ധന്യസായാഹ്നം
ജി.എന്‍.പിള്ളയെ, അദ്ദേഹം ശിവപുരിയില്‍ പാറുക്കുട്ടിഅമ്മയോടൊപ്പം താമസിക്കുന്ന കാലത്ത് ശ്രീ പി.എം.നാരായണന്റെ കൂടെ കാണുന്നതിനുള്ള ഒരു സന്തോഷം എനിക്കു ലഭിച്ചു. വളരെ സൗമ്യനും ക്രാന്തദര്‍ശിയുമായാണ് അദ്ദേഹം എന്നില്‍ അവശേഷിക്കുന്നത്. അന്ന് ഞാനവിടെ കാണാനിടയായ പാറുക്കുട്ടിഅമ്മയുടെ പെയിന്റിംഗുകളും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. ചിത്രങ്ങള്‍ ഇപ്പോഴും കോട്ടംകൂടാതെ ഇരിക്കുന്നുവോ എന്തോ! സംരക്ഷിക്കപ്പെടേണ്ടതുതന്നെ ഈ ചിത്രങ്ങളെന്ന് പലപ്പോഴും ഞാനോര്‍മ്മിക്കാറുണ്ട്.
നീണ്ട ചരിത്രമുള്ള ഒരു സമൂഹത്തിന്, അതിന്റെ ആദ്യകാലതീരുമാനങ്ങളുടെ അപര്യാപ്‌തതകള്‍ പില്‍ക്കാലങ്ങളില്‍ കൂടുതല്‍ വിശദമായിവരിക സ്വാഭാവികമാണ്. വര്‍ദ്ധിച്ചുവരുന്ന, സൂക്ഷിച്ചുവെയ്‌ക്കാവുന്ന വസ്‌തുക്കളും സ്‌മാരകങ്ങളുംകൊണ്ട് നിത്യജീവിതം വിഷമിപ്പിക്കുവാനും പറ്റില്ല. അങ്ങിനെവരുമ്പോള്‍, കാലഘട്ടത്തിന്റെ അഭിരുചികളില്‍ ഉയര്‍ന്നുനില്‍ക്കുന്ന അപൂര്‍വ്വം ചിലവയൊഴിച്ച് മറ്റു അമൂല്യമായ പലതും നഷ്‌ടപ്പെടുക സ്വാഭാവികംമാത്രം. എങ്കിലും മെച്ചപ്പെട്ട പരിഹാരം ആവശ്യപ്പെടുന്ന ഒരു മേഖലമായിതന്നെ, കലാസാസംകാരിക മേഖലകളിലെ പല സൃഷ്‌ടികളും അവയുടെ സംരക്ഷണസാദ്ധ്യതയും തുടരുകയും ചെയ്യുന്നു.
ജി.എന്‍.പിള്ളയെ കുറിച്ച് വളരെ കുറച്ചേ എനിക്ക് നേരിട്ടും അല്ലാതെയും അറിയൂ. അദ്ദേഹംതന്നെ സ്ഥാപിച്ച ‘പ്രതിഭാ കലാകേന്ദ്ര’ത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്‌മരണവും പുസ്‌തകപ്രകാശനവും അളകാപുരിയില്‍ ഈ ഏപ്രില്‍ 23ന് വൈകുന്നേരം നാലരയ്‌ക്ക് ഉണ്ടെന്നറിഞ്ഞപ്പോള്‍ പോകണമെന്നു കരുതി. അദ്ദേഹത്തിന്റെ വചനങ്ങള്‍ ‘ശാന്തിപഥം’ എന്ന പേരില്‍ ഡോ.യു.വി. കുമാരന്‍ പുസ്‌തകമാക്കിയിട്ടുള്ളതാണ് പ്രകാശിപ്പിക്കപ്പെടുന്നത്. പുസ്‌തകത്തിന്റെ പ്രതി ഡോ. ആര്‍സുവിന് ഡോ. എം.എന്‍. കാരശ്ശേരി നല്‍കിക്കൊണ്ടാണ് ചടങ്ങ്. കവി പി.എം. നാരായണന്‍ അദ്ധ്യക്ഷനും ഡോ.എം.ജി.എസ്. നാരായണന്‍ ഉദ്‌ഘാടകനുമായിരുന്നു. ഏഴു കൊല്ലത്തോളം പിള്ളസാര്‍ പ്രഭാഷണങ്ങളില്‍ വ്യക്തമാക്കിയതാണ് ഗ്രന്ഥത്തിലെ ഉള്ളടക്കം.
