അടയാളം-ഒരോര്‍മ്മപ്പെടുത്തല്‍
‘കേരളസാഹിത്യസമിതി അരനൂറ്റാണ്ടുകാലം കേരളത്തിലെ സാംസ്‌കാരിക രംഗത്തുണ്ടാക്കിയ ചലനങ്ങളെ ഒപ്പിയെടുക്കാനുള്ള എളിയ ശ്രമമാണ് ഈ ഗ്രന്ഥത്തില്‍ നടത്തിയിട്ടുള്ളത്’ എന്ന ഗ്രന്ഥകാരന്റെ വാക്കുകളുടെ സമര്‍ത്ഥനമാണ് “അടയാളം”. വരുംതലമുറയ്‌ക്കുവേണ്ടി കേരള സാഹിത്യസമിതിയുടെ ചരിത്രത്തിന്റെ നാള്‍വഴികള്‍ രേഖപ്പെടുത്തി കെ.ജി. രഘുനാഥ് വഹിച്ച പങ്ക് വളരെ വലുതാണ്. “പഴയ രേഖകളുടെ ഉറവിടം അന്വേഷിച്ച് ഒരു കൃതിയാക്കാനും, ആദ്യകാലം മുതല്‍ക്കു നിലവിലുള്ള അംഗങ്ങളെ സന്ദര്‍ശിക്കാനും അദ്ദേഹം പലകുറി യാത്രചെയ്‌തിട്ടുണ്ട്. ഇത് മറ്റംഗങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്ത ദൗത്യമാണ്. പല യാത്രകള്‍ ചെയ്‌തും രേഖകള്‍ പരിശോധിച്ചും പുനഃപരിശോധന നടത്തിയും ഗ്രന്ഥകാരന്‍ പരമാവധി ശ്രമിച്ചു. രഘുനാഥ് ഒരു ഗവേഷകനും ഗ്രന്ഥരചയിതാവുമാണെന്നത് കേരള സാഹിത്യസമിതിയുടെ അരനൂറ്റാണ്ടുകാലത്തെ അടയാള പ്പെടുത്തുന്ന ഈ രചന സാക്ഷ്യപ്പെടുത്തുന്നു” എന്ന് കേരളസാഹിത്യസമിതി പ്രസിഡണ്ട് പി. വത്സല മുഖക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
“1961 സെപ്‌തംബര്‍ 17ന് കോഴിക്കോട് സാമൂതിരി ഹാളില്‍ നടന്ന സമ്മേളനത്തോടെയാണ് കേരളസാഹിത്യസമിതി രൂപം കൊള്ളുന്നത്. സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് സജീവമായി യത്‌നിച്ചത് എന്‍.വി. കൃഷ്‌ണവാരിയരും എസ്. കെ. പൊറ്റെക്കാട്ടും ആയിരുന്നു / പ്രൊഫഃ ജോസഫ് മുണ്ടശ്ശേരി, ജി. ശങ്കരക്കുറുപ്പ്, കുറ്റിപ്പുഴ കൃഷ്‌ണപ്പിള്ള, വയലാര്‍ രാമവര്‍മ്മ, കെ.സി. പീറ്റര്‍, എ.കെ. ബാലകൃഷ്‌ണപ്പിള്ള, എം.എസ്. മേനോന്‍, പവനന്‍, തായാട്ട് ശങ്കരന്‍, എം.എന്‍. വിജയന്‍, എന്‍.എന്‍. കക്കാട്, എ.പി.പി. നമ്പൂതിരി, ചെറുകാട്, കുഞ്ഞുണ്ണിമാഷ്, ടി.വി.കെ., എം.ആര്‍.ചന്ദ്രശേഖരന്‍, ജി.എന്‍. ചേലനാട്ട് തുടങ്ങിയവര്‍ സമ്മേളനത്തിന് എത്തിയിരുന്നു / കേരളസാഹിത്യസമിതിയുടെ ആദ്യ പ്രസിഡണ്ടായി തിരഞ്ഞെടുത്തത് കുറ്റിപ്പുഴ കൃഷ്‌ണപ്പിള്ളയെയായിരുന്നു…” കേരള സാഹിത്യസമിതിയുടെ പിറവിയെക്കുറിച്ച് “അടയാളം” ഇങ്ങനെ രേഖപ്പെടുത്തുന്നു.
