ഇടപെടലുകളും പ്രതികരണങ്ങളും

സമകാലിക സ്പന്ദങ്ങളെ വായനക്കാര്‍ക്ക് അനുഭവപ്പെടുത്തുകയെന്നതും വര്‍ത്തമാനകാലത്തെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയെന്നതും മാധ്യമ ധര്‍മ്മമാണ്. സാധാരണക്കാരന്റെ മുന്നിലുള്ള സമസ്യകളെ അപഗ്രഥിക്കുകയും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുക എന്നതും സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മലയാളത്തിലെ ആനുകാലികങ്ങള്‍ അവരുടെ ഇത്തരം ഉത്തരവാദിത്വങ്ങള്‍ ഗൌരവബുദ്ധിയോടെ തന്നെ നിറവേറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. ആനുകാലികങ്ങളില്‍ വരുന്ന മികച്ച റിപ്പോര്‍ട്ടുകളുടേയും പഠനങ്ങളുടേയും ഇടപെടലുകളുടേയും അവലോകനമാണ് ഇവിടെ നിര്‍വ്വഹിക്കപ്പെടുന്നത്.

ചരിത്രകാരന്മാരുടെ ദൌത്യം
Image (4)
“ജാതി അടിമത്തത്തെ കേരളചരിത്രത്തില്‍ ഒരു വിഷയമല്ലാതാക്കി മാറ്റിയതില്‍ ഒരു സിദ്ധാന്ത പ്രശ്നമുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയില്‍ അടിമ ഉത്പാദന സമ്പ്രദായം ഉണ്ടായിരുന്നു എന്ന വാദത്തോടുള്ള അവരുടെ സൈദ്ധാന്തിക വിയോജിപ്പാകുമോ അതിന് കാരണം? അതോ അവരുടെ പ്രപിതാക്കളുടെ സാമൂഹിക അനുഭവങ്ങളോ? അതുമല്ലെങ്കില്‍ ജാതി അടിമത്തം തങ്ങളുടെ മൂര്‍ത്ത ചരിത്രത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിക്കാന്‍ നമുക്കിടയിലെ അധീശ ചരിത്രകാരന്മാര്‍ക്ക് വൈമനസ്യമുണ്ടെന്നോ?”

കേരളത്തിലെ അധീശ ചരിത്രരചനകളില്‍നിന്ന് ജാതി അടിമത്തവും മറ്റ് പ്രശ്നങ്ങളും ഒഴിവാക്കപ്പെട്ടതിന്റെ കാര്യകാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ചരിത്രകാരന്‍ പി.സനല്‍മോഹന്റെ എ.എം.ഷിനോജുമായുള്ള സംഭാഷണം (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2015 ഒക്ടോ.4) ഒരു തമസ്കരണത്തിന്റെ ചരിത്രപാഠമാണ്. കേരള ചരിത്രകാരന്മാരുടെ അധീശചരിത്രപഠനങ്ങള്‍ക്ക് വേണ്ടത്ര അപഗ്രഥന കാര്‍ക്കശ്യമോ സൂക്ഷ്മതയോ ഗൌരവമോ ഇല്ലെന്നുള്ള വിമര്‍ശനമാണ് പി.സനല്‍മോഹന്‍ ഉന്നയിക്കുന്നത്. ദളിത് ജീവിതലോകം കീഴാളപഠനസംഘത്തിലെ ചരിത്രകാരന്മാരുടെ സാമൂഹിക സമീപസ്ഥമായിരുന്നില്ല എന്ന ഒരു നിരീക്ഷണവും അദ്ദേഹം നടത്തുന്നുണ്ട്. കേരളത്തിലെ ജാതി അടിമത്തം മുറിവേല്‍ക്കപ്പെട്ട ചരിത്രം തന്നെയാണെന്നും വാദിക്കുന്നു. “കേരളത്തില്‍ പക്ഷേ, ചരിത്രത്തെ വിശേഷാവഗാഹം ആവശ്യമായ ഒരു ബൌദ്ധികജ്ഞാനശാഖയായി പരിഗണിക്കുന്നില്ല” എന്നും പി.സനല്‍മോഹന്‍ പറയുന്നു.

