഷ്യയിലെ യുവാക്കളുടെ കുത്തഴിഞ്ഞ ജീവിതം ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

മനുഷ്യബന്ധങ്ങളുടെ വൈചിത്ര്യമാര്‍ന്ന ഒരു നിറമേളനം വിലാസിനിയുടെ നോവലുകളിലുണ്ട്‌. തകരുന്ന ദാമ്പത്യങ്ങള്‍, അച്ചാണിപൊട്ടിയിട്ടും ഏന്തിവലിച്ചു നീങ്ങുന്ന ബന്ധങ്ങള്‍, പരമ്പരാഗതമായ ചട്ടക്കൂടില്‍ കിടന്ന്‌ വ്യക്തിഗതമായ അര്‍ത്ഥങ്ങള്‍ പൊലിഞ്ഞ വിളര്‍ത്ത വിധേയത്വങ്ങള്‍; സഫലീകൃതമാകാത്ത പ്രേമസ്വപ്‌നങ്ങള്‍, അവിഹിതങ്ങള്‍, ഇവയ്‌ക്കിടയിലും തീഷ്‌ണവും സത്യസന്ധവുമായ ബന്ധങ്ങള്‍; രാമലക്ഷ്‌മണന്മാരെ അനുസ്‌മരിപ്പിക്കുന്ന സഹോദരബന്ധം, വാത്സല്യാതിരേകം നിറഞ്ഞ പിതൃപുത്രി ബന്ധം, വിശ്വാസം നിറഞ്ഞ പൊരുത്തമുള്ള ദാമ്പത്യം, തികഞ്ഞ പരസ്‌പര ധാരണയും ബഹുമാനവും പുലര്‍ത്തുന്ന സൗഹൃദം, ഗുരുകുലത്തെയോര്‍മ്മിപ്പിക്കുന്ന ഗുരുശിഷ്യബന്ധം, ഇങ്ങനെ വൈവിധ്യമാര്‍ന്ന തലങ്ങളില്‍ മനുഷ്യന്‍ വെച്ചുപുലര്‍ത്തുന്ന മമതാബന്ധങ്ങളുടെ ഇടയില്‍ തികഞ്ഞ പ്രായോഗിക തത്വങ്ങള്‍ നിലനില്‍ക്കുന്ന വ്യവസായ-വാണിജ്യ-രാഷ്‌ട്രീയ മണ്‌ഡലങ്ങളിലെ വ്യക്തിബന്ധങ്ങളും വിലാസിനിയുടെ നോവലുകള്‍ക്ക്‌ വിഷയീഭവിക്കുന്നു.

സ്‌ത്രീപുരുഷ ബന്ധത്തിന്റെ നിഗൂഢതകളിലേക്ക്‌ കഥാപാത്രങ്ങളുടെ മനസ്സിന്റെ കൂമ്പു വിടര്‍ത്തി നൂണിറങ്ങുന്ന വിലാസിനിക്ക്‌ അവിടെ കാണുന്ന ഇഴപ്പൊരുത്തങ്ങളുടെ, പൊരുത്തക്കേടുകളുടെ നാരായവേരുകള്‍ കുറെയൊക്കെ പുറത്തു കൊണ്ടുവരാന്‍ കഴിയുന്നുണ്ട്‌. സങ്കീര്‍ണ്ണസ്വഭാവമുള്ള കഥാപാത്രങ്ങളുടെ മനസ്സ്‌ മലര്‍ക്കെ തുറന്നിട്ട്‌ ആസ്വാദകനെ നേരിട്ട്‌ പരിചയപ്പെടുത്തുന്ന രചനാതന്ത്രമാണ്‌ വിലാസിനി പ്രയോഗിക്കുന്നത്‌.

