ആദരാഞ്ജലികളുമായി ആനുകാലികങ്ങള്‍

mathrubhumi-weekly
“ഒരു മഹാവൃക്ഷം വീണുപോയിരിക്കുന്നു. ആ തണല്‍ പൊടുന്നനെ നഷ്ടമായപ്പോള്‍ പൊള്ളുന്ന വെയിലാണ്, ചൂടാണ്, കണ്ണുനീരും വറ്റിപ്പോകുന്ന വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്…” മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒ.എന്‍.വി സ്മരണകള്‍ നിറഞ്ഞ ലക്കത്തിന്റെ ആമുഖമായി കവയിത്രി സുഗതകുമാരി ഇങ്ങിനെ തുടരുന്നു – “ഇനി ബാക്കി നില്‍ക്കുന്നത് അനശ്വരമായ ആ കവിതകളും ഗാനങ്ങളും മാത്രം. പത്തറുപതു വര്‍ഷത്തെ ഓര്‍മ്മകള്‍ ഉള്ളില്‍ വന്നിറങ്ങുമ്പോള്‍ നമസ്കരിക്കുവാന്‍ മാത്രമേ എനിക്ക് ഇന്നാവതുള്ളൂ. അമൃതധാരപോലെ ഒഴുകിയ ആ കവിതയ്ക്ക് മുമ്പില്‍, സൈലന്റ്വാലിമുതല്‍ ആറന്മുളവരെ തുണ നിന്ന ആ പ്രകൃതിസ്നേഹശക്തിക്കുമുമ്പില്‍ നമസ്ക്കരിക്കുന്നു…..”

ഒ.എന്‍.വിയുടെ ജീവിതത്തിലെ ഒട്ടേറെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ അപൂര്‍വ്വ ചിത്രങ്ങള്‍ സഹിതം വിലപ്പെട്ട ഒരോര്‍മ്മപ്പെടുത്തലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചോറൂണ്, നാലുമണിപ്പൂക്കള്‍, നീലമത്സ്യങ്ങള്‍, ഇന്ത്യയുടെ ശബ്ദം, ഉയിര്‍ത്തെഴുന്നേല്പ് എന്നീ അഞ്ച് ഒ.എന്‍.വി കവിതകളും അദ്ദേഹത്തിന്റെ ഭാവസാന്ദ്രങ്ങളായ പത്ത് പാട്ടുകളും ഈ ലക്കത്തിലുണ്ട്. റഫീക്ക് അഹമ്മദ് (സ്നേഹലാവണ്യങ്ങളുടെ ഭൂഖണ്ഡം തീര്‍ത്ത കവി) ആലങ്കോട് ലീലാകൃഷ്ണന്‍ (കവിതയുടെ മൃത്യുഞ്ജയ ബലതന്ത്രം) വി.ടി. മുരളി (നിന്നില്‍ ഞാന്‍ എന്നെ കണ്ടു) വി.ആര്‍ സുധീഷ് (ഒരു കുടന്ന നിലാവ്) രവി മേനോന്‍ (വിശുദ്ധ ഏകാന്തതയുടെ പാട്ടുജീവിതം) എസ്.ശാരദക്കുട്ടി (പാട്ടിലെ ആര്‍ദ്ര സ്മിതങ്ങള്‍) എം.പി. വീരേന്ദ്രകുമാര്‍ (ഒ.എന്‍.വി കവിതകളിലെ വിശ്വമാനവികത) പി.കെ. രാജശേഖരന്‍ (വിഹ്വല നിമിഷങ്ങളേ വീടൊഴിയുക, കേവലാഹ്ളാദമേ പോരിക) ഡോ.പി.സോമന്‍ (മതനിരപേക്ഷമായ കാവ്യവഴികള്‍) എന്നിവരുടെ രചനകള്‍ മാതൃഭൂമിയുടെ ഈ ഒ.എന്‍.വി പതിപ്പിനെ സമ്പന്നമാക്കുന്നു. നിറങ്ങള്‍ തന്‍ നൃത്തം എന്ന ഒ.എന്‍.വിയുടെ ഗാനത്തെക്കുറിച്ചുള്ള എതിരവന്‍ കതിരവന്റെ ശ്രദ്ധേയമായ നിരീക്ഷണവും ‘കൂടെ നടന്ന കവിതകള്‍’ എന്ന അനിത തമ്പിയുടെ പിന്‍കുറിപ്പും ഒ.എന്‍.വിയുമായുള്ള എ.കെ. അബ്ദുള്‍ ഹക്കീമിന്റെ വിശദമായ അഭിമുഖവും വരകവിയ്ക്കുള്ള ആദരാഞ്ജലികളാണ്.

