കേരളത്തിലെ പ്രാചീന ആരാധനാലയങ്ങള്‍
പ്രാചീന കേരളീയ ആരാധനാലയങ്ങളെക്കുറിച്ച് വിശദമായ ഗവേഷണപഠനങ്ങള്‍ നിര്‍വ്വഹിച്ച ചരിത്രപണ്ഡിതനാണ് ഡോ.എം.ജി.എസ്. നാരായണന്. അദ്ദേഹവുമായി നടത്തിയ മുഖാമുഖത്തില്‍നിന്ന്-
‘ഗുഹാക്ഷേത്രങ്ങള്ക്കാണ് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രാചീനതയുള്ളത്. എ.ഡി 8-9 നൂറ്റാണ്ടുകളിലാണ് ഇവയുടെ നിര്‍മ്മാണം എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. കവിയൂര്‍, വിഴിഞ്ഞം, കല്ലില്‍, തൃക്കൂര്, ഇരുന്നലക്കോട്, ചിത്രാള്‍ എന്നിവിടങ്ങളിലാണ് ഗുഹാക്ഷേത്രങ്ങളുള്ളത്. വലിയ പാറ തുരന്നാണ് ഈ ക്ഷേത്രനിര്‍മ്മാണ രീതി. പിന്‍ചുവരില്‍ രൂപങ്ങളും കൊത്തിവച്ചിരിക്കുന്നു. സ്തംഭങ്ങളും ഈ ഗുഹാക്ഷേത്രങ്ങളില്‍ കാണാം.
പല്ലവരില്‍ നിന്നാണ് പല്ലവ-ചോള-പാണ്ഡ്യ-കേരള ദേശങ്ങളിലേക്ക് ഗുഹാക്ഷേത്രനിര്മ്മാണശൈലി പകര്‍ന്നുകിട്ടിയത്. ചാലൂക്യരില്നിന്നാണ് പല്ലവര്‍ ഗുഹാക്ഷേത്ര നിര്‍മ്മാണം അനുകരിച്ചത്. 9-ാം നൂറ്റാണ്ടിനുശേഷം കേരളത്തില്‍ ഗുഹാക്ഷേത്രങ്ങള്‍ നിര്മ്മിക്കപ്പെട്ടിട്ടില്ലെന്നു കാണാം.
ബ്രാഹ്മണരുടെ അധിനിവേശത്തോടെയാണ് കേരളീയ ക്ഷേത്രനിര്മ്മാണരീതികളില് മാറ്റം വന്നത്. കേരളത്തിലെ ബ്രാഹ്മണരുടെ 32 ഗ്രാമങ്ങളെയും ഉപഗ്രാമങ്ങളെയും കേന്ദ്രീകരിച്ചുകൊണ്ടാണ് പ്രധാന ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്തിരുന്നതെന്നത് ശ്രദ്ധേയമാണ്.
കേരളത്തില്‍ കണ്ടെടുത്ത ഏറ്റവും പഴക്കം ചെന്ന വട്ടെഴുത്തിലുള്ള, വാഴപ്പള്ളി ചെമ്പോലയില്‍ രാജശേഖരന് എന്ന ചേരമാന്‍ പെരുമാള്‍ വാഴപ്പള്ളി ക്ഷേത്രത്തിലേക്ക് നല്കിയ ദാനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. തിരുവല്ല വാഴ്കോവില് എന്ന ശ്രീവല്ലഭ ക്ഷേത്രത്തിനോടനുബന്ധിച്ച രണ്ട് ഉപഗ്രാമങ്ങളായിരുന്നു വാഴപ്പള്ളിയും തിരുവാറ്റുവായയും. 7-8-9 നൂറ്റാണ്ടുകളിലായിരുന്നു 32 ഗ്രാമങ്ങളേയും ഉപഗ്രാമങ്ങളേയും കേന്ദ്രീകരിച്ചുള്ള ക്ഷേത്രനിര്‍മ്മാണം പ്രധാനമായും നടന്നത്.
