ആര്‍ഷസംസ്‌കാരത്തിന്റെ അശ്വത്ഥഛായയില്‍

NN_Kakkad
N.N. Kakkad

ആദിമമനുഷ്യന്‍ വാക്കുകളിലൂടെ ആശയങ്ങള്‍ക്കുപകരം വികാരങ്ങളെയും സ്‌തോഭങ്ങളെയും മനോഭാവങ്ങളെയും നേരിട്ട്‌ ദ്യോതിപ്പിക്കുകയായിരുന്നു. കാലാന്തരത്തില്‍ ഭാഷയ്‌ക്ക്‌ ബൗദ്ധികമായ പരിവേഷവും മനുഷ്യന്റെ ഭാവഗ്രന്ഥികള്‍ക്ക്‌ യുക്ത്യധിഷ്‌ഠിതമായ പ്രവര്‍ത്തനശൈലിയും വന്നുചേര്‍ന്നതോടെ സഹജഭാവങ്ങളെ ദ്യോതിപ്പിക്കുവാന്‍ വാക്കുകള്‍ക്കുള്ള നൈസര്‍ഗ്ഗികശക്തി ചോര്‍ന്നുപോയി. വാക്കുകള്‍ക്ക്‌ നഷ്‌ടപ്പെട്ട ആ പ്രാകൃതഭാവത്തെ വീണ്ടെടുക്കുവാന്‍ കവിതയ്‌ക്ക്‌ കഴിയുന്നു എന്ന്‌ ശ്രീ അരവിന്ദന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.       

മറ്റൊരു മന്ത്രമായി മാറുന്ന കവിതയിലെ ഭാവമേഖലയെ ഏറെ തിളക്കമാര്‍ന്നതാക്കാന്‍ വംശപരമ്പരയുടെ അടിവേരുകളില്‍ ഊറിക്കൂടിയ ഇതിഹാസ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും എക്കല്‍മണ്ണ്‌ അത്രയും പര്യാപ്‌തമാണ്‌. ആദിബിംബങ്ങളുടെയും പ്രതീകങ്ങളുടെയും വജ്രപാളികള്‍ ആസ്വാദകനെ, ധമനികളില്‍ തുടിപ്പ്‌ കൂട്ടി കവിതയുടെ കാന്തിമണ്‌ഡലത്തിലേയ്‌ക്ക്‌ പെട്ടെന്ന്‌ ആവാഹിക്കുന്നു. വിശദീകരണക്ഷമമല്ലാത്ത ഭാവതലങ്ങള്‍കൂടി അവന്‌ അനുഭവവേദ്യമാക്കുന്നു. ആദിപാരമ്പര്യത്തിന്റെ അമൃതബിന്ദുക്കള്‍ നുണഞ്ഞ്‌ വിടരുന്ന കവിതയുടെ വശീകരണ ശക്തി കവിയിലും ആസ്വാദകനിലും ജന്മാന്തരങ്ങളായി വര്‍ത്തിക്കുന്ന അബോധത്തിലെ ശ്വേതകണങ്ങളെ തൊട്ടുണര്‍ത്തുന്നു.

ആധുനിക മലയാള കവികളില്‍ കക്കാടിനെപ്പോലെ പുരാണേതിഹാസങ്ങളെ ഇത്രയധികം ഉപജീവിച്ച കവികള്‍ അധികമില്ല. വേദസൂക്തങ്ങളും ഉപനിഷദ്‌ വാക്യങ്ങളും ഐതിഹ്യങ്ങളും സ്വന്തം കവിതകളില്‍ അതിവിദഗ്‌ദ്ധമായി കക്കാട്‌ വിളക്കിച്ചേര്‍ത്തു. മന്ത്രവാദ ധ്വനികളും നാടന്‍ പാട്ടിന്റെ ശീലുകളും കക്കാടിന്റെ കാവ്യവേദിയില്‍ ഇടകലര്‍ന്നു കേള്‍ക്കാം. ഒപ്പം തിരിമുറിയാതെ, താളം തെറ്റാതെ വീഴുന്ന ചെണ്ടക്കോലിന്റെ കിളിമ്പവും പള്ളിവാള്‍ച്ചിലമ്പിന്റെ കിലുക്കവും കക്കാടിന്റെ നഗരകവിതകളില്‍പ്പോലും വിദൂരഭൂതകാലത്തിന്റെ തുടിപ്പുകള്‍ കലര്‍ന്ന ഗ്രാമധ്വനിയുടെ അലയൊലികള്‍ കേള്‍ക്കാം.

