തിക്കോടിയനെ ഓര്‍ക്കുമ്പോള്‍
മലയാള സാഹിത്യത്തിന് അമൂല്യ സംഭാവനകള്‍ അര്‍പ്പിച്ച് കടന്നുപോയ ഒരു പ്രതിഭാധനന്റെ ജന്മശതാബ്ദി ദിനം- 2016 ഫെബ്രുവരി 15 – അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കടന്നുപോയി. നാടകകൃത്ത്, നോവലിസ്റ്റ്, ഹാസ്യസാഹിത്യകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന തിക്കോടിയന്റെ ജന്മശതാബ്ദി ദിനം. അദ്ദേഹത്തിന്റെ സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ തട്ടകമായിരുന്ന കോഴിക്കോട്ട് ജന്മശതാബ്ദി ദിനത്തില്‍ ഒരു അനുസ്മരണ പരിപാടിയും സംഘടിപ്പിക്കപ്പെട്ടില്ല എന്നത് സഹൃദയരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. ഈ വര്‍ഷം ജനുവരി മാസത്തില്‍ അദ്ദേഹത്തിന്റെ 15-ാം ചരമവാര്‍ഷികം ആരാധകരില്‍ ചിലര്‍ ആചരിച്ചുവെന്നത് ശരിയാണ്. അന്ന് ആ യോഗത്തില്‍ അടുത്തമാസം തിക്കോടിയന്റെ ജന്മശതാബ്ദിദിനം വിപുലമായി കൊണ്ടാടണമെന്ന നിര്‍ദ്ദേശം ചിലര്‍ മുന്നോട്ട് വെയ്ക്കുകയും ചെയ്തു. എന്നാല്‍ തികഞ്ഞ നിരുത്തരവാദിത്വമാണ് കോഴിക്കോട്ടെ സാഹിത്യ-സാംസ്കാരിക സംഘടനകള്‍ ഈ കാര്യത്തില്‍ കാണിച്ചത്. എല്ലാറ്റിനേയും നിര്‍മ്മമനായി, ലഘുചിത്തനായി കണ്ടിരുന്ന തിക്കോടിയന്റെ ആത്മാവ് ഈ അവഗണനയും പൊറുക്കുമായിരിക്കാം…..
“ജീവിതവും നാടകവും രണ്ടാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ജീവിതം തന്നെ ഒരു നാടകമാണെന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ- അങ്ങനെ കളിച്ചുപോകുന്ന ഒരു നാടകം. അതുകൊണ്ടുതന്നെ ജീവിതത്തെ വലിയ ഗൌരവത്തോടെ ഞാന്‍ കണ്ടിട്ടില്ല. ജീവിതത്തില്‍നിന്ന് എന്തെങ്കിലും കിട്ടണം, നേടണം എന്നൊന്നും തോന്നിയിട്ടില്ല; ഒന്നും ആരോടും ചോദിച്ചു വാങ്ങിയിട്ടുമില്ല. എന്തെങ്കിലും അറിയാതെ മേല്‍ വന്നുവീഴുമ്പോള്‍ വലിയ വിഷമമാണ്- ഒരു കല്യാണപ്പെണ്ണിന്റെ വിമ്മിഷ്ടമാണ്”.
ഇതായിരുന്നു തിക്കോടിയന്റെ ജീവിതത്തോടുള്ള സമീപനം. തിക്കോടിയന്റെ “പ്രസവിക്കാത്ത അമ്മ” എന്ന പ്രസിദ്ധമായ നാടകത്തിലെ പ്രധാന കഥാപാത്രമായ മീനാക്ഷിയമ്മയുടെ വാക്കുകള്‍ ഓര്‍മ്മവരുന്നു:
“സ്നേഹിച്ചവരും സ്നേഹിക്കാത്തവരും പാവപ്പെട്ടവരും ധനികരും എല്ലാം ഒരുപോലെ നേരമെത്തുമ്പോള്‍ മരിച്ചുപോകുന്ന ഈ ഭൂമിയില്‍ സ്നേഹിക്കുന്നതും വെറുക്കുന്നതും പക വെയ്ക്കുന്നതും എല്ലാം വിഡ്ഢിത്തമാണ്. നമ്മളൊക്കെ തനിച്ചുവരുന്നു; തനിച്ചുപോകുന്നു”.
മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങള്‍ തന്നെയാണ് തിക്കോടിയന്റെ നാടകങ്ങള്‍. മനുഷ്യജീവിതത്തിലെ സ്നേഹവും പകയും വിധേയത്വവും വിദ്വേഷവും തെറ്റിദ്ധാരണകളും കലഹങ്ങളും പൊരുത്തക്കേടുകളും പൊരുത്തപ്പെടലുകളുമെല്ലാം ഉള്ളില്‍ തട്ടുന്നതരത്തില്‍ തിക്കോടിയന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ നാടകങ്ങള്‍ രചിക്കപ്പെട്ട കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പല ‘താന്‍പ്രമാണിമാരു’ടെയും കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തങ്ങളായിരുന്നു തിക്കോടിയന്‍ കൈകാര്യം ചെയ്ത പ്രമേയങ്ങള്‍. സ്കൂള്‍ മാനേജര്‍മാരുടെ ദുരയും തറവാട്ടുകാരണവന്മാരുടെ കടുംപിടുത്തവും ഉദ്യോഗസ്ഥന്മാരുടെ മേധാവിത്ത മനോഭാവവും മാതാപിതാക്കളെ ധിക്കരിക്കുന്ന മക്കളുടെ ധാര്‍ഷ്ട്യവും ഭാര്യയെ ചവിട്ടിത്തേക്കുന്ന ഭര്‍ത്താക്കന്മാരുടെ പാരുഷ്യവുമെല്ലാം തിക്കോടിയന്റെ നാടകങ്ങളില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
നാടകത്തെക്കുറിച്ചുള്ള തിക്കോടിയന്റെ സങ്കല്പം ഇങ്ങിനെ: “നാടകം കൊണ്ട് നല്ല കാര്യം ചെയ്യാന്‍ കഴിയുമെന്ന് തോന്നി. നമ്മുടെ സമൂഹത്തിനുവേണ്ടി, ബുദ്ധിമുട്ടുന്നവര്‍ക്കുവേണ്ടി പലതും ചെയ്യാന്‍ കഴിയുന്ന ഒരുപാധിയാണ് എന്നെ സംബന്ധിച്ചിടത്തോളം നാടകം. ഈ ആശയത്തില്‍നിന്ന് വേറിട്ട് ഞാന്‍ നാടകത്തെ കണ്ടിട്ടില്ല. നാടകം എഴുതിയിട്ടുമില്ല”.
ജീവിതം, ഒരേ കുടുംബം, അറ്റുപോയ കണ്ണി, തീപ്പൊരി, കനകം വിളയുന്ന മണ്ണ്, പുതിയ തെറ്റ്, കന്യാദാനം, പ്രസവിക്കാത്ത അമ്മ, പഴയമാര്‍ഗ്ഗം, കണ്ണാടി, പുഷ്പവൃഷ്ടി, പുതുപ്പണം കോട്ട, മിഠായിമാല, തിക്കോടിയന്റെ ഏകാങ്കങ്ങള്‍ തുടങ്ങി ഇരുപതിലധികം നാടകങ്ങള്‍ തിക്കോടിയന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ആകാശവാണിയില്‍ നാടകവിഭാഗം പ്രൊഡ്യൂസറായിരിക്കെ നിരവധി നാടകങ്ങള്‍ അദ്ദേഹം എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ “അരങ്ങുകാണാത്ത നടന്‍” എന്ന തിക്കോടിയന്റെ ഓര്‍മ്മക്കുറിപ്പുകള്‍ സഹൃദയ ലോകത്തിന്റെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രീഭവിച്ചു. ഹാസ്യ സാഹിത്യത്തിലും ശ്രദ്ധേയമായ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. മായാപ്രപഞ്ചം, ഗുഡ്നൈറ്റ്, പൂത്തിരി, നമസ്തേ എന്നീ കൃതികളിലൂടെ തിക്കോടിയനിലെ സരസഹൃദയനെ നാം അടുത്തറിയുന്നു.
