സര്‍ഗ്ഗാത്മകതയുടെ പൊരുള്‍
“ക്രീഡാലോലനായ ഒരു ശിശു എന്ത് ചെയ്യുന്നുവോ അതുതന്നെ ഒരു കവിയും ചെയ്യുന്നു. താന്‍ ഗംഭീരമെന്ന് കരുതുന്ന ഒരു കാല്‌പനികലോകം കവിയും വിരചിക്കുന്നു. എന്നിട്ട് യഥാര്‍ത്ഥ ലോകത്തില്‍ നിന്ന് തീരെ നീക്കിനിര്‍ത്തക്കൊണ്ടുതന്നെ അതിനെ ഭാവനാനിര്‍ഭരമാക്കിത്തീര്‍ക്കുന്നു…” കവിയും ദിവാസ്വപ്നവും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്യുന്ന ഒരു പ്രബന്ധത്തില്‍ പ്രശസ്‌ത മനഃശാസ്‌ത്രജ്ഞന്‍ സിഗ്മണ്ട് ഫ്രായിഡ് അഭിപ്രായപ്പെട്ടത് ഓര്‍മ്മവരുന്നു. സര്‍ഗ്ഗാത്മകതയെ വ്യക്തിയുടെ ഈഗോയുമായി കൂട്ടിയിണക്കിയാണ് ഫ്രോയ്‌ഡ് ചിന്തിച്ചത്.
“പല കൃതികളും ദിവാസ്വപ്നത്തിന്റെ സരളമായ ആദ്യമാതൃകകളില്‍നിന്ന് ബഹുദൂരം സഞ്ചരിച്ചിട്ടുണ്ട് എന്ന് അറിയായ്‌കയല്ല. എങ്കിലും ഇവയുടെ വിദൂരരൂപഭേദങ്ങള്‍ പോലും, പല പരമ്പരകളില്‍ക്കൂടി, ഒരാദിമാതൃകയുമായി ബന്ധപ്പെടുത്തുവാന്‍ കഴിയുകയില്ലേ എന്ന് ഞാന്‍ സംശയിക്കുന്നു” എന്നും ഫ്രോയ്‌ഡ് നിരീക്ഷിച്ചിട്ടുണ്ട്. ഭാവനയും സ്വപ്നങ്ങളും ഭാവനകളല്ലാതെ മറ്റൊന്നുമല്ലെന്ന് വ്യാഖ്യാനം കൊണ്ട് തെളിയിക്കുവാന്‍ കഴിയും ഭാഷ അതിലടങ്ങിയ അനുപമമായ ജ്ഞാനത്തികവുകൊണ്ട് ഭാവനയുടെ ശൂന്യസൃഷ്‌ടികളെ ദിവാസ്വപ്നമെന്ന് വിളിക്കുകയും സ്വപ്നങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം നിര്‍ണ്ണയിക്കുകയും ചെയ്‌തിട്ടുണ്ടെന്നും ഫ്രോയ്‌ഡ് വ്യക്തമാക്കുന്നു.
അബോധ മനസ്സിനനുയോജ്യമായി ‘ഇദ്ദി’നേയോ സൂപ്പര്‍ ഈഗോവിനേയോ നോവിക്കാതെ സഹജീവികള്‍ക്കുപോലും മനസ്സിലാക്കുന്ന ഭാഷയില്‍ ഇമേജുകളും, സിംബലുകളും ഉപയോഗിച്ച് ഭാവങ്ങളെ അംഗാംഗികളായി തിരിച്ച് ആവശ്യമായ നിറപ്പകിട്ടോടെ അവതരിപ്പിക്കുന്ന രീതിയാണ് കാവ്യരചനയെന്ന മനഃശാസ്‌ത്ര സമീപനവുമുണ്ട്.
