നവതിയുടെ നിറവില്‍
കളഭത്തിന്റെ നിറമാര്‍ന്ന ഖദര്‍ജൂബ്ബ,
കണ്ണടയുടെ കട്ടിച്ചില്ലിലൂടെയുള്ള
ചെരിഞ്ഞ നോട്ടം
അനുസരണയില്ലാത്ത നരച്ച കോലന്‍ മുടി,
മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍ക്കിടയില്‍
മുട്ടിനിന്ന പുഞ്ചിരി-
തോളില്‍ തൂങ്ങുന്ന തുണിസഞ്ചിയില്‍
മുറുക്കാന്‍ വട്ടവും കവിതക്കോപ്പുമായി
അദ്ദേഹം നിങ്ങളെ സൂക്ഷിച്ചു നോക്കാന്‍
തുടങ്ങുമ്പോഴേക്കും നിങ്ങള്‍ സ്വയം പറയുന്നു
ഓ, മഹാകവി അക്കിത്തം!
‘വെളിച്ചം ദുഃഖമാണുണ്ണീ,
തമസ്സല്ലോ സുഖപ്രദം’ എന്ന് പാടിയ
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്
ഇന്ന് നവതിയുടെ നിറവിലാണ്.
ഈ മീനത്തിലെ ഭരണി നാളിലാണ്
മഹാകവിക്ക് തൊണ്ണൂറ് തികഞ്ഞത്.
ശുകപുരം ദക്ഷിണാമൂര്ത്തിക്ഷേത്രത്തിന്റെ
ചൈതന്യം പ്രസരിക്കുന്ന കുമരനല്ലൂര്‍ ഗ്രാമത്തിലെ
സ്വച്ഛതയാര്‍ന്ന ഇല്ലപ്പറമ്പ്,
പൂമുഖക്കോലയില് ചാരുകസേരയിലിരുന്ന്
ഇടയ്ക്കിടെ വെറ്റില മുറുക്കി
മനോരാജ്യത്തിലാളുന്ന
മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അക്കിത്തം ഇങ്ങിനെ
കുറിച്ചു:
‘മൂകവിഷാദം നൊട്ടിനുണച്ചൊരു
മുക്കിലിരിപ്പൂ, ഗന്ധര്വ്വന്
ഇരുളിന് പലനാള്‍ നെയ്ത്തിരികത്തി-
ച്ചരുളിയ മാനവഗന്ധര്വന്
ഓടക്കുഴലിന് തൊണ്ടയിലേറി
കൂടുചമച്ചു വേട്ടാളന്‍’.
അപ്പോഴും ശുഭാപ്തി വിശ്വാസം കവിമനസ്സില്‍
കിനിഞ്ഞു നിന്നിരുന്നു-
‘ഓടക്കുഴലിന് തൊണ്ടയിലല്ലേ
കൂടുണ്ടാക്കൂ, വേട്ടാളന്‍,
പാടും നരനുടെ തൊണ്ടയിലേറി
കൂടുണ്ടാക്കുകയില്ലല്ലോ’
മൌനത്തിന്റെ മുനിമടയിലിരിക്കാതെ
മാനവദുഃഖങ്ങളെക്കുറിച്ചും
ധര്മ്മച്യുതിയെക്കിറിച്ചും അക്കിത്തം പാടി.
‘ഒരു കണ്ണീര്‍ക്കണം മറ്റു-
ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൌരമണ്ഡലം’
എന്ന് അക്കിത്തം തുറന്നെഴുതിയിട്ടുണ്ടല്ലോ.
ആകാശവാണിയില്‍നിന്ന് പിരിഞ്ഞ ശേഷം
സാഹിത്യ സപര്യയില്‍ അദ്ദേഹം
പൂര്‍ണ്ണമായി വ്യാപൃതനാണ്.
(‘കാര്‍ഷികരംഗ’മായിരുന്നു ആകാശവാണിയില്‍
ഒരു കാലത്ത് അക്കിത്തം കൈകാര്യം
ചെയ്തിരുന്നത്
എന്നോര്‍ക്കുമ്പോള്‍ ആരോ മുക്കിലിരുത്തിയ
ഗന്ധര്‍വന്റെ ചിത്രം തെളിയുന്നു…..)
ഇപ്പോള്‍ തപസ്യ കലാവേദി, ഇടശ്ശേരി
സ്മാരകസമിതി ശ്രൌതശാസ്ത്ര പരിഷത്ത്
തുടങ്ങി പല സാംസ്കാരിക പ്രസ്ഥാനങ്ങളിലും
അക്കിത്തം സജീവമായിരുന്നു.
