കയ്പവല്ലരി

Vailoppilli Sreedharamenon
Vailoppilli Sreedharamenon

തൃശൂരില്‍ സാഹിത്യ അക്കാദമി ഹാളില്‍ കുങ്കുമം നോവല്‍ അവാര്‍ഡുദാനസമ്മേളനം തുടങ്ങുവാന്‍ കുറച്ച് സമയം മാത്രം ബാക്കിനില്‍ക്കേ, സംഘാടകരില്‍ ആരോ ഓര്‍ത്തു:
“മഹാകവി വൈലോപ്പിള്ളിയെ കണ്ടില്ലല്ലോ!”
മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍, സ്കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ പ്രൊഫ.ജി.ശങ്കരപ്പിള്ള, തൃശൂര്‍ ആകാശവാണി ഡയറക്ടര്‍ വി.എന്‍.ഉണ്ണി, എക്സ്പ്രസ് പത്രാധിപര്‍ കെ.ബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം പത്താമത് കൃഷ്ണസ്വാമി കുങ്കുമം നോവല്‍ അവാര്‍ഡ് സമ്മേളനത്തിന്റെ സ്വാഗതസംഘം രക്ഷാധികാരികളിലൊരാളായിരുന്നെങ്കിലും ചടങ്ങില്‍ മുഖ്യസദസ്യനായി മാത്രമേ വൈലോപ്പിള്ളി എത്തേണ്ടിയിരുന്നുള്ളൂ. അതുകൊണ്ടാവാം ഈ അമാന്തമെന്ന് പലരും കരുതി.
എന്നാല്‍ ഒരാഴ്ചമുമ്പ് ക്ഷണക്കത്ത് നേരിട്ടെത്തിക്കാന്‍ ദേവസ്വം ക്വാര്‍ട്ടേഴ്സിലേക്ക് ചെന്ന ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാതെ അദ്ദേഹം വീട്ടില്‍ അടച്ചുപൂജ നടത്തിയതുകാരണം കത്ത് ജനല്‍പ്പഴുതിലൂടെ അകത്തേയ്ക്ക് തള്ളിവിടാനേ കഴിഞ്ഞുള്ളൂ എന്നോര്‍ത്തപ്പോള്‍ നേരില്‍ പോയി സമ്മേളനത്തിന് കൂട്ടിക്കൊണ്ട് വരുന്നതാണ് നല്ലതെന്ന് തോന്നി. (വീട് അകത്തുനിന്ന് പൂട്ടി, ആരു വന്നാലും പിടികൊടുക്കാതിരിക്കുന്ന ഒരു സ്വഭാവം വൈലോപ്പിള്ളിക്കുണ്ടായിരുന്നു. വാതില്‍ ഏറെ മുട്ടിയിട്ടും, അകത്തുനിന്ന് ആരും പുറത്തേക്ക് നോക്കാതിരുന്നതിനാല്‍ ക്ഷണക്കത്ത് നേരിട്ട് കൊടുക്കാന്‍ കഴിയാത്ത നേര്‍ത്ത ദുഃഖത്തോടെയാണ് ഞങ്ങള്‍ മടങ്ങിയത്)
കുങ്കുമത്തിന്റെ കാറില്‍ മഹാകവിയെ കൊണ്ടുവരാന്‍, സാഹിത്യ അക്കാദമി ഹാളില്‍നിന്ന് വളരെ ദൂരെയല്ലാത്ത ദേവസ്വം ക്വാര്‍ട്ടേഴ്സിലേക്ക് തിരിച്ച ഞങ്ങളില്‍ അത്ഭുതവും ആശ്വാസവും പകര്‍ന്നുകൊണ്ട് അദ്ദേഹം തുറന്നിട്ട ജാലകത്തിന്നരികില്‍ ഇരുന്ന് എന്തോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു.
“ആരാ? എന്താ?”
ചോദ്യം അല്പം തീക്ഷ്ണവും, ഒപ്പം വെറുപ്പ് കലരാത്തതുമായിരുന്നു. തല്‍ക്കാലം രക്ഷപ്പെട്ടു എന്നു തോന്നി. പലരേയും മുഖം നോക്കാതെ സ്വന്തം “മൂഡ്” അനുസരിച്ച് മടക്കി അയയ്ക്കുന്ന പതിവുള്ള മഹാകവിയുടെ കയ്പവല്ലരി ഞങ്ങള്‍ക്കുമുന്നില്‍ പൂത്തുനില്‍ക്കുന്നതുപോലെ.
“കയറിയിരിക്കൂ….”
നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അകത്തേക്ക് ക്ഷണം കിട്ടി.
മഹാകവി അപ്പോഴും ആര്‍ക്കെല്ലാമോ കത്തുകള്‍ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ കുങ്കുമത്തില്‍ നിന്നാണെന്നും സമ്മേളനഹാളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വന്നതാണെന്നും അറിയിച്ചു.
“എനിക്കല്ലല്ലോ അവാര്‍ഡ്, പിന്നെ ഞാനെന്തിനാ?”
ആകാശം ഇരുണ്ടുകൂടുകയാണോ?
ഞങ്ങള്‍ വീര്‍പ്പടക്കി ഇരുന്നു. സമയം ആറുമണി. സമ്മേളനം തുടങ്ങിക്കാണും.
“അവിടെയിരിക്കൂ. ഈ എഴുത്ത് എഴുതിക്കഴിയട്ടെ”.
ആജ്ഞയുടെ സ്വരം
ചെമ്മനം ചാക്കോവിന് മകളുടെ വിവാഹത്തിന് എത്തിച്ചേരാന്‍ പറ്റില്ലെന്ന് കാണിച്ചുകൊണ്ടൊരു കത്ത്. പിന്നെ വേറൊരു കത്തും.
ഞങ്ങള്‍ വാച്ചിന്റെ സൂചി ചലിക്കുന്നതും നോക്കി കാത്തിരുന്നു. അപ്പോഴാണ് പുറത്ത് ജനവാതിലില്‍ രണ്ട് ചെറുപ്പക്കാരുടെ മുഖങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
വൈലോപ്പിള്ളിയുടെ മുഖം ദേഷ്യംകൊണ്ട് തുടുത്തു.
“സമ്മേളനത്തിനാ…? എനിക്ക് പറ്റില്ല…. ഇവിടെ നില്‍ക്കണ്ട, പോയ്ക്കോളൂ….”
വിരണ്ടുപോയെങ്കിലും ചെറുപ്പക്കാര്‍ സൌമ്യഭാവത്തില്‍ പറഞ്ഞു:
“സമ്മേളനത്തിനല്ല…. അങ്ങയുടെ ഒരു ഫോട്ടോ സോവനീറിലെ ആശംസയില്‍ ചേര്‍ക്കാന്‍ തരാമെന്ന് പറഞ്ഞിരുന്നു…..”
മഹാകവി കൂടുതല്‍ ചൊടിക്കുകയാണുണ്ടായത്.
“ഒരു ഫോട്ടോംല്ല്യ. പൊയ്ക്കോളൂ- വല്ല സിനിമക്കാരുടെയോ മറ്റോ ഫോട്ടോ ഇട്ടോളൂ. എന്റെ ഫോട്ടോ കൊള്ളില്ല; തരില്ല്യ”. പാവം ചെറുപ്പക്കാര്‍ പന്തികേട് മനസ്സിലാക്കി അപ്രത്യക്ഷരായി.
ഭാവം പകര്‍ന്ന വൈലോപ്പിള്ളി ഇനി ഞങ്ങളുടെ നേരെ തിരിയുമോ? അതായിരുന്നു പേടി. എന്നാല്‍ അതുണ്ടായില്ല.
ഞങ്ങളുടെ മുന്നിലെ അലമാരി തുറന്ന് അലക്കുവസ്ത്രങ്ങള്‍ അദ്ദേഹം എടുത്തണിഞ്ഞു. വീട് പൂട്ടിയിറങ്ങുമ്പോള്‍ ആവശ്യത്തിലേറെ സമയമെടുത്തു.
“ഒന്നിനും ആളില്ല്യല്ലൊ. ഒക്കെയും ഞാന്‍ തന്നെ വേണ്ടേ…?” കാറില്‍ കയറുമ്പോള്‍ ആരോടോ പരിഭവം പറഞ്ഞു.
സാഹിത്യ അക്കാദമി ഹാളിലെത്തുമ്പോള്‍ ഡോ.കെ.കെ.രാഹുലന്റെ സ്വാഗതപ്രസംഗം മുഴങ്ങുന്നു….
സമ്മേളനഹാളിലേക്ക് കടക്കാന്‍ തുനിയുന്ന വൈലോപ്പിള്ളിയുടെ മുന്നിലൂടെ ഹാളിലേയ്ക്ക് അരിച്ചുനീങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനികളെ ഒതുക്കിമാറ്റാന്‍ തുനിഞ്ഞപ്പോള്‍ അദ്ദേഹം തടഞ്ഞു. അവര്‍ ഓരോരുത്തരായി അകത്ത് കടന്ന ശേഷമേ അദ്ദേഹം ഹാളിലേയ്ക്ക് പ്രവേശിച്ചുള്ളൂ.

