വേനലില്‍ ഒരു വാനമ്പാടി

Emily_Dickinson_daguerreotype
Emily Dickinson

മാളികമുറിയിലെ ജനല്‍പ്പാളികള്‍ വിടര്‍ത്തി, തണുത്ത സന്ധ്യകളെ വിഷാദപൂര്‍വ്വം തലോടി, അവള്‍ താഴെ പാതയിലേക്ക്‌ കണ്ണയച്ചുകൊണ്ടിരുന്നു.
വിളറി വെളുത്ത പാത ഒരു വിളിപ്പാടകലെ സെമിത്തേരിയോളം ഇഴഞ്ഞുനീങ്ങുന്നു –
ഇടയ്‌ക്കിടെ വാടിയ പൂവുകള്‍ ചൂടി കടന്നുപോകുന്ന വിലാപയാത്രകള്‍….
അവള്‍, എമിലി, സ്വയം പറഞ്ഞു:
-“ഞാനെന്റെ ശ്രദ്ധയുടെ പടിവാതിലുകള്‍ കൊട്ടിയടയ്‌ക്കട്ടെ…..!’
മുറിയില്‍ ഇരുട്ടുവീണു. ഇരുട്ടില്‍ എമിലിയെന്ന പെണ്‍കുട്ടിയുടെ മനസ്സില്‍ അവിടവിടെ വരച്ചാര്‍ത്തുകള്‍. അവളതാരും അറിയാതെ താളുകളില്‍ കുറിച്ചിട്ടു. ദുഃഖത്തില്‍ കുതിര്‍ന്ന അവളുടെ സ്വപ്‌നശകലങ്ങള്‍ ഉള്ളില്‍ ഉദിച്ചുയര്‍ന്ന ദര്‍ശനരേഖകള്‍….

കടുത്ത ഏകാന്തതയായിരുന്നു എമിലിയുടെ കൂട്ടിന്നെപ്പോഴും. വിരലിലെണ്ണാവുന്ന ആത്മസുഹൃത്തുക്കളോടുപോലും തുടിക്കുന്ന എഴുത്തുകളിലൂടെ മാത്രം ബന്ധപ്പെടുവാന്‍ അവള്‍ ആഗ്രഹിച്ചു. കവിത തുളുമ്പുന്ന, ആത്മാലാപങ്ങള്‍ നിറഞ്ഞ എമിലി ഡിക്കിന്‍സിന്റെ എഴുത്തുകള്‍ ചിലപ്പോള്‍ അവരുടെ കവിതകളെപ്പോലും അതിശയിക്കുന്നു; അല്ല- അവ ഉദാത്തമായ കവിത തന്നെയാണ്‌.

മുകളില്‍ കവാടങ്ങള്‍ കൊട്ടിയടച്ചിരുന്ന്‌, അവള്‍ ജീവിതത്തെ ത്യജിച്ച ജീവിതത്തെ ത്യജിക്കാന്‍ പലരും കണ്ടെത്തിയ പ്രേമപരാജയം അവളുടെ ദുഃഖത്തിന്റെ അനന്തമേഖലയിലെ ഒരു ചെറിയ നക്ഷത്രപ്പൊട്ട്‌ മാത്രമായിരുന്നു.

Dickinson_children
The Dickinson children (Emily on the left)

അവള്‍ അധികവും സ്വന്തം മുറിയില്‍ തപസ്സിരുന്നു. എങ്കിലും അവളുടെ വാങ്‌മയങ്ങളില്‍ ജീവിതാനുഭവങ്ങളുടെ നക്ഷത്രദീപങ്ങള്‍ തെളിഞ്ഞുനിന്നിരുന്നു. ആത്മദുഃഖത്തിന്റെ മൂടല്‍മഞ്ഞും നെറ്റിചുട്ടുനേടിയ ദര്‍ശനങ്ങളുടെ ഉഷ്‌ണരശ്‌മികളും അവയില്‍ ഇടകലര്‍ന്നിരുന്നു. ഭഗ്നപ്രേമത്തിന്റെ വളപ്പൊട്ടുകളും അവിടവിടെ ചിതറിക്കിടന്നിരുന്നു….