മനോഹരമായ ഈ സന്ധ്യ അവസാനിച്ചത് 7.45ഓടെയാണ്. പിള്ളസാര്‍ അന്തരിച്ച് 21 വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പ്രസക്തി കൂടിവരികയാണെതിന് സാക്ഷ്യം വഹിച്ച് നിറഞ്ഞുനിന്നു, അളകാപുരി ഓഡിറ്റോറിയം. സ്‌ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. പ്രസിദ്ധ കവിയും പിള്ളസാറിന്റെ ശിഷ്യനുമായിരുന്ന മധു ആലപ്പുഴ, പിള്ളസാറിന്റെ ‘കുറിഞ്ഞി’ എന്ന മനോഹരമായ കവിത ആലപിച്ചത് മധുരമായ ഒരനുഭവമായി. ജീവിതത്തിന്റെ സന്ത്രാസങ്ങളെയും വികാരങ്ങളുടെ കുത്തൊഴുക്കുകളേയും ആവാഹിച്ചതായിരുന്നു മധുസാറിന്റെ ശബ്‌ദം. ഈ ശബ്‌ദത്തില്‍ അടിയൊഴുക്കുകളായി എത്രയെത്ര കുറിഞ്ഞിപ്പൂച്ചകളുടെ ശബ്‌ദങ്ങള്‍ എന്ന്, കേട്ടിരിക്കേ ഞാന്‍ വിചാരിച്ചുപോയി.
ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ച പി.എം നാരായണനെ വാക്കുകള്‍ എന്നും ആകര്‍ഷിച്ചുപോന്നിട്ടുണ്ട്. ‘തടാകം’ എന്ന സ്വന്തം കവിതയില്‍ ‘രണ്ടു വാക്കുകള്‍പോലെ രണ്ടുപേര്‍’ എന്നുവരെ ഉപമിക്കുന്നുമുണ്ട്. പിള്ളസാറിന്റെ രണ്ടുമുഖങ്ങളെക്കുറിച്ച് തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം സ്‌പര്‍ശിക്കുകയുണ്ടായി. ചില ആഴ്‌ചകളില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ ഇരുവര്‍ക്കും പ്രിയങ്കരമായ കവിതാമേഖലകളിലേക്ക് സംഭാഷണം ഒഴുകിനീങ്ങും. മറ്റു ചില ആഴ്‌ചകളില്‍ ലക്ഷ്‌മണ്‍ഝൂലയിലെ ഗംഗപോലെ പിള്ളസാര്‍ നിശ്ശബ്‌ദനായി മണിക്കൂറുകളോളം ഇരിക്കും. തന്റെ അനുഭവം അദ്ദേഹം സ്‌മരിച്ചപ്പോള്‍ രണ്ടു രീതിയിലും പിള്ളസാറുമായി ചിലവഴിച്ച മണിക്കൂറുകള്‍ക്ക് സാന്ദ്രതയും പ്രയോജനവും അവിശ്വസനീയമായ പൂര്‍ണ്ണതയും ഉണ്ടായിരുന്നു എന്ന അത്ഭുതകരമായ തിരിച്ചറിവാണ് ശ്രോതാക്കള്‍ക്ക് ലഭിച്ചത്. ഋഷിതുല്യര്‍ക്ക് വാക്കുകള്‍ക്കിടയിലെ മൗനങ്ങളും ഉപയോഗപ്പെടുത്തുക പ്രയാസമില്ലാത്ത കാര്യമാണല്ലോ.
ജീവിതത്തെ ആനന്ദമായി കാണുകയും അശാന്തമായ മനസ്സുകളില്‍ ശാന്തി പകരുകയും ചെയ്‌ത ആചാര്യനായിരുന്നു ജി.എന്‍.പിള്ളയെന്ന് ചടങ്ങ് ഉദ്‌ഘാടനം ചെയ്‌ത ഡോ. എം.ജി.എസ്. നാരായണന്‍ അഭിപ്രായപ്പെട്ടു. കാരശ്ശേരി മാസ്റ്റര്‍, സ്വാര്‍ത്ഥതയില്ലാത്ത, രാഷ്‌ട്രീയപ്രസക്തിയുള്ള കവിയും സരസനുമായ ഒരു പത്രപ്രവര്‍ത്തകനെയാണ് പിള്ളസാറില്‍ ദര്‍ശിച്ചത്. ഭക്തിയിലല്ല സ്‌നേഹത്തിലൂന്നിയാണ് തന്റെ സമീപനമെന്ന് കാരശ്ശേരി പറഞ്ഞു. തന്റെ സാഹിത്യശ്രമങ്ങളില്‍ മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചുവന്ന കാലംമുതല്‍ പിള്ളസാറില്‍നിന്ന് ലഭിച്ചുപോന്ന പ്രാത്സാഹനങ്ങളും അദ്ദേഹം സ്‌മരിക്കുകയുണ്ടായി. മതേതരത്വത്തിന്റെ ആദ്യ ദര്‍ശനം ബുദ്ധഭഗവാനിലാണ് കാണുന്നതെന്ന പിള്ളസാറിന്റെ പ്രസ്‌താവനയും അദ്ദേഹം തൊട്ടുണര്‍ത്തി. ഹിന്ദി ഭാഷയിലും സാഹിത്യത്തിലും പിള്ളസാറിനുണ്ടായിരുന്ന അഗാധമായ അവഗാഹത്തെക്കുറിച്ചാണ് ഡോ ആര്‍സു ഓര്‍മ്മിച്ചെടുത്തത്. ശ്രേഷ്ഠഭാഷയ്ക്ക് ആദ്യമായി ജ്ഞാനപീഠം ലഭിയ്ക്കാന്‍ ശങ്കരക്കുറുപ്പിന്റെ പ്രതിഭ ഹിന്ദിയിലൂടെ തെളിഞ്ഞത് പിള്ളസാറിന്റെ കവിതയിലും ആത്മീയതയിലും ഹിന്ദിയിലും ഉള്ള പ്രാവീണ്യം കൊണ്ടുകൂടിയാണെന്ന് അദ്ഭുതപൂര്‍വം അറിയാനുമിടയായി.
അന്യായത്തിനും അസന്തുഷ്‌ടികള്‍ക്കുമെതിരെ നിരന്തരം പ്രതികരിച്ചും പ്രവര്‍ത്തിച്ചും പോരുകയും, സജീവരാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ആന്തരിക അന്വേഷണത്തിലൂടെ കണ്ടെത്തിയ ശാന്തിയും സമാധാനവും സാധാരണക്കാരുമായി പങ്കിടുകയും ചെയ്‌ത അപൂര്‍വ്വ വ്യക്തിത്വമായിരുന്നു ജി.എന്‍.പിള്ള എന്ന് ചടങ്ങില്‍ സംബന്ധിച്ചവര്‍ വ്യക്തമാക്കി. അതൃപ്‌തിയുടെ താപനത്തില്‍നിന്ന് സുബുദ്ധിയുടെ സമൃദ്ധിയിലേക്ക് ശിഷ്യരെ എടുത്തുയര്‍ത്തുവാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയും അതിന്നായി സംഗീതം, ചിത്രകല, കവിത, തര്‍ജ്ജമ തുടങ്ങി ഹോമങ്ങള്‍വരെ നീണ്ടുകിടന്ന പരിശ്രമമേഖലകളും ശിഷ്യരുടെ വാക്കുകളില്‍കൂടി പുനഃസൃഷ്‌ടിക്കപ്പെടുകയായിരുന്നു.
യു.വി കുമാരന്റെ പ്രസംഗത്തില്‍ ആകര്‍ഷകമായ നിരവധി ഘടകങ്ങളുണ്ടായിരുന്നു. ഗോത്രവത്‌ക്കരണത്തിനുപകരം വിശാലതയിലേക്കുള്ള, വിലയനത്തിലേക്കുള്ള കുതിപ്പിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നാണ് ജി.എന്‍.പിള്ളയുടെ വചനങ്ങളെ ആസ്‌പദിച്ച് അദ്ദേഹം വിവക്ഷിച്ചത്. വേദങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അകന്നിരുന്ന് ഇന്നും ഊഷ്‌മളത ഉണര്‍ത്തുന്നു എന്നത് ആശ്ചര്യംതന്നെയാണ്. ബഹുമുഖപ്രതിഭയായ ജി.എന്‍.പിള്ളയുടെ വൈവിധ്യമാര്‍ന്ന വ്യക്തിതലങ്ങള്‍ സ്വാഗതപ്രസംഗകനായ എന്‍. സുധാകരന്‍ പരിചയപ്പെടുത്തി. യു.വി കുമാരന്റെ തപസ്യയെ ഏവരും ശ്‌ളാഘിക്കുകയും മറഞ്ഞുപോയ തേജഃപുഞ്‌ജത്തിന്റെ ശതശോഭയെ നിലനിര്‍ത്താന്‍ ശിഷ്യന്റെ ഈ പരിശ്രമം ഏറെ സഹായിക്കുമെന്ന് സന്തോഷിക്കുകയുമുണ്ടായി.
മറ തീര്‍ക്കുന്നതാണ് മറവിയെങ്കിലും കറകളഞ്ഞ ഹൃദയങ്ങള്‍ അവയുടെ പ്രസ്‌ഫുരതയില്‍തന്നെ ഏറെക്കാലം സുഗന്ധം പൊഴിക്കുമെന്ന്, പിള്ളസാറിന്റെ ഗ്രന്ഥത്തിലൂടെ ഓടിച്ചുനോക്കിയപ്പോഴും ഈ പ്രസാധനചടങ്ങില്‍ പങ്കെടുത്തപ്പോഴും, ഒരിക്കല്‍ക്കൂടി ഓര്‍ത്തുപോയി.
-എം.കെ.മൂസത്