നിറഞ്ഞ ആത്മാര്‍ത്ഥതയാണ് അക്കിത്തത്തിന്റെ
കവിതയുടെ മുഖമുദ്ര.
‘സത്യമല്ലാതെ യാതൊന്നും പറയാന്‍
ശക്തിയില്ലമേ’
എന്ന് അദ്ദേഹം മുമ്പുതന്നെ കുറിച്ചിട്ടുണ്ട്.
‘ഞാന്‍ എന്തിനുവേണ്ടി കവിതയെഴുതുന്നു?
സമുദായത്തെ സേവിക്കാന്‍ വേണ്ടിയാണോ?
അത് ചെയ്യണമെന്ന് തീവ്രവാഞ്ഛ ഉണ്ടെന്നത് വാസ്തവം.
പക്ഷെ അതിന് മാത്രമാണെങ്കില്‍
വിഷയമെല്ലാം ഒരുങ്ങിയിട്ടും പുറമെനിന്നുള്ള
ആവശ്യം വരുമ്പോഴൊക്കെ എഴുതുവാന്‍
സാധിക്കുന്നില്ല.
എന്നാല്‍, എന്റെ ആഹ്ളാദത്തിന് വേണ്ടിയാണോ?
എങ്കില്‍ എനിക്ക് വേണമെന്ന്
തോന്നുമ്പോഴൊക്കെ എഴുതുവാന്‍
കഴിയേണ്ടതാണ്. അതും സാധിക്കുന്നില്ല. എന്നല്ല
പിന്നെയൊരിക്കല്‍ ആവാമെന്നുവെച്ചു തടുത്തു
നിര്‍ത്തുവാന്‍ സാധിക്കാതെ അസ്വസ്ഥത
ചിലപ്പോള്‍ കവിതയായി പുറത്തു ചാടുകയും
ചെയ്യുന്നുണ്ട്. ഇതാണ് ആകപ്പാടെ സ്ഥിതി. എന്ത്
വേണമെങ്കിലും ഊഹിച്ചുകൊള്ളുക’.
ഇങ്ങിനെയൊക്കെയാണ് സ്വന്തം കാവ്യരചനയുടെ
കാതല്‍ തേടുമ്പോള്‍ കവിയുടെ ഉള്ളില്‍
ഊറുന്ന സന്ദേഹങ്ങള്‍.
‘അമൃതഘടിക’യെന്ന കവിതാസമാഹാരത്തിന്റെ
ആമുഖത്തില്‍ കുറെക്കൂടി സ്പഷ്ടമായി
ഈ സന്ദേഹങ്ങളെ അക്കിത്തം വിശകലനം ചെയ്യുന്നുണ്ട്.
‘ബോധമല്ല, അബോധമാണ് കവിത.
പക്ഷേ ബോധത്തിന്റെ മാര്‍ഗ്ഗത്തിലെ
നാഴികക്കല്ലുകളില്‍ ക്രമത്തില്‍
ചവുട്ടിക്കൊണ്ടുവേണം
അബോധത്തിലേയ്ക്കുകയരുക.
ഇത് മറ്റൊരു കലയ്ക്കുമില്ലാത്ത പാരതന്ത്യ്രമത്രേ.
ഭൂതകാലം ശബ്ദങ്ങളിലാരോപിച്ച അര്‍ത്ഥങ്ങളെ
ആശ്രയിക്കേണ്ടി വരുന്നു എന്നതാണ് വിഷമം.
ചുവപ്പ് എല്ലാ കണ്ണുകള്‍ക്കും ചുവപ്പാണ്.
പഞ്ചമശ്രുതി എല്ലാ കാതുകള്‍ക്കും അതുതന്നെ.
പക്ഷേ സൂര്യന് എന്ന ശബ്ദം എല്ലാ ആളുകളിലും
സൂര്യനെന്ന വസ്തുവായി മാറുന്നില്ല.
ഈ കാരണത്താല്‍ കവിതയെ വാച്യാര്‍ത്ഥത്തില്‍
നിന്ന് മോചിപ്പിക്കാനുള്ള ബുദ്ധിപൂര്വ്വകത
എനിക്കാവശ്യമില്ല. എന്തോ, വ്യംഗ്യത്തിനും
ധ്വനിയ്ക്കും അപ്പുറത്തുള്ള മന്ത്രശക്തിയെ ലക്ഷ്യം
വെയ്ക്കുന്ന കവിത. വാച്യാര്‍ത്ഥത്തിനും
അപ്പുറത്തേക്ക് ഊറിവീഴുന്നത് കാണുമ്പോള്‍
തൂലിക താഴെ വെയ്ക്കാന്‍ തോന്നുന്നു.
