ആചാര്യസ്മരണ
നമുക്കിടയില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി ഒരു സംസ്കൃതപണ്ഡിതന്‍ ജീവിച്ചിരുന്നു. അദ്ദേഹം ഗവേഷകനായിരുന്നു, സാഹിത്യനിരൂപകനായിരുന്നു, പ്രഗത്ഭനായ വാഗ്മിയായിരുന്നു. കുടയും കറുത്ത ബാഗും മാറോടടുക്കിപ്പിടിച്ച് കോഴിക്കോട് മാനാഞ്ചിറ ബസ് സ്റ്റോപ്പില്‍ തിരുവണ്ണൂര്‍ക്കുള്ള ബസ് കാത്തുനില്‍ക്കുന്ന വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച, തലനരച്ച ഈ മെലിഞ്ഞ മനുഷ്യനെ കാണുമ്പോള്‍ പെന്‍ഷന്‍പറ്റിയ ഒരു ഹൈസ്കൂള്‍ വാദ്ധ്യാരെന്ന് മാത്രമേ നാം സങ്കല്‍പ്പിക്കുകയുള്ളൂ. കോഴിക്കോട് സര്‍വ്വകലാശാലയുടെ സംസ്കൃതവിഭാഗത്തിന്റെ മേധാവിയും, പ്രസിദ്ധ സാഹിത്യനിരൂപകനും സാംസ്ക്കാരിക നായകനുമായ ഡോ.എം.എസ്.മേനോനാണ് ഈ വ്യക്തിയെന്ന് തിരിച്ചറിയുമ്പോള്‍ നമ്മുടെ മനസ്സില്‍ അദ്ദേഹത്തോടുള്ള ആദരം വര്‍ദ്ധിക്കുകയായി.
ആചാര്യപരമ്പരയുടെ അവസാനത്തെ കണ്ണികളിലൊരാളായ ഡോ.എം.എസ്.മേനോനും ഇന്ന് ഓര്‍മ്മമാത്രം. പി.സി.വാസുദേവനിളയത്, ഡോ.ഇ.ആര്‍. ശ്രീകൃഷ്ണശര്‍മ്മ, എന്‍.വി.കൃഷ്ണവാരിയര്‍, കെ.പി.നാരായണ പിഷാരടി. നമുക്ക് നഷ്ടപ്പെട്ട സംസ്കൃതപണ്ഡിതന്മാരുടെകൂടെ മേനോന്‍മാസ്റ്ററുടെ പേര്‍കൂടി കാലം കൂട്ടിച്ചേര്‍ത്തു. 1998 ആഗസ്റ്റ് 24ന് രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കോഴിക്കോട്ട് അന്തരിച്ച ഡോ.എം.എസ്. മേനോന്‍ പാണ്ഡിത്യവും ലാളിത്യവും പരസ്പരപൂരകമായി വര്‍ത്തിച്ചിരുന്ന വിശിഷ്ട വ്യക്തിത്വത്തിനുടമയായിരുന്നു.
സാംസ്കാരികവകുപ്പ് പ്രസിദ്ധീകരണങ്ങളുടെ ഉപദേശകസമിതി ചെയര്‍മാന്‍, പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാന വൈസ്പ്രസിഡന്റ്, കേരളസാഹിത്യ അക്കാദമിയുടെ ജനറല്‍ സെക്രട്ടറി തുടങ്ങി ഒട്ടനവധി സ്ഥാനങ്ങള്‍ ഡോ.എം.എസ്.മേനോന്‍ വഹിച്ചിരുന്നു. തുഞ്ചന്‍ സ്മാരകസമിതി ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ ആ സാംസ്ക്കാരിക സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയൊരുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളസാഹിത്യ അക്കാദമിയും കേരള-കാലിക്കറ്റ് സര്‍വ്വകലാശാലകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസും ഈ പണ്ഡിതന്റെ വിശിഷ്ട സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മലയാളസാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തി കേരളസാഹിത്യ അക്കാദമി ഈ നിരൂപകന് പുരസ്കാരം നല്‍കി ആദരിക്കുകയുണ്ടായി.
ഒരു മാതൃകാദ്ധ്യാപകനെന്നനിലയില്‍ ഡോ.എം.എസ്.മേനോന്‍ സഹപ്രവര്‍ത്തകര്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും സമാദരണീയനായിരുന്നു. മുണ്ടൂര്‍ ഗോപാലകൃഷ്ണഗോഖലെ സംസ്കൃത സ്കൂള്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജ്, തൃശൂര്‍ കേരളവര്‍മ്മ കോളേജ്, മദിരാശി പ്രസിഡന്‍സി കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കോഴിക്കോട് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ അദ്ദേഹം അദ്ധ്യാപകനായി ജോലി ചെയ്തു. വിപുലമായ സുഹൃദ്വലയവും ശിഷ്യസമ്പത്തും നേടി.
സാഹിത്യവിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനയും ഗവേഷണ തല്‍പ്പരതയും വളര്‍ത്തുന്നതില്‍ ഈ ആചാര്യന്‍ ബദ്ധശ്രദ്ധനായിരുന്നു.
‘മാസം അഞ്ചേകാലുറുപ്പിക (അഞ്ചേകാലും കോപ്പും എന്നാണ് അന്നതിനെ വിളിച്ചിരുന്നത്) ഫീസ് കൊടുത്ത് പഠിപ്പിക്കാന്‍ കഴിവില്ലാതിരുന്നതുകൊണ്ട് ഒരു ചെലവും ചെയ്യേണ്ടാത്തതായ ഗുരുവായൂരിലെ ദേവസ്വം സംസ്കൃത സ്കൂളിലാണ് രക്ഷിതാക്കള്‍ എന്നെ ചേര്‍ത്തത്’. തന്റെ വിദ്യാര്‍ത്ഥി ജീവിതത്തിലേക്ക് മേനോന്‍മാസ്റ്റര്‍ തിരിഞ്ഞുനോക്കുന്നതിങ്ങനെയാണ്. അവിടെ എട്ടുകൊല്ലത്തെ കോഴ്സ് നാലുകൊല്ലംകൊണ്ട് പൂര്‍ത്തിയാക്കി 13-ാം വയസ്സിലാണ് അദ്ദേഹം പാവറട്ടി സാഹിത്യദീപികാ സംസ്കൃത കോളേജില്‍ സാഹിത്യശിരോമണി കോഴ്സിന് ചേര്‍ന്നത്. പി.സി.വാസുദേവന്‍ ഇളയത്, ശ്രീകൃഷ്ണശര്‍മ്മ, കെ.പി.നാരായണ പിഷാരടി, എം.പി.ശങ്കുണ്ണി നായര്‍, കെ.കൃഷ്ണവാരിയര്‍ തുടങ്ങിയ പ്രഗത്ഭരായ സംസ്കൃതപണ്ഡിതന്മാരുടെ ശിക്ഷണം ലഭിക്കുവാനുള്ള ഭാഗ്യം അവിടെ അദ്ദേഹത്തിന് ലഭിച്ചു. സര്‍വ്വോപരി, പാവറട്ടിയില്‍ മലയാളം വിദ്വാന്‍ ക്ളാസിലെ അദ്ധ്യാപകനായിരുന്ന ചെറുകാടിന്റെ മാര്‍ഗ്ഗദര്‍ശനം സാഹിത്യാഭിരുചി വളര്‍ത്തുന്നതിലും സ്വന്തം രാഷ്ട്രീയ സമീപനം കണ്ടെത്തുന്നതിലും ഉല്‍പ്പതിഷ്ണുവായ ഈ വിദ്യാര്‍ത്ഥിയെ വളരെയേറെ സഹായിച്ചു.
എന്‍.വി.കൃഷ്ണവാരിയരാണ് മേനോന്‍മാസ്റ്ററുടെ ജീവിതത്തെ ഏറെ സ്വാധീനിച്ച മറ്റൊരു വ്യക്തി. കൊടകര നാഷണല്‍ ഹൈസ്ക്കൂളില്‍ എന്‍.വി. മലയാളാദ്ധ്യാപകനും മേനോന്‍ മാസ്റ്റര്‍ സംസ്കൃതാദ്ധ്യാപകനുമായി കുറച്ചുകാലം ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു. ആ കാലഘട്ടത്തെക്കുറിച്ച് മേനോന്‍ മാസ്റ്റര്‍ ഇങ്ങനെ സ്മരിക്കുന്നു.
