വാക്കിന്റെ കരകള്‍

p.m.narayabanശബ്ദാര്‍ത്ഥഭാവതലങ്ങള്‍ക്കുമപ്പുറം വാക്കിന്റെ കരകള്‍ തേടിയാണ്‌ കവി പി.എം നാരായണന്റെ യാത്ര. മൗനമാണ്‌ വാക്കിന്‌ അതിരിടുന്നത്‌. ‘മൗനത്തിന്റെ ആകാശത്തില്‍ വാക്കിന്റെ ഇടിമുഴങ്ങുന്നു’. ക്രിയാത്മകമായ സംഘര്‍ഷത്തില്‍ നിന്നാണ്‌ വൈഖരി ഉണരുന്നത്‌. മൗനത്തിന്റെ മേളപ്പെരുക്കങ്ങള്‍ നാദത്തിന്‌ നിറഭേദമൊരുക്കുന്നു.

വാക്കിന്റെ
അക്കരെയും ഇക്കരെയും
മൗനമാണ്‌.
അക്കരെ മൃഗങ്ങള്‍ വിഹരിയ്‌ക്കുന്നു
ഇക്കരെ മുനികള്‍ വിഹരിക്കുന്നു
എന്നാണ്‌ പി.എം നാരായണന്‍ രേഖപ്പെടുത്തുന്നത്‌ (വാക്കിന്റെ കരകള്‍). വാക്ക്‌ വസ്‌തുവിന്റെ ബിംബം മാത്രമാകുന്നുവെന്ന്‌ ‘പ്രളയം‘ എന്ന കവിതയില്‍ കവി കുറിച്ചിടുന്നു.

ഒരിക്കല്‍
വാക്കെല്ലാം കൊഴിഞ്ഞുപോകും
അന്ന്‌
കരകളെല്ലാം കയ്യേറി
അടിത്തട്ടില്ലാതെ
മുകള്‍ത്തട്ടില്ലാതെ
എങ്ങുമെങ്ങും
കടല്‍…കടല്‍…കടല്‍
എന്ന പരിദേവനവും ആ കവിതയിലുണ്ട്‌.

ഒരേസമയം ഓര്‍മ്മയും ഓര്‍മ്മപ്പെടുത്തലുമായ ചരിത്രത്തെ സാക്ഷ്യപ്പെടുത്തുന്ന കവി, ഓരോ കവിതയും ഒരു മരണവും ഒപ്പം ഉയിര്‍ത്തെഴുന്നേല്‍പ്പുമാണെന്ന്‌ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. “എന്നില്‍നിന്നുത്ഭവിച്ചെന്നിലൂടൊഴുകിയെന്നില്‍ ലയിച്ചുനിറയുന്നതാണ്‌ പ്രപഞ്ച”മെന്നും “അവസാനം ഒരുനാള്‍ നമ്മുടെ കാലവും നമ്മുടെ ലോകവും നിലയ്‌ക്കുമെന്നും, അന്ന്‌ നാം പറഞ്ഞ കഥകള്‍ സ്വയം പറഞ്ഞുകൊണ്ടേയിരിക്കുമെ“ന്നുമുള്ള ദാര്‍ശനികപാഠങ്ങളുമുണ്ട്‌.

നിന്റെ ഇല്ലായ്‌മ
എന്നില്‍വന്നു വീഴുമ്പോള്‍
ഞാന്‍ ഉണ്ടാകുന്നു (ഉണ്മ)

ഞാന്‍ ഒരേസമയം
ഒറ്റയും ഇരട്ടയുമാകുന്നു (ഭിന്നസംഖ്യ)

എന്നീ വരികളില്‍ അസ്‌തിത്വത്തിന്റെ നവനിര്‍വ്വചനം കാണാം തന്നില്‍തന്നെ വിതച്ച വിത്ത്‌ മുളച്ചുപൊന്തി, ഓരിലയീരില നീര്‍ത്തി, തടി നിവര്‍ത്തി, ഇലകളും പൂക്കളും കായ്‌ക്കളുമായി തങ്ങളുടെ ലോകം തേടി നക്ഷത്രങ്ങളിലേക്ക്‌ പറന്നുപോകുന്നതോടെ ഒറ്റയായ കവി തന്നിലേയ്‌ക്കുതന്നെ മടങ്ങിപ്പോരുന്നു (വൃക്ഷം).