kala-kaumudi

കലാകൌമുദിയുടെ ഒ.എന്‍.വി സ്മരണികയും മികവുറ്റ ഒരു നീരാജനമാണ്. അക്കിത്തം, വിഷ്ണുനാരായണന്‍ നമ്പൂതിരി, രാജീവ്, ഒ.എന്‍.വി, എന്‍.ആര്‍.എസ്. ബാബു, പുതുശ്ശേരി രാമചന്ദ്രന്‍, പ്രഭാവര്‍മ്മ, പെരുമ്പുഴ ഗോപാലകൃഷ്ണന്‍, ദേശമംഗലം രാമകൃഷ്ണന്‍, ഡോ.കെ.എസ് രവികുമാര്‍, ടി.പി ശാസ്തമംഗലം, സന്ധ്യാ രാജേന്ദ്രന്‍, ആര്‍.ഗോപാലകൃഷ്ണന്‍, ചവറ കെ.എസ്. പിള്ള, ചാത്തന്നൂര്‍ മോഹനന്‍ എന്നിവരുടെ ലേഖനങ്ങള്‍ ഒ.എന്‍.വിയുടെ കവിസപര്യയേയും വ്യക്തിമുദ്രകളേയും പരിചയപ്പെടുത്തുന്നു. ഒ.എന്‍.വിയുടെ പാട്ടുകളിലെ ഈണത്തിന് ആഗോളസ്വഭാവമുണ്ടെന്നും ഗ്രീസിലെ ഒരു അന്ധഗായിക ആലപിച്ച ഗാനത്തിന്റെ ഈണം “പൊന്നരിവാളമ്പളിയില് കണ്ണെറിയുന്നോളെ” എന്ന പാട്ടിന് സമാനമാണെന്നുമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വിലയിരുത്തല്‍. ഒ.എന്‍.വി എന്നും മനസ്സില്‍ താലോലിച്ച സ്വന്തം പാട്ടുകള്‍- പൊല്‍തിങ്കള്‍കല പൊട്ടുതൊട്ടു…, മാണിക്യവീണയുമായെന്‍…., ശ്യാമസുന്ദരപുഷ്പമേ…., കിളി ചിലച്ചു…, നീരാടുവാന്‍ നിളയില്‍ …., ശ്രീലതികകള്‍; സുഖമോ ദേവി…, കാതില്‍ തേന്‍മഴയായ്….., ഒരു വട്ടം കൂടി…., ഒരു ദലം….., ഒന്നിനി ശ്രുതി താഴ്ത്തി…- ബീനാ രഞ്ജിനി രേഖപ്പെടുത്തുന്നു. ഒ.എന്‍.വിക്കുെറിച്ചുള്ള വ്യക്തിപരമായ വിശദാംശങ്ങള്‍ ഏറെയുണ്ടെന്നുള്ളതാണ് കലാകൌമുദിയുടെ ഒ.എന്‍.വി പതിപ്പിന്റെ സവിശേഷത.