അക്കാദമി ഹാളിന്റെ അരികുചേര്‍ന്ന് മഹാകവിയെ മുന്‍വരിയിലേക്ക് ആനയിക്കവേ, അഞ്ചാം വരിയില്‍ ഒഴിഞ്ഞുകണ്ട ഒരു കസേരയില്‍ അദ്ദേഹം ചാടിയിരിപ്പുറപ്പിച്ചുകഴിഞ്ഞു- ഇളകാത്ത കൃഷ്ണശിലപോലെ!
അവാര്‍ഡുദാന സമ്മേളനം ഏതാണ്ട് പകുതി പിന്നിടുമ്പോള്‍ അഞ്ചാം നിരയില്‍ ഇരുപ്പുറപ്പിച്ച മലയാള കവിതാ രംഗത്തെ ഒന്നാം നിരക്കാരനെ എന്റെ കണ്ണുകള്‍ തിരക്കിച്ചെന്നു. അവിടം ഒഴിഞ്ഞു കിടക്കുന്നു…

ഇന്ന്,
മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സില്‍ വിഷാദം ഊറിക്കിടക്കുന്നു. അന്ന് കുങ്കുമം അവാര്‍ഡുദാനച്ചടങ്ങിന്റെ വേദിയില്‍ നിറഞ്ഞുനിന്നിരുന്ന വിശിഷ്ട വ്യക്തികളെല്ലാവരും- മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍, റിട്ട.ജസ്റ്റിസ് പി.സുബ്രഹ്മണ്യന്‍ പോറ്റി, എന്‍.വി. കൃഷ്ണവാരിയര്‍, എം.കെ.മേനോന്‍ (വിലാസിനി) എക്സ്പ്രസ് പത്രാധിപര്‍ കെ.ബാലകൃഷ്ണന്‍, അഡ്വ.ജി.ജനാര്‍ദ്ദനക്കുറുപ്പ്, വൈക്കം ചന്ദ്രശേഖരന്‍ നായര്‍- കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞിരിക്കുന്നു. സ്വാഗതമാശംസിച്ച ഡോ.കെ.കെ.രാഹുലനും നന്ദി പ്രകാശിപ്പിച്ച കാറളം ബാലകൃഷ്ണനും ഇന്ന് നമ്മുടെ കൂടെയില്ല.

മാന്യസദസ്യനായിരുന്ന മഹാകവി വൈലോപ്പിള്ളി ദീപ്തമായ ഓരോര്‍മ്മയായി മാറിയിരിക്കുന്നു-
നിളയുടെ തീരങ്ങളില്‍ എരിഞ്ഞടങ്ങിയ ആ സര്‍ഗ്ഗധനന്റെ ആത്മാവ് അവിടെ തടം തീര്‍ത്തൊരുക്കിയ കയ്പവല്ലരികള്‍ നനയ്ക്കുകയായിരിക്കാം.

– എ.പി. നളിനന്‍

Share Button