വിജയവീഥി
ആത്മവിശ്വാസം, നിശ്ചയദാര്‍ഢ്യം, ഇച്ഛാശക്തി, ബുദ്ധിവൈഭവം, ധൈര്യം, പ്രസാദാത്മക വീക്ഷണം, പ്രതിജ്ഞാബദ്ധത, സമചിത്തത, ഉത്തരവാദിത്തബോധം, കഠിനപ്രയത്‌നം തുടങ്ങിയ വിവിധ ഘടകങ്ങളാണ് ഒരു വ്യക്തിയുടെ വിജയം ഉറപ്പു വരുത്തുന്നത്. ആശയവിനിമയശേഷി, പ്രായോഗികബുദ്ധി, ആത്മനിയന്ത്രണം, സ്ഥിരോത്സാഹം, സഹനശക്തി, സംരംഭകത്വം, സമയനിഷ്‌ഠ, പ്രായോഗിക വൈദഗ്‌ദ്ധ്യം ഇങ്ങിനെ വേറെയും ഘടകങ്ങള്‍ ഇവയോടു ചേര്‍ത്തുവെയ്‌ക്കാവുന്നതാണ്. ശരിയായ ദിശാബോധവും മാര്‍ഗ്ഗനിര്‍ദ്ദേശവും ഏറെ പ്രധാനമാണ്. ഒപ്പം പ്രാത്സാഹനവും. കാര്യങ്ങള്‍ വേണ്ടവിധം ആസൂത്രണം ചെയ്‌ത് വേണ്ട സമയത്ത് ശരിയായ രീതിയില്‍ നടപ്പിലാക്കുന്നതിലാണ് ഒരു വ്യക്തിയുടെ കഴിവ് പ്രകടമാവുന്നത്. പുതിയ മേഖലകള്‍ കണ്ടെത്തുവാനും ഒരല്‌പം സാഹസികതയോടെ കാര്യങ്ങള്‍ നേരിടുവാനുമുള്ള സന്നദ്ധതയാണാവശ്യം. നമ്മുടെ മുന്‍ഗണനകള്‍ മനസ്സിലാക്കി പ്രവര്‍ത്തന പദ്ധതി തയ്യാറാക്കി ചിട്ടയോടെ പ്രവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോവാന്‍ സാധിക്കും.
സ്വന്തം കഴിവുകളെക്കുറിച്ചും ബലഹീനതകളെക്കുറിച്ചും ഒരാത്മവിമര്‍ശനം നടത്തുന്നത് നല്ലതാണ്. അര്‍ത്ഥപൂര്‍ണ്ണമായ ശിക്ഷണത്തിലൂടെ ബലഹീനതകളെ ഒരു പരിധിവരെ ഇല്ലാതാക്കുവാന്‍ കഴിയും. കണ്ണും കാതും തുറന്നുവെയ്‌ക്കുക. നമുക്കു ചുറ്റിലുമുള്ള ലോകത്തെ ശരിയായി ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക അന്യരുമായി ഇടപെടാനും അവരുടെ വികാരവിചാരങ്ങള്‍ മനസ്സിലാക്കി നമ്മുടെ സമീപനത്തില്‍ മാറ്റം വരുത്താനും കഴിയണം. തുറന്ന മനസ്സോടെ മറ്റുള്ളവരുമായി ഇടപഴകുക. കഴിയാവുന്ന വിധത്തില്‍ അവരെ സഹായിക്കുക. അപ്പോഴാണ് നമ്മുടെ ജീവിതം സാര്‍ത്ഥകമാവുന്നത്. സഹവര്‍ത്തിത്വവും സഹകരണവുമാണ് സമൂഹജീവിതം സുഗമമാക്കുന്നത്. വിശ്വവിലയനമായിരിക്കണം വ്യക്തിമനസ്സിന്റെ ലക്ഷ്യം.
ബുദ്ധിപരവും മാനസികവും ശാരീരികവുമായ കഴിവുകളുടെ ഏകോപനത്തിലൂടെയാണ് സര്‍ഗ്ഗാത്മകവും ക്രിയാത്മകവുമായ വിജയങ്ങള്‍ നാം കൈവരിക്കുന്നത്. യുക്തിബോധത്തേയും നാം പലപ്പോഴും കൂട്ടുപിടിക്കുന്നു. സ്വന്തം താല്‍പര്യങ്ങളെ ബലികഴിക്കാതെതന്നെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിലാണ് മികവ്. നമ്മുടെ മനഃസമാധാനത്തിന്റെ താക്കോല്‍ നമ്മുടെ കയ്യില്‍ത്തന്നെയാണ്. നമ്മുടെ മനോഭാവവും സമീപനവുമാണ് സ്വര്‍ഗ്ഗനരകങ്ങള്‍ സൃഷ്‌ടിക്കുന്നത്. മറ്റുള്ളവരുമായി തര്‍ക്കിക്കാതെതന്നെ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കാനുള്ള ആര്‍ജ്ജവം നേടണം. തെളിഞ്ഞ ചിന്തയും ശുദ്ധവികാരങ്ങളും ഒരു വ്യക്തിയെ സമാദരണീയനാക്കുന്നു; സൗഹൃദപൂര്‍ണ്ണമായ പെരുമാറ്റം എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിത്തീര്‍ക്കുന്നു. ജീവിതമെന്നത് ആനന്ദകരമായ ഒരനുഭവമായി ആസ്വദിക്കുവാന്‍ കഴിയണം.
ആത്യന്തിക വിജയം ആദര്‍ശശുദ്ധിയും സത്യസന്ധതയും പുലര്‍ത്തുന്നവര്‍ക്കാണെന്നതാണ് അനുഭവസാക്ഷ്യം. വിജയത്തിലേക്കു കുറുക്കുവഴികളില്ല. സാഹസികമായ പ്രയാണങ്ങളിലൂടെയാണ് നാം വിജയലക്ഷ്യത്തിലെത്തി ച്ചേരുന്നത്. പൂര്‍വ്വസൂരികളുടെ മാര്‍ഗ്ഗരേഖകള്‍ മുന്നിലൂണ്ട്. അവയിലൂടെ സ്വന്തം മനസ്സാക്ഷിയുടെ മന്ത്രണങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോവുക; ഇതൊന്നു മാത്രമാണ് കരണീയം. “എവിടെയാണോ ധര്‍മ്മം അവിടെയാണ് ജയ”മെന്ന ഇതിഹാസവാക്യവും മനസ്സിലോര്‍ക്കുക.
– മെന്റര്‍
* photo taken from wikipedia