പൊന്നങ്കോടിന്റെ കവിതകള്‍

Ponnancode Gopalakrishnan
Ponnancode Gopalakrishnan

“മധുരമായ കാവ്യാനുഭൂതിയും പരിപക്വമായ ആത്മീയതയും ഭക്തിപൂര്‍ണ്ണമായ മനസ്സിന്റെ ശാന്തിസന്ദേശങ്ങളും പ്രസന്നവും സുന്ദരവും സരളവുമായ രചനയിലൂടെ സഹൃദയര്‍ക്ക്‌ കാഴ്‌ചവെച്ച അനുഗ്രഹീതകവിയാണ്‌ ശ്രീ.പൊന്നങ്കോട്‌ ഗോപാലകൃഷ്‌ണന്‍” എന്നാണ്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അദ്ദേഹത്തിന്റെ ‘ഗായത്രി’ എന്ന കവിതാസമാഹാരം പ്രൊഫ. എ.പി.പി കവിതാ അവാര്‍ഡിന്‌ തെരഞ്ഞെടുത്തുകൊണ്ട്‌ പുരസ്‌കാര നിര്‍ണ്ണയസമിതി വിലയിരുത്തിയത്‌. ഈ കവിയുടെ സര്‍ഗ്ഗഭാവനാസൗന്ദര്യം ആസ്വദിക്കുവാന്‍ ‘തിരനോട്ടം’ എന്ന കവിതയിലെ ഈ വരികള്‍ മാത്രം മതി:
“ചുട്ടികുത്തുവാനായിക്കിടക്കും നീലാകാശ-
മിത്തിരിയുറങ്ങട്ടെയെന്നോര്‍ത്തുമയക്കമോ?
തേപ്പിനു കിടക്കുന്ന പകലുമുറങ്ങുന്ന
തോര്‍ക്കുന്നേന്‍ കിഴക്കിന്റെ മിഴി ചോന്നിടും മുമ്പെ
നേരമില്ലിനിയേറെയിരുളിന്‍ തിരശ്ശീല
വീഴുവാന്‍; പകല്‍ ചോന്നതാടിയായ്‌ രംഗത്തെത്താന്‍”.

Citation presented by Sri. Ap.P. Nalinan to Prof. A.P.P Award Winner Sri. Ponnancode Gopalakrishnan
Citation presented by Sri. A.P. Nalinan to Prof. A.P.P Award Winner Sri. Ponnancode Gopalakrishnan in 1993

ആറു പതിറ്റാണ്ടിലേറെയായി കാവ്യസപര്യ തുടരുന്ന, എണ്‍പത്തിരണ്ടിന്റെ നിറവിലെത്തി നില്‍ക്കുന്ന ശ്രീ.പൊന്നങ്കോട്‌ ഗോപാലകൃഷ്‌ണനെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവിതാ സമാഹാരമായ “നിത്യപൌര്‍ണ്ണമി”യുടെ അവതാരികാകാരനായ ഡോ.കെ.എം പ്രിയദര്‍ശന്‍ ലാല്‍ അഭിപ്രായപ്പെടുന്നത്‌ ഇങ്ങിനെയാണ്‌: “പൂത്തിരി, സ്വര്‍ണ്ണമേഘങ്ങള്‍, പ്രണവം, ഗായത്രി, പുരുഷസൂക്തം, ഇദം ന മമ എന്നീ വിശിഷ്‌ട സമാഹാരങ്ങള്‍കൊണ്ട്‌ തന്റെ കവിതാസിദ്ധി തെളിയിച്ച ഈ സാത്വികന്‍ കാലം ചെല്ലുംതോറും സിതപക്ഷചന്ദ്രനെപ്പോലെ വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്‌….”.

