കലയും കാലവും
ഒരു കലാകാരനെ സംവിധാനം ചെയ്യുന്ന ശക്തികള്‍ പലതാണ് ജന്മസിദ്ധമായ വാസന, പൂര്‍വ്വ കലാകാരന്മാരുടെ മാതൃക, അഭ്യാസരീതി, ബഹുജനങ്ങളുടെ രുചിവൈചിത്ര്യം, സാമുദായികാദര്‍ശങ്ങള്‍, ജീവികാസമ്പാദന പ്രശ്‌നം, ഇങ്ങിനെ പലതും ആലോചിക്കേണ്ടതുണ്ട്. ഇവയില്‍ ഏതിനാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടതെന്ന് നിര്‍ണ്ണയിക്കുക എളുപ്പമല്ല-
-സമുദായ ശരീരം സോന്മേഷം പ്രവര്‍ത്തിക്കുമ്പോള്‍, മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഭാവമാണ് കല. നേരെമറിച്ച്, സമുദായഗാത്രം പരിക്ഷീണവും രോഗബാധിതവുമായിരിക്കുന്ന കാലങ്ങളില്‍, അതിന്റെ കലാവദനം മ്ലാനവും അസന്തുഷ്‌ടവുമായി കാണപ്പെടുന്നുണ്ട്. ഇങ്ങനെ ഒന്നോ രണ്ടോ തവണ മാത്രമേ കാണുന്നുള്ളൂവെങ്കില്‍ അത് യാദൃച്ഛികമെന്ന് പറയാം. എന്നാല്‍ കലയും കാലവും തമ്മിലുള്ള ബന്ധം ചരിത്രത്തില്‍ അനുസ്യൂതമായി കാണുന്നതുകൊണ്ട്, ഈ ബന്ധത്തിന് ആസ്‌പദമായ ഏതോ നിയമമുണ്ടായിരിക്കണമെന്ന് അനുമാനം ചെയ്യാതെ തരമില്ല. ഇംഗ്ലണ്ടില്‍ എലിസബത്ത് രാജ്ഞിയുടെ കാലം എങ്ങിനെയോ, അതുപോലെയായിരുന്നു ഫ്രാന്‍സില്‍ പതിനാലാം ലൂയിയുടെ കാലം. ഏതേതു രാജ്യത്തിന്റെ ചരിത്രം നോക്കിയാലും സമുദായത്തിന്റെ ഉല്‍ബുദ്ധതയും കലയുടെ അഭിവൃദ്ധിയും ഒരേ കാലത്ത് സംഭവിക്കുന്നതായി കാണാം. പോര്‍ത്തുഗലിന്റെ നാവിക പ്രതാപകാലത്താണ്, കമോയന്‍സ് എന്ന മഹാകവിയുണ്ടായത്. ഡച്ചുകാരുടെ നാവികബലം പുഷ്‌ടി പ്രാപിക്കുകയും ഹോളണ്ട് സ്‌പെയിനിന്റെ പിടിയില്‍നിന്ന് വിമുക്തമാവുകയും ചെയ്‌തപ്പോഴാണ് റെംബ്രാണ്ട്, ഡ്യുറര്‍, റൂബൈന്‍സ് മുതലായ ചിത്രകാരന്മാര്‍ ലോകമെങ്ങും ഡച്ചുകലയുടെ കീര്‍ത്തി ധാവള്യം പരത്തിയത്. ഷില്ലര്‍, ഗെഥെ മുതലായവരുടെ നേതൃത്വത്തില്‍ ജര്‍മ്മന്‍ സാഹിത്യം മുമ്പോട്ട് കുതിച്ചത് ഫ്രഡറിക്കിന്റെ ദ്വിഗ്വിജയത്തിന് ശേഷമായിരുന്നു. ഫ്രാന്‍സിലെ വിപ്ലവത്തിന്റേയും അതിനെ അങ്ങിനെ പ്രചോദിപ്പിച്ച സമത്വം, സ്വാതന്ത്യ്രം, സാഹോദര്യം എന്നീ ആദര്‍ശങ്ങളുടേയും അലതല്ലല്‍ യൂറോപ്പിലെ മിക്ക രാജ്യങ്ങളുടെയും സാഹിത്യ ചരിത്രത്തില്‍ കാണാം. കലാവൈഭവം ഒരു യാദൃച്ഛാ സംഭവമാണെങ്കില്‍ ഇങ്ങനെ വരാന്‍ വഴിയില്ലല്ലോ…
-കാലമാണ് കലാവാസനയെ സൃഷ്‌ടിക്കുന്നതെന്ന് ഇവിടെ വിവക്ഷിക്കുന്നില്ല പക്ഷേ കാലത്തിന് കലയുടെമേല്‍ അപ്രതിരോധ്യമായ ഒരു സ്വാധീനശക്തിയുണ്ടെന്ന് സമ്മതിച്ചേ തീരൂ. സാഹചര്യങ്ങളുടെ പക്വദശയിലാണ് കലകള്‍ വികസിക്കുന്നത് വിത്ത് എത്രയെങ്കിലും നല്ലതായിരിക്കട്ടെ, മഴയും വെയിലും അനുകൂലമല്ലെങ്കില്‍ ഫലമില്ല കാലവൈഭവം കലയില്‍ നിഷേധിക്കാവതല്ല.