പക്ഷേ ജീവിതാനുഭവങ്ങള്‍ അരുളുന്ന
ഭാവരസങ്ങളുടെ അനര്ഗ്ഗളതയ്ക്ക് വശംവദനായി
വീണ്ടും തൂലികയെടുക്കുകയും ചെയ്യുന്നു’.
അക്കിത്തം അത്യാവശ്യം എല്ലാം
തൊട്ടുനോക്കിയിട്ടുണ്ട്. സംഗീതം, ചിത്രകല,
ജ്യോതിഷം, വേദം, സംസ്കൃതം,
പിന്നെ അല്പം തമിഴ് പഠനം….
എട്ടാം വയസ്സില്‍ അമ്പലച്ചുവരില്‍
കരിക്കട്ടപ്പോറലുകള് കൊണ്ട് ഉണ്ണിക്കവി
തന്റെ കവിതാരചനയ്ക്ക് ഹരിശ്രീ കുറിച്ചു:
‘അമ്പലങ്ങളിലീ വണ്ണം
തുമ്പില്ലാതെ വരക്കുകില്‍
വമ്പനാമീശ്വരന്‍ വന്നി
ട്ടെമ്പാടും നാശമാക്കിടും’
പതിനാലാം വയസ്സില്‍ ഇടശ്ശേരിയുമായി
ബന്ധപ്പെട്ടതോടെ കവിതയെഴുത്തിന്റെ
മര്‍മ്മങ്ങള്‍ അക്കിത്തം സ്വായത്തമാക്കാന്‍ തുടങ്ങി.
തന്റെ കവിതയുടെ ശക്തിക്കും
സാഹചര്യത്തിനും താന്‍ ഇടശ്ശേരിയോട്
കടപ്പെട്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഉണ്ണിനമ്പൂതിരി, യോഗക്ഷേമം, മംഗളോദയം എന്നീ
പ്രസിദ്ധീകരണങ്ങളുമായി സഹകരിച്ചു
കൊണ്ടാണ് സാഹിത്യത്തിന്റെ രാജവീഥിയിലേക്ക്
അക്കിത്തം കടന്നുവന്നത്. മുണ്ടശ്ശേരി മാസ്റ്റര്‍,
കെ.വി.എം തുടങ്ങിയവരുമായുള്ള സമ്പര്‍ക്കം
കവിയുടെ സ്വര്ഗ്ഗവൈഭവത്തെ
ഒന്നുകൂടി ജ്വലിപ്പിച്ചു.
കോഴിക്കോട് ആകാശവാണിയില്‍ സ്ക്രിപ്റ്റ്
റൈറ്ററായി നിയമനം ലഭിച്ചത് കവിയുടെ
ജീവിതത്തിനും കാവ്യസപര്യക്കും ശുഭോദര്‍ക്കമായ
വഴിത്തിരിവായി ഭവിച്ചു. ആകാശവാണിയില്‍
തിക്കോടിയന്, ഉറൂബ്, കെ.ഏ കൊടുങ്ങല്ലൂര്‍
തുടങ്ങിയ സാഹിത്യപ്രതിഭകളുമായുള്ള
സഹവര്‍ത്തിത്വം അക്കിത്തത്തിന്റെ കാവ്യഭാവനയ്ക്ക്
ചേക്കേറാന്‍ പുതു ചില്ലകള്‍ നല്കി.
വി.ടി. ഇടശ്ശേരി, നാലാപ്പാടന്‍ എന്നീ
മഹാപ്രതിഭകളാണ് അക്കിത്തത്തിന്റെ
സര്ഗ്ഗവാസനയെ സ്വാധീനിച്ചതും
പരിപോഷിപ്പിച്ചതും. ഇവരില്‍ ഇടശ്ശേരിയുടെ പങ്ക്
വളരെ വലുതാണ്. അത്ഭുതാദരങ്ങളോടെയല്ലാതെ
അക്കിത്തത്തിന് ഇടശ്ശേരിയെ ഓര്‍മ്മിക്കുവാന്‍
സാധിക്കുകയില്ല.