books1

വിലാസിനിയുടെ പ്രധാന പുരുഷ കഥാപാത്രങ്ങളില്‍ ‘അവകാശികളി’ലെ കൃഷ്‌ണനുണ്ണിക്കൊഴിച്ച്‌ സ്വന്തം വികാരങ്ങളുടെ മേല്‍ പൂര്‍ണ്ണ നിയന്ത്രണമവകാശപ്പെടാന്‍ വയ്യ. അവരൊന്നും അത്രമേല്‍ ആദര്‍ശശാലികളുമല്ല. മനുഷ്യന്റെ സ്വാഭാവികമായ ശക്തി-ദൗര്‍ബ്ബല്യങ്ങള്‍ അവരില്‍ നിറഞ്ഞു നില്‍ക്കുന്നു. ‘നിറമുള്ള നിഴലുകളി’ലെ രാഘവന്‍ നായരില്‍ കാമാതുരത്വം പടമുയര്‍ത്തി നില്‍ക്കുമ്പോള്‍ ‘ഇണങ്ങാത്ത കണ്ണികളി’ലെ ശിവരാമപ്പണിക്കരില്‍ അത്‌ വിവേകത്തിന്റെ പൊത്തുകളില്‍ ചുരുണ്ട്‌ കിടക്കുകയും സാഹചര്യങ്ങളുടെ പുകച്ചൂടിലും നനമണ്ണിന്റെ മനം മയക്കുന്ന മണത്തിലും മാത്രം ഇടയ്‌ക്ക്‌ തലപൊക്കി നോക്കുന്ന രതികാമനയാണ്‌. ഊഞ്ഞാലിലെ വിജയനില്‍ കാമാസക്തിയെക്കാള്‍ പ്രേമാവേശമാണ്‌ മുന്നിട്ടു നില്‍ക്കുന്നത്‌ എങ്കിലും വികാരപരത ഇഷ്‌ടകാമുകിയുമായുള്ള സംഗമവേളകളില്‍ ഒരു ദൗര്‍ബല്യമായി വിജയനെ പിന്തുടരുന്നുണ്ട്‌. ചീനത്തി പെണ്‍കുട്ടി തുറന്നിട്ട രതിസാമ്രാജ്യത്തില്‍, എത്രയൊക്കെ നിയന്ത്രിച്ചിട്ടും തപസ്സിന്റെ പുറ്റുവിട്ട്‌ ഇഴഞ്ഞു കയറിയതും ഈ വികാരലോലതയൊന്നുകൊണ്ടു മാത്രമാണ്‌. ‘ചുണ്ടെലി’യിലെ ശശിയിലെത്തുമ്പോഴും, വേലക്കാരിയുടെ പ്രലോഭനങ്ങളില്‍ ഉണരാന്‍ തുടങ്ങുന്ന യുവചാപല്യത്തെ സ്വയംകെടുത്തുന്ന, ഇണചേരലിനു പ്രരിപ്പിക്കുന്ന കൂട്ടുകാരിയെ തള്ളിമാറ്റി നടന്നകലുന്ന ഭീരുത്വമെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കപ്പെടാവുന്ന ഒരുതരം ഒളിച്ചോട്ടം നാം ദര്‍ശിക്കുന്നു. കൃഷ്‌ണനുണ്ണിയിലാകട്ടെ ഹൃദയത്തില്‍ വേലിയേറ്റത്തിരകളിളകിമറിയുമ്പോഴും മുകളിലുള്ള തെളിഞ്ഞ ആകാശംപോലെ സ്വച്ഛമായ പ്രജ്ഞ നിലനിര്‍ത്തുന്ന ജിതേന്ദ്രിയപ്രിയനല്ലെങ്കിലും ഒരിക്കലും വികാരത്തിനടിമപ്പെടാത്ത വിവേകത്തിന്റെ തലയെടുപ്പാണ്‌ നമ്മുടെ ശ്രദ്ധയില്‍പെടുന്നത്‌.

