ഓര്‍മ്മയില്‍ ഒരു മന്ദാരം

kunjunni-master
Kunhunni Master

ശുഭ്രമെങ്കിലും തേയ്‌ക്കാത്ത, വട്ടക്കഴുത്തുള്ള
മുറിക്കയ്യന്‍ ഷര്‍ട്ടും ഒരു ചെറിയ മുണ്ടും ധരിച്ച്‌,
നുറുങ്ങുകവിതകള്‍ ചൊല്ലുന്ന കുറിയ മനുഷ്യന്‍-
ഇടയ്‌ക്കിടെ കവിയുടെ വ്യാഖ്യാനങ്ങള്‍…
സദസ്സില്‍ ചിരിപടര്‍ത്തി, വായ്‌പൊത്തി,
അത്ഭുതം കൂറി നില്‍ക്കുന്ന “കുറുംകവി”

നാലുപതിറ്റാണ്ടുകള്‍ക്കു മുമ്പ്‌,
കേരള സാഹിത്യസമിതിയുടെ ആഭിമുഖ്യത്തില്‍
നടന്ന ‘കവികളുടെ ക്യാമ്പി’ല്‍ വെച്ചാണ്‌
കുഞ്ഞുണ്ണിമാഷുടെ രൂപവും ഭാവവും
എന്റെ മനസ്സില്‍ പതിഞ്ഞത്‌. ഞാനന്ന്‌
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പന്ത്രണ്ടുവയസ്സുകാരന്‍;
കേരള സാഹിത്യ സമിതിയുടെ സംഘാടകരില്‍
ഒരാളായിരുന്ന അച്ഛന്റെ കയ്യില്‍ തൂങ്ങി
ക്യാമ്പിലെത്തിയ കൊച്ചതിഥി.

A.P.Nalinan
A.P. Nalinan

ആ കുറും കവിതകള്‍ എന്നെ അന്ന്‌ വല്ലാതെ
ആകര്‍ഷിച്ചു. കവിയുമായി അടുക്കുവാന്‍
അവസരം ലഭിച്ചതും വര്‍ഷങ്ങളിലൂടെ
ആ സൗഹൃദം വളര്‍ന്നു പന്തലിച്ചതും
ഇന്നും ഓര്‍മ്മയിലെ മധുരം…

കോഴിക്കോട്ടെ ശ്രീരാമകൃഷ്‌ണാശ്രമത്തില്‍
മാഷ്‌ താമസിച്ചിരുന്ന കൊച്ചുമുറിയില്‍ കയറിച്ചെന്ന്‌
പലപ്പോഴും ഞാന്‍ മാഷെ ശല്യം ചെയ്‌തിരുന്നു.
കാര്യമായി എന്തെങ്കിലും എഴുതുകയോ ചിത്രരചനയില്‍
മുഴുകിയിരിക്കുകയോ ചെയ്യുമ്പോഴാവും പലപ്പോഴും എന്റെ
സന്ദര്‍ശനമെങ്കിലും മാഷ്‌ എന്നെ നിരുത്സാഹപ്പെടുത്താറില്ല.
മനസ്സിനെ കുഴക്കിയിരുന്ന പല ചോദ്യങ്ങള്‍ക്കും
ഉത്തരം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്‌തു.

ഒരു ദിവസം മാഷ്‌ പറഞ്ഞു “നളിനന്റെ എല്ലാ ചോദ്യങ്ങള്‍ക്കും
ഉത്തരം തരാന്‍ ഞാനാളല്ല നളിനന്‍ പിള്ളയെ ചെന്നു കാണൂ….”
ജി.എന്‍.പിള്ള എന്ന ഋഷിതുല്യനായ ചിന്തകനെ
ചെന്നു കാണുവാനാണ്‌ എന്നോട്‌ മാഷ്‌ നിര്‍ദ്ദേശിച്ചത്‌.
ഗുരുസന്നിധിയിലേക്ക്‌ തന്നെയായിരുന്നു എന്നെ നയിച്ചത്‌.
മനസ്സിലെ കടുംകെട്ടുകളഴിക്കുവാനും
പല ദാര്‍ശനിക സമസ്യകള്‍ക്കും ഉത്തരം കണ്ടെത്തി
ശാന്തി നേടുവാനും വഴി തുറന്നുതരികയായിരുന്നു കവി.