ചരിത്രപഠനത്തിന്റെ ബോധതലങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പി.സനല്‍മോഹന്‍ എന്ന ചരിത്രഗവേഷകന്റെ നിരീക്ഷണങ്ങള്‍. പ്രമാണങ്ങളോ ലക്ഷ്യങ്ങളോ അവശേഷിപ്പിക്കാത്ത ജനവിഭാഗങ്ങളെക്കുറിച്ചും ഭൂതകാലത്തെക്കുറിച്ചും ചരിത്രമെഴുതുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്.

കലാകാരന്റെ സ്വാതന്ത്ര്യം
Image (5)
കലാകാരന്റെ സ്വാതന്ത്ര്യത്തില്‍ മത-രാഷ്ട്രീയ സംഘടനകള്‍ ഇടപെടുന്നതിലെ അനൗചിത്യമാണ് രണ്ട് കവര്‍ സ്റ്റോറികളിലൂടെയും മൂന്ന് ലേഖനങ്ങളിലൂടെയും ദേശാഭിമാനി വാരിക (2015 ഒക്ടോ.4) അനാവരണം ചെയ്യുന്നത്. സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്‍, തമിഴ് നായകനടന്‍ രജനീകാന്ത്, സാംസ്കാരിക പ്രവര്‍ത്തകന്‍ കെ.എസ്. ഭഗവാന്‍, മലയാള സാഹിത്യ വിമര്‍ശകന്‍ ഡോ.എം.എം. ബഷീര്‍ എന്നിവര്‍ക്ക് നേരെയുള്ള മതസംഘടനകളുടെ അസഹിഷ്ണുതക്കെതിരെയാണ് കെ.ഇ.എന്‍, ശ്രീചിത്രന്‍ എം.ജെ., ഒ.രാജീവന്‍, അസീസ് തുവ്വൂര്‍ എന്നിവര്‍ പ്രതികരിക്കുന്നത്.

“മതചിന്തകര്‍ നിര്‍വ്വഹിക്കുന്ന മതവിമര്‍ശനത്തിന് മഹത്വത്തിന്റെ കിരീടമണിയിക്കുന്ന ഇതേ കൈകള്‍ തന്നെയാണ് സ്വതന്ത്രചിന്തകര്‍ നടത്തുന്ന മതവിമര്‍ശനത്തിനെതിരെ കഠാര നിവര്‍ത്തുന്നത്” എന്ന് കെ.ഇ.എന്‍ നിരീക്ഷിക്കുമ്പോള്‍, “മുഖ്യധാരയുടെ അധികാര സ്വരൂപങ്ങള്‍ അതില്‍നിന്ന് വേറിട്ട് നില്‍ക്കുന്ന വ്യക്തിയെ വേട്ടയാടുകയും വ്യവസ്ഥയോട് ചേര്‍ന്ന് നില്‍ക്കുന്ന അതേ വ്യക്തിയുടെ ജനപ്രിയ കലാസത്വത്തെ ഏറ്റെടുക്കുകയും ചെയ്യും” എന്ന് ശ്രീചിത്രന്‍ അഭിപ്രായപ്പെടുന്ന. “അധികാരം കൈവശമാക്കാനുള്ള ഉപകരണമായാണ് വര്‍ഗ്ഗീയതയെ ഉപയോഗപ്പെടുത്തുന്നത്. അധികാരം താഴെ തട്ടില്‍നിന്നുതന്നെ സ്വായത്തമാക്കുകയാണ് ഇതിന് പിന്നിലുള്ളത്”- സാംസ്കാരിക ഫാസിസത്തിന്റെ പുതിയ മുഖം ഒ.രാജീവന്‍ ഇങ്ങിനെ പരിചയപ്പെടുത്തുന്നു. “മതങ്ങള്‍ക്കപ്പുറത്തുനിന്ന് മനുഷ്യനോട് സംവദിക്കുന്ന സകല ബാധ്യതകളെയും ഇല്ലാതാക്കുന്ന പ്രവണതക”ളാണ് അസീസ് തുവ്വൂര്‍ രേഖപ്പെടുത്തുന്നത്.