പൊന്നങ്കോടിന്റെ കവിതകളുടെ സവിശേഷതകള്‍ വിശദമായി പ്രതിപാദിക്കുന്ന ഡോ.പ്രിയദര്‍ശന്‍ലാലിന്റെ അവതാരിക ഇങ്ങനെ തുടരുന്നു:
“ഗതകാലനന്മകളെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെങ്കില്‍ക്കൂടി അവയെ ബഹുമാനപുരസ്സരം അനുസ്‌മരിക്കയെങ്കിലും വേണമെന്നാണ്‌ കവിയുടെ നിശ്ചയം. പഴമയുടെ നന്മ പുതുമയെ ശക്തിപ്പെടുത്തണമെന്ന സുചിന്തിതമായ കാഴ്‌ചപ്പാട്‌ ഇദ്ദേഹത്തിനുണ്ട്‌”.

ഭാവത്തിനൊത്ത ഭാഷയും ബിംബങ്ങളുമാണ്‌ പൊന്നങ്കോട്‌ കവിതകളുടെ സൗഭാഗ്യം എന്ന്‌ ചൂണ്ടിക്കാണിക്കുന്ന ഡോ.ലാല്‍, “വാസ്‌തവോക്തിയും വക്രോക്തിയും ഒരുപോലെ പ്രയോഗിക്കാന്‍ ശ്രീ.പൊന്നങ്കോടിനുള്ള സാവ്യസാചിത്വത്തെ ഉയര്‍ത്തിക്കാട്ടുന്നു: “ജീവിതത്തെ സ്‌നേഹിക്കുകയും സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമ്പോള്‍ തന്നെ ഇത്‌ മാത്രമാണ്‌ സത്യമെന്ന്‌ ഭ്രമിച്ച്‌ പോകരുതെന്നും കവി ഓര്‍മ്മിപ്പിക്കുന്നു. പുരുഷാര്‍ത്ഥചതുഷ്‌ടയ ചിന്തയിലിധിഷ്‌ഠിതമായ ആര്‍ഷജ്ഞാനമാണ്‌ ഈ ചിന്തയുടെ ഭൂമിക. ഭക്തിയാണ്‌ ഈ കവിയുടെ സ്ഥായീഭാവം. ധര്‍മ്മവീരമാണ്‌ അനുഭാവം. പ്രാപഞ്ചികങ്ങളായ സര്‍വ്വവ്യാപാരങ്ങളും സഞ്ചാരികളാകുന്നു”.

“എന്റെ നെഞ്ച്‌ തുളച്ചേറും
നോവിന്റെ സുഷിരങ്ങളില്‍
ഒഴുകും നിന്റെയാത്മാവു
സാന്ദ്രസംഗീതമാകവെ”

nithyapournami1
എന്ന്‌ ‘ഓടക്കുഴല്‍’ എന്ന കവിതയില്‍ കുറിച്ചിടുന്ന കവി,

“എണ്‍പതില്‍ കാലുകുത്തുമ്പോള്‍
എന്റെയുള്ളത്തിലിങ്ങനെ
എന്തുണ്ടു ചൊല്ലുവാന്‍ കൃഷ്‌ണാ!
എല്ലാം നിന്‍കൃപയല്ലയോ!”
എന്നാണ്‌ ‘രേണുകൂടം’ എന്ന കവിതയില്‍ ഹര്‍ഷം കൊള്ളുന്നത്‌. “തൃപ്പുകയും ഓലവായനയും” എന്ന കവിതയാവട്ടെ കൃഷ്‌ണസമര്‍പ്പണമാണ്‌:

“അന്ത്യമായി വഴിച്ചോറായ്‌
ക്കൊണ്ടുപോകന്‍ കൊതിപ്പുഞാന്‍
കൃഷ്‌ണ! കൃഷ്‌ണേതിയെന്നുള്ള
തിരുനാമ നിമന്ത്രണം”.