സാഹിത്യവും സിനിമയും തലയ്‌ക്ക്‌ പിടിച്ച ഞങ്ങള്‍ ചിലര്‍
യുവ എഴുത്തുകാരെ സംഘടിപ്പിച്ച്‌ ഒരു സഹകരണസംഘവും
അതിന്റെ കീഴില്‍ പ്രസ്സും പ്രസിദ്ധീകരണവും
സിനിമാനിര്‍മ്മാണവുമെല്ലാം തുടങ്ങാന്‍ വേണ്ടി വിളിച്ചു ചേര്‍ത്ത
ആദ്യയോഗത്തില്‍ പ്രധാന ഉപദേഷ്‌ടാവെന്ന നിലയില്‍
കുഞ്ഞുണ്ണിമാഷും സന്നിഹിതനായിരുന്നു. “സ്വരം” എന്ന പേരില്‍
അന്ന്‌ ഞങ്ങള്‍ നിര്‍മ്മിക്കുവാന്‍ ആഗ്രഹിച്ച ചലച്ചിത്രത്തിന്റെ തിരക്കഥ മാഷെ കാണിച്ചതും സഭ്യതയുടെ സീമകള്‍ അല്‌പം ലംഘിച്ചുവെന്നു തോന്നിയ ചില രംഗങ്ങള്‍ വെട്ടിമാറ്റാന്‍ കര്‍ക്കശമായിത്തന്നെ അദ്ദേഹം ആവശ്യപ്പെട്ടതും ഓര്‍ക്കുന്നു സഹകരണ സംഘരൂപീകരണവും സിനിമാസാഹസവും തുടക്കത്തില്‍ത്തന്നെ ഒടുങ്ങിയെന്നത്‌ വിധിയുടെ വൈപരീത്യം…

kunjunni-master

ഒരു തുടുത്ത സായാഹ്നത്തിന്റെ ഓര്‍മ്മ ഫാറൂഖ്‌ കോളേജിന്റെ വിശാലമായ ഓഡിറ്റോറിയം മലയാളം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാഹിത്യചര്‍ച്ചയുടെ ഉദ്‌ഘാടനം “ജീവിതവും തത്വശാസ്‌ത്രവും സാഹിത്യത്തില്‍” എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്‌ ഞാന്‍ അല്‌പം കാടുകയറി കുഞ്ഞുണ്ണിമാഷായിരുന്നു അദ്ധ്യക്ഷന്‍. ഉപസംഹാരപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു “നളിനന്‍ ഇവിടെ പറഞ്ഞതില്‍ പലതിനോടും എനിക്ക്‌ യോജിക്കുവാന്‍ വയ്യ; പക്ഷെ അപ്രിയസത്യങ്ങള്‍ തുറന്നു പറയാന്‍ കാണിച്ച ആത്മധൈര്യത്തെ അംഗീകരിക്കുന്നു…”

ജീവിതത്തിന്റെ പരുഷയാഥാര്‍ത്ഥ്യങ്ങളോട്‌ ഏറ്റുമുട്ടി പിന്നീട്‌ പലപ്പോഴും ഞാന്‍ ഇടറിനിന്നപ്പോള്‍ സാന്ത്വനത്തിന്റെ നനുത്ത സ്‌പര്‍ശമായി ആ കവിമനസ്സ്‌. “കലാകുസുമം കാലവാസനയുള്ളതാണെ”ന്ന്‌ കവി ഒരിക്കല്‍ എനിക്കെഴുതി. പത്രപ്രവര്‍ത്തനത്തില്‍ സജീവമായതോടെ എന്റെ സാഹിത്യജീവിതവും തളിരിടുവാന്‍ തുടങ്ങിയ വേളയിലായിരുന്നു അത്‌.