വിചിത്രഭാവങ്ങളോട്‌ വിടപറയാന്‍ എമിലിക്ക്‌ മടിയായിരുന്നു അവിടെനിന്ന്‌ താഴേയ്‌ക്കിറങ്ങിവന്നാല്‍ സ്വയം നഷ്‌ടപ്പെടുമെന്നവള്‍ മനസ്സിലാക്കി. സാധാരണീകരണത്തിന്‌ വഴിപ്പെട്ടാല്‍ സ്വന്തം അസ്‌തിത്വം നഷ്‌ടപ്പെടുമെന്ന്‌ മനസ്സിലാക്കിയ ആ പെണ്‍കുട്ടി, അസാധാരണമായ ഒരു മുഖപടം ചാര്‍ത്തി, മുറിയിലൊളിച്ചിരുന്നു. പിതൃഭവനത്തിന്റെ രക്ഷാഭിത്തികള്‍ക്കുള്ളില്‍ അവള്‍ സ്വയം തളച്ചിടുകയായിരുന്നു!

വിചിത്രസ്വഭാവങ്ങളുടെ ഉടമയായിരുന്ന ഈ കവയിത്രിയുടെ അന്തര്‍മുഖത്വത്തിന്‌, പ്രതിഭയുടെ വരക്കുറി ചാര്‍ത്തുന്നവരും, മനോരോഗത്തിന്റെ കരിവാരിത്തേയ്‌ക്കുന്നവരുമുണ്ട്‌.
സത്യമെന്തായിരുന്നു…?
ക്ഷണികലോകത്തില്‍ അവര്‍ ഉന്മാദനിയായിരുന്നിരിക്കാം. എന്നാല്‍ നിത്യതയുടെ ലോകത്തില്‍ അവള്‍ തികച്ചും സമചിത്തയത്രെ!
മറ്റൊരര്‍ത്ഥത്തില്‍ എമിലി ഉന്മാദത്തെ അതിജീവിക്കുകയായിരുന്നു; പടവെട്ടി ജയിക്കുകയായിരുന്നു.
എമിലിയുടെ കവിമനസ്സില്‍ രതിവൈകൃതത്തിന്റെ ബീജങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന മനഃശാസ്‌ത്രനിരൂപകരുണ്ട്‌. അവളില്‍ അവര്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളും ദര്‍ശിക്കുന്നു. എന്നാല്‍ പ്രസിദ്ധ നിരൂപകയായ മിസിസ്സ്‌ വാര്‍ഡ്‌ പറഞ്ഞതാണ്‌ ശരി:
“എമിലി സമചിത്തതയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം കടന്നിട്ടില്ല. കാരണം രോഗാതുരമായ ഒരു മനസ്സ്‌ സ്വയം വിശദീകരണക്ഷമമല്ല. എന്നാല്‍ മനസ്സിനെ ശിഥിലീകരിച്ചുകൊണ്ടിരുന്ന ശക്തികളെ ചെറുത്തുനില്‍ക്കാന്‍ പാടുപെട്ട ഒരു കാലഘട്ടം അവരുടെ ജീവിതത്തിലുണ്ടായിരുന്നിരിക്കണം….’

440px-Emily_Dickinson_Poems
വെളുത്ത വസ്‌ത്രമണിഞ്ഞ്‌ പരിത്യക്തയെപ്പോലെ, അവള്‍ ഏകാന്തദുഃഖത്തിന്റെ നടുവില്‍ ഒരു വെള്ളത്താമരപോലെ വിടര്‍ന്നുനിന്നു… വിരക്തി പൂണ്ട വിരലുകള്‍ ഒടുവിലൊടുവില്‍ കത്തുകളൊട്ടിക്കാനും, അഡ്രസ്സെഴുതുവാനുംകൂടി വിസമ്മതിച്ചു. രോഗാതുരയായപ്പോള്‍, ഡോക്‌ടര്‍ക്ക്‌ അവളെ സ്‌പര്‍ശിച്ചോ, നേരിട്ട്‌ ചോദിച്ചറിഞ്ഞോ രോഗം നിര്‍ണ്ണയിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. വാതില്‍പ്പഴുതില്‍ പൂര്‍ണ്ണവസ്‌ത്രയായി മിന്നിമറിഞ്ഞ എമിലിയുടെ ദര്‍ശനത്തില്‍ നിന്ന്‌ വേണ്ടിയിരുന്നു ഡോക്‌ടര്‍ക്ക്‌ മരുന്ന്‌ കുറിക്കാന്‍..

