നാടകത്തിന്റെ അടിവേരുകള്‍
‘നാടകം പ്രേക്ഷകരെ തീര്‍ച്ചയായും ആനന്ദിപ്പിക്കണം. ഭരതമുനിയുടെ വാക്കുകളുപയോഗിച്ച് പറഞ്ഞാല്‍ അത് ക്രീഡനീയകം (വിനോദവസ്തു) ആണ്. പക്ഷെ വിനോദം ജനിപ്പിക്കുന്നതുകൊണ്ടുമാത്രം അതിന്റെ കര്‍ത്തവ്യം അവസാനിക്കുന്നില്ല. എന്നല്ല, ഭരതന് നാട്യത്തെ അഞ്ചാമത്തെ വേദമായിത്തന്നെ പ്രഖ്യാപിക്കുന്നുണ്ട്. വേദങ്ങള്‍ക്കുള്ള വിശുദ്ധി, ശാസാനാധികാരം, പ്രബോധനമൂല്യം എന്നിവ നാട്യപ്രധാനമായ നാടകത്തിനുമുണ്ട് എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വേദാധികാരം ചിലരില്‍മാത്രം ഒതുങ്ങിനില്ക്കുമ്പോള് നാടകം സര്‍വ്വ ലോകരെയും ഉദ്ദേശിച്ചുള്ളതാണ്. ലോകത്തെ മുഴുവന്‍ അത് അനുരഞ്ജിപ്പിക്കുന്നു. ആഹ്ളാദിപ്പിക്കുന്നു. ലോകവ്യവഹാരത്തിനുവേണ്ട വിജ്ഞാനം നല്കുന്നു. മനസ്സിനെ ശുദ്ധീകരിക്കുന്നു’.
നാടകം എന്ന കലാരൂപത്തിന്റെ അടിവേരുകളന്വേഷിക്കുന്ന വിശദമായ പഠനമാണ് വിമര്‍ശകനും നാടകകൃത്തുമായ പ്രൊഫ.എന്‍.കൃഷ്ണപിള്ള ‘ചെങ്കോലും മരവുരിയും- പ്രവേശിക’ എന്ന നിബന്ധത്തില്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. നാടകത്തിന്റെ ലക്ഷ്യവും ലക്ഷണങ്ങളും ഈ നാടകവിമര്ശകന് ഈ പഠനത്തില്‍ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. പൌരസ്ത്യര്ക്ക് നാടകത്തെക്കുറിച്ച് ഉണ്ടായിരുന്ന ഉദാത്തസങ്കല്‍പ്പം തന്നെയാണ് പാശ്ചാത്യര്ക്കുമുണ്ടായിരുന്നതെന്ന് യവനനാടക സങ്കല്‍പ്പത്തെ ഉദാഹരിച്ചുകൊണ്ട് പ്രൊഫസര്‍ വ്യക്തമാക്കുന്നു. ‘അരിസ്റ്റോട്ടില്‍ എന്ന യവനാചാര്യന്‍ നാടകത്തിന് സൃഷ്ടിക്കാന്‍ കഴിയുന്ന മാനസികാനുഭവത്തെപ്പറ്റി ഊന്നിപ്പറഞ്ഞിട്ടുണ്ട്. നാടകം വിനോദവും പ്രബോധനവും ചെയ്യുന്നതോടൊപ്പം പ്രേക്ഷകന്റെ മനോവികാരങ്ങളെ വിമലീകരിക്കുകയും ചെയ്യണം എന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചു’.