സര്‍ഗ്ഗ പ്രക്രിയയിലൂടെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ പലരും നടത്തിയിട്ടുണ്ട്. “സര്‍ഗ്ഗാത്മകതയെ പറ്റി ചില ചിന്തകള്‍” എന്ന തലക്കെട്ടില്‍ ശ്രീ.വൈ.ജോര്‍ജ്ജിന്റെ പ്രൗഢമായ ഒരു പഠനം മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. സര്‍ഗ്ഗഭാവനയുടെ വിശദാംശങ്ങളിലേക്ക് വെളിച്ചം വീശുന്ന പ്രസ്‌തുത പഠനം കലാസ്വാദകരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. “ഒരു പുതിയ വസ്‌തുവോ ആശയമോ സൃഷ്‌ടിക്കലാണ് സര്‍ഗ്ഗസൃഷ്‌ടി അതുവരെ ഇല്ലാത്ത ഒന്നിനെ സൃഷ്‌ടിക്കുക സൃഷ്‌ടികര്‍ത്താവിന്റെ വ്യക്തിത്വത്തിന്റെ സൂചനയാണത് നിലവിലിരിക്കുന്ന രീതികള്‍ പ്രവര്‍ത്തനങ്ങള്‍, ആശയങ്ങള്‍ എന്നിവയില്‍ നിന്നുമുള്ള വ്യതിയാനമാണ് സര്‍ഗ്ഗാത്മകത” എന്ന് ശ്രീ.ജോര്‍ജ്ജ് തുടക്കത്തില്‍ തന്നെ പറഞ്ഞുവെയ്‌ക്കുന്നു. സര്‍ഗ്ഗസൃഷ്‌ടിയുടെ പരിണതഫലം രൂപമുള്ള ഒരു ഉല്‌പന്നം ആയിരിക്കണമില്ലെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. “ചിലപ്പോള്‍ ചില വ്യക്തികള്‍ പ്രകടിപ്പിക്കുന്ന വന്യവും ഉന്മത്തവുമായ ആശയങ്ങള്‍ സര്‍ഗ്ഗാത്മക പ്രതിഫലനവും ബഹിര്‍സ്‌ഫുരണവും ആയിക്കൂടെന്നില്ല. പരസ്‌പര ബന്ധമില്ലെന്ന് പലര്‍ക്കും തോന്നുന്ന ആശയങ്ങളുടേയും വസ്‌തുതകളുടേയും സംശ്ളേഷണത്തില്‍നിന്നും പ്രപഞ്ചത്തിന്റെ ചലനത്തിനും സമൂഹത്തിന്റെ പരിവര്‍ത്തനത്തിനും ഹേതുവായിട്ടുള്ള പുതിയ ശില്‍പ്പങ്ങളും തത്വസംഹിതകളും രൂപാന്തരപ്പെട്ടിട്ടുണ്ട്.
സര്‍ഗ്ഗശക്തിയെ ഉണര്‍ത്തുന്ന ചില വിശേഷഘടകങ്ങളുണ്ട്. വിശാലവീക്ഷണം, സത്യസന്ധത, സേവന സന്നദ്ധത, ബുദ്ധിപൂര്‍വ്വമായ ആസൂത്രണം, ലക്‌ഷ്യബോധം, പുതിയ ആശയങ്ങളോടുള്ള അഭിനിവേശം പ്രവര്‍ത്തനോന്മുഖമായ മനോഭാവം, ഉദാത്തമായ ചിന്ത, തുടര്‍ച്ചയായ പരിശ്രമം, നിശ്ചയദാര്‍ഢ്യം, കഠിനാദ്ധ്വാനം, ക്ഷമ, സ്വയംനിരൂപണം, ആത്മധൈര്യം, ഏകാഗ്രത, ഉത്‌കണ്‌ഠയില്ലായ്‌മ, നിര്‍ഭയത്വം, ഉദ്‌ഗ്രഥനശേഷി, സങ്കല്‍പ്പന വൈദഗ്‌ദ്ധ്യം, അവതരണ പാടവം തുടങ്ങിയ വൈശിഷ്‌ട്യങ്ങളാണ് സര്‍ഗ്ഗശക്തിയെ ഉണര്‍ത്തുന്ന ഘടകങ്ങള്‍.
സര്‍ഗ്ഗാത്മകചിന്തയ്‌ക്കുള്ള തടസ്സങ്ങള്‍
സര്‍ഗ്ഗാത്മക ചിന്തയ്‌ക്ക് തടസ്സങ്ങളും അതിര്‍വരമ്പുകളും സൃഷ്‌ടിക്കുന്ന കാര്യങ്ങള്‍ വിവിധങ്ങളാണ്. അനുകരണഭ്രമം, ലക്ഷ്യബോധമില്ലായ്‌മ, സ്വന്തം വ്യക്തിത്വത്തെപ്പറ്റിയുള്ള അജ്ഞത, തോല്‍വിയിലുള്ള ഭയം, മടിയും അലസതയും, മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ അപര്യാപ്‌തത, പ്രേരണയുടെയും പ്രചോദനത്തിന്റെയും കുറവ് എന്നിവ അവയില്‍ ചിലതാണ്.