ഒടുവില്‍ ഒരു മെഴുകുതിരിപോലെ സ്വയം എരിഞ്ഞടങ്ങിയതിനുശേഷം, എമിലിയുടെ മരണത്തിന്‌ അറുപത്തൊമ്പത്‌ വര്‍ഷങ്ങള്‍ക്കുശേഷം, ആ പ്രതിഭാധനയായ കവയിത്രിയുടെ പൂര്‍ണ്ണവും അപൂര്‍ണ്ണവുമായ കവിതാശകലങ്ങള്‍ ഒന്നായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍, അവരറിയാതെ, അവരെയറിയിക്കാതെ കല്ലറപൂകിയ ആ വാനമ്പാടിയുടെ ഗാനവീചികളില്‍ ആംഗലകാവ്യാസ്വാദകര്‍ സ്വയം മറന്നുപോവുകയായിരുന്നു…

യശസ്സിന്റെ കുട്ടികള്‍ ഒരിക്കലും മരിക്കില്ലെന്ന്‌ ആശീര്‍വദിക്കുമ്പോള്‍തന്നെ അവര്‍ പാടി:
“കീര്‍ത്തി ഒരു തേനീച്ചയാണ്‌.
ചുണ്ടത്തൊരു പാട്ടും
കൂര്‍ത്തൊരു മുള്ളും
ചിറകുമുള്ള തേനീച്ച!’

എമിലിയുടെ കവിതകളെല്ലാം സ്വന്തം പാളിച്ചകളുടെ ഏറ്റുപറച്ചിലുകളാണ്‌ വലിയൊരളവോളം. പാതിരാവുകളില്‍ നെയ്‌തെടുത്ത ആത്മഗീതികള്‍ പാക്കറ്റുകളിലാക്കി ഡ്രസ്സര്‍ഡ്രായറുകളില്‍ ഒളിപ്പിച്ചുവെയ്‌ക്കപ്പെട്ടത്‌, സഹോദരി ലിവിയാന എമിലിയുടെ മരണശേഷം കണ്ടെടുക്കുകയായിരുന്നു.

മരണം മണ്ണും മനസ്സും തമ്മിലുള്ള ഒരു സംവാദമാണെന്ന്‌ എമിലി കണ്ടെത്തി. വിശ്വാസങ്ങളും ആദര്‍ശങ്ങളും തേര്‍ചക്രങ്ങളുടെ സുഗമനിര്‍വ്വഹണത്തിനുള്ള ലേപനങ്ങളാണ്‌. എന്നാല്‍ അച്ചാണി തിരിഞ്ഞുതുടങ്ങുമ്പോള്‍ നാം ആ സ്‌നേഹത്തുള്ളികള്‍ തൂത്തെറിയുന്നു….

Emily_Dickinson_'Wild_nights'_manuscript
Emily Dickinson’s ‘Wild Nights’ manuscript

(ഒരു വിളറിവെളുത്ത ലില്ലിപ്പൂവ്‌ നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നു. നനുത്ത ഇതളുകളുടെ കോണിലെ മിഴിനീര്‍ നമ്മുടെ കണ്ണുകളെ നനയിക്കുന്നു….)

ജീവിതത്തെ പ്രത്യക്ഷത്തില്‍ നിഷേധിക്കുന്ന ഈ കവിയത്രിയുടെ ഒരു ആത്മാലാപം ശ്രദ്ധിക്കൂ:
-“എനിക്കെന്റെ കുഞ്ഞിന്റെ ഉടമസ്ഥത, ഒരു ആത്മാവിന്റെ അധീശത്വം…
വേണ്ട!
എനിക്ക്‌ പേടിയാണ്‌’.

ഒരു കുഞ്ഞ്‌ എന്നത്‌ വളരെ വിലപിടിപ്പുള്ള അമൂല്യനിധിയാണ്‌ – ഇഷ്‌ടാനുസാരിയല്ല. ഇരുട്ടില്‍, ഏകാന്തതയില്‍ ആ മനസ്സുതേങ്ങി – “ഞാന്‍ ഒന്നേ ചോദിച്ചുള്ളൂ; അതുമാത്രം എനിക്ക്‌ നിഷേധിക്കപ്പെട്ടു….’