“കുങ്കുമം” ലേഖകനായും പത്രാധിപസമിതി അംഗമായും പ്രവര്‍ത്തിച്ച കാലഘട്ടങ്ങളില്‍ കുഞ്ഞുണ്ണിമാഷുമായി കൂടുതല്‍ അടുക്കുവാന്‍ എനിക്ക്‌ അവസരം ലഭിച്ചു. അപ്പോഴേക്കും കോഴിക്കോട്ടുനിന്ന്‌ വലപ്പാട്ടേയ്‌ക്ക്‌ മാഷ്‌ താമസം മാറ്റിയിരുന്നു. വലപ്പാട്ടെ അതിയാരത്തുവീട്ടില്‍ പലപ്പോഴും ഞാന്‍ മാഷെ തേടി ചെന്നു. “കുങ്കമം” വാരികയില്‍ “വരകളും വരികളും” എന്ന പേരില്‍ ഏറെക്കാലം തുടര്‍ന്ന പംക്തി ആ സന്ദര്‍ശനങ്ങളുടെ സദ്‌ഫലങ്ങളിലൊന്നാണ്‌. “വരകളും വരികളും” എന്ന്‌ പംക്തിയുടെ പേര്‌ ഞാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ മാഷ്‌ സന്തോഷപൂര്‍വ്വം സമ്മതിച്ചു. കുറെയേറെ നുറുങ്ങുചിന്തകളും അതിലേറെ താന്‍ വരച്ച കൊച്ചുചിത്രങ്ങളും തന്ന്‌ മാഷ്‌ പറഞ്ഞു: “ഇനി, താന്‍ എന്താച്ചാല്‍ ചെയ്‌തോളൂ…”

kunjunni-master-art

അതോടെ വലിയൊരു അവസരവും ഉത്തരവാദിത്വവും ഒരുമിച്ച്‌ എനിക്ക്‌ വന്നുചേര്‍ന്നു “കുങ്കുമ”ത്തിന്റെ ഓരോ ലക്കത്തിലേക്കും സമാനചിന്തകള്‍ ഉള്‍ക്കൊള്ളുന്ന നുറുങ്ങുകള്‍ തെരഞ്ഞെടുത്ത്‌, അവയ്‌ക്കു ചേരുന്ന കൊച്ചു ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച്‌ “വരകളും വരികളും” ഒരുക്കുകയെന്നത്‌ എന്റെ ദൗത്യമായി വായനക്കാരുടെ പ്രതികരണങ്ങളില്‍ ഞാന്‍ കൃതാര്‍ത്ഥത അനുഭവിക്കുകയുണ്ടായി. മാഷും ആഹ്‌ളാദം പൂണ്ടു ഓരോ ലക്കത്തിനും വേണ്ടി ഔചിത്യമുള്ള തലവാചകങ്ങള്‍ കണ്ടെത്തുക എന്നത്‌ പലപ്പോഴും ശ്രമകരമായിരുന്നു ആത്മപ്രശംസ നടത്തുന്നവരെ കണക്കിന്‌ കളിയാക്കുന്ന തരത്തിലുള്ള നുറുങ്ങുചിന്തകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഒരു ലക്കത്തിലേക്ക്‌ തയ്യാറാക്കിയ മാറ്ററിന്‌ എന്ത്‌ ശീര്‍ഷകമാണ്‌ നല്‍കേണ്ടത്‌ എന്ന്‌ ചിന്തിച്ച്‌ ഞാന്‍ അല്‌പമൊന്ന്‌ ഇരുട്ടില്‍ തപ്പി പെട്ടെന്ന്‌, ആരോ കാതില്‍ വന്നോതിത്തന്നതുപോലെ തലക്കെട്ട്‌ മനസ്സില്‍ തോന്നി “മമനാമ കീര്‍ത്തനം” വലപ്പാട്ടിരുന്ന്‌ മാഷ്‌ തന്നെയാവണം കാറ്റിന്റെ കയ്യില്‍ ഈ തലക്കെട്ട്‌ കൊടുത്തയച്ചത്‌…