‘ആകാശം പോലുള്ള ഒരു ഹൃദയം മാത്രം
കീശയിലിട്ടുനിരത്തിലേക്കിറങ്ങിയ ആ മനുഷ്യന്-
തീവ്രദുഃഖത്തിന്റെ തണ്ടും വലിച്ചുകൊണ്ട്
കുനിയാത്ത ചുമലുമായി നീങ്ങുന്ന ആ
മഹത്വത്തിന്റെ രശ്മി-
ചുറ്റുപാടും വാരിവിതച്ചുകൊണ്ടിരിക്കുന്ന
അടക്കമില്ലാത്ത പൊട്ടിച്ചിരികളുടെ അലകളില്‍
ഒരിക്കലെങ്കിലും ആണ്ടുമുങ്ങിയിട്ടുള്ളവരെ,
നിങ്ങള്‍ ഭാഗ്യവാന്മാരത്രെ.
ആ കൈകളിലുള്ള നിര്മ്മാണശേഷിയുടെ വലുപ്പം
സമുദായത്തുമ്പത്തിരിക്കുന്ന മാന്യന്മാര്
കണ്ടറിഞ്ഞിരുന്നുവെങ്കില്‍’.
പലകുറി താന്‍ അനുഭവിച്ചറിയുകയും തന്മൂലം
ഞരമ്പുകളിലാകെ സചേതനവും ശീതളവും
ദൃഢവുമായ ഒരു വീക്ഷണമായി പടരുകയും ചെയ്ത
ഇടശ്ശേരിയുടെ ഒരു വാക്യം. സങ്കീര്‍ണ്ണവും
ദുഃഖവുമായ ജീവിതയാത്രയില്‍
ഒരൂന്നുവടിയായിത്തീര്ന്നേക്കാം എന്ന
വിശ്വാസത്തോടെ അക്കിത്തം ‘സഞ്ചാരി’കളുടെ
മുഖവുരയില്‍ രേഖപ്പെടുത്തുന്നുണ്ട്.
‘ആത്മാവിന്മേല് പറ്റിപ്പിടിച്ച് നില്ക്കുന്ന
തൊപ്പകളെല്ലാം പറിച്ചു നീക്കൂ, അപ്പോള്‍
കാണാം… ജന്മനാ ഏത് മനുഷ്യനും നല്ലവനാണ്’.
ഇടശ്ശേരിയുടെ ഈ ദര്‍ശനം അക്കിത്തത്തെ
വളരെയേറെ സ്വാധീനിച്ചിട്ടുണ്ടെന്ന് കാണാം.
സുഖം എന്നത് ദുഃഖത്തെ മറക്കാന്‍ മാത്രമാണ്.
ദുഃഖത്തിന് ഒരൊറ്റ പ്രത്യൌഷധമേ ഉള്ളൂ സ്നേഹം
അവിടെയാണ് മനുഷ്യന് എന്ന്
അക്കിത്തം കരുതുന്നു.
‘ഈ ലോകത്തില്‍ ആരും സ്വയംഭൂവമനുവല്ല.
എന്തായാലും ഞാന്‍ അതല്ല.
എഴുതിയത് കവിതയായോ എന്ന് നിശ്ചയമില്ല.
സത്യം പറഞ്ഞു എന്ന സമാധാനം
അവശേഷിക്കുന്നു.
അതാണ് വലുത് എന്ന ബോധവും.
എത്ര വലിയ കവിയും ആദ്യം ആയിരിക്കേണ്ടത്
മനുഷ്യനാണ്.
ആ ബോധമാണ് കളിക്കൊട്ടിലില്നിന്ന്
പുറത്തുവന്നകാലം തൊട്ട് നയിച്ചിട്ടുള്ളത്’.
‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലും’
‘ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിലും’ അക്കിത്തം
അനാവരണം ചെയ്യുന്ന തീഷ്ണയാഥാര്ത്ഥ്യങ്ങള്
അനുവാചകന്റെ മനസ്സിനെ പിടിച്ചു
കുലുക്കുന്നവയാണ്.
അറുപതുകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാള
കവി അക്കിത്തം തന്നെയായിരുന്നു.
രണ്ടുപതിറ്റാണ്ടുകള്‍ക്കുശേഷം
പ്രസിദ്ധീകരിച്ച അമൃതഘടികയിലാവട്ടെ,
ആന്തരികവും ആത്മീയവുമായ സമസ്യകളാണ്
കവിയുടെ മനനത്തിന് വിധേയമാകുന്നത്.
സ്വന്തം കാവ്യസപര്യയുടെ സഫലതയെക്കുറിച്ച് അക്കിത്തം ബോധവാനാണ്:
‘എന്റെ രചനകളില്‍ 75 ശതമാനവും
ജീവനുറ്റവ തന്നെയാണെന്ന് വിചാരിക്കുന്നു.
