‘ധന്യസ്‌മൃതികളു’ടെ പ്രകാശനം
പ്രമുഖ പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ ശ്രീ.എ.പി.നളിനന്‍ രചിച്ച ‘ധന്യസ്‌മൃതികള്‍’ എന്ന പുസ്‌തകത്തിന്റെ പ്രകാശനവും അതിനോടനുബന്ധിച്ച ചര്‍ച്ചാ സമ്മേളനവും ഒക്‌ടോബര്‍ 14 വെള്ളിയാഴ്‌ച വൈകുന്നേരം കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്നു. പ്രശസ്‌ത കവി ആലങ്കോട് ലീലാ കൃഷ്‌ണനാണ് പുസ്‌തക പ്രകാശനം നിര്‍വ്വഹിച്ചത്.
പ്രസിദ്ധ നോവലിസ്റ്റ് ശ്രീമതി കെ.പി സുധീര പുസ്‌തകം ഏറ്റുവാങ്ങി മഹാകവി ഉള്ളൂര്‍ സ്‌മാരക സമിതി സംഘടിപ്പിച്ച ചടങ്ങില്‍ സമിതിയുടെ ചെയര്‍മാന്‍ ശ്രീ.ആറ്റക്കോയ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
ശ്രീ.പി.അനില്‍ ബാബുവിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ പ്രാഫ. രതി തമ്പാട്ടി സ്വാഗതം പറഞ്ഞു. മലയാള മനോരമ അസി. എഡിറ്റര്‍ കെ.എഫ് ജോര്‍ജ്ജ്, മഹാകവി ഉള്ളൂരിന്റെ ചെറുമകന്‍ പ്രാഫ.ഉള്ളൂര്‍ എം.പരമേശ്വരന്‍, പ്രശസ്‌ത സാഹിത്യകാരനും വിവര്‍ത്തകനുമായ ഡോ.ആര്‍സു, 2016ലെ മഹാകവി ഉള്ളൂര്‍ അവാര്‍ഡ് ജേതാവ് ശ്രീ.രഘുനാഥന്‍ കൊളത്തൂര്‍ എന്നിവര്‍ ആശംസാ പ്രഭാഷണം നടത്തി. ഗ്രന്ഥകര്‍ത്താവ് ശ്രീ.എ.പി നളിനന്‍ പ്രതിവചിച്ചു.



മഹാകവി ഉള്ളൂര്‍ സ്‌മാരകസമിതി ജനറല്‍ സെക്രട്ടറി ശ്രീ.സണ്ണി ജോസഫ് നന്ദി പ്രകാശിപ്പിച്ചു കാലവും ചരിത്രവും എക്കാലത്തും ഓര്‍ക്കേണ്ട മണ്‍മറഞ്ഞ പത്തു സര്‍ഗ്ഗധനരെയാണ് ശ്രീ.എ.പി നളിനന്‍ ‘ധന്യസ്‌മൃതികളി’ല്‍ പരിചയപ്പെടുത്തുന്നത്. ഹൃദയത്തില്‍ തൊട്ടെഴുതിയ ഈ കൃതി അനുവാചകന് ഉള്‍വെളിച്ചം നല്‍കുന്നുവെന്ന് ശ്രീ.ആലങ്കോട് ലീലാകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി. തെളിമലയാളത്തില്‍ രചിക്കപ്പെട്ട ഈ കൃതി കയ്യിലെടുത്താല്‍ താഴെവെയ്‌ക്കാതെ ഒറ്റയിരിപ്പിന് വായിച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു. വികