ശാന്തിപഥം – സവിശേഷമായ സാധനാപാഠം

santhipatham1

“മോക്ഷസാമഗ്രികളുടെ കൂട്ടത്തില്‍ ഭക്തിതന്നെയാണ്‌ ഏറ്റവും വലുത്.‌ തന്റെ സ്വരൂപം എന്താണെന്നുള്ള അന്വേഷണമാണ്‌ ഭക്തി എന്നു പറയുന്നത്‌. ആത്മസ്വരൂപന്വേഷണമാണ്‌ ഭക്തി. ഭക്തി ഭജനസംഘമല്ല. ഇപ്പോഴത്തെ ഭക്തി മാസ്സ്‌ ഹിസ്റ്റീരിയ ആണ്‌. ഭജന നമ്മുടെ ഭാവസമര്‍പ്പണമാണ്‌. ജ്ഞാനത്തിന്‌ പല മാര്‍ഗ്ഗങ്ങളുണ്ട്‌. ഭക്തിയില്ലെങ്കില്‍ ജ്‌ഞാനം ശോഭിക്കുകയില്ല. ഭക്തി വരുന്തോറും പാപം മാറും. അനാദിചൈതന്യത്തേയും അപ്രമേയതയേയും പറ്റിയുള്ള ചിന്തയില്‍നിന്നുള്ള മനസ്സിന്റെ വിടര്‍ച്ചയാണ് ഭക്തി.”

ആത്മീയാചാര്യനും ദാര്‍ശനികനുമായിരുന്ന ജി.എന്‍ പിള്ളയുടെ വചനങ്ങളുടെ ബ്രഹദ്‌സമാഹാരമായ ‘ശാന്തിപഥ’ത്തിലെ ഈ വരികള്‍ ഭക്തിയുടെ ശക്തിയും ചൈതന്യവും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഭാവശുദ്ധിയാണ്‌ ഭക്തിയെന്നും ഭക്തി കിട്ടാതെ വിമുക്തി കിട്ടില്ലെന്നും ഭാവാവേശത്തിന്‌ ശക്തികൂടി കിട്ടിക്കഴിഞ്ഞാല്‍ ആത്മാവ്‌ മഹത്തത്ത്വത്തിലേക്ക്‌ കുതിക്കുകയും മനസ്സ്‌ ചിന്മയമായിത്തീരുകയും ചെയ്യുമെന്നും ‘ശാന്തിപഥം’ സാക്ഷ്യപ്പെടുത്തുന്നു.

G. N Pillai
G N Pillai

“സമഗ്രജീവിതസ്‌പര്‍ശിയായ കര്‍മ്മജ്ഞാനയോഗദര്‍ശനങ്ങളുടെ സവിശേഷമായ സാധനാപാഠം” എന്ന മുഖക്കുറിപ്പ്‌ അന്വര്‍ത്ഥമാക്കുന്നതാണ്‌. ‘ശാന്തിപഥ’ത്തിലെ ഓരോ വിവരണവും പ്രപഞ്ചസൃഷ്‌ടി, പ്രകൃതിപുരുഷന്‍, ആത്മാവ്‌, മനസ്സ്‌, പഞ്ചേന്ദ്രിയങ്ങള്‍- പഞ്ചഭൂതങ്ങള്‍, ഇച്ഛ, ബുദ്ധി, ചിന്ത, പ്രത്യഭിജ്ഞാനം, വിമര്‍ശബുദ്ധി, യോഗദര്‍ശനം, യോഗപദ്ധതി, കര്‍മ്മസന്ന്യാസം, ധ്യാനം, സമാധി ഇങ്ങിനെ ഗഹനങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള പരിചിന്തനങ്ങളാണ്‌ ഈ വിശിഷ്‌ടഗ്രന്ഥത്തിലുള്ളത്‌. മീമാംസ, ഭാഷ, മനശ്ശാസ്‌ത്രം, മന്ത്രവാദം, രോഗചികിത്സ, തന്ത്രം എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന മേഖലകളും വിശദമായ വിശകലനങ്ങള്‍ക്കു വിധേയമാവുന്നുണ്ട്‌. കാമം, കര്‍മ്മം, ധര്‍മ്മം, സത്യം, സംസ്‌ക്കാരം, വ്യക്തി, സമൂഹം, കാലം, മരണം ഇങ്ങനെ ഏറെ ശീര്‍ഷകങ്ങള്‍ക്കു കീഴില്‍ ആഴത്തിലുള്ള അപഗ്രഥനങ്ങളും നിര്‍വ്വചനങ്ങളും ഈ ഗ്രന്ഥത്തെ സമ്പന്നമാക്കുന്നു. ആയിരത്തോളം താളുകളില്‍ നിറഞ്ഞുനില്‍ക്കുന്ന, ആത്മാന്വേഷകനെ സത്യദര്‍ശനത്തിലേക്ക്‌ നയിക്കാനുതകുന്ന സൂക്ഷ്‌മചിന്തകളുടെ ഈ സംപുടം അഭൂതപൂര്‍വ്വമായ വായനാനുഭവാണ്‌ സമ്മാനിക്കുന്നത്‌.

‘അരയാല്‍പൂജ’ എന്ന നിബന്ധം ജി.എന്‍.പിള്ള എന്ന മഹാചിന്തകന്റെ തനിമ വ്യക്തമാക്കുന്ന ഒന്നാണ്‌. “പ്രപഞ്ചത്തിന്‌ ഒരു ആദികേന്ദ്രമുണ്ട്‌. യൂണിവേഴ്‌സിന്റെ ക്രിയാകലാപം നടക്കുന്ന ഒരു മണ്‌ഡലമുണ്ട്‌. ആ മണ്‌ഡലത്തോട്‌ നമ്മുടെ മൈന്റ്‌ ഒരു ഭാഗത്തുവെച്ച്‌ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അങ്ങനെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ക്കറിയാം അവിടെനിന്ന്‌ എനര്‍ജി എല്ലാ മനസ്സിലേക്കും ചാര്‍ജ്ജുചെയ്‌തുകൊണ്ടിരിക്കുകയാണെന്ന്‌ . ഇങ്ങനെ എനര്‍ജി ചില നിയതരൂപങ്ങളിലെ വീഴുകയുള്ളു. പ്രത്യേകതരം ഫോമിലാണ്‌ അതിന്റെ വരവ്‌. ആ ഫോം നമ്മുടെ അബോധത്തിനറിയാം, ബോധത്തിനറിഞ്ഞുകൂടാ…”  ഊര്‍ജ്ജവും പ്രതീകവും തമ്മിലുള്ള പാരസ്‌പര്യത്തെ വിശദീകരിച്ചുകൊണ്ട്‌ പ്രതീകം പുറത്തുനിന്ന്‌ അകത്തേക്ക്‌ വരുന്നില്ല, മറിച്ച്‌ അകത്തുനിന്ന്‌ പുറത്തേക്കു വരികയാണ്‌ ചെയ്യുന്നതെന്ന്‌ ജി.എന്‍ പിള്ള സമര്‍ത്ഥിക്കുന്നു. “ശൂലം ശക്തിഭിന്നിതമാകയാല്‍ ക്രൂരമാകുന്നു, സംഹാരമാകുന്നു ഈ ക്രൂരമായ ശൂലത്തിന്റെ വേദന മാറ്റാന്‍ അതിനെ കണ്‍വര്‍ട്ട്‌ ചെയ്യുന്ന സിംബലാണ്‌ പദ്മം” എന്നാണ്‌ തന്ത്രപാഠം.

Dr. U. V. Kumaran
Dr. U. V. Kumaran

“ഒരു വസ്‌തു വിടരുമ്പോള്‍ത്തന്നെ കാലം, ദേശം എന്നീ രണ്ടു കാര്യങ്ങളില്‍ അത്‌ സീമിതപ്പെടുന്നു. ഏതു വിവര്‍ത്തവും കാലദേശസീമിതമാണ്‌. കാലവും ദേശവുമില്ലെങ്കില്‍ വസ്‌തുവിന്‌ വിടരാന്‍ കഴിയില്ല. കാലത്തിലും ദേശത്തിലും വസ്‌തു വികസിക്കുന്നു..” കാലത്തെക്കുറിച്ചുള്ള ജി.എന്‍.പിള്ളയുടെ ദര്‍ശനം ഇങ്ങനെ തുടരുന്നു: “കാലം ചലനമാണ്‌. ഭൂചലനത്തില്‍ നിന്നാണ്‌ കാലം. ദേശത്തില്‍ നില്‍ക്കുമ്പോഴേ കാലമുള്ളു. ഇതിന്റെ ന്യൂക്ലിയസ്സായ സൂര്യനില്‍ നില്‍ക്കുമ്പോള്‍ കാലമില്ല. അനന്തതയ്‌ക്ക്‌ കാലമില്ല. അനന്തമാണ്‌ കാലം. കാലം നമ്മുടെ ഭ്രമത്തില്‍ നിന്നാണ്‌.” പ്രത്യഭിജ്ഞാനത്തെ വിവരിക്കുന്നതിനിടയില്‍ ജി.എന്‍.പി ഇത്രകൂടി ഓര്‍മ്മപ്പെടുത്തുന്നു : “ക്രിയകൊണ്ട്‌ ഒരു മണല്‍ത്തരിക്ക്‌ ഒരിക്കല്‍ സൂര്യനാകാം. ഒരു സൂര്യന്‌ ക്രിയാദോഷംകൊണ്ട്‌ മണല്‍ത്തരിയിലേക്ക്‌ പോകാനും കഴിയും. ശക്തി ക്ഷയിച്ചാല്‍ അതൊരു മണല്‍ത്തരിയുമാവും.”

നമ്മുടെ അവബോധത്തെ തട്ടിയുണര്‍ത്തുന്ന ഇത്തരത്തിലുള്ള അനേകം വാങ്‌മയങ്ങള്‍ ‘ശാന്തിപഥ‘ത്തില്‍ ദര്‍ശിക്കുവാന്‍ കഴിയും. തത്വശാസ്‌ത്രം, മനശ്ശാസ്‌ത്രം, തന്ത്രം, യോഗം, സാഹിത്യം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ജി.എന്‍.പിള്ള ചെയ്‌ത പ്രഭാഷണങ്ങളെ ഉപജീവിച്ചാണ്‌ നീണ്ട എട്ടുവര്‍ഷത്തെ ശ്രമഫലമായി ഈ ഗ്രന്ഥം എഡിറ്റര്‍ ഡോ.യു.വി കുമാരന്‍ രൂപപ്പെടുത്തിയിരിക്കുന്നത്‌. ജി.എന്‍.പിള്ളയുടെ ഡയറിക്കുറിപ്പുകളും ഈ യത്‌നത്തില്‍ സഹായകമായിട്ടുണ്ട്‌. നാല്‍പ്പത്തൊമ്പത്‌ ശീര്‍ഷകങ്ങള്‍ക്കു കീഴില്‍ അറിവിന്റെ ഒരത്ഭുതം ഇവിടെ വായനക്കാര്‍ക്കു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു. ജി.എന്‍.പിള്ള കോഴിക്കോട്ട്‌ സ്ഥാപിച്ച പ്രതിഭ കലാകേന്ദ്രത്തിന്റെ പുനരുജ്ജീവനത്തിന്റെ ഭാഗമായാണ്‌ ‘ശാന്തിപഥം’ എന്ന വിശിഷ്‌ടഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്‌.

-എ.പി.എന്‍.

ശാന്തിപഥം
എഡി. ഡോ. യു.വി.കുമാരന്‍
പ്രതിഭാകലാകേന്ദ്രം,
കോഴിക്കോട്‌
(Ph: 08136864443)
വില Rs. 500.00

Share Button