‘സ്വാതന്ത്യ്ര സമരകാലത്ത് ഒളിവില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ആ പ്രസ്ഥാനത്തെ ശക്തമാക്കാന്‍ ശ്രമിച്ച എന്‍.വിയോടൊപ്പം ഒരേ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത് ഒരു മഹാഭാഗ്യമായി ഞാന്‍ കരുതി. പാവറട്ടിയില്‍വെച്ച് ചെറുകാടില്‍നിന്ന് കിട്ടിയ രാഷ്ട്രീയബോധത്തെ കൂടുതല്‍ സമ്പന്നവും വികസ്വരവുമാക്കാന്‍ എന്‍.വി.യുമായുള്ള ബന്ധം സഹായകമായി. അദ്ദേഹത്തില്‍നിന്നാണ് ഞാന്‍ ഹിന്ദി പഠിച്ചത്. സ്കൂള്‍ ഫൈനല്‍ പരീക്ഷ പാസാകാതെതന്നെ ഇന്റര്‍മീഡിയറ്റ് പരീക്ഷക്കെഴുതാമെന്നും തുടര്‍ന്ന് ബി.ഒ.എല്‍. ബിരുദം നേടാമെന്നും ഉപദേശിച്ചുകൊണ്ട് എന്നെ ഇംഗ്ളീഷും അദ്ദേഹം പഠിപ്പിച്ചു. എന്‍.വി.യും ഇതേ വഴിയിലൂടെത്തന്നെയാണ് കടന്നുവന്നതെന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. അദ്ദേഹം കാണിച്ചുതന്ന മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചുകൊണ്ട് ഞാനും ഒരു ബിരുദധാരിയായി, നാലുകൊല്ലംകൊണ്ട് അങ്ങനെ എന്‍.വി. എന്റെ ആചാര്യനും മാര്‍ഗ്ഗദര്‍ശിയും സുഹൃത്തുമായി. അന്ന് അദ്ദേഹവുമായി പരിചയപ്പെടാന്‍ അവസരം കിട്ടിയിരുന്നില്ലെങ്കില്‍ ഞാനിന്നും ഒരു ശിരോമണി മാത്രമായി അവശേഷിക്കുമായിരുന്നു’.
ബിരുദധാരിയായെന്നുമാത്രമല്ല സംസ്കൃതത്തിലും മലയാളത്തിലും എം.എ.ബിരുദവും ജര്‍മ്മന്‍ ഭാഷയില്‍ ഡിപ്ളോമയും മേനോന്‍മാസ്റ്റര്‍ പിന്നീട് നേടുകയുണ്ടായി. ‘സുഭദ്രാഹരണം- വ്യാകരണ മഹാകാവ്യം’ എന്ന ഗവേഷണ പ്രബന്ധത്തിന് സംസ്കൃതത്തില്‍ ഡോക്ടറേറ്റും അദ്ദേഹം സമ്പാദിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയുടെ സംസ്കൃതവിഭാഗം മേധാവിയെന്ന നിലയില്‍ ഒട്ടേറെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശകനാകാനും ഈ സാഹിത്യാചാര്യന് സാധിച്ചു.
സാഹിത്യവിമര്‍ശകനെന്ന നിലയില്‍ മലയാളസാഹിത്യത്തില്‍ ഡോ.എം.എസ്.മേനോന് വിശിഷ്ടമായൊരു സ്ഥാനമുണ്ട്. സംസ്കൃതസാഹിത്യാചാരന്മാരുടെ ചിന്തകള്‍ മലയാളസാഹിത്യ കുതുകികള്‍ക്ക് പരിചയപ്പെടുത്തിയെന്നതില്‍ മാത്രം ഈ വിമര്‍ശകന്റെ സംഭാവനകള്‍ ഒതുങ്ങുന്നില്ല. കാളിദാസനേയും ഭാസനേയും പരിചയപ്പെടുത്തുന്ന അതേ വിമര്‍ശനബുദ്ധിയോടെ എം.ടി.യുടെ ‘കാല’വും കാക്കനാടന്റെ ഉഷ്ണേഖലയും ഈ നിരൂപകന്‍ വിലയിരുത്തന്നതുകണ്ട് നാം അത്ഭുതപ്പെടുന്നു. ഇടതുപക്ഷ- സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ എന്നും നിലകൊണ്ടിരുന്ന ഡോ.എം.എസ്.മേനോന്‍ സാഹിത്യാദികലകളുടെ പ്രയോജനമൂല്യത്തെക്കുറിച്ച് തികഞ്ഞ ബോധവാനായിരുന്നു.
‘അവിഹിതഗതിയായി, അനുസ്യൂതമായി, പ്രകാശിച്ചുകൊണ്ടിരിക്കുന്ന കലയ്ക്ക് കാലം, ദേശം, ആചാരം, സങ്കല്‍പ്പം എന്നിവയോടുള്ള ഗാഢമായ ബന്ധത്തെ ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല. കലാകാരന്റെ ജീവിതദര്‍ശനവും സൌന്ദര്യബോധവും ആത്മാവിഷ്ക്കാര വൈഭവവുമെല്ലാം അന്യോന്യം ബന്ധപ്പെട്ടവയത്രെ, ആ നിലയ്ക്ക് ഏത് കലാസൃഷ്ടിയെ അപഗ്രഥിക്കുമ്പോഴും വിലയിരുത്തുമ്പോഴും അതിന്റെ ഉറവിടവും ബാഹ്യാഭ്യന്തര പ്രേരണകളും നിരൂപകന്റെ ശ്രദ്ധയില്‍ പെടേണ്ടതാണ്’ എന്ന് ഹൃദയസംവാദമെന്ന ഗ്രന്ഥത്തില്‍ ഡോ.എം.എസ്.മേനോന്‍ അടിവരയിട്ട് പറയുന്നുണ്ട്.
