ഇളംചുണ്ടുകള്‍ക്ക് അല്പം മധുരം
സ്‌നേഹം നിറഞ്ഞ സുഹൃത്തുക്കളുടെ സംഗമം.
നിറഞ്ഞ സായാഹ്നം. മനസ്സു തുറന്നുള്ള ആശയവിനിമയം.
ഗ്യഹാന്തരീക്ഷത്തിന്റെ മധുരസാന്ത്വനം.
എ.പി നളിനന്‍ രചിച്ച “കട്ടുറുമ്പും കുട്ടിയും”
എന്ന പുസ്‌തകത്തിന്റെ പ്രകാശന കര്‍മ്മം
വീട്ടുമുറ്റത്തെ ഹൃദ്യതതായി മാറിയത് ഇക്കാരണങ്ങളാലാണ്.
കുട്ടികള്‍ക്ക് ഈണത്തില്‍ പാടിനടക്കാവുന്ന
ഒമ്പത് പാട്ടുകളാണ് ഈ പുസ്‌തകത്തിലുള്ളത്.
വര്‍ണ്ണത്താളുകളില്‍ ചിത്രങ്ങളോടെ ഈ പാട്ടുകള്‍
ആകര്‍ഷകമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
“കുറുഞ്ഞിപ്പൂച്ച കരഞ്ഞതന്തെ?”, “പൂരം”, “അമ്പിളിഅമ്മാമന്‍”,
“കാറ്റിനോട്”, “അണ്ണാറക്കണ്ണാ പോരുന്നോ?”,
“കട്ടുറുമ്പും കുട്ടിയും ”, “തുമ്പിയോട് ”, “താരാട്ട് ”, “പുലരിപ്പൂക്കള്‍ ”
എന്നിവയ്‌ക്ക് പുറമെ സ്‌മരണയില്‍ പ്രെഫ. എ.പി.പിയുടെ
“പാറുക പാറുക പുമ്പാറ്റേ ” എന്ന പാട്ടും ചേര്‍ത്തിരിക്കുന്നു.
കോഴിക്കോട്ടെ തേജസ്വിനി പ്രസാധനമാണ്
പുസ്‌തകം പ്രസദ്ധീകരിച്ചിരിക്കുന്നത്.
പ്രശസ്‌ത കവി പി.എം നാരായണന്‍ പുസ്‌തകപ്രകാശനകര്‍മ്മം നിര്‍വഹിച്ചു.
പ്രസിദ്ധ നോവലിസ്റ്റ് കാസിം വാടാനപ്പള്ളിയാണ് പുസ്‌തകം ഏറ്റുവാങ്ങിയത്.
കുരുന്നു മനസ്സുകള്‍ സന്തോഷത്തോടെ ഈ കൃതിയെ
സ്വാഗതം ചെയ്യുമെന്ന് പി.എം.നാരായണന്‍ അഭിപ്രായപ്പെട്ടു.
നല്ല ബാലസാഹിത്യ ഗ്രന്ഥങ്ങള്‍ വിരളമായ ഇക്കാലത്ത്
“കട്ടുറുമ്പും കുട്ടിയും” ഒരാശ്വാസമാണെന്ന് കാസിം വാടാനപ്പള്ളി പറഞ്ഞു.
ഇതിലെ പാട്ടുകളുടെ ഈണങ്ങള്‍ കൂടി ലഭ്യമായിരുന്നുവെങ്കില്‍
കൂടുതല്‍ നന്നായിരുന്നുവെന്ന് തുടര്‍ന്നു സംസാരിച്ച
എം. കുമാരന്‍ മൂസത് നിര്‍ദ്ദേശിച്ചു.
കുട്ടികള്‍ക്ക് ശരിക്കും ഉപകരിക്കുന്ന ഒരു നല്ല രചനയാണ് “കട്ടുറുമ്പും കുട്ടിയും”
എന്ന് കെ.ജി രഘുനാഥ് ചൂണ്ടിക്കാണിച്ചു.
ഇന്നത്തെ കുട്ടികള്‍ക്ക് അന്യമായ പല ബാല്യകൗതുകങ്ങളും ഈ പുസ്‌തകത്തില്‍
പുനരവതരിക്കുന്നുണ്ടെന്ന് അനില്‍ ചന്ദ്രന്‍ പറഞ്ഞു.
നളിനന്റെ തെളിഞ്ഞ മനസ്സ് കൂടുതല്‍ ദീപ്‌തമാവട്ടെയെന്ന് ഡോ.യു.വി.കുമാരന്‍ ആശീര്‍വദിച്ചു.
“കട്ടുറുമ്പും കുട്ടിയും” കുട്ടികളിലേക്ക് എത്തുവാന്‍ വേണ്ട സംവിധാനം
ഉടന്‍ ഉണ്ടാകുമെന്ന് പ്രദീപ് ഉഷസ്സ് പ്രത്യാശിച്ചു.
ഗ്രന്ഥരചനയുടെ ധന്യനിമിഷങ്ങള്‍ എ.പി. നളിനന്‍ വിശദീകരിച്ചു.
–ഊര്‍മ്മിള