എന്നാല്‍ വിലാസിനിയുടെ നായികമാരില്‍ മേല്‍പറഞ്ഞവരില്‍ നിന്ന്‌ വിപരീതമായൊരു ദശാപരിണാമമാണ്‌ നാം കാണുന്നത്‌. ‘നിറമുള്ള നിഴലുക’ളിലെ ദാക്ഷായണി വിവാഹത്തിനു മുമ്പും പിമ്പുമുള്ള മുറച്ചെറുക്കന്റെ ദൗര്‍ബ്ബല്യങ്ങള്‍ക്കെല്ലാം മാപ്പു കൊടുക്കുന്ന, കടല്‍ കടന്ന കാമുകനായി വര്‍ഷങ്ങളോളം കാത്തിരിക്കുന്ന, വിവാഹത്തിനു ശേഷവും, വര്‍ഷങ്ങളുടെ അര്‍ത്ഥശൂന്യമെന്നുവരെ തോന്നിയ കാത്തിരിപ്പിന്‌ ശേഷവും, സ്ഥിരപ്രജ്ഞയായ വിധേയയാണ്‌. ‘ഇണങ്ങാത്ത കണ്ണിക’ളിലെ ഉമയില്‍ വികാരത്തിന്റെ കലക്കുവെള്ളത്തില്‍ വീണുപോകുന്ന; എന്നാല്‍ ഇതളഴുകാതെ രക്ഷപ്പെടുന്ന ഭാര്യയുടെ ചിത്രമാണ്‌. ‘ഊഞ്ഞാലി’ലെ നായികയാവട്ടെ കാമാതുരയല്ലെങ്കിലും വഴുതിവീണു പോകുന്ന വ്യക്തിത്വമാണ്‌. ‘ചുണ്ടെലി’യിലെ പ്രീത പ്രേമമെന്ന വികാരത്തെ വളരെ തുറന്ന മനസ്സോടെ കാണുന്നു. ‘തുടക്ക’ത്തിലെ ബിന്ദുവിലാകട്ടെ വികാരപരത ഒരു പടികൂടി മുന്നിട്ടുനില്‍ക്കുന്നു ‘അവകാശിക’ളിലെ രാജി പുഴുക്കുത്തേറ്റ പൂവുപോലെയാണ്‌.

avakaasikal

മരുമക്കത്തായ തറവാടുകളില്‍ നിലനിന്നിരുന്ന അമ്മാവന്‍-മരുമകന്‍ ബന്ധത്തിലെ അനാരോഗ്യപരമായ പിരിമുറുക്കങ്ങള്‍ വിലാസിനിയുടെ നോവലുകളില്‍ നിഴലിച്ചുകാണുന്നു. അവകാശികളിലും ഊഞ്ഞാലിലും അമ്മാവനും മരുമകനുമായുള്ള ശാരീരികമായ ഏറ്റുമുട്ടല്‍ തന്നെയുള്ളപ്പോള്‍ ‘ഇണങ്ങാത്ത കണ്ണിക’ളില്‍ അമ്മാവന്റെ കിരാതവാഴ്‌ച സഹിക്കാതെ നാടുവിടുന്ന മരുമകന്റെ നിസ്സഹായതയും, ‘നിറമുള്ള നിഴലുക’ളില്‍ അപഥസഞ്ചാരിയായ മരുമകനു നേരെ വിദ്വേഷം പുലര്‍ത്തുന്ന അമ്മാവന്റെ സ്‌നേഹശൂന്യതയും നമുക്കനുഭവപ്പെടുന്നു. ‘ചുണ്ടെലി’യിലും ‘തുടക്ക’ത്തിലും എന്തിനുമെടുത്തടിച്ചു നില്‍ക്കുന്ന പിതാവിന്റെ കാര്‍ക്കശ്യമാണ്‌ കാണുക.

പിതൃവിരഹമനുഭവിക്കുന്നവരാണ്‌ വിലാസിനിയുടെ നോവലുകളിലെ പ്രധാന കഥാപാത്രങ്ങളില്‍ മിക്കവരും. അച്ഛന്‍ ജീവിച്ചിരിക്കെ തന്നെ അനാഥത്വം അനുഭവിക്കുന്നുണ്ട്‌ ‘ഊഞ്ഞാലി’ലെ വിജയന്‍. ‘അവകാശിക’ളിലെ ശ്രീധരനും സുകുവിനുമൊക്കെ പിതാവ്‌ ഒരു പരേതസ്‌മരണയാണ്‌. എന്നാല്‍ ‘ഇണങ്ങാത്ത കണ്ണികളി’ലെ പണിക്കര്‍ക്കും ‘അവകാശികളി’ലെ രാജിക്കും ‘നിറമുള്ള നിഴലുകളി’ലെ മുനിസ്വാമിക്കും പിതാവ്‌ ജീവിച്ചിരിക്കെ തന്നെ പിതൃവാത്സല്യം നുണയാന്‍ അവസരം ലഭിക്കുന്നില്ല. പണിക്കരുടെയും രാജിയുടെയും പിതൃവിരഹത്തില്‍ സ്വന്തം അമ്മമാര്‍ക്കും പങ്കുള്ളതായി കാണാം. മുനിസ്വാമി അവിഹിത ഗര്‍ഭത്തിലുണ്ടായ സന്തതിയെന്ന നിലയ്‌ക്കാണ്‌ പിതൃവാത്സല്യത്തിന്‌ അനര്‍ഹനായത്‌. ‘ചുണ്ടെലി’യിലെ ശശി മനസ്സുകൊണ്ട്‌ അച്ഛനെ നിഷേധിക്കുന്നവനാണ്‌. ‘തുടക്ക’ത്തിലെ ബിന്ദുവിന്‌ ആ രാത്രിയില്‍ നിയമത്തിന്റെ കുരുക്കു കയറില്‍ കുരുങ്ങി പിതാവ്‌ എന്നെന്നേക്കുമായി നഷ്‌ടപ്പെടാന്‍ പോകുകയാണ്‌.