നൈതികതയും മൌലികതയും
Image (6)
മലയാളം വാരിക (2015 ഒക്ടോ.9)യില്‍ ഉണ്ണി.ആര്‍, എസ്.ഹരീഷ് എന്നീ എഴുത്തുകാരുടെ സംഭാഷണത്തിന് ഒരു പ്രമോഷണല്‍ സ്വഭാവമുണ്ടെങ്കിലും ചില നിലപാടുകള്‍ ശ്രദ്ധയര്‍ഹിക്കുന്നു. “കഥകള്‍ക്ക് രാഷ്ട്രീയ കൃത്യത വേണം എന്ന അഭിപ്രായം ഫാസിസത്തോടടുത്ത് നില്‍ക്കുന്നതാണെന്നാണ് എന്റെ വിചാരം. എഴുത്തുകാരന്‍ പൊളിറ്റിക്കലി കറക്ട് ആണോ?” എന്ന എസ്.ഹരീഷിന്റെ ചോദ്യവും “നമ്മുടേതു പോലൊരു കെട്ടകാലത്ത് ചില നിലപാടുകള്‍ അല്പം ഉറക്കെയെങ്കിലും ചില കഥകളില്‍ വന്നിരിക്കാം” എന്ന ഉണ്ണിയുടെ ഏറ്റുപറച്ചിലും എഴുത്തുകാരന്റെ നൈതികതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

“മലയാളത്തിലെ ചില മുതിര്‍ന്ന എഴുത്തുകാര്‍ തങ്ങളുടെ പ്രശസ്തിയുടെ ഊറ്റത്തില്‍ നില്‍ക്കുകയും മോശം കഥകളോ നോവലുകളോ എഴുതുകയും ചെയ്യുന്നുണ്ട്. പുറത്തൊക്കെയുള്ള എഴുത്തുകാര്‍ പ്രായം ചെല്ലുന്തോറും മികച്ച രചനകള്‍ നമുക്ക് തരുന്നു” എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ ഭാഷയിലെ ലോകനിലവാരമുള്ള എഴുത്തുകാരായി കാരൂര്‍, തകഴി, എസ്.കെ, സക്കറിയ, സച്ചിദാനന്ദന്‍, മേതില്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ.ജി ശങ്കരപ്പിള്ള തുടങ്ങിയവരെ അവതരിപ്പിക്കുന്ന ഉണ്ണി.ആര്‍ തുടരുന്നതിങ്ങനെ “ഇടശ്ശേരി വായിക്കപ്പെടുന്നുണ്ടോ? ബഷീറിനെ ആര്‍ക്കും വായിക്കാം. പക്ഷെ പട്ടത്ത് വിളയെ എല്ലാവര്‍ക്കും പറ്റില്ല. വായനയുടെ പാരമ്പര്യമൊന്നുമില്ലാതെതന്നെ എം.ടിയുടെ എഴുത്തിലേക്ക് നേരിട്ട് പ്രവേശിക്കാം. പക്ഷേ വിജയനെ വായിക്കണമെങ്കില്‍ ചരിത്രവും രാഷ്ട്രീയവും അറിയണം. വി.കെ.എന്നെ വായിക്കണമെങ്കില്‍ ചരിത്രവും രാഷ്ട്രീയവും അറിയണം. അവിടെയാണ് നല്ല വായനക്കാരുടെ സമൂഹത്തിന്റെ പ്രസക്തി. എം.ടിക്ക് ഒറ്റ വിതാനമേ ഉള്ളൂ. പക്ഷേ, വിജയനും ആനന്ദുമൊക്കെ വല്ലാതെ ആഴമുള്ള റൈറ്റേഴ്സാണ്. ഇടശ്ശേരിയും വൈലോപ്പിള്ളിയുമൊക്കെ എഴുത്തുകാരുടെ എഴുത്തുകാരാണ്”.