ananthasayanam

“വേദപാരമ്പര്യമായ വൈഷ്‌ണവമതത്തിന്റെ പാട്ടുകാരനായി, വിശ്വദര്‍ശനസിദ്ധിമാനായി, ഭാരതീയ കവിതയുടെ കാളിദാസാനന്തരമുള്ള മാതൃകയെന്നോണം എഴുതിയ രവീന്ദ്രനാഥടാഗോറിന്റെ മുഴക്കവും അതിന്‌ ചേരുന്ന ശ്രുതിയായി ജി.ശങ്കരക്കുറുപ്പിന്റേയും കുഞ്ഞിരാമന്‍ നായരുടേയും അടിയൊഴുക്കും പൊന്നങ്കോടില്‍ ആസ്വാദനീയമായി ഭവിക്കുന്നു. ആ ഗുണത്തിന്‌ പാരമ്പര്യ സുഘടിതത്വം എന്ന്‌ പറയാം” – പൊന്നങ്കോടിന്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമായ ‘അനന്തശയന’ത്തിന്‌ ആമുഖ പഠനമൊരുക്കിയ കവിയും വിമര്‍ശകനുമായ പി.നാരായണക്കുറുപ്പിന്റെ ഈ നിദര്‍ശനം ശ്രദ്ധേയമാണ്‌.

ശ്രീ.പൊന്നങ്കോട്‌ ഗോപാലകൃഷ്‌ണന്റെ കവിതയുടെ സ്രോതസ്സ്‌ മലയാളത്തനിമയാണെന്ന്‌ ‘ഗായത്രി’ എന്ന കവിതാസമാഹാരത്തിന്റെ അവതാരികയില്‍ മഹാകവി ഒളപ്പമണ്ണ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഭാരതീയ സാംസ്‌കാരിക സ്‌പന്ദങ്ങള്‍ മനസ്സിലാവാന്‍ ശ്രീ.പൊന്നങ്കോടിന്റെ കവിതകള്‍ വായിക്കുകയാണ്‌ വേണ്ടതെന്നും “അതിന്‌ ക്ഷമയില്ലെങ്കില്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നേരെ നോക്കിയാലും മതി. സത്യത്തിന്റെ, സ്‌നേഹത്തിന്റെ, ധര്‍മ്മത്തിന്റെ, എന്തിന്റെയൊക്കെയോ ശാന്തി നമ്മില്‍ കിളര്‍ന്നുവരാന്‍ തുടങ്ങുകയായി.” എന്നുമാണ്‌ മഹാകവി അക്കിത്തത്തിന്റെ ആശംസ. “അര്‍ത്ഥം ചുരത്തുകയും ഭാവസൗരഭ്യം പ്രസരിപ്പിക്കുകയും ചെയ്യുന്ന കവിതയാണ്‌ ഗോപാലകൃഷ്‌ണന്റേത്‌. അതില്‍ ഛന്ദസ്സ്‌ സൂക്ഷ്‌മനിയാമകമായി വര്‍ത്തിക്കുന്നു. കവിതയിലെ വിലപ്പെട്ട പലതും കാലപരിണാമത്തില്‍ മറഞ്ഞുപോകുന്ന ഈ സന്ദര്‍ഭത്തില്‍ അവയെ നിലനിര്‍ത്താനുള്ള അഭിനന്ദനീയമായ ശ്രമം അദ്ദേഹത്തിന്റെ കവിതയെ ശ്രദ്ധേയമാക്കുന്നു.” എന്ന വിശിഷ്‌ട കവി വിഷ്‌ണുനാരായണന്‍ നമ്പൂതിരിയുടെ നിരീക്ഷണം ശ്രീ.പൊന്നങ്കോടിന്റെ കാവ്യസപര്യയ്‌ക്കുള്ള വിലപ്പെട്ട അംഗീകാരമാണ്‌.

Krishnageethi Award presented to Ponnancode Gopalakrishnan by the Samoothiri Raja of Calicut at the Revathi Pattathanam function in Nov-2013
Krishnageethi Award presented to Ponnancode Gopalakrishnan by the Samoothiri Raja of Calicut at the Revathi Pattathanam function in Nov-2013

പ്രസാദമധുരവും ശാന്തസുന്ദരവുമായ കാവ്യരചനകള്‍ ശ്രീ.പൊന്നങ്കോട്‌ ഗോപാലകൃഷ്‌ണനില്‍ നിന്ന്‌ കൈരളി ഇനിയും പ്രതീക്ഷിക്കുന്നു.

-കേശവ്‌

Share Button