‘കല കലയ്ക്കും ജീവിതത്തിനും വേണ്ടിയാണെന്ന ബോധത്തോടെ ദൃശ്യകലയെ ലോകചരിത്രവുമായി ബന്ധിച്ചുവെന്നതത്രെ ഭരതമുനിയുടെ മികച്ച സംഭാവന. തികച്ചും ലൌകികമായ ഒരു തത്ത്വചിന്തയില്‍ ഭാരതീയസംസ്ക്കാരത്തേയും കലയേയും പ്രതിഷ്ഠിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു’ എന്ന് കണ്ടെത്തുന്ന ഈ നിരൂപകന്‍ പുരാതന ഋഷിമാര്‍ക്ക് ജീവിതത്തില്‍ നൈരാശ്യമോ വൈരാഗ്യമോ തോന്നിയിരുന്നില്ലെന്നും ഈ ലോകത്തെ ദുഃഖങ്ങളുടെ കൂമ്പാരമായി അവര്‍ കണ്ടിരുന്നില്ലെന്നും ഈ ശരീരത്തില്‍നിന്ന് വിമുക്തി നേടിയാല്‍മതിയെന്ന് വിളിച്ച് പറയുന്ന ഒരു സൂക്തവും അവരില്‍ നിന്നുയര്‍ന്നിട്ടില്ലെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
സംസ്കൃത കാവ്യമീമാംസകരുടെ ഗഹനചിന്തകള്‍ സരളലളിത മലയാളത്തില്‍ വിശദീകരിച്ചുതന്നു എന്നത് ഈ നിരൂപകന്റെ ഒരു വലിയ വിജയം തന്നെയാണ്. കല ശാസ്ത്രീയയുഗത്തില്‍, അവലോകനം, സാഹിത്യാസ്വാദനം, വിമര്‍ശനത്തിന്റെ പ്രശ്നങ്ങള്‍ തുടങ്ങിയ നിരൂപണ ഗ്രന്ഥങ്ങളിലെല്ലാം ദൃഢചിത്തനും പുരോഗമനവാദിയുമായ ഒരു സാഹിത്യചിന്തകന്റെ സമീപനമാണ് നാം കാണുന്നത്. കേരള സാഹിത്യസമിതിക്കുവേണ്ടി അദ്ദേഹം എഡിറ്റ് ചെയ്ത ‘പൌരസ്ത്യ സാഹിത്യദര്‍ശനം’ ‘നിരൂപണം മലയാളത്തില്‍’ തുടങ്ങിയവ സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത റഫറന്‍സ് ഗ്രന്ഥങ്ങളാണ്. സാഹിത്യസമിതി മാസികയുടെയും ‘മാനദണ്ഡ’ത്തിന്റെയും പത്രാധിപസമിതിയിലും ഡോ.എം.എസ്. മേനോന്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
ഗുരുവായൂരില്‍, പടിഞ്ഞാറേ നടയിലുള്ള മനയത്ത് തറവാട്ടില്‍ 1925 സെപ്തംബര്‍ 15-നാണ് കൊടകര സ്വദേശിയായ കിട്ടുണ്ണിമേനോന്റെയും കുഞ്ഞുകുട്ടി അമ്മയുടെയും മകനായി എം.ശ്രീധരമേനോന്‍ ജനിച്ചത്. ഗുരുവായൂരില്‍ നിന്നാരംഭിച്ച ആ ജീവിതയാത്ര കൊടകരയിലും എറണാകുളത്തും തൃശൂരും മദിരാശിയിലും തലശ്ശേരിയിലും തിരുവനന്തപുരത്തും തങ്ങിത്തങ്ങി ഒടുവില്‍ കോഴിക്കോട്ട് തിരുവണ്ണൂരിലെ ‘രാജവില്ല’യിലാണ് അവസാനം കുറിച്ചത്. മേനോന്‍മാസ്റ്ററുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മാറ്ററിഞ്ഞ സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളും അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത അനുഭവിച്ചറിയുന്നു; ആ ദുഃഖത്തില്‍ പങ്കുചേരുന്നു. പ്രഗത്ഭനായ പണ്ഡിതനേയും വിമര്‍ശകനേയും നഷ്ടപ്പെട്ട സഹൃദയലോകവും വിലപിക്കുന്നു.
– എ.പി. നളിനന്‍