പിന്നെ ആകാശം മുഴുവന്‍ ഉള്ളിലൊതുക്കാന്‍ അവള്‍ പാടുപെടുകയായിരുന്നു. മറ്റൊരു പൂച്ചട്ടിയില്‍ വാടിനിന്ന സ്വന്തം പുഷ്‌പം മറയ്‌ക്കാന്‍ പാടുപെടുകയായിരുന്നു.
പ്രയാണവിഹ്വലതയില്‍ എമിലി അറിഞ്ഞു:
-എന്റെ ചക്രങ്ങള്‍ ഇരുട്ടിലാണ്‌.
-എന്റെ കാലുകള്‍ ആടിയുലയുന്ന തിരച്ചാര്‍ത്തുകളിലാണ്‌….
എന്നിട്ടും ഇളകുന്ന മണല്‍ത്തരികള്‍ക്കുമീതെ എമിലി പിടിച്ചുനിന്നു. ഭൂഖണ്‌ഡങ്ങളുടെ ഇടയില്‍ അതിരിട്ടുകിടക്കുന്ന സമുദ്രങ്ങള്‍ക്കുമീതെ, പൂവുകളുടെ മന്ത്രാലയങ്ങള്‍ മിടുക്കോടെ സാരഥ്യമൊരുക്കുമ്പോള്‍ പങ്കുചേര്‍ന്നു.
ഏകയായി തുടര്‍ന്ന പ്രയാണത്തിന്റെ സന്ധ്യകളിലൊന്നില്‍ അവള്‍, എമിലി മനസ്സിലാക്കി:
-“വേദന കാലത്തെ വിടര്‍ത്തുന്നു….
യുഗങ്ങള്‍ ചുരുണ്ടുകൂടി കിടക്കുന്നു.
– “വേദന കാലത്തെ നിയന്ത്രിക്കുന്നു….
(മുറിവേറ്റ മാന്‍ ഏറെയധികം ഉയരത്തില്‍ ചാടുന്നു…)’
വെയിലാറാന്‍ തുടങ്ങുമ്പോള്‍ നിഴല്‍പ്പാടുകള്‍ നോക്കി എമിലി വിതുമ്പി:
-“സൂര്യനെ ഞാന്‍ കണ്ടില്ലായിരുന്നെങ്കില്‍,
എനിക്ക്‌ ഈ തണല്‍ സഹനീയമാകുമായിരുന്നു….’
സ്‌നേഹിക്കപ്പെടാത്ത ഹൃദയത്തിന്‌ മാത്രമേ, ദുരന്തത്തിന്റെ സാംഗത്യം-അര്‍ത്ഥം അറിയൂ എന്നും അവള്‍ ദുഃഖിതയാവുന്നു….
വാചാലനേക്കാള്‍, എമിലി ഭയപ്പെട്ടത്‌ മൗനിയേയാണ്‌. അപരിഷ്‌കൃതനേക്കാള്‍, അളന്നുമുറിച്ച്‌ തിട്ടപ്പെടുത്തിയ, ചെത്തിമിനുക്കിയ മനസ്സിനെ അവള്‍ വെറുത്തു. “പാവം കുട്ടി’ എന്ന സഹതാപസ്‌തുതിയില്‍, കുറ്റപ്പെടുത്തലിന്റെ വിലങ്ങുകള്‍ ദര്‍ശിച്ചു.

അവള്‍ക്ക്‌ വെറുക്കുവാന്‍, സമയം – അവസരം കിട്ടിയില്ല എന്തെന്നാല്‍, ശ്‌മശാനത്തിന്റെ ഓര്‍മ്മ -നിഴല്‍- അത്‌ വിലക്കി. ശത്രുത്വം കൊണ്ടുനിറയാന്‍ മാത്രം പരന്നചട്ടക്കൂടിലായിരുന്നില്ല ജീവിതം. പ്രേമിക്കാനും എമിലിക്ക്‌ സമയം കിട്ടിയില്ല. പ്രേമവ്യാപാരം തന്റെ കിളിമനസ്സിന്‌ താങ്ങാവുന്നതിലുമധികമാണെന്ന്‌ അവള്‍ക്കു തോന്നി….

“ഉന്നതങ്ങളില്‍ വര്‍ത്തിക്കുന്ന സ്‌നേഹം എത്തിപ്പിടിക്കാന്‍ കഴിയാതെ വിഷമിക്കുന്ന ഹൃദയം. മുറിച്ചുകടക്കാന്‍ കഴിയാത്തത്ര ആഴമേറിയ സ്‌നേഹം… മൂടുപടമണിഞ്ഞ സ്‌നേഹത്തിന്റെ മുഗ്‌ദ്ധത മുകരാന്‍ എത്ര കറുച്ചുപേര്‍ക്കുമാത്രമെ കഴിയൂ!’
അവള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.
ജീവിതം സ്‌ഫടികതരമാണെന്നും, ഈ ക്ഷണികതയില്‍ കഴിയുന്നത്ര ശ്രദ്ധവേണമെന്നും ഉപയോഗശൂന്യമായ കോപ്പക്കഷ്‌ണങ്ങളായിത്തീരാന്‍ നിമിഷങ്ങള്‍ മതിയെന്നുമുള്ള ബോധം എമിലിയെ സദാ അലട്ടിക്കൊണ്ടിരുന്നു. സ്വന്തം മാതാവ്‌ അനുഭവിച്ച യാതനകള്‍, സഹോദരന്റെ വിവാഹജീവിതത്തിലെ അസ്വരസങ്ങള്‍ എല്ലാം അവളെ കൂടുതല്‍ വിരക്തയാക്കി.