താങ്ങാന്‍ പറ്റാത്തവിധം കനത്ത പ്രശംസ
അറിയാതെ കയറിവരുന്നു. ചിലപ്പോള്‍ ഉഗ്രമായ
നിരൂപണമായിരിക്കും. രണ്ടും തെളിയിക്കുന്നത്
ഒന്ന് തന്നെയാണല്ലോ. പൊതുവെ പറഞ്ഞാല്‍
നിരൂപണം എന്നെ രസിപ്പിക്കുകയാണ് പതിവ്.
ഞാന്‍ ഗൌനിക്കപ്പെടുന്നുവല്ലോ എന്ന രസം.
ദുര്‍ല്ലഭം ചിലപ്പോള്‍ നിരൂപകന്റെ ഉദ്ദേശ്യം
സത്യാന്വേഷണത്തിനപ്പുറം വല്ലതുമാണെന്ന്
മനസ്സിലാവുമ്പോള്‍ ദുഃഖം തോന്നിയിട്ടുണ്ട്.
എന്തായാലും ആരോടും പിന്നേയ്ക്ക് നില്ക്കുന്ന
യാതൊരു വിരോധവും എനിക്കില്ല.
കാരണം, ഏത് മനുഷ്യനും തന്റേതായ ഒരു
ലോകത്തുവെച്ച് കരയുന്നവനാണെന്ന വിചാരം
എന്നില്‍ മുന്നിട്ടുനില്‍ക്കുന്നു.
അരങ്ങേറ്റം, മധുവിധു, മധുവിധുവിനുശേഷം,
പഞ്ചവര്‍ണ്ണക്കിളികള്‍, മനസ്സാക്ഷിയുടെ പൂക്കള്‍,
വളക്കിലുക്കം, അഞ്ച് നാടോടിപ്പാട്ടുകള്‍,
സഞ്ചാരികള്‍, വെണ്ണക്കല്ലിന്റെ കഥ,
ഇടിഞ്ഞുപൊളിഞ്ഞ ലോകം, നിമിഷക്ഷേത്രം,
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം,
കരതലാമലകം, അമൃതഘടികം, കളിക്കൊട്ടിലില്‍ തുടങ്ങി
ഇരുപതിലധികം കവിതാ സമാഹാരങ്ങള്‍
അക്കിത്തത്തിന്റേതായിട്ടുണ്ട്.
ബലിദര്‍ശനം എന്ന ഖണ്ഡകാവ്യം
കേരളസാഹിത്യ അക്കാഡമി അവാര്‍ഡും (1992)
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും (1993)
നേടി. ‘നിമിഷക്ഷേത്ര’ത്തിന് 1973ലെ ഓടക്കുഴല്‍
അവാര്‍ഡും എസ്.പി.സി.എസ് അവാര്‍ഡും (1975)
ലഭിക്കുകയുണ്ടായി.
‘കടമ്പിന്‍പൂക്കള്‍’, ‘അവതാളങ്ങള്‍’ എന്നീ
ചെറുകഥാ സമാഹാരങ്ങളും
‘ഈ ഏടത്തിനൊണേ പറയൂ’ എന്ന കുട്ടികള്‍ക്കുള്ള
നാടകവും അക്കിത്തം രചിച്ചിട്ടുണ്ട്.
‘സാഗരസംഗീതം’ എന്ന പേരില്‍
സി.ആര്.ദാസിന്റെ ഖണ്ഡകവിതകളുടെ വിവര്‍ത്തനവും
ചെയ്തിട്ടുണ്ട്.
ഭാഗവതത്തിന്റെ വിവര്‍ത്തനവും
അദ്ദേഹം നിര്‍വ്വഹിച്ചിരിക്കുന്നു.
നിരവധി അംഗീകാരങ്ങള്‍ ഈ കവിപ്രതിഭയെ
തേടിയെത്തിയിട്ടുണ്ട്. എഴുത്തച്ഛന് പുരസ്കാരം,
ആശാന് പ്രൈസ്, വള്ളത്തോള്‍ അവാര്‍ഡ്,
വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്,
അമൃതകീര്‍ത്തി പുരസ്കാരം,
ജ്ഞാനപീഠം അവാര്‍ഡു കമ്മിറ്റിയുടെ
മൂര്‍ത്തിദേവി അവാര്‍ഡ് –
അംഗീകാരങ്ങളുടെ പട്ടിക ഇങ്ങിനെ നീളുന്നു.
-എ.പി. നളിനന്