ആചാര്യനീരാജനം
അനന്തതതൊട്ട് തിരിച്ചിറങ്ങി ലോകമംഗളം – അതാണ് മഹായോഗികളുടെ കണക്ക്. ഈ കലിയുഗ സംക്രമസന്ധ്യയില്‍ സത്യാന്വേഷകരുടെ അന്തര്‍ബോധമുണര്‍ത്തി യോഗപഥത്തിലേയ്‌ക്ക് നയിച്ച ഗുരുവര്യന്റെ ധന്യസ്‌മരണകളുണര്‍ത്തി ഒരൊത്തുചേരല്‍. അതൊരു ആചാര്യനിരാജനമായിരുന്നു. ഫെബ്രുവരി 21ന് കോഴിക്കോട് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ജി.എന്‍ പിള്ള അനുസ്‌മരണം; ജി.എന്‍ പിള്ള എന്ന മഹാചിന്തകന്റെ ദര്‍ശന സമ്പുടം ‘ശ്രദ്ധ’യുടെ പ്രകാശനകര്‍മ്മം. സദ്‌സംഗം സാധകരുടെ നിയോഗങ്ങളെക്കുറിച്ചുള്ള ഒരോര്‍മ്മപ്പെടുത്തലുമായി മാറി.
ജി.എന്‍ പിള്ളയുടെ 22ാം ചരമവാര്‍ഷികമാണ് ആചരിക്കപ്പെട്ടത്. യോഗത്തില്‍ ഡോ.യു.വി കുമാരനാണ് അദ്ധ്യക്ഷത വഹിച്ചത്. കാലത്തിന്നുമപ്പുറം കാണാന്‍ കഴിവുള്ള ആചാര്യന്റെ ക്രാന്തദര്‍ശിത്വത്തെക്കുറിച്ചാണ് ഡോ.യു.വി കുമാരന്‍ വിശദീകരിച്ചത്. ‘കാളിയുടെ നാവ്’ എന്ന ഗ്രന്ഥത്തിന്റെ പിറവിയെക്കുറിച്ചും പണ്‌ഡിതര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജി.എന്‍ പിള്ളസാറിന്റെ ‘പ്രതിഭ’ എന്ന ലേഖനത്തിന്റെ ഉദയത്തെക്കുറിച്ചുമുള്ള സ്‌മരണകള്‍ ഡോ.കുമാരന്‍ വിശദീകരിച്ചു.
“അടിമുടി ആത്മാവ് മാത്രമായിരുന്നു ജി.എന്‍.പിള്ളസാര്‍” അനുസ്‌മരണ പ്രസംഗത്തില്‍ ശ്രീ.സലാം പള്ളിത്തോട്ടം അടിവരയിട്ടു പറഞ്ഞു. ലോകത്തിന്റെ അസ്വസ്ഥതകള്‍ സ്വയം ഏറ്റെടുത്തുകൊണ്ട് ശാന്തി നല്‍കിയ മഹാത്മാവായിരുന്നു പിള്ളസാറെന്ന് വിശേഷിപ്പിച്ച ശ്രീ.സലാം, ആ മഹാനുഭാവനില്‍നിന്ന് ലഭിച്ച കാരുണ്യവും സ്‌നേഹവാത്സല്യവും സ്‌മരിച്ചു. “അന്നന്നത്തെ വഴുതിനയെക്കുറിച്ചുമാത്രം ചിന്തിച്ച നിര്‍മ്മമനായിരുന്നു ജി.എന്‍.പിള്ള” എന്നാണ് ശ്രീ.മധുശങ്കര്‍ വിശേഷിപ്പിച്ചത്.
ജി.എന്‍.പിള്ളയുടെ ദര്‍ശനങ്ങള്‍ സമാഹരിച്ച് ശ്രീ.എ.പി. നളിനന്‍ തയ്യാറാക്കിയ ‘ശ്രദ്ധ’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം പ്രസിദ്ധ നിരൂപകനും ആത്മീയപ്രഭാഷകനുമായ ഡോ.കെ.എം. പ്രിയദര്‍ശന്‍ലാല്‍ നിര്‍വ്വഹിച്ചു. പ്രശസ്‌ത കവി ശ്രീ പി.എം. നാരായണനാണ് ആദ്യപ്രതി ഏറ്റുവാങ്ങിയത്. ജി.എന്‍.പിള്ളയുടെ അറിവിന്റെ ആഴത്തെക്കുറിച്ച് അത്ഭുതംകൂറിക്കൊണ്ടാണ് ഡോ.പ്രിയദര്‍ശന്‍ലാല്‍ പ്രഭാഷണമാരംഭിച്ചത്. ആത്മീയ തത്ത്വങ്ങള്‍ കോര്‍ത്തൊരുക്കിയ വര്‍ണ്ണമാലയാണ് ‘ശ്രദ്ധ’ എന്ന ഗ്രന്ഥമെന്നും ഈ ദര്‍ശനസമ്പുടത്തിന് അന്യഭാഷകളില്‍ പരിഭാഷകളുണ്ടാവേണ്ടതുണ്ടെന്നും ഡോ.ലാല്‍ അഭിപ്രായപ്പെട്ടു. “വിശ്വമംഗളമാണ് കലാകാരന്റെ – കവിയുടെ – ലക്ഷ്യമെന്ന് വിശ്വസിച്ച കലാചിന്തകനും നിരൂപകനുമായിരുന്നു ജി.എന്‍.പിള്ള” എന്ന് ശ്രീ പി.എം നാരായണന്‍ വ്യക്തമാക്കി.
ധന്യനിമിഷത്തിന്റെ നിറവില്‍ ചാരിതാര്‍ത്ഥ്യത്തോടെയാണ് സദസ്സിന് മുന്നില്‍ നില്‍ക്കുന്നതെന്ന് ‘ശ്രദ്ധ’ എന്ന ഗ്രന്ഥം തയ്യാറാക്കിയ ശ്രീ.എ.പി. നളിനന്‍ പറഞ്ഞു. ഭൂതശുദ്ധി, പാപമുക്തി, ശോധി, ബോധി, പരമഗതി, മോക്ഷം തുടങ്ങി അറുപത്തിനാല് തത്ത്വങ്ങളാണ് ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ആത്മീയ സാധനയുടെ സഫലതയ്‌ക്ക് ഈ ഗുരുദര്‍ശനങ്ങള്‍ സഹായകമാവുമെന്ന് ശ്രീ.നളിനന്‍ പ്രത്യാശിച്ചു.
മനസ്സിന്റെ കടുംകെട്ടുകളഴിച്ച് കാവ്യബോധത്തിലേക്ക് പിടിച്ചുയര്‍ത്തിയ ആചാര്യനാണ് തനിക്ക് പിള്ളസാര്‍ എന്നാണ് ശ്രീ.കുട്ടിഅനുജന്‍ രാജ അനുസ്‌മരിച്ചത്. ശ്രീ.യു.കെ. രാധാകൃഷ്‌ണന്‍ സ്വാഗതം പറഞ്ഞു. ശ്രീ.കെ. ശരത്‌ചന്ദ്രന്‍ നന്ദി പ്രകാശിപ്പിച്ചു.
-കേശവ്