അറ്റുപോയ തലപോലെ
ഓര്‍മ്മ
അരികെക്കിടന്നു പിടയുന്നു.
പതുക്കെപതുക്കെ
പിടച്ചില്‍ നില്‍ക്കുന്നു.
ഇപ്പോള്‍ എല്ലാം നിശ്ചലം, ശാന്തം.
ശൂന്യത എന്നില്‍ നിറഞ്ഞുതുളുമ്പുന്നു.
എല്ലാ ഗുരുത്വാകര്‍ഷണങ്ങളില്‍നിന്നും
വിമുക്തനായി
ഞാന്‍
അപാരതയിലേയ്‌ക്കു പറന്നുയരുന്നു. (മറവി)

ഇതൊരനന്തയാനത്തിന്റെ ചിത്രണമാണ്‌. ത്രികാലങ്ങള്‍ക്കുമപ്പുറം തുരീയത്തിലേയ്‌ക്കാണ്‌ ഉഡ്ഡയനം. അഹമലിഞ്ഞ്‌ അപാരതയിലേയ്‌ക്കുള്ള ഉദ്‌ഗമനം.

ഇലയനങ്ങാമരങ്ങള്‍ അവയുടെ
യിടയിലൂടെ വിളര്‍ത്തൊരാകാശവും
അകലെ മഞ്ഞില്‍പ്പുകയും മലയുടെ
നെറുകിലേകാകിയാമൊരു താരവും

എന്നു തുടങ്ങുന്ന ‘സത്രത്തില്‍ ഒരു സന്ധ്യ‘ എന്ന മനോഹരമായ കവിതയില്‍ “അരികില്‍ മെല്ലെയൊഴുകും പുഴയില്‍ നിന്നിടറിയെത്തിയ വിഷാദസംഗീതവും, മറുകരയിലെപ്പാളത്തിലൂടവേയകലുമാ ദൂരവണ്ടിതന്‍ താളവും” അലയടിക്കവെ, കവി അത്ഭുതം കൂറുന്നു.

vakkinte-karakalഎന്തിനെങ്ങനെ ഏതുമറിയാതെ-
യെന്‍മനസ്സു നിറഞ്ഞൊഴുകുന്നിതാ…

നിറവാണ്‌ നാരായണന്റെ കവിതയുടെ മുഖമുദ്ര. കടഞ്ഞെടുത്ത കല്‍പ്പനകള്‍. അപൂര്‍വ്വമായ സൂക്ഷ്‌മഭാവങ്ങള്‍. ആകര്‍കമായ പദാവലി. ‘വാക്കിന്റെ കരകള്‍’ എന്ന കാവ്യസമ്പുടത്തിലെ പതിനേഴ്‌ സ്വതന്ത്രകവിതകളും ഏഴ്‌ പരിഭാഷാകവിതകളും മുപ്പത്‌ കുറുംകവിതകളും കവിയുടെ ശക്തിയും ചാതുര്യവും വ്യക്തമാക്കുന്നു.

ശിലീഭൂതസ്വപ്‌നമായി കാലത്തിന്നറ്റത്തോളം പരക്കുന്ന നിമിഷത്തില്‍ ശയിക്കുന്ന അഹല്യയുടെ സ്ത്രൈണമായ ഉദ്വേഗങ്ങളെ സമര്‍ത്ഥമായി കവി വരച്ചുകാട്ടുന്നു (അഹല്യ) സരസ്വതീയാമത്തില്‍ പാവനി സൗപര്‍ണ്ണികയില്‍ മുങ്ങിനിവര്‍ന്ന്‌ ജന്മമാലിന്യങ്ങള്‍ വാര്‍ന്നുപോയി ശുദ്ധി നേടുന്ന ധന്യതയാണ്‌ ‘സൗപര്‍ണ്ണിക’ എന്ന കവിതയില്‍ വിവരിക്കപ്പെട്ടിരിക്കുന്നത്‌. ‘മായാമയം’, ‘അക്കരെയിക്കരെ’, ‘അല്‍ഷീമേഴ്‌സ്‌’, ‘കാളനും കാളയും’ എന്നീ കവിതകള്‍ വര്‍ത്തമാനകാലത്തിലെ കവിയുടെ ഇടപെടലുകളാണ്‌.

‘ഇരുട്ടിന്റെ ചിരിയാണ്‌ വെളിച്ച’മെന്നും ഒരുപടികൂടി കടന്ന്‌ ‘ആദിയിരുട്ടുതാനന്ത്യവെളിച്ചവും’ എന്നും നിരീക്ഷണങ്ങളുണ്ട്‌ ഈ കാവ്യസമാഹാരത്തില്‍. “കാറ്റുപോല്‍ കാറുപോല്‍ സ്വയം ചരിയ്‌ക്കുക” എന്നാണ്‌ ഉദ്‌ബോധനം. കവി ജീവാവസാനംവരെയും കവിത ചിലപ്പോള്‍ ലോകാവസാനംവരെയും ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ടെന്ന തിരിച്ചറിവുമുണ്ട്‌.