സര്‍ഗ്ഗപ്രതിഭ ജന്മസിദ്ധമോ?
ശൈശവത്തില്‍ തന്നെ മരണമടഞ്ഞ “ക്ളിന്റ്” എന്ന ബാലന്‍ 6 വയസ്സിനുള്ളില്‍ പതിനായിരത്തില്‍പ്പരം വ്യത്യസ്‌ത ചിത്രങ്ങള്‍ വരയ്‌ക്കുകയുണ്ടായി. കൂടാതെ നിതിന്‍ എന്ന കൊച്ചുകുട്ടി ആയിരക്കണക്കിന് പുതുമയുള്ള ചിത്രങ്ങള്‍ രചിച്ചു. ജന്മസിദ്ധമാണ് സര്‍ഗ്ഗ പ്രതിഭയെന്ന് സ്ഥാപിക്കുവാന്‍ ചൂണ്ടിക്കാണിക്കാവുന്ന ചില ദൃഷ്‌ടാന്തങ്ങളാണിവ.
സര്‍ഗ്ഗാത്മകത ജന്മസിദ്ധം മാത്രമല്ലെന്ന് ഗവേഷണ പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. പഠനവും പരിശീലനവും വഴി വികസിപ്പിച്ച് സ്വയം വളര്‍ത്തിക്കൊണ്ട് വരാനുള്ളതേയുള്ളൂ ഈ പ്രതിഭ. കണ്ണുകളും, കാതുകളും തുറന്നിരിക്കണം .ചിന്തയ്‌ക്ക് പരിധി കല്‍പ്പിക്കുകയും അരുത്. സര്‍ഗ്ഗശക്തി വളര്‍ത്തുവാനും വികസിപ്പിക്കുവാനും വേണ്ട സന്ദര്‍ഭവും സാഹചര്യവും കൂട്ടത്തില്‍ വേണം. നല്ല അന്തരീക്ഷത്തിലും ചുറ്റുപാടിലും മാത്രമേ നല്ല ആശയങ്ങള്‍ ആവിര്‍ഭവിക്കൂ. പ്രാത്സാഹനവും പ്രചോദനവും സര്‍ഗ്ഗശക്തി എന്ന ചെടി വളരാനുള്ള വെള്ളവും വെളിച്ചവുമാണ്.
ജെ.ജോഫ്രി റാലിന്‍സന്റെ “ക്രിയേറ്റീവ് തിങ്കിംഗ് ആന്റ് ബ്രയിന്‍ സ്റ്റോമിംഗ്” എന്ന പുസ്‌തകത്തില്‍ സര്‍ഗ്ഗാത്മക വൈദഗ്‌ദ്ധ്യം എല്ലാ മനുഷ്യരിലുമുണ്ടെന്ന് കാര്യകാരണ സഹിതം പ്രതിപാദിച്ചിട്ടുണ്ട്. ഈ ചിന്തകന്റെ അഭിപ്രായത്തില്‍ അതൊരു നൈസര്‍ഗ്ഗിക വാസനയാണ്. കൊച്ചുകുട്ടികള്‍ ഒറ്റയ്‌ക്കും കൂട്ടായും കളിക്കുമ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രതിഭ അദ്ദേഹം എടുത്തുകാണിക്കുന്നു. മണ്ണും ചെളിയും കൊണ്ട് ഭാവനാപൂര്‍വ്വം അവര്‍ എന്തെല്ലാം രൂപങ്ങള്‍ സൃഷ്‌ടിക്കുന്നു. സിഗരറ്റ് കവറുകളും ഈര്‍ക്കില്‍ തുണ്ടുകളും ഉപയോഗിച്ച് എത്രയോ തരം കളിക്കോപ്പുകള്‍ അവര്‍ നിര്‍മ്മിക്കും. എന്നാല്‍ കുട്ടികള്‍ വളരുന്നതോടൊപ്പം അവരിലുള്ള നൈസര്‍ഗ്ഗികമായ സര്‍ഗ്ഗാത്മകത ക്രമേണ ബുദ്ധിശക്തിക്ക് വഴിമാറിക്കൊടുക്കുന്നു.