എമിലിയും അമ്മയും തമ്മിലുള്ള വ്യക്തിബന്ധത്തില്‍ എവിടെയോ ചില പാകപ്പിഴവുകള്‍, പൊരുത്തക്കേടുകള്‍ സംഭവിച്ചിരുന്നു. അവ കാലം ചെല്ലുന്തോറും അടിയിലൂറിക്കൂടി കനംവെച്ചുവന്നു. പ്രായപൂര്‍ത്തിയാവുമ്പോഴേയ്‌ക്കും അമ്മയുമായി വൈകാരികമായി സംവദിക്കാനുള്ള അവസരം എമിലിക്ക്‌ എങ്ങിനെയോ നഷ്‌ടപ്പെട്ടിരുന്നു. ഈ വിടവ്‌ അവളുടെ മനസ്സില്‍ ഇരുട്ടുകുഴികള്‍ തീര്‍ത്തു….

ജീവിതത്തിന്റെ അന്ത്യഘട്ടങ്ങളില്‍, കുടുംബത്തിലെ അംഗങ്ങളുമൊത്ത്‌ ഭക്ഷണം കഴിക്കുന്നതുപോലും എമിലി വെറുത്തു. അവള്‍ക്കുള്ള ഭക്ഷണം മുറിയിലേക്ക്‌ കൊണ്ടുവരികയായിരുന്നു. വസ്‌ത്രങ്ങള്‍ സഹോദരിയുടെ അളവനുസരിച്ച്‌ തയ്‌ക്കുകയായിരുന്നു പതിവ്‌. കാരണം തുന്നല്‍ക്കാരന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ എമിലി ഇഷ്‌ടപ്പെട്ടിരുന്നില്ല.

Emily Dickinson's tombstone in the family plot
Emily Dickinson’s tombstone in the family plot

വൃക്കരോഗംമൂലം 1886 മെയ്‌ 15ന് അന്തരിച്ച എമിലിയുടെ അന്ത്യക്രിയകള്‍ അവളുടെതന്നെ വിചിത്രനിര്‍ദ്ദേശാനുസരണമാണ്‌ ചെയ്യപ്പെട്ടത്‌.എമിലിയുടെ ചെറിയ ശരീരം വെളുത്ത വസ്‌ത്രങ്ങളണിയിച്ച്‌, വെളുത്ത ശവപ്പെട്ടിയില്‍ അടക്കം ചെയ്‌ത്‌, വീടിന്റെ പിന്‍വാതിലിലൂടെ ആറ്‌ ഐറീഷ്‌ ജോലിക്കാര്‍ സെമിത്തേരിയിലേക്ക്‌ വഹിക്കുകയായിരുന്നു….

-“നിങ്ങള്‍ക്ക്‌ ഒരു തീകെടുത്തുവാന്‍ സാദ്ധ്യമല്ല. തണുത്തുറഞ്ഞ രാത്രിയിലും, നേരിയ കാറ്റില്‍ മങ്ങിനിന്ന ഒരു കനല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും .നിങ്ങള്‍ക്ക്‌ പ്രളയജലം തടുത്തു ചെപ്പിലൊതുക്കാനാവില്ല.
കാരണം, കാറ്റതും കണ്ടെത്തും, നാട്ടില്‍ പാട്ടാക്കും…..’ എമിലി എഴുതി.
അതെ, സ്വയം എത്ര ഉള്‍വലിയാന്‍ ശ്രമിച്ചിട്ടും, ഒളിച്ചിരിക്കാന്‍ ശ്രമിച്ചിട്ടും എമിലിയുടെ കാവ്യപ്രതിഭയെയും കാലം തങ്കത്തേരിലിരുത്തി, വരക്കുറി ചാര്‍ത്തി……
“താളുകളിലെഴുതപ്പെട്ടില്ലെങ്കിലും, തെളിഞ്ഞ വാനം തന്നെ ഒരു കവിതയാണ്‌. നല്ല കവിതകള്‍ ചിറകാര്‍ന്നു വിലസുന്നു’.
-എമിലി എഴുതുന്നു:
“പറഞ്ഞുകഴിഞ്ഞാല്‍,
എല്ലാവാക്കും മറികടന്നു (ചിലര്‍ പറയുന്നു!)
എന്നാല്‍
ഞാന്‍ പറയും.
അത്‌ ആ നിമിഷം തൊട്ടു ജീവിക്കാന്‍ തുടങ്ങുന്നതേയുള്ളൂ…..!’

-എ.പി. നളിനന്‍

*Image courtesy: wikipedia

Share Button