രൂപകം എന്നും നാടകത്തിന് പേരുണ്ട്. ഒരാളുടെ രൂപചേഷ്ടാദികള് അയാള്‍ക്കുപകരം മറ്റൊരാള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നതുകൊണ്ട് രൂപകം എന്ന പേരുവന്നത്. നാടകത്തെ ദൃശ്യകാവ്യമായിട്ടാണ് ഭാരതീയ വിമര്‍ശകര്‍ വിശേഷിപ്പിച്ചിരുന്നത്. വായിച്ച് രസിക്കാമെങ്കിലും അഭിനയിച്ച് കാണുമ്പോഴെ നാടകകൃത്തിന്റെ സാഫല്യമുണ്ടാകുന്നുള്ളൂ. നാടകകൃത്തിന്റെയും സംവിധായകന്റെയും അഭിനേതാക്കളുടെയും പ്രേക്ഷകരുടെയും അനുഭവങ്ങള്‍ ചേരുമ്പോഴാണ് നാടകത്തിന് തികവ് സിദ്ധിക്കുന്നത്. പ്രേക്ഷകന് നാടകത്തെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ഘടകമാണ്. നാടകം ഉള്‍ക്കൊള്ളുന്ന എല്ലാ കലകളും ആസ്വദിക്കാന്‍ വേണ്ട അറിവും പാകതയും ശിക്ഷണവും ഉള്ള സഹൃദയന്മാരില്ക്കൂടി മാത്രമേ നാടകം സമ്പൂര്‍ണ്ണ സൌഭാഗ്യം നേടുകയുള്ളൂവെന്ന് പ്രൊഫസര്‍ കൃഷ്ണപിള്ള സിദ്ധാന്തിക്കുന്നു.
‘ഉത്തമ പ്രേക്ഷകരുടെ സ്വഭാവങ്ങള്‍ ഭരതന് നാട്യശാസ്ത്രത്തില്‍ വളരെ വിസ്തരിക്കുന്നുണ്ട്. ആധുനിക നാടകലക്ഷണഗ്രന്ഥങ്ങളിലും പ്രേക്ഷകന്റെ പങ്കിനെപ്പറ്റിയുള്ള പ്രൌഢചര്‍ച്ചകള്‍ കാണാം. പ്രേക്ഷകന് രംഗത്തുകാണുന്ന കലാവസ്തുവില്‍ സ്വത്വം മറന്ന് സമ്പൂര്‍ണ്ണമായി ലയിക്കുകയാണെന്നാണ് പ്രബലാഭിപ്രായം. അതല്ലാ കലാവസ്തുവില്‍ ലയിക്കുന്നതിനുപകരം സൌന്ദര്യം വകതിരിവോടെ ദര്ശിക്കുന്നതിനുവേണ്ട മാനസികമായ ഒരു അകല്‍ച്ച പ്രേക്ഷകനും കൂടിയേതീരൂ എന്നും അതുപോലെതന്നെ നാടകത്തില്‍ക്കൂടി പ്രകടിതമാകുന്ന ജീവിതത്തെ വിമര്‍ശന ബുദ്ധിയോടെ വിലയിരുത്താന്‍ വേണ്ട ഒരു അകലം പ്രേക്ഷകന് ഉണ്ടായേതീരൂ എന്നും ഒരു അഭിപ്രായഗതി നാടകനിരൂപകന്മാര്ക്കിടയില് അടുത്തകാലത്ത് ബലപ്പെട്ടുവന്നിട്ടുണ്ട്’.
ചലനാത്മകതയാണ് നാടകത്തിന്റെ സവിശേഷമുദ്ര. പരിണാമിയായ ജീവിതമാണ് നാടകകൃത്തിന്റെ അസംസ്കൃത വസ്തു. പരിണാമത്തിനിടയാക്കിയ കാരണങ്ങളും പരിണാമഘട്ടങ്ങളുമാണ് നാടകത്തില്‍ അനാവരണാകുന്നത്. ‘എല്ലാ ഉത്തമ നാടകങ്ങളും മനുഷ്യജീവിതത്തിലെ മഹാപരിവര്ത്തനങ്ങളില് ചിലതിന്റെ സുന്ദരരേഖകളാകുന്നു. നാടകം ആരംഭിക്കുന്ന അവസ്ഥാവിശേഷത്തില്നിന്ന് എത്രയോ അകന്ന, പലപ്പോഴും വിരുദ്ധം തന്നെയായ ഒരു ജീവിതാവസ്ഥയിലേക്കാണ് അതിലെ പരിണാമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ‘ഡ്രാമ’ എന്ന വാക്കുതന്നെ നാടകത്തിന്റെ സദാ ചലനസ്വഭാവത്തെയാണ് കുറിക്കുന്നതെന്നും ഓര്‍ക്കുക. കഥാപാത്രങ്ങളുടെ മാനസികമായ വ്യാപാരങ്ങളും അവയുടെ പ്രതിബിംബങ്ങളായ ശരീരചേഷ്ടകളും എല്ലാംതന്നെ ഏകാഗ്രമായി അന്തിമപരിണാമത്തെ ഉന്മുഖമാക്കി മുന്നേറുന്നു. ഈ മുന്നേറ്റത്തിന് സഹായിക്കാത്തതോ അതിന് തടസ്സമായി നില്ക്കുന്നതോ ആയതെന്തും- അത് പാത്രങ്ങളോ സന്ദര്‍ഭങ്ങളോ സംഭാഷണങ്ങളോ ഒക്കെയായാലും- നല്ല നാടകത്തില്‍ കടന്നുകൂടാന്‍ പാടില്ലാത്തതാകുന്നു.
