ഭാഷ – ധ്വനിയും സ്‌ഫോടവും
ജ്ഞാനത്തിന്റെ ഒരു സ്‌പന്ദമെടുത്തതാണ് ഭാഷ. ഭാഷ മനസ്സിന്റെ ഉപരിതലത്തേയും മിത്ത് അതിന്റെ അന്തഃസ്ഥലത്തേയും പ്രകാശിപ്പിക്കുന്നു. ഭാഷ എന്നതിന്ന് ഭാസ്, പ്രകാശിക്കുക എന്നാണര്‍ത്ഥം. ഭാഷ എന്നത് ഭാവാഭിവ്യക്തിക്കുള്ള ഒരു മാധ്യമമാകുന്നു. ഭാവത്തിന് നിയതതയില്ല. ആശയത്തിന് നിയതതയുണ്ട്; പരിധിയുണ്ട്. ശബ്‌ദത്തിലൂടെയാണ് ഭാവം പ്രകാശിക്കുന്നത്.
ശബ്‌ദം രണ്ടുതരത്തിലുണ്ടെന്നാണ് വൈയാകരണന്മാരുടെ അഭിപ്രായം. (1) അനിത്യം (2) നിത്യം. എന്താണീ അനിത്യം? ഉച്ചാരണജന്യവും ശ്രോത്രഗ്രാഹ്യവുമായ നാദം തന്നെ. അപ്പോള്‍ എന്താണീ നിത്യം? ഉച്ചാരണജന്യമോ ശ്രോത്രഗ്രാഹ്യമോ അല്ലാത്ത മൂലതത്വം; ഇതിനാണ് അവര്‍ സ്‌ഫോടമെന്ന് നാമം കൊടുത്തിരിക്കുന്നത്. ഏതൊന്നില്‍ നിന്നാണോ അര്‍ത്ഥപ്രതീതിയുണ്ടാകുന്നത് അതുതന്നെ സ്‌ഫോടം. വാസ്‌തവം ചിന്തിച്ചുചെല്ലുമ്പോള്‍ യഥാര്‍ത്ഥ ശബ്‌ദം സ്‌ഫോടമാണെന്ന് ബോധ്യപ്പെടും. ധ്വനിയാകട്ടെ ശബ്‌ദത്തിന്റെ ഗുണം അല്ലെങ്കില്‍ നാദം മാത്രമാണ്. ധ്വനിയിലൂടെ വ്യഞ്ജിപ്പിക്കുമ്പോഴാണ് സ്‌ഫോടം അര്‍ത്ഥവിശേഷ പ്രത്യയമായി പര്യവസാനിക്കുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ സ്‌ഫോടം വ്യംഗ്യവും ധ്വനി വ്യഞ്ജകവുമാണ്.
ധ്വനി അല്‍പമോ ദീര്‍ഘമോ ആയെന്നുവരാം. പക്ഷെ സ്‌ഫോടം എപ്പോഴും ഒരുപോലെതന്നെയായിരിക്കും. ധ്വനിക്ക് ദീര്‍ഘം, പ്ലുതം, ദ്രുതം, അതിദ്രുതം, വിളംബിതം, അതിവിളംബിതം തുടങ്ങിയ വൃത്തികളിലൂടെ അന്തരമുണ്ടായിരിക്കും. പക്ഷെ, സ്‌ഫോടം അഭിന്നകാലികവും നിരവയവവും പൂര്‍ണ്ണവും നിത്യവുമായിരിക്കും. ലോകവ്യവഹാരങ്ങളില്‍ ധ്വനിയെ ശബ്‌ദമെന്നും വിളിക്കാറുണ്ട്. അത് വെറും ഉപചാരം മാത്രമാണ്. ലോകത്തില്‍ നാം അനിത്യമെന്നു പറയുന്ന ശബ്‌ദമാണ് ധ്വനി. പക്ഷെ, സ്‌ഫോടം നിത്യവും അര്‍ത്ഥപ്രത്യായനത്തിനു മൂലവുമാണ്.
ഉച്ചാരണത്തിലൂടെ ശ്രോത്രഗ്രാഹ്യമായിത്തീരുന്ന ശബ്‌ദം ധ്വന്യാത്മകം; അനാദിയായ കാലം മുതല്‍ നാളിതുവരെ ഇവയില്‍ വ്യഞ്ജിക്കപ്പെട്ട തത്വം സ്‌ഫോടാത്മകം. ധ്വന്യാത്മകം അനിത്യമാണ്; സ്‌ഫോടോത്മകം നിത്യവും.
– ജി. എന്‍. പിള്ളയുടെ പ്രഭാഷണങ്ങള്‍