സമയത്തിന്റെ മൂല്യം
തിരിച്ചെടുക്കാന്‍ പറ്റാത്തതാണ് വാക്കും സമയവും. സമയത്തിന്റെ സമര്‍ത്ഥമായ വിനിയോഗമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനഘടകങ്ങളില്‍ ഒന്ന്. സമയനിഷ്ഠയും സമയക്രമീകരണവും നിര്‍വ്വഹിക്കേണ്ട കാര്യങ്ങളുടെ കൃത്യമായ മുന്‍ഗണനയും പ്രവര്‍ത്തനത്തിലെ അടുക്കും ചിട്ടയും ഒരു വ്യക്തിയുടെ കാര്യക്ഷമത നിര്‍ണ്ണയിക്കുന്നു. സമയം ചോരുന്ന വഴികള്‍ കണ്ടെത്താന്‍ കഴിയണം. എവിടെയാണ് കാലതാമസം വന്നത് എന്ന് കണ്ടുപിടിച്ച് തിരുത്തണം. വ്യക്തമായ ഒരു മാര്‍ഗ്ഗരേഖ വേണം യഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ കാണാന്‍ കഴിയണം. സമയബന്ധിതമായി പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള കഴിവ് നിങ്ങളെ നേതൃനിരയിലെത്തിക്കുന്നു.
സമയോചിതമായ ഇടപെടലുകള്‍ വന്‍ദുരന്തങ്ങളും നഷ്ടങ്ങളും ഒഴിവാക്കുന്നു. കാലവിളംബമാണ് പലപ്പോഴും പരാജയങ്ങള്‍ക്ക് കാരണം. ഇന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നുതന്നെ ചെയ്തുതീര്‍ക്കുക. ഒരിക്കലും നാളേക്ക് മാറ്റിവെക്കാതിരിക്കുക. മല ചുമക്കുന്ന മടിയനായി മാറാതെ നോക്കുക. കാലവിളംബത്തിന് പറയുന്ന ഒഴിവുകഴിവുകള്‍ ഒരു പരിധിവരെ നാം ആലോചിച്ചുണ്ടാക്കുന്നവയാണ്. മുടന്തന്‍ ന്യായങ്ങളാണ്. ആലസ്യത്തിന്റെ തണലില്‍ സ്വയം നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. അകാരണമായ ഭീതിയില്‍ നിന്ന് മുക്തി നേടുക. സ്വന്തം കഴിവിലുള്ള വിശ്വാസം വളര്‍ത്തുക. യഥാര്‍ത്ഥ ആവശ്യവും നിങ്ങളുടെ ആവേശവും തിരിച്ചറിഞ്ഞ്, വ്യക്തമായ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുക-ഇതാണ് കരണീയം.
വ്യക്തിജീവിതത്തിലും പ്രവര്ത്തിമണ്ഡലത്തിലും സമയമില്ലായ്മ എന്നതാണ് പലരുടേയും പ്രശ്നം ‘ഒന്നിനും നേരമില്ല’ എന്നതാണ് പതിവു പരാതി. വ്യക്തമായ ആശയവിനിമയവും മറ്റുള്ളവരുമായുള്ള യുക്തിസഹമായ ഇടപെടലും ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ അവസരോചിതമായ ഉപയോഗവും വഴി ഒരുപാട് സമയം ലാഭിക്കുവാന്‍ കഴിയും. അനാവശ്യമായ പിടലപ്പിണക്കങ്ങളും തര്‍ക്കങ്ങളും നിങ്ങളുടെ സമയത്തിന്റെ നല്ലൊരു പങ്ക് അപഹരിക്കുന്നു. ഇതുപോലെ തന്നെയാണ് അതിരുകടന്ന വിനോദതാല്പര്യങ്ങളും. വെറുതെ സൊറ പറയാനെത്തുന്ന സുഹൃത്തുക്കളെ പരിധിവിട്ട് പ്രാത്സാഹിപ്പിക്കരുത്. അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കുക. വ്യക്തിനിഷ്ഠമായ സമയവും സാമൂഹ്യമായ സമയവും തമ്മില്‍ സമതുലനമുണ്ടാവണം. ടി.വി., ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ എന്നിവയുടെ ഉപയോഗം ആവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തണം.
ജീവിതശൈലിയുടെ ക്രമീകരണമാണ് സമയം ലാഭിക്കുവാനുള്ള ഒരു മാര്‍ഗ്ഗം. കുളിക്കാനും ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ആവശ്യത്തിലുമേറെ സമയമെടുക്കുന്നവരെ നമുക്ക് ചുറ്റും ധാരാളം കാണാന്‍ കഴിയും. ‘ഒരുങ്ങിപ്പുറപ്പെടാനുള്ള താമസം’ എന്ന് നാം കളിയാക്കാറുമുണ്ട്. എല്ലാം വേണ്ടതുതന്നെ. എന്നാല്‍ അല്പംകൂടി ഒന്ന് ധൃതിവെക്കുന്നത് നല്ലതാണ്. എങ്കിലും ഏറെ ധൃതി കാലതാമസത്തിന് കാരണമായേക്കാം. നമ്മുടെ സമയം കവര്‍ന്നെടുക്കുന്ന ഒന്നാണ് ഉറക്കം. പകലുറക്കം പ്രത്യേകിച്ചും. മനോരാജ്യത്തില്‍ മുങ്ങി സമയം കളയുന്നവരുമുണ്ട് ആസൂത്രിതമല്ലാത്ത യാത്രകളും നമ്മുടെ സമയം ഒരുപാട് നഷ്ടപ്പെടുത്തുന്നു.
സമയത്തെ മെരുക്കുക എന്നത് ഒരു കലയാണ്. കാലപ്രവാഹത്തെ ചതുരക്കള്ളികളില്‍ തളയ്ക്കുക എന്നത് ഒരു വെല്ലുവിളിയാണ്. അമൂര്‍ത്തമായ ഒരു പ്രതിഭാസത്തെ നിയതമായ വ്യവഹാരങ്ങളുമായി ബന്ധിപ്പിക്കുവാന്‍ പ്രത്യേക ചാതുരി തന്നെ ആവശ്യമാണ്. ‘ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കാത്ത’ സമയത്തെ ചൊല്‍പ്പടിയിലാക്കുക എന്നത് ശ്രമകരമാണെങ്കിലും കുറെയൊക്കെ സാധ്യമാണ്. ശരിയായ ദിശാബോധവും ആത്മനിയന്ത്രണവും അച്ചടക്കവും സമയത്തിന്റെ ഒരു നല്ല സാരഥിയായിത്തീരാന് നിങ്ങളെ സജ്ജമാക്കുന്നു.
-മെന്റര്‍