സങ്കരകലയായ നാടകത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വിഭാഗം അഭിനയമാണ്. കരചരണാദികള്കൊണ്ടുള്ള ആംഗികം, സ്വരഭേദങ്ങളോടെയുള്ള വാചികം, വേഷഭൂഷാദികളും ചമയവും ഉപയോഗിച്ചുള്ള ആഹാര്യം, അന്തരംഗചലനങ്ങള് ദ്യോതിപ്പിക്കുന്ന സാത്ത്വികം എന്നിങ്ങനെ ഭാരതീയ നാട്യശാസ്ത്രം വിശദമായി അഭിനയത്തിന്റെ സാദ്ധ്യതകള്‍ വിവരിക്കുന്നുണ്ട്. പാശ്ചാത്യരായ ആധുനിക നാടകചിന്തകന്മാരില് പലരും അഭിനയത്തിനുതന്നെയാണ് നാടകത്തില്‍ മുന്‍ഗണന നല്‍കുന്നത്.
‘ആദിയും മദ്ധ്യവും അന്ത്യവുമുള്ള ഒരു മനുഷ്യകഥയായിരിക്കും വിഷയം. പറയാന്‍ സ്വീകരിക്കുന്ന കഥ മുഴുവനും ഒരിക്കലും പറയുന്നില്ല. ആ കഥയുടെ ഏതെങ്കിലും ഒരു ഘട്ടത്തെ കൃതിയുടെ തുടക്കമായി എടുക്കുന്നു. അതുപോലെ തന്നെ മറ്റൊരു ഘട്ടത്തെ ഒടുക്കമായിട്ടും ചേര്‍ക്കുന്നു. ഈ തുടക്കംതൊട്ട് ഒടുക്കം വരെയുള്ള കഥാഭാഗത്തെയാണ് മദ്ധ്യം എന്ന് പറയുന്നത്’. പഞ്ചസന്ധികളിലൂടെ ഇതിവൃത്തവും ക്രിയാപൂര്ത്തിയിലൂടെ സ്ഥായീഭാവവും വളര്‍ന്ന് വികസിക്കുന്നു. സംഘട്ടനത്തില്ക്കൂടിയാണ് പാത്രസ്വഭാവം വികസിച്ചുവരുന്നത്. ‘അരങ്ങത്ത് നില്ക്കുന്ന കഥാപാത്രങ്ങളുടെ ജീവിതലക്ഷ്യങ്ങളില്‍, ആശയങ്ങളില്‍, വികാരങ്ങളില്‍, വൈരുദ്ധ്യവും തന്മൂലമുള്ള സംഘര്‍ഷവും സംഭവിക്കുന്നില്ലെന്ന് വയ്ക്കുക. അങ്ങനെയായാല്‍ നടന്മാരുടെ പ്രകടനമെല്ലാം ഏകരൂപമായിപ്പോകും. അതിന് വൈവിദ്ധ്യമോ വൈചിത്യ്രമോ പേരിനുപോലും കാണുകയില്ല’.
-എന്‍