‘ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന്‌’ എന്ന കക്കാടിന്റെ കാവ്യസമാഹാരത്തിന്റെ അവതാരികയില്‍ പ്രസിദ്ധ കവി ആര്‍.രാമചന്ദ്രന്‍ ഇങ്ങനെ എഴുതി: “പ്രാചീന ഭാരത സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യവര്‍ഗ്ഗത്തോളം തന്നെ പഴക്കമേറിയ ഒരു ഭാവം പുരാണ സങ്കല്‌പങ്ങള്‍ മാത്രം ഉപയോഗിച്ച്‌ പ്രകാശിപ്പിക്കുന്ന ഈ കൃതിയുടെ സൂക്ഷ്‌മവും പ്രകടവുമായ ധ്വനിവിശേഷങ്ങള്‍ അയവിറക്കിക്കൊണ്ട്‌ നില്‍ക്കുമ്പോള്‍, എനിക്കൊന്നുറക്കെപ്പറയാന്‍ തോന്നിപ്പോകുകയാണ്‌ ആര്‍ഷ സംസ്‌കാരത്തിന്റെ അശ്വത്ഥഛായയില്‍ കിടന്ന്‌ ഈ കാവ്യപാന്ഥന്‍ സ്വപ്‌നം കാണുന്നു. അതിന്റെ ശാഖകളില്‍ നിന്നുയരുന്ന അമരസല്ലാപത്തിന്റെ ഉദാത്തസ്വരങ്ങള്‍ ആവാഹിച്ച്‌ തന്റെ കവിതയെ അഗാധവും ശക്തവുമാക്കിത്തീര്‍ക്കുന്നു എന്ന്‌ ഈ സത്യം കവി തന്നെ അറിയുന്നുണ്ടോ ആവോ. അറിഞ്ഞിട്ടില്ലെങ്കില്‍ കുഴപ്പമൊന്നുമില്ല അറിഞ്ഞിട്ട്‌ അതിനെ മറച്ചുപിടിക്കുന്നതാകട്ടെ അദ്ദേഹത്തിന്റെ കവിതയ്‌ക്ക്‌ ഗുണകരമല്ലതാനും”.

ആദ്യകാലകവിതകളില്‍ കക്കാട്‌ അണിഞ്ഞുകണ്ട പാരമ്പര്യത്തിന്റെ പവിത്രമോതിരം ഇടക്കാലത്തല്‌പനേരം വിരലില്‍ കണ്ടില്ലെങ്കിലും അവസാനഘട്ടത്തില്‍ വീണ്ടും തപ്പിയെടുത്ത്‌ അണിഞ്ഞത്‌ തന്റെ തീര്‍ത്ഥാടനത്തിന്റെ സഫലതയ്‌ക്ക്‌ അത്‌ അത്യന്താപേക്ഷിതമാണെന്ന്‌ അറിഞ്ഞതുകൊണ്ടുതന്നെയാണ്‌. ‘തന്നെയും ജീവിതത്തെയും ശുദ്ധീകരിയ്‌ക്കുന്ന ആത്മാവിന്റെ പവിത്രം തന്നെയാണ്‌ കവിത’ എന്ന്‌ ആര്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്ന കലയുടെ തന്ത്രദര്‍ശനം കക്കാട്‌ മനസ്സിലാക്കിയിരുന്നുവെന്നുതന്നെ വേണം കരുതാന്‍. പാരമ്പര്യത്തിന്റെ പേരും പൊരുളുമന്വേഷിക്കുന്ന ‘കവിതയും പാരമ്പര്യവും’ എന്ന താത്വിക ഗ്രന്ഥത്തില്‍ കക്കാട്‌ പ്രസ്‌താവിക്കുന്നത്‌ നോക്കുക:
“പുരാണേതിഹാസങ്ങള്‍ ഒരു ജനതയുടെ ആദിസ്‌മൃതികളുടെ സമാഹാരമാണ്‌ അവയിലെ കഥകളും വ്യാഖ്യാനങ്ങളും പ്രകൃതിയില്‍നിന്ന്‌ ലഭിച്ച പ്രഥമാനുഭവങ്ങള്‍ക്ക്‌ ആദിജനതയുടെ ഉള്‍പ്രരണകള്‍ നല്‍കിയ സ്വാഭാവികശില്‌പങ്ങളാണ്‌. അതുകൊണ്ടുതന്നെ അവയിലെ സങ്കല്‌പങ്ങളോരോന്നും മനസ്സിന്റെ ബോധമണ്‌ഡലത്തില്‍നിന്നിറങ്ങി മനസ്സിന്റെ അഗാധഗര്‍ത്തങ്ങളില്‍ വിലയം പ്രാപിച്ച്‌, ധര്‍മ്മാധര്‍മ്മവിവേകലക്ഷ്യമായ സംസ്‌കാരമായി കുടികൊള്ളുന്നു. ഇതിഹാസ കഥകളില്‍ നിന്ന്‌ ചിന്ത വേര്‍പെട്ടിട്ടില്ലാത്ത, തത്വചിന്ത സ്വതന്ത്രമായി ജനിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിന്റെ പ്രതിനിധികളാണ്‌ ആ കഥകള്‍”. പിതൃദേവതകള്‍ക്ക്‌ തൃപ്‌തി പാടി, ഇരുളകറ്റാന്‍, ഇടരൊഴിക്കാന്‍ നിറച്ചു തിരികൊളുത്തി നിദ്രവിട്ടുനില്‍ക്കുന്ന കക്കാടിന്റെ കവിത ചിലപ്പോള്‍ കിങ്ങിണികെട്ടി, ചിലങ്കചാര്‍ത്തി, കങ്കണമണിമാലകളാടി, കിളിന്തുചുണ്ടില്‍ പുഞ്ചിരിചൂടി നില്‍ക്കുന്നു; ഒരു മങ്ങാത്ത മയില്‍പ്പീലിയായി ചമയുന്നു. കക്കാടിന്റെ കലാപിഞ്ച്‌ഛത്തിന്ന്‌ ഏറെ തിളക്കമിയറ്റുന്നത്‌, അവയില്‍ പതിയുന്ന കവിയുടെ മിഴിനീര്‍മുത്തുകളാണ്‌. പീലിക്കണ്ണുകളില്‍ ഹിമബിന്ദു കണക്കെ തങ്ങിനില്‍ക്കുന്ന ആ അശ്രുകണങ്ങള്‍ വെയിലൊളിയില്‍ മഴവില്ലുകള്‍ ചമച്ച്‌ ആ കാവടിച്ചിന്ത്‌ മനോഹരമാക്കുന്നു.