ചുവന്ന കടല്‍, അശ്വഹൃദയം, കൃഷ്ണസര്‍പ്പം, മഞ്ഞുതുള്ളി, ആള്‍ക്കരടി, മടക്കയാത്ര എന്നീ നോവലുകളും തിക്കോടിയന്‍ രചിച്ചിട്ടുണ്ട്. മലബാറില്‍ നടന്ന പറങ്കിപ്പടയുടെ തേര്‍വാഴ്ചയുടെ പശ്ചാത്തലത്തില്‍ വിശാലമായ ക്യാന്‍വാസില്‍ വിദഗ്ദ്ധമായി തിക്കോടിയന്‍ വരച്ചിട്ട ‘ചുവന്ന കടലി’ലെ പൊക്കനും പാഞ്ചാലിയും തകഴിയുടെ പരീക്കുട്ടിയുടേയും കറുത്തമ്മയുടേയും ഒപ്പം നില്‍ക്കാന്‍ കരുത്തുള്ള കഥാപാത്രങ്ങളാണ്. “അശ്വഹൃദയം” ആക്ഷേപഹാസ്യത്തിന് ഉത്തമ ഉദാഹരണമാണ്.
അദ്ധ്യക്ഷന്‍ അല്ലെങ്കില്‍ ഉദ്ഘാടകന്‍, അതുമല്ലെങ്കില്‍ മുഖ്യപ്രഭാഷകന്‍- ഒരുകാലത്ത് തിക്കോടിയന്‍ തന്നെയായിരുന്നു കോഴിക്കോട്ടെ ഏറ്റവും തിരക്കുള്ള സാംസ്കാരിക നായകന്‍. സദസ്സിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തിക്കോടിയന്റെ പ്രഭാഷണങ്ങളുടെ ചാരുത ഒന്നുവേറെ തന്നെയാണ്. മലബാര്‍ കേന്ദ്രകലാസമിതിയുടെ സംഘാടകന്‍, കേരള സാഹിത്യ സമിതി അദ്ധ്യക്ഷന്‍, കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ എന്നീ നിലകളില്‍ അദ്ദേഹം നേതൃത്വപാടവം തെളിയിച്ചു. തിക്കോടിയന്റെ നര്‍മ്മം കലര്‍ന്ന ലേഖനങ്ങളും ഹാസ്യകവനങ്ങളും നമ്മില്‍ സഞ്ജയ സ്മരണ ഉണര്‍ത്തുന്നു. ഹാസ്യസാമ്രാട്ടായിരുന്ന സഞ്ജയനാണ് കുഞ്ഞനന്തന്‍ നായര്‍ എന്ന എഴുത്തുകാരന് തിക്കോടിയന്‍ എന്ന തൂലികാനാമം നല്‍കിയത്. സദാ പ്രസന്നവദനനായി മാത്രം കാണപ്പെട്ടിരുന്ന തിക്കോടിയന്റെ സുഹൃദ്വലയം വിപുലവും വൈവിധ്യമാര്‍ന്നതുമായിരുന്നു. ‘നാടന്‍’മാര്‍ മുതല്‍ നെടുനായകന്മാര്‍ വരെ ആ സുഹൃദ്വലയത്തില്‍പെട്ടിരുന്നു.
‘തീപ്പൊരി’ എന്ന നാടകത്തിലെ പ്രഭാകരന്‍ എന്ന കഥാപാത്രത്തിന്റെ വാക്കുകളിലൂടെ സ്വന്തം മനസ്സ് തിക്കോടിയന്‍ തുറന്നിട്ടുണ്ട്:
“ഞെക്കുമ്പോള്‍ കത്തുന്ന ടോര്‍ച്ച് കണ്ടിട്ടില്ലേ; അതുപോലിരിക്കണം മനുഷ്യന്‍. ഉള്ളിലെ കരിയും ഇരുട്ടും മൂടിവെച്ച് ചിരിക്കുക….”
-എ.പി നളിനന്‍