പലായനത്വര മുറ്റിനില്‍ക്കുന്ന പ്രകൃതക്കാരാണ്‌ വിലാസിനിയുടെ കഥാപാത്രങ്ങള്‍ അധികവും. ‘അവകാശികളി’ലെ മിക്ക കഥാപാത്രങ്ങളിലും ഈ പ്രവണത കാണാം. അവരില്‍ പലരും സ്വന്തം വീട്ടില്‍ നിന്ന്‌, മാതാപിതാക്കളില്‍ നിന്ന്‌, കാമുകിമാരില്‍ നിന്ന്‌, വാസപ്രദേശങ്ങളില്‍ നിന്ന്‌, ചിലപ്പോള്‍ തന്നില്‍നിന്നുതന്നെയും ഒളിച്ചോടാന്‍ കൊതിക്കുന്നവരാണ്‌. ‘ഊഞ്ഞാലി’ലെ വിജയനും വിനുവും രതിയും വിന്‍സന്റും, ‘നിറമുള്ള നിഴലുകളി’ലെ ഇന്ദിരയും മുനിസ്വാമിയും ബോണ്‍സും ലോഗനും ‘ഇണങ്ങാത്ത കണ്ണികളി’ലെ പണിക്കരും ‘അവകാശികളി’ലെ ജിം, രമണി, രാവുണ്ണിക്കുറുപ്പ്‌, കൃഷ്‌ണനുണ്ണി, ഗംഗാധരന്‍ എന്നീ കഥാപാത്രങ്ങളും പലായനത്വരയുള്ളവരാണ്. മിക്കവരും അത്‌ തുറന്നുതന്നെ പ്രഖ്യാപിക്കുമ്പോള്‍ ‘ചുണ്ടെലി’യിലെ ശശിയെപ്പോലെ ചില കഥാപാത്രങ്ങളില്‍ അത്‌ മനസ്സിന്റെ ഉള്ളറകളിലെ ഒരടിസ്ഥാനവികാരമായി ശേഷിക്കുന്നു എന്നുമാത്രം.

മനുഷ്യബന്ധങ്ങളുടെ, മാനസിക വ്യാപാരങ്ങളുടെ പൊരുള്‍ തിരയുകയാ ണ്‌ ഈ നോവലിസ്റ്റിന്റെ ലക്ഷ്യം. സ്‌നേഹമെന്നും പ്രേമമെന്നും കാമമെന്നും സന്ദര്‍ഭാനുസരേണ വിശേഷിപ്പിക്കപ്പെടുന്ന മനസ്സിന്റെ തരംഗിത ചോദനകളുടെ യഥാര്‍ത്ഥ സ്വഭാവമന്വേഷിക്കുന്ന വിലാസിനി എന്ന നോവലിസ്റ്റ്‌ കാമത്തെ നിഷേധിക്കാതെയും എന്നാല്‍ കേന്ദ്രബിന്ദുവില്‍ പ്രതിഷ്‌ഠിക്കാതെയും മാനസിക വ്യാപാരങ്ങള്‍ക്ക്‌ യുക്തിസഹവും ദാര്‍ശനികവുമായ വിശദീകരണം തേടുവാന്‍ ശ്രമിക്കുകയാണ്‌.

– ഊര്‍മ്മിള

Share Button