-എന്നാല്‍ കലയ്‌ക്ക് സ്ഥായിയായ ചില ആദര്‍ശങ്ങളുണ്ട് സൗന്ദര്യത്തിന്റെ പേരില്‍ അത് സത്യത്തെ ആരായുന്നു. ഇവ രണ്ടിലും ധര്‍മ്മത്തെ അടിയുറപ്പിച്ച് മനുഷ്യരാശിയുടെ പുരോഗതിക്കായി അത് വെമ്പല്‍ കൊള്ളുന്നു. അതേ സമയത്ത്, സമുദായം ആത്മവിശ്വാസത്തിലും ആദര്‍ശപരതയിലും അധഃപതിച്ച് സ്വാര്‍ത്ഥപരവും താല്‍ക്കാലികവുമായ വ്യാപാരങ്ങളില്‍ മുഴുകിപ്പോയെന്നുവരാം. അങ്ങനെ വരുമ്പോള്‍ കലാകാരന്റെ ആഭ്യന്തര ജീവിതവും, സമുദായത്തിന്റെ ക്ഷുദ്രജീവിതവും തമ്മില്‍ പൊരുത്തമില്ലാതായിത്തീരുന്നു. ഈ പൊരുത്തക്കേടാണ് കലാലോകത്തിലുള്ള പല പ്രസ്ഥാനങ്ങള്‍ക്കും കാരണമായിത്തീര്‍ന്നിട്ടുള്ളത്.
കലാകാരന് തന്റെ ചുറ്റുപാടിലുള്ള ലോകത്തില്‍ വിശ്വാസമില്ലാതെ വരികയും തനിക്ക് ലോകത്തെ നേര്‍വഴിക്ക് കൊണ്ടുവരാനുള്ള കരുത്തില്ലെന്ന് തോന്നുകയും ചെയ്‌താല്‍, അയാള്‍ ആലോചിക്കുന്നതിപ്രകാരമായിരിക്കാം – “ലോകം പോയി തുലയട്ടെ ഏതായാലും അത് നന്നാവുകയില്ല ഞാന്‍ എന്റെ സൗന്ദര്യകോട്ടയ്‌ക്കുള്ളില്‍ കഴിഞ്ഞുകൊള്ളാം”. അയാള്‍ സങ്കേതങ്ങള്‍ക്കൊണ്ട് ഭിത്തികൊട്ടി, ഭാവനാലോകത്തെ കൃത്രിമക്കോടികള്‍ കൊണ്ട് ഭംഗി പിടിപ്പിച്ച്, സ്വപ്‌നാടനം ചെയ്യുവാന്‍ തുടങ്ങുന്നു ഇങ്ങനെയാണ് സാഹിത്യത്തില്‍ പലായന പ്രസ്ഥാനം (escapism) ഉളവായതെന്ന് പറയാം. ചിലര്‍ പുരാണലോകത്തെ ശരണം ഗമിക്കുന്നു മറ്റ് ചിലര്‍ പണ്ടത്തെ കാല്‌പനികമായ ഒരു സുവര്‍ണ്ണയുഗത്തില്‍ നിര്‍വൃതി തേടുന്നു. ചിലര്‍ യവന സംസ്‌കാരത്തിലും മറ്റു ചിലര്‍ മദ്ധ്യമയുഗത്തിലെ മതവിശ്വാസത്തിലും സന്തുഷ്‌ടിയടയുന്നു അവരുടെ ലോകം മാത്രം അവര്‍ക്കുവേണ്ട. മറ്റേതായാലും തരക്കേടില്ല സങ്കല്‌പസൃഷ്‌ടരായ യുദ്ധവീരന്മാരുടെ പരാക്രമത്തില്‍ അവരുടെ പൗരുഷവും ജഗന്മോഹിനികളുടെ ഹാവഭാവങ്ങളില്‍ അവരുടെ ലളിത വികാരങ്ങളും ഉന്മിഷിതമായിത്തീരുന്നു. ആംഗ്ല സാഹിത്യത്തില്‍ സ്‌കോട്ടും, ഫ്രഞ്ച് സാഹിത്യത്തില്‍ സൂമായും മലയാള സാഹിത്യത്തില്‍ സി.വി രാമന്‍പിള്ളയും ദൃഷ്‌ടാന്തങ്ങളാണ്.