“ആത്മീയസംസ്‌കൃതിയുടെ, കുറേക്കൂടി കൃത്യതയോടെ പറഞ്ഞാല്‍ പൗരസ്‌ത്യമായ ഒരാത്മീയ സൗന്ദര്യദര്‍ശനത്തിന്റെ ഉപസ്‌തരണമായി ഈ കവിതകള്‍ വളരുന്നതായി എനിക്കനുഭവപ്പെടുന്നു. വാക്കിന്റെ കരകളിലേക്ക്‌ നവ്യാര്‍ത്ഥങ്ങളുടെ വെളിച്ചം വിതറിവരുന്ന കവിതയുടെ ഈ അന്തര്‍വാഹിനി നിതാന്തജാഗരമായ കര്‍മ്മദക്ഷതയുടെ സാക്ഷ്യമാണെന്ന്‌ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഈ കവിതകളില്‍നിന്ന്‌ ഉദ്‌ഗമിക്കുന്ന അപൂര്‍വ്വമായ പ്രതിഭാനമാണ്‌ ഈ വിശ്വാസത്തെ ബലപ്പെടുത്തുന്നത്‌” – അവതാരികാകാരനായ ശ്രീശൈലം ഉണ്ണികൃഷ്‌ണന്‍ കവികര്‍മ്മത്തിന്റെ മര്‍മ്മം ഇങ്ങിനെ തൊട്ടറിയുന്നു.

ഈ സമാഹാരത്തിലെ ഏഴ്‌ പരിഭാഷാകവിതകളും സ്വതന്ത്ര പുനരാവിഷ്‌കാരങ്ങളാണ്‌. സ്‌നേഹത്തിന്റെ മാധുരി പകര്‍ന്ന ‘മുത്തശ്ശിയുടെ വീട്‌’ (കമലാദാസ്‌) ഒരു വിനീതപുഷ്‌പത്തിന്റെ അര്‍ത്ഥനമായ ‘ഒരു ഗീതകം’ (ടാഗോര്‍) ബന്ധങ്ങളുടെ ശൈഥില്യം തുറന്നുകാട്ടുന്ന ‘ഒരു ഗസല്‍’ (ശ്രീകാന്ത്‌ സദഫ്‌) മരണശയ്യയ്‌ക്കരികില്‍ വരാതിരിക്കണമെന്ന്‌ സുഹൃത്തിനോട്‌ ആവശ്യപ്പെടുന്ന ‘അയിത്തംഒരഭ്യര്‍ത്ഥന’ (ജയന്തമഹാപത്ര) ആദ്യം മലര്‍ക്കെ തുറന്നിട്ട വാതിലിലൂടെ കടന്നുവന്ന പേടിയെക്കുറിച്ചുള്ള ‘പേടിയുടെ പട്ടിക’ (അംബികാദത്ത്‌) ജന്മാന്തരങ്ങളില്‍നിന്ന്‌ ഒഴുകിയെത്തുന്ന കൃഷ്‌ണപ്രമത്തെക്കുറിച്ചുള്ള ‘കൃഷ്‌ണകവിതകള്‍’ (മീരാഭായ്‌) ശവശരീരത്തെക്കുറിച്ച്‌ ഏറെ ചോദ്യങ്ങളുന്നയിക്കുന്ന ‘മരണം’ (ഹരോള്‍ഡ്‌ പിന്റര്‍) എന്നീ ഏഴ്‌ പരിഭാഷാകവിതകളും വൈവിധ്യമാര്‍ന്ന കാവ്യാനുഭവങ്ങള്‍ കാഴ്‌ചവെയ്‌ക്കുന്നു. ആര്‍ട്ടിസ്റ്റ്‌ കവിയുടെ രേഖാചിത്രം പുറംചട്ടയ്‌ക്ക്‌ മിഴിവേകുന്നു.

‘വാക്കിന്റെ കരകള്‍’ പി.എം നാരായണന്‍ എന്ന വരകവിയെ വരിഷ്‌ഠകവിയായി ഉയര്‍ത്തിയിരിക്കുന്നു. മഹാകവി അക്കിത്തത്തിന്‌ എണ്‍പതാം പിറന്നാളില്‍ സമര്‍പ്പിച്ച ‘മാര്‍ക്കണ്‌ഡേയന്‍’ എന്ന കവിതയില്‍ കവി ആശിര്‍വ്വദിച്ചതുപോലെ, തിരിച്ചും-

എന്നും നിനക്കുപതിനാ-
റാകുന്നു, നിന്റെ കണ്ണുനീര്‍
നിന്റെ പുഞ്ചിരിയും സൂര്യ-
രശ്‌മിപോല്‍, വെണ്ണിലാവുപോല്‍
എന്നുമെന്നും തിളക്കട്ടേ
മനുഷ്യഹൃദയങ്ങളെ.
നിന്നിലൂടവ പൂകട്ടേ
സത്യസൗന്ദര്യമന്ദിരം.

-എപി നളിനന്‍

വാക്കിന്റെ കരകള്‍
പി.എം നാരായണന്‍
കേരള ബുക്ക്‌ട്രസ്റ്റ്‌
വില Rs 55.00

Share Button