പൊമ്പിള ഒരുമൈ: സ്ത്രീസഞ്ചയം
Image (7)
മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകളുടെ കൂട്ടായ്മ നടത്തിയ അവകാശ സമരത്തെ വിശദമായി അപഗ്രഥിക്കുന്ന ഒരു പ്രബന്ധമാണ് മാധ്യമം ആഴ്ചപ്പതിപ്പില്‍ (2015 ഒക്ടോ.5) ഡോ.കെ.രവിരാമന്‍ എഴുതിയ “പൊമ്പിള ഒരുമൈ: സ്ത്രീസഞ്ചയം” എന്ന ലേഖനം. “തൊഴിലിടങ്ങള്‍, തൊഴിലാളി സംഘടനകള്‍, ഭരണകൂടം, പൊതുസമൂഹം എന്നിവയെക്കുറിച്ച് കാലങ്ങളായുള്ള കാഴ്ചപ്പാട് മാറ്റിത്തീര്‍ക്കുന്നതായിരുന്നു ഈ സമരം. ആഗോളീകരണത്തിന്റെ മൂര്‍ത്തദശയില്‍ ഈ മുന്നേറ്റം മുന്നോട്ടുവെയ്ക്കുന്ന സന്ദേശങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് മാത്രമേ കേരളീയ സമൂഹത്തിനും മുന്നോട്ട് പോവാന്‍ കഴിയൂ” എന്ന പ്രസ്താവനയോടെ തുടങ്ങുന്ന ഈ പഠനം തോട്ടം തൊഴിലാളികളുടെ അവകാശ സമരത്തിന്റെ ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ വ്യത്യസ്ത തലങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഒപ്പം, ലാഭത്തിന്റെ പുനര്‍വിതരണം, തോട്ടങ്ങളുടെ കൈവശമുള്ള അധികഭൂമിയുടെ വിനിമയം, തൊഴിലാളികളുടെ ആരോഗ്യ വിദ്യാഭ്യാസ പ്രശ്നങ്ങളുടെ പരിഹാരം എന്നിവയുമായി ബന്ധപ്പെട്ട ക്രിയാത്മകമായ പല നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെയ്ക്കുന്നുണ്ട്.

“മുഴുവന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും മാനേജ്മെന്റുകളില്‍നിന്നുമൊക്കെ ട്രേഡ് യൂണിയനുകള്‍ വളരെ സ്വയംഭരണശക്തി(autonomous force)യുള്ളവരാണെന്നും അവര്‍ക്ക് പാര്‍ട്ടികളില്‍നിന്നും മാറി സ്വതന്ത്രമായ അസ്തിത്വവും അധികാരവും ഉണ്ടെന്ന പൊതുധാരണയെ പൊമ്പിള ഒരുമൈ സമരം തുറന്നുകാണിച്ചു. നൈസര്‍ഗ്ഗികവും സ്വേച്ഛാനുരൂപവുമായ പ്രതിരോധ മുന്നേറ്റത്തെ മനസ്സിലാക്കുന്നതിനോ അതില്‍ ക്രിയാത്മകമായി ഇടപെടുന്നതിനോ ട്രേഡ് യൂണിയനുകള്‍ പരാജയപ്പെടുന്നുവെന്നതും തുറന്നുകാണിക്കപ്പെട്ടു”. – ഡോ.കെ.രവിരാമന്‍ എഴുതുന്നു. മൂന്നാറിലെ എംപ്ളോയീസ് ബൈഔട്ട് കപടചരിത്രമാണെന്നും വ്യക്തമാക്കപ്പെട്ടു. എന്നാല്‍ പെട്ടെന്നുള്ള ആവശ്യത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ളതായ, പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലമില്ലാത്ത ഇത്തരം ജനമുന്നേറ്റങ്ങള്‍ താല്‍ക്കാലിക ആവശ്യങ്ങള്‍ നേടിക്കഴിഞ്ഞാല്‍ പ്രതിലോമശക്തികളുടെ സ്വാധീനത്തിന് വഴങ്ങിക്കൂടെന്നില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന ലേഖകന്‍ മൂന്നാര്‍ അത്തരമൊരു ചരിത്രം ആവര്‍ത്തിക്കില്ലെന്ന് പ്രത്യാശിക്കുന്നു.