സര്‍ഗ്ഗസൃഷ്‌ടിയുടെ വിവിധ ഘട്ടങ്ങള്‍
പുതുമഴയിലെ കുമിളകള്‍പോലെ പെട്ടെന്ന് ജനിക്കുന്നതല്ല സര്‍ഗ്ഗ സൃഷ്‌ടികള്‍. സര്‍ഗ്ഗചിന്തയ്‌ക്ക് തന്നെ പല ഘട്ടങ്ങള്‍ ആവശ്യമാണ്. ഒരുങ്ങലും തയ്യാറെടുക്കലും ആദ്യപടിയാണ്. പ്രശ്‌നത്തെ നിര്‍വ്വചിക്കലാണ് രണ്ടാം ഘട്ടം. അതിന്റെ എല്ലാ വശങ്ങളും സമഗ്രമായും സശ്രദ്ധമായും പരിശോധിക്കുകയും അപഗ്രഥിക്കുകയും വേണം. നിര്‍ദ്ധാരണം ചെയ്യേണ്ട സംഗതി പലതവണ പലവിധത്തില്‍ നോക്കിക്കാണണം. അടുത്തഘട്ടം പ്രയത്‌നവും ബുദ്ധിപരമായ പ്രവര്‍ത്തനവുമാണ്. ഒരു നിമിഷംകൊണ്ടോ ഒരു രാത്രികൊണ്ടോ ആരും മഹാനാകുന്നില്ല. അനവധി തവണ പരാജയപ്പെട്ടതിന് ശേഷമാണ് റോബര്‍ട്ട് ബ്രൂസ് യുദ്ധത്തില്‍ വിജയം നേടിയത്. വൈദ്യുതബള്‍ബിന്റെ ഫിലമെന്റുണ്ടാക്കാന്‍ എഡിസണ്‍ 6000ത്തില്‍പ്പരം വിഭിന്നതരം മുളകളുടെ നാരുകള്‍ പരീക്ഷിച്ചു നോക്കുകയുണ്ടായി. “പാരഡൈസ് ലോസ്റ്റ്” എഴുതുവാന്‍ മില്‍ട്ടന്‍ അനേക വര്‍ഷങ്ങള്‍ എടുത്തു.
പ്രശ്‌നങ്ങളെ ഉറങ്ങാന്‍ അനുവദിക്കുക മറ്റൊരു ഘട്ടമാണ്. മുട്ടകള്‍ വിരിയാന്‍ അടവെയ്‌ക്കേണ്ടതുപോലെ പ്രശ്‌ന നിവാരണങ്ങള്‍ക്കും തദ്വാരയുള്ള സര്‍ഗ്ഗസൃഷ്‌ടിക്കും സാവകാശവും ലഘുവായ ഊഷ്‌മാപനവും ആവശ്യമാണ്. ഉപബോധമനസ്സ് പ്രശ്‌നങ്ങളെ സ്വയം അഭിമുഖീകരിച്ച് താളാത്മകമായി അപഗ്രഥിച്ചുകൊള്ളും. വിശ്രമവും മാനസീകോല്ലാസവും കൂടിയുണ്ടെങ്കില്‍ ഫലം മെച്ചമായിരിക്കും. ഉള്‍ക്കാഴ്‌ച സര്‍ഗ്ഗചിന്തയുടെ വേറൊരു ഘട്ടമാണ്. വളരെ പെട്ടെന്ന്, ഒരു മിന്നല്‍പോലെ പുതിയ ആശയങ്ങള്‍ മനസ്സിലുദിക്കുന്ന പലരുമുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തില്‍ മുഴുകിയിരിക്കുമ്പോഴായിരിക്കും അതുമായി ബന്ധമില്ലാത്ത മറ്റൊരു വിഷയത്തെപ്പറ്റി നൂതനമായ ആശയങ്ങള്‍ ചില വ്യക്തികള്‍ക്ക് തോന്നുക. സര്‍ഗ്ഗാത്മകതയും ക്രിയാത്മകതയും സമാന്തരശ്രണികളില്‍ വര്‍ത്തിക്കുന്നു എന്ന് സൂക്ഷ്‌മ നിരീക്ഷണത്തില്‍ കാണുവാന്‍ കഴിയും. പലപ്പോഴും അവ പരസ്‌പര പൂരകങ്ങളുമാണ്.
-മെന്റര്‍