N.N.Kakkad
ഒരു പുരാണത്തിന്റെ സൂചനയോടൊപ്പം ബാഹ്യമായ സാമ്യവൈജാത്യങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമല്ല, ഗതകാലത്തിന്റെ ഒരു ഭാഗമാക്കി ഇഷ്‌ടഭാവത്തെ ശക്തിപ്പെടുത്താന്‍ വേണ്ടി കൂടിയാണ്‌ പ്രാക്‌കാല സംസ്‌കാരത്തിന്റെ സൂചനകള്‍ കവികള്‍ നല്‌കുന്നതെന്ന്‌ കക്കാട്‌ വിശ്വസിച്ചു. ബീജാക്ഷരത്തില്‍ നിന്ന്‌ ദേവതാമന്ത്രം പോലെ, കവിയുടെ അന്തര്‍ഭാവത്തില്‍നിന്ന്‌ കവിത വളരുന്നു എന്ന്‌ സിദ്ധാന്തിച്ചു.

ഇന്ന്‌ യുക്തിദുഷിതരായ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയാത്ത ആ സ്വപ്‌നഭാഷയുടെ അനുഭവവേദ്യത അറിഞ്ഞനുഭവിക്കാന്‍ തപസ്സ്‌ ചെയ്യുന്ന കവി നേടുന്ന ചില അടരുകള്‍ ആസ്വാദകനും നല്‍കുന്നു. ഇവിടെ ആസ്വാദകനും പവിത്രമണിഞ്ഞ്‌ അല്‌പമൊക്കെ ധ്യാനലീനനാകേണ്ടി വരുന്നു. കവിയുടെ വിശദീകരണക്കുറിപ്പുകള്‍ നെറുകയില്‍ ചൂടി, അകക്കണ്ണ്‌ തുറക്കുവാന്‍ അല്‌പനേരം ജപിക്കേണ്ടി വരുന്നു കക്കാടുതന്നെ വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌.
“കാവ്യാത്മാവിനെ അങ്ങനെയൊന്നുണ്ടെങ്കില്‍  കാവ്യപ്രപഞ്ചത്തിന്റെ അനുധ്യാനത്തിലൂടെ ആസ്വാദകന്‍ സാക്ഷാത്‌ക്കരിക്കുകതന്നെ വേണം ഗന്ധമനുഭവിക്കുവാന്‍. ഗന്ധവത്തിനെ ശരണീകരിക്കുക തന്നെയേ ഗതിയുള്ളൂ ഒരേ ജീവചൈതന്യം തന്നെ കണ്ണിലെ കറുപ്പായും കറുപ്പിലെ വെളിച്ചമായും പല്ലുകളുടെ വെണ്മയായും, ചുണ്ടുകളിലെ തുടുപ്പായും പ്രത്യക്ഷപ്പെടുന്നതെങ്ങനെയെന്ന്‌ അത്‌ വാക്കുകളെക്കൊണ്ട്‌ പറയിക്കും”.

‘നാനൃഷി;കവി:’ എന്ന ആപ്‌തവചനത്തിന്റെ ആധുനിക നിദര്‍ശനമായി കക്കാട്‌ എന്ന കവി മലയാള കാവ്യമണ്‌ഡലത്തില്‍ ഒരു മിന്നല്‍പോലെ പടര്‍ന്നു മങ്ങിക്കത്തിക്കൊണ്ടിരുന്ന ആലക്തികദീപങ്ങളേക്കാള്‍ ദീപ്‌തിയും ദിവ്യത്വവും ആ മിന്നല്‍ക്കൊടിക്ക്‌ നേടാന്‍ കഴിഞ്ഞത്‌ ആര്‍ഷഭാരത പാരമ്പര്യത്തിന്റെ അഗ്നിസ്‌ഫുലിംഗങ്ങള്‍ കുറെയൊക്കെ ആവാഹിക്കാന്‍ കഴിഞ്ഞതുകൊണ്ടുതന്നെയാണ്‌.

– എ.പി നളിനന്‍

Share Button