ആദ്യകാലത്ത് ഗര്‍ഭഗൃഹവും മണ്ഡപവും മാത്രമുള്ള ചെറിയ ക്ഷേത്രങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. 8-10 അടി വരെ ഉയരമുള്ള അധിഷ്ഠാനം കരിങ്കല്ലുകൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. അതിനുമുകളില്‍ ചെങ്കല്ലോ ഇഷ്ടികയോ ഉപയോഗിച്ചുകാണുന്നു. പരന്ന മേല്‍ക്കൂരയായിരുന്നു ആദ്യഘട്ടത്തിലുണ്ടായിരുന്നത്. പിന്നീട് ചരിഞ്ഞ മേല്‍ക്കൂര പണിത് ചെമ്പ് പതിച്ചു.
വട്ടശ്രീകോവില്‍, ഗജപൃഷ്ഠം, ചതുരശ്രം എന്നീ ആകൃതിയിലായിരുന്നു കേരളത്തിലെ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നത്. പ്രദക്ഷിണ പഥവുമുണ്ടായിരുന്നു. നമ്പൂതിരിമാരുടെ നാലുകെട്ടിന്റെ രചനാരീതിയുമായി സാദൃശ്യം പില്ക്കാലത്തെ ചുറ്റമ്പലവും ശ്രീകോവിലുമുള്ള ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തില്‍ ദര്‍ശിക്കാം. പുറമെനിന്നുനോക്കിയാല്‍ രണ്ട് നിലയിലുണ്ടെന്ന് തോന്നുമെങ്കിലും ഇവയെല്ലാം ഒറ്റനിലയുള്ള നിര്‍മ്മിതികളായിരുന്നു. അധിഷ്ഠാനങ്ങളിലും വാതില്പ്പാളികളുടെമേലും, നിലത്തു പതിച്ച കരിങ്കല്ലുകളിലും ക്ഷേത്രവിവരങ്ങള്‍ ലിഖിതം ചെയ്യപ്പെട്ടിരുന്നു.
പുരാതനകാലത്തെ ഗൃഹങ്ങളൊന്നും കേരളത്തില്‍ ഇന്ന് ശേഷിക്കുന്നില്ലെങ്കിലും കരിങ്കല്ലില്‍ തീര്‍ത്ത അസ്ഥിവാരവും നിര്‍മ്മാണത്തില്‍ പുലര്‍ത്തിയ ജാഗ്രതയും ദൈവിക വിധേയത്വവും കേരളത്തിലെ പ്രാചീനമായ ക്ഷേത്രങ്ങളില്‍ പലതും ഇന്ന് നിലനില്ക്കുവാന് കാരണമായി. പുറംഘടനയില്‍ ചില മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ വന്നുചേര്‍ന്നുവെങ്കിലും അടിസ്ഥാന-മാതൃക മാറ്റമില്ലാതെ തുടര്‍ന്നു. ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളില്‍ പലതും പുനഃപ്രതിഷ്ഠിക്കപ്പെട്ടിരുന്നുണ്ടെന്ന കാര്യം വിസ്മരിക്കപ്പെടരുത്.
ചോള-പാണ്ഡ്യ-ചേര സാമ്രാജ്യങ്ങളുടെ പതനത്തോടെയാണ് ക്ഷേത്രനിര്‍മ്മാണത്തില്‍ പ്രാദേശിക ശൈലികള്‍ പ്രകടനമായിത്തുടങ്ങിയത്. 15-ാം നൂറ്റാണ്ടിനുശേഷം നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ നിര്‍മ്മാണശൈലിയില്‍ പഴയ ക്ഷേത്രങ്ങളില്‍നിന്നും ചില വിഭിന്നതകള്‍ പുലര്‍ത്തുന്നുണ്ട്. സഹ്യപര്വ്വതത്തിനിപ്പുറവും അപ്പുറവുമുള്ള ക്ഷേത്രമാതൃകകളിലും ചില വ്യത്യാസങ്ങള്‍ പ്രകടമാണ്. വട്ടശ്രീകോവിലും ഗജപൃഷ്ഠവുമെല്ലാം പുരാതനരീതികളാണ്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍ക്ക് വലിയ ഗോപുരങ്ങളുള്ളപ്പോള് കേരളത്തിലെ ക്ഷേത്രഗോപുരങ്ങള്‍ പടിപ്പുരയുടെ ഒരു വലിയ പതിപ്പുപോലെയാണ് തോന്നിക്കുന്നത്.
കടലെടുത്ത ശ്രീമൂലവാസമായിരുന്നു കേരളത്തിന്റെ പ്രധാന ബൌദ്ധാരാധനാ കേന്ദ്രം. ഇരിഞ്ഞാലക്കുട, കല്ലില്‍ ക്ഷേത്രങ്ങള്‍, ജൈനക്ഷേത്രങ്ങളായിരുന്നുവെന്ന വാദത്തില്‍ കഴമ്പുണ്ട്. തൃക്കണാമതിലകത്തെ ശിവക്ഷേത്രവും ജൈന ആരാധനാകേന്ദ്രമായിരുന്നുവെന്ന് അഭിപ്രായമുണ്ട്. ‘തിരുകുണവായ്’ എന്നാണ് അന്ന് തൃക്കണാമതിലകം അറിയപ്പെട്ടിരുന്നത്. കോഴിക്കോട് തിരുവണ്ണൂരുള്ള ശിവക്ഷേത്രവും ഒരു ജൈനക്ഷേത്രമായിരുന്നിരിക്കാന് സാദ്ധ്യതയുണ്ട്. അവിടെനിന്ന് കണ്ടെടുത്ത 8-ാം നൂറ്റാണ്ടിലെ ലിഖിതത്തില്‍ തിരുക്കുണവായിലെ നിയമങ്ങള്‍ ഇവിടെ ബാധകമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 9-ാം നൂറ്റാണ്ടില്‍ കൊല്ലത്തുണ്ടായിരുന്ന, എന്നാല്‍ ഇന്ന് നാമാവശേഷമായ ക്ഷേത്രത്തെക്കുറിച്ച് തരിശാപ്പള്ളി ശാസനത്തില്‍ പറയുന്നുണ്ട്.
പതിമൂന്നാം നൂറ്റാണ്ടോടെയാണ് കേരളത്തില്‍ മുസ്ളിം ആരാധനാലയങ്ങള്‍ പണിതു തുടങ്ങിയത്. ആദ്യകാലത്തെ മുസ്ളിം പള്ളികള്‍ കേരളീയ ശൈലിയിലാണ്. ആധുനിക മുസ്ളിം ആരാധനാലയങ്ങളിലാണ് പേര്‍ഷ്യന്‍ നിര്‍മ്മാണശൈലികള്‍ കൂടുതല്‍ ഉപയോഗിച്ചുകാണുന്നത്.
പോര്‍ച്ചുഗീസുകാരുടെ വരവിനുശേഷം 16-17-18 നൂറ്റാണ്ടുകളിലാണ് പ്രധാന ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ കേരളത്തില്‍ നിര്‍മ്മിക്കപ്പെടുന്നത്. പോര്‍ച്ചുഗീസ് നിര്മ്മാണശൈലിക്ക് മുന്‍തൂക്കം നല്‍കിയാണ് ഇവ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. 17-18 നൂറ്റാണ്ടുകളില്‍ കൊച്ചിയില്‍ ഡച്ചുകാരും ക്രിസ്തീയ ദേവാലയങ്ങള്‍ നിര്‍മ്മിച്ചു. സ്പാനിഷ് ടൈലുകള്‍ പതിച്ച് മനോഹരമാക്കിയ മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി നിര്‍മ്മിക്കപ്പെടുന്നത് 14-ാം നൂറ്റാണ്ടിലാണ്.
– എ.പി.എന്‍