malayalam-weekly

മണ്‍മറഞ്ഞ മഹാകവിയെക്കുറിച്ചുള്ള ഗൌരവതരമായ നിബന്ധങ്ങളാണ് മലയാളം വാരികയിലുള്ളത്. “വയല്‍പൂവുകള്‍പോലെ കൊഴിയുകയും വിരിയുകയും ചെയ്യുന്ന ജന്മാവര്‍ത്തനങ്ങള്‍, നഷ്ടപ്പെട്ട കുഞ്ഞിനെയോര്‍ത്തു നെഞ്ച് ചുരന്ന് പാലൊഴുകിപ്പരക്കുന്നതില്‍ മുങ്ങിമരിക്കുന്ന കടലമ്മ, കത്തും വറളിപോല്‍ ചുട്ടുപഴുത്തൊരാ കുഗ്രാമഭൂമിയുടെ കുളിരായി കോതമ്പുപാടത്തെ പെണ്‍കിടാവ്, കുടിനീരുതിരുന്ന ആടിമുകില്‍മാലകളും കുളിരു തിരയുന്ന ആതിരകളും ഒരു കുഞ്ഞുപൂവു തിരയുന്ന ആവണികളും ശേഷിക്കുന്ന മരണാസന്നയായ ഭൂമി. ഇറോം ശര്‍മ്മിളയുടെ നിരാഹാര സമരവത്സരങ്ങളുടെ ചിറകടിനാദവും സ്വതന്ത്രസംഗീതമായാസ്വദിച്ചു നിലകൊള്ളുമപാരത…. ഇങ്ങനെ ഹൃദയത്തില്‍ നിരന്തരം കൊളുത്തിപ്പിടിക്കുന്ന സൂചക ചിത്രങ്ങളുടെ, സംഭവഗ്രന്ഥികളുടെ, കല്‍പനാവിശേഷങ്ങളുടെ ഒ.എന്‍.വി ശ്രുതിമുദ്രകള്‍ ഓര്‍ക്കാതിരിക്കാനാവില്ല” എന്ന് ദേശമംഗലം രാമകൃഷ്ണന്‍ എഴുതുമ്പോള്‍ ഒ.എന്‍.വിയുടെ മാനവികതയെയാണ് കാല്പനികതയും ചരിത്രവും എന്ന ലേഖനത്തില്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഉയര്‍ത്തിക്കാട്ടുന്നത്. ഒ.എന്‍.വിയെക്കുറിച്ചുള്ള പഴവിള രമേശന്റെയും പ്രൊഫ.പുതുശ്ശേരി രാമചന്ദ്രന്റെയും ഓര്‍മ്മകള്‍ പി.എ.സ്.റംഷാദ് പകര്‍ത്തിവെക്കുന്നു. മഹാകവിയ്ക്കൊപ്പം നടത്തിയ ജര്‍മ്മന്‍ യാത്രയെക്കുറിച്ചാണ് കെ.ബാലകൃഷ്ണന്റെ ലേഖനം. ‘കമ്യൂണിസ്റ്റ് കൃഷിഭൂമിയിലെ കാല്പനിക കര്‍ഷകന്‍’ എന്ന പഠനത്തില്‍ ഒ.എന്‍.വി കവിതയിലെ സ്വരങ്ങളും പ്രതിസ്വരങ്ങളും പ്രദീപ് പനങ്ങാട് വേര്‍തിരിച്ചെടുക്കുന്നു. ഒ.എന്‍.വിയുടെ ‘ഗസലുകള്‍ പൂക്കുന്ന രാത്രി’ എന്ന കാവ്യസമാഹാരത്തെക്കുറിച്ചുള്ള വിചാരമാണ് ആര്‍.എസ്. കുറുപ്പിന്റെ ‘അകാലത്തില്‍ വിരിയുന്ന സൌഗന്ധികങ്ങള്‍’. ഒ.എന്‍.വിയുടെ ഗാനങ്ങളെക്കുറിച്ച് അനൂപ് പരമേശ്വരനും കവിയുടെ സമന്വയവഴിയെക്കുറിച്ചും സമരമൊഴിയെക്കുറിച്ചും ഡോ.സിബു മോടയിലും എഴുതുന്നു.

kerala-sabdammadhyamam-weekly
desabhimani

ഒ.എന്‍.വി എന്ന മനുഷ്യകഥാനുഗായിയെക്കുറിച്ച് കേരളശബ്ദം വാരികയില്‍ പ്രഭാകരന്‍ പുത്തൂര്‍ വിശദമായി പ്രതിപാദിക്കുന്നു. മഹാകവിയുടെ ഗാനസാഹിത്യത്തെക്കുറിച്ച്, പ്രത്യേകിച്ചും ഗൃഹാതുരതയുടെ ചിറകിലേറിയെത്തുന്ന ഗാനങ്ങളെക്കുറിച്ചാണ് കുങ്കുമം മാസികയില്‍ സി.ടി. സതീഷ് എഴുതുന്നത്. ‘ഒ.എന്‍.വിയുടെ നിഷ്പക്ഷത’യെക്കുറിച്ച് ടി.പത്മനാഭന്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ കുറിച്ചിടുന്നു; ‘കവിയുടെ ക്ളാസ്മുറി’യെക്കുറിച്ച് മാങ്ങാട് രത്നാകരനും. പ്രഭാവര്‍മ്മയുടേയും ആത്മാരാമന്റെയും രചനകള്‍ ദേശാഭിമാനിയുടെ ഒ.എന്‍.വി പതിപ്പിനെ ശ്രദ്ധേയമാക്കി. മലയാള കവിതയ്ക്ക് നവഭാവുകത്വം പകര്‍ന്ന, മലയാളഭാഷയ്ക്ക് ശ്രേഷ്ഠപദവി ലഭിക്കാന്‍ അശ്രാന്തം യത്നിച്ച ഒ.എന്‍.വി എന്ന അതുല്യ പ്രതിഭയ്ക്കുള്ള ശ്രദ്ധാഞ്ജലികള്‍ നിറവാര്‍ന്നതായി.

-എ.പി.എന്‍.

Share Button