APP.Award

വലപ്പാട്ടുനിന്ന്‌ കോഴിക്കോട്ടേയ്‌ക്ക്‌ ഏറെ ദൂരം യാത്ര ചെയ്‌ത്‌, പ്രഥമ എ.പി.പി പുരസ്‌ക്കാരദാന സമ്മേളനത്തില്‍ കുഞ്ഞുണ്ണിമാഷ്‌ പങ്കെടുത്തത്‌ സഹര്‍ഷം സ്‌മരിക്കുന്നു കവിയരങ്ങില്‍ അദ്ദേഹമായിരുന്നു അദ്ധ്യക്ഷന്‍ പിന്നീട്‌, വര്‍ഷങ്ങള്‍ക്കുശേഷം തൃശൂരില്‍, കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍വെച്ച്‌ അപ്പന്‍ തമ്പുരാന്‍ സ്‌മാരക വായനശാലയ്‌ക്ക്‌ എ.പി.പി പുരസ്‌ക്കാരം സമ്മാനിച്ചതും മാഷായിരുന്നു.

“കുങ്കുമ”ത്തിനുവേണ്ടി ചില ഫീച്ചറുകള്‍ തയ്യാറാക്കുവാനായി ഞാന്‍ വലപ്പാട്ടെ അതിയാരത്ത്‌ ചെന്നിരുന്നു. എഴുപത്തേഴാം പിറന്നാള്‍ മാഷ്‌ ആഘോഷിച്ചതിന്‌ തൊട്ടുപിറകെയായിരുന്നു അത്‌. മറവി ഇടയ്‌ക്കിടെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നുവെങ്കിലും കവിയില്‍നിന്ന്‌ കുറെ കാര്യങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു.

എന്റെ മൂത്തമകളുടെ വിവാഹം നിശ്ചയിച്ചുവെന്ന
ശുഭവാര്‍ത്ത മാഷെ അറിയിച്ചപ്പോള്‍
പ്രതികരണം ഇങ്ങനെയായിരുന്നു:
“തന്റെ കല്ല്യാണം എപ്പഴാ കഴിഞ്ഞേ?”
മനസ്സ്‌ തെല്ലൊന്നിടറി.
“എന്റെ കല്ല്യാണത്തിന്‌ മാഷും പങ്കെടുത്തതല്ലേ?”
“ഉവ്വ്‌ ഇല്ല്യേ?!”
കട്ടിക്കണ്ണടച്ചില്ലില്‍ നനവ്‌ പടര്‍ന്നുവോ?

പിന്നീട്‌, കുഞ്ഞുണ്ണിമാഷുടെ ആരോഗ്യത്തെക്കുറിച്ച്‌
ചില സുഹൃത്തുക്കള്‍ വഴി തിരക്കിയപ്പോള്‍
അവശതയുടെ നിഴല്‍ വീണുതുടങ്ങിയെന്നറിഞ്ഞു.
ചെന്നു കാണണമെന്നുണ്ടായിരുന്നു.

ഒടുവില്‍ ഒരു നടുക്കമായി,
മടക്കയാത്രയുടെ വാര്‍ത്ത…
“കാക്കഴഞ്ച്‌ ശരീരവും അരക്കഴഞ്ച്‌ ബുദ്ധിയുമായി”
കേരളക്കരയില്‍ അവതരിച്ച്‌
കാക്കത്തൊള്ളായിരം കാര്യങ്ങള്‍ പറഞ്ഞ്‌
കല്‍ക്കണ്ടമധുരം പകര്‍ന്ന
കവിമനസ്സിന്റെ അനന്തയാത്ര.

“മരണമെനിക്കു ഭയമുണ്ടാക്കുന്നില്ല.
അവള്‍ അത്യന്തം സൗമ്യയാണ്‌.
അവള്‍ വന്ന്‌ എന്നെ എന്റെ കണ്‍മുമ്പില്‍
ചുംബിച്ച്‌ തന്നിലേക്കുതന്നെ ലയിപ്പിക്കും…”
-അന്ത്യയാത്രയെക്കുറിച്ചുള്ള കവിയുടെ സങ്കല്‌പം.

നാമത്തിരികള്‍ തെളിയുന്നു.
വിഷുപ്പക്ഷി പാടുന്നു.
ഓര്‍മ്മയില്‍ ഒരു മന്ദാരം വിടര്‍ന്നുനില്‍ക്കുന്നു…

-എ.പി നളിനന്‍

Share Button