നവതിയുടെ നിറവില്‍
Image (8)
രേഖാചിത്രങ്ങളിലൂടെ കേരളീയ കലാസ്വാദകര്‍ക്ക് മുന്നില്‍ നവമാനങ്ങള്‍ തുറന്നിട്ട ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നവതി ആഘോഷത്തിന്റെ വിശേഷങ്ങള്‍ കുങ്കുമം മാസികയില്‍ (2015 ഒക്ടോബര്‍) പ്രദീപ് ഉഷസ്സ് വിവരിക്കുന്നു. സാഹിത്യകാരന്മാരായ അക്കിത്തം, എം.ടി വാസുദേവന്‍ നായര്‍, മാടമ്പ് കുഞ്ഞുക്കുട്ടന്‍, എന്‍.എസ് മാധവന്‍, യു.എ ഖാദര്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, ആലങ്കോട് ലീലാകൃഷ്ണന്‍, സിനിമാരംഗത്തുനിന്നുള്ള ഷാജി.എന്‍.കരുണ്‍, ലാല്‍ജോസ്, രഞ്ജിത്ത്, വി.കെ ശ്രീരാമന്‍, എം.എ നിഷാദ്, ചിത്രകാരന്മാരായ മദനന്‍, കലാധരന്‍, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, രാഷ്ട്രീയരംഗത്തെ പ്രമുഖരായ എം.എ ബേബി, സുരേഷ് കുറുപ്പ്, പ്രൊഫ.എം.എം. നാരായണന്‍, കെ.ടി ജലീല്‍, സി.പി. ജോണ്‍ തുടങ്ങി ഒട്ടേറെ പ്രഗത്ഭര്‍, എടപ്പാള്‍ നടുവട്ടത്തെ കരുവാട്ടില്ലത്ത് നടന്ന നമ്പൂതിരിയുടെ നവതി ആഘോഷത്തില്‍ പങ്കെടുത്തതായി കുങ്കുമം ലേഖകന്‍ സാക്ഷ്യപ്പെടുത്തുന്നു. സംഗീതജ്ഞന്‍ ശ്രീവത്സന്‍ മേനോന്റെ സംഗീതകച്ചേരി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ തായമ്പകയും കലാമണ്ഡലം ഗോപിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ നളചരിതം നാലാംദിവസം കഥകളിയും നവതി ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്നു.

“പിറന്നാള്‍ ഇങ്ങനെയൊക്കെ ആഘോഷിക്കാന്‍ എനിക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷെ, എല്ലാവരും വല്ലാതെ നിര്‍ബന്ധിച്ചു. പിന്നെ ഞാനതിനങ്ങ് സമ്മതിച്ചു. അത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു. എത്രയെത്ര ആളുകള്‍, എത്രയെത്ര സ്നേഹം…. അതൊക്കെ മനസ്സിന് പകര്‍ന്ന് തരുന്നത് വലിയ ഊര്‍ജ്ജമാണ്” ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സന്തോഷം കുങ്കുമം രേഖപ്പെടുത്തുന്നു: “എല്ലാ പിറന്നാളും എനിക്ക് ഒരുപോലെയാണ്. വന്‍മരങ്ങളില്‍നിന്ന് ഇലകള്‍ കൊഴിഞ്ഞുപോകുന്നതുപോലെ ഓരോ വത്സരവും കഴിഞ്ഞുപോകുന്നു. ആ യാത്രക്കിടയില്‍ ഇത്രയെങ്കിലും അടയാളപ്പെടുത്തുവാന്‍ കഴിഞ്ഞുവല്ലോ, അതിന് ഭാഗ്യമുണ്ടായല്ലോ, അതുതന്നെ വലിയ സന്തോഷം”.

‘നവതിയുടെ നിറവില്‍ വരകളുടെ തമ്പുരാന്‍’ എന്ന തലക്കെട്ടിലൂടെ തന്നെ “കുങ്കുമം” മലയാളത്തിന്റെ മഹാചിത്രകാരന് അര്‍ഹമായ ആദരം നല്‍കിയിരിക്കുന്നു.