അഭിമാനികളായ മറ്റു ചില കലാകാരന്മാര്‍ കാലവൈപരിത്യവുമായി ഏറ്റമുട്ടുമ്പോള്‍ അവരുടെ കൃതികള്‍ പ്രതിഷേധാത്മകവും വിധ്വംസകവുമായി പരിണമിക്കുന്നു. ബൈറണ്‍, ഷെല്ലി, വോള്‍ട്ടേര്‍ മുതലായ മഹാന്മാരുടെ കൃതികള്‍ സമുദായത്തോടുള്ള വെല്ലുവിളികളാണ് രൂക്ഷമായ വിമര്‍ശനമാണ് അവയുടെ ആയുധം. പക്ഷേ ഈ വിമര്‍ശനം പലപ്പോഴും വെറും സംഹാരപരമായിരിക്കും. മലയാളത്തില്‍ കെ.രാമകൃഷ്‌ണപിള്ളയുടെ പേരാണ് ആദ്യമായി ഓര്‍മ്മയില്‍ വരുന്നത്. കലാകാരന്റെ സ്വാതന്ത്യ്രത്തെ ധീരമായും ചിലപ്പോള്‍ പരുഷമായും പ്രയോഗിച്ച മഹാനാണ് അദ്ദേഹം. മലയാളത്തിലെ വോള്‍ട്ടേര്‍ എന്ന് അദ്ദേഹത്തെ നിസ്സംശയം വിളിക്കാം.
ആര്‍ദ്രമതികളായ വേറെ ചില കലാകാരന്മാര്‍ സമുദായ വ്യവസ്ഥയുടെ സമ്മര്‍ദ്ദത്താല്‍ പീഡിതരായി നൈരാശ്യഗര്‍ത്തത്തില്‍ ആണ്ടുപോയിട്ടുള്ളതായി കാണാം. മനുഷ്യസ്‌നേഹികളായ അവരുടെ കഥ പരിതാപകരം തന്നെ അവരാണ് സാഹിത്യത്തിലെ പരാജയ പ്രസ്ഥാനക്കാര്‍.
മനുഷ്യരുടേയും കലയുടേയും ഉന്നതിയില്‍ വിശ്വസിക്കുന്ന കലാകാരന്മാര്‍ യാതൊന്നുകൊണ്ടും പരാങ്‌മുഖരാകുകയില്ല. അവരുടെ പരിഹാസം ശസ്‌ത്രക്രിയപോലെ ആരോഗ്യപ്രദമാണ് ടോള്‍സ്റ്റോയി, ഇബ്‌സണ്‍, ടാഗോര്‍, ഗോര്‍ക്കി മുതലായ കലാകാരന്മാര്‍ അവരവരുടെ സമുദായ സ്ഥിതികളുമായി ഏറ്റുമുട്ടി മുറിവേറ്റവരാണ്. എന്നാല്‍ അവരുടെ പുരോഗമനേച്ഛയും മനുഷ്യ വര്‍ഗ്ഗത്തിലുള്ള വിശ്വാസത്തിനും ഹാനി സംഭവിച്ചിട്ടില്ല. അവരുടെ അനന്തരഗാമികള്‍ കലയും സമുദായവും തമ്മില്‍ പൊരുത്തമുണ്ടാകുന്നതുവരെ സമരം ചെയ്‌തുകൊണ്ടിരിക്കും. നൈരാശ്യത്തിന്റെ സ്വരം എല്ലാകാലത്തും കേള്‍ക്കാം. യുദ്ധാനന്തര ഫ്രാന്‍സില്‍ കോസ്‌ലര്‍, മാന്‍റോ, മുതലായ സാഹിത്യകാരന്മാര്‍ ലോകത്തിന്റെ കണ്ണുനീര്‍ തുടയ്‌ക്കുവാനല്ല ശ്രമിക്കുന്നത്. അവരുടെ ചിന്തയുടെ സംയുക്തികമായ ലക്ഷ്യം ആത്മഹത്യയാണ്. എന്നാല്‍ സൃഷ്‌ടിപരമായ കലാവൃത്തി സമുദായ ജീവിതത്തെ സുന്ദരവും സത്യനിഷ്‌ഠവുമാക്കാതെ അടങ്ങുകയില്ല. അതായിരിക്കട്ടെ നമ്മുടെ കലാകാരന്മാരുടേയും ലക്ഷ്യം.
എം.പി പോള്‍
കാവ്യദര്‍ശനം