കേരളസാഹിത്യസമിതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍, സാഹിത്യക്യാമ്പുകള്‍, വാര്‍ഷികസമ്മേളനങ്ങള്‍, രജതജൂബിലി ആഘോഷപരിപാടികള്‍, സാഹിത്യ സംവാദങ്ങള്‍, അനുസ്‌മരണങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഈ കൃതിയില്‍ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്. സാഹിത്യസമിതിയുടെ അമരക്കാരായിരുന്ന കുറ്റിപ്പുഴ കൃഷ്‌ണപിള്ള, മുണ്ടശ്ശേരി, ജി.ശങ്കരക്കുറുപ്പ്, എസ്.കെ. പൊറ്റെക്കാട്ട്, എന്‍.വി.കൃഷ്‌ണവാരിയര്‍, തായാട്ട് ശങ്കരന്‍, കക്കാട്, തിക്കോടിയന്‍, പ്രൊഫഃ എം.എസ് മേനോന്‍, തെരുവത്ത് രാമന്‍ തുടങ്ങിയവരെക്കുറിച്ചുള്ള ദീപ്‌തമായ ഓര്‍മ്മകള്‍ “അടയാള”ത്തെ സമ്പന്നമാക്കുന്നു. കേരളസാഹിത്യസമിതിയുടെ പ്രസിഡണ്ടായിരിക്കെ ദിവംഗതനായ പ്രൊഫഃ എ.പി.പി. നമ്പൂതിരിയെ അനുസ്‌മരിക്കുവാന്‍ സമിതി പ്രസിദ്ധീകരിച്ച “നീരാജനം” എന്ന ഓര്‍മ്മപുസ്‌തകത്തെക്കുറിച്ചും ഇതില്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. സമിതിയുടെ സെക്രട്ടറിയായിരുന്ന മണ്‍മറഞ്ഞ പ്രൊഫഃ കെ. ഗോപാലകൃഷ്‌ണന്റെ കഠിനയത്‌നം “നീരാജന”ത്തിനു പിന്നിലുണ്ട്.
മലയാളസാഹിത്യരംഗത്ത് നവോത്ഥാനത്തിന് തുടക്കംകുറിച്ച കേരളസാഹിത്യ സമിതിയുടെ ഷൊര്‍ണ്ണൂര്‍, തലശ്ശേരി, തൃശ്ശൂര്‍, അലനല്ലൂര്‍, നിലമ്പൂര്‍, തിരുനെല്ലി, ചാത്തമംഗലം സാഹിത്യക്യാമ്പുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ ഈ സാഹിത്യകൂട്ടായ്‌മയുടെ പ്രവര്‍ത്തനക്ഷമതയെ സാക്ഷ്യപ്പെടുത്തുന്നു. ഇവയ്‌ക്കുപുറമെയാണ് തിരുവണ്ണൂരില്‍ സംഘടിപ്പിച്ച യുവസാഹിത്യകാരന്മാര്‍ക്കുള്ള ക്യാമ്പും തവനൂര്‍, ധര്‍മ്മടം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള വേനല്‍ക്യാമ്പുകളും കോഴിക്കോട് മോഡല്‍ സ്‌കൂളില്‍ വിദ്യാരംഗവുമായി സഹകരിച്ചു നടത്തിയ കുട്ടികളുടെ ക്യാമ്പും. “നാലു നാളത്തെ സാഹിത്യക്യാമ്പ്” എന്ന ശീര്‍ഷകത്തില്‍ സാഹിത്യസമിതിയുടെ ചാത്തമംഗലം ക്യാമ്പിനെക്കുറിച്ചുള്ള കെ.പി. ശങ്കരന്റെ പ്രൗഢമായ അവലേകനം ഈ ഗ്രന്ഥത്തിന് മാറ്റു കൂട്ടുന്നു. പ്രൊഫഃ എം. ആര്‍ ചന്ദ്രശേഖരന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചുവന്ന ‘സാഹിത്യസമിതിമാസിക’യെക്കുറിച്ചും സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈടുറ്റ ഗ്രന്ഥങ്ങളെക്കുറിച്ചും കുറെക്കൂടി വിശദമാക്കാമായിരുന്നു എന്നുതോന്നി. സമിതിയുടെ ക്യാമ്പുകളുടെ ഗ്രൂപ്പ് ഫോട്ടോകള്‍ കഴിയുന്നത്ര വലിപ്പത്തില്‍ കൊടുക്കുവാനും ശ്രദ്ധിക്കാമായിരുന്നു. ഏതാനും ചിത്രങ്ങള്‍കൂടി – അവ ലഭ്യമാക്കുക എളുപ്പമല്ല എന്നറിയാം – ഉണ്ടായിരുന്നെങ്കില്‍ “അടയാളം” കൂടുതല്‍ മിഴിവുറ്റതാകുമായിരുന്നു. കേരളസാഹിത്യസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നവോന്മേഷം പകരാന്‍ കെ.ജി. രഘുനാഥ് തയ്യാറാക്കിയ “അടയാളം” എന്ന ഗ്രന്ഥത്തിന് കഴിയട്ടെ എന്നാംശംസിക്കുന്നു. ഈ ഓര്‍മ്മപ്പെടുത്തല്‍ ഇന്ന് ഏറെ പ്രസക്തമാണ്. പൂര്‍വ്വസൂരികളുടെ സ്‌മരണ ക്രിയാത്മകമായ പുതിയ സംരംഭങ്ങള്‍ക്ക് പ്രചോദനമാകട്ടെ എന്ന് ആഗ്രഹിക്കുന്നു; ഒപ്പം ശ്രമകരമായ ദൗത്യം നിര്‍വ്വഹിച്ച ഗ്രന്ഥകാരനെ അഭിനന്ദിക്കുകയും ചെയ്യുന്നു.
—എ.പി. നളിനന്‍
അടയാളം
ലിപി പബ്ലിക്കേഷന്‍സ്
വില : Rs. 125.00