ഒരു സര്‍ഗ്ഗവിലാപത്തിന്റെ ശതാബ്ദി
Image (9)
കലാകൗമുദി 2015 ഒക്ടോ.11 ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ട് 100 വര്‍ഷം തികയുന്ന ഒരു വിശ്വോത്തരകഥയുടെ പുനര്‍വായനയുണ്ട്. “ഗ്രെഗര്‍ സാംസ ഒരു പുലര്‍ച്ചയില്‍, അസ്വസ്ഥമായ സ്വപ്നങ്ങളില്‍ നിന്നുണര്‍ന്നപ്പോള്‍ താനൊരു ഭീകരകീടമായി രൂപാന്തരപ്പെട്ട് കിടക്കയില്‍ കിടക്കുന്നത് കണ്ടു” എന്ന് തുടങ്ങുന്ന, വിശ്വപ്രസിദ്ധമായ ഫ്രാന്‍സ് കാഫ്കയുടെ രൂപാന്തരപ്രാപ്തി (The Metamorphosis) എന്ന കഥയെ സര്‍ഗ്ഗവിലാപമെന്ന് വിശേഷിപ്പിച്ചുകൊണ്ട് പി.എസ് പ്രദീപിന്റെ രചന കഥയേയും കഥാകാരനേയും വ്യക്തമായി അടയാളപ്പെടുത്തുന്നു.

Kafka
Kafka

“ഭീകരതയില്‍, വൈരൂപ്യത്തില്‍, മാലിന്യത്തില്‍ പൊതിഞ്ഞ നന്മയുടെ, സ്നേഹത്തിന്റെ, ആത്മത്യാഗത്തിന്റെ സൌന്ദര്യമാണ് ഗ്രെഗര്‍സാംസ എന്ന കഥാപാത്രം….. ഭീകരകീടമായി തുടക്കത്തില്‍ പൊട്ടിവീഴുന്ന ഗ്രെഗര്‍ കഥ പുരോഗമിക്കുന്തോറും ഉജ്ജ്വല വ്യക്തിത്വമായി രൂപാന്തരപ്പെടുകയാണ്. സമൂഹത്താല്‍ തെറ്റിദ്ധരിക്കപ്പെട്ട, കാലത്തിനുമുമ്പേ നടക്കുന്ന എല്ലാ പ്രതിഭകളേയുംപോലെ അയാളും ആത്മബലിയുടെ ഔന്നത്യങ്ങളിലെത്തിച്ചേരുന്നതില്‍ ഉദാത്ത ജീവിതദര്‍ശനത്തിന്റെ തത്വചിന്താപരമായ ആഖ്യാനസൌന്ദര്യമുണ്ട്” എന്ന് ഗ്രെഗറിന്റെ ദുരന്തകഥ വിവരിച്ചുകൊണ്ട് ലേഖകന്‍ നിരീക്ഷിക്കുന്നു”- രൂപാന്തര പ്രാപ്തിയുടെ വരികള്‍ക്കിടയില്‍ കാഫ്ക സൃഷ്ടിച്ചിരിക്കുന്ന ചിന്താലോകത്തിന്റെ ഉള്‍ക്കടലുകള്‍ കാലത്തെ വെല്ലുവിളിക്കുന്നു” എന്നും “ഇരുപതാം നൂറ്റാണ്ടിന്റെ ഇടുങ്ങിയതും യാഥാസ്ഥിതകവുമായ സാഹിത്യ സാംസ്കാരികതലങ്ങളില്‍ ഭയാനകവും തീവ്രവുമായ സംവേദനാഘാതമേല്‍പ്പിച്ച ഈ രചന, പുനര്‍വായനകളില്‍ വിഭ്രാന്തിയോടെ ഞെട്ടിയുണരുന്ന സര്‍ഗ്ഗാത്മക വിസ്മയമാണ്” എന്നും പി.എസ് പ്രദീപ് രേഖപ്പെടുത്തുന്നു.

ഒറ്റപ്പെടുത്തലിന്റെയും തിരസ്കരണത്തിന്റേയും കഥ പറയുന്ന കാഫ്കയുടെ “രൂപാന്തര പ്രാപ്തി”യുടെ പഠനം പ്രസിദ്ധീകരിച്ച കലാകൗമുദിയുടെ ഈ ലക്കത്തില്‍ തന്നെ തമസ്കരിക്കപ്പെട്ട മലയാള വിവര്‍ത്തക ശ്രീദേവി.എസ്.കര്‍ത്തയുടെ ഒരഭിമുഖവുമുണ്ട്. ചാനല്‍ ചര്‍ച്ചകളിലൂടെയും നവമാധ്യമങ്ങളിലൂടെയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ വിവാദം കൂടുതല്‍ വിശകലനം ആവശ്യപ്പെടുന്നില്ല.

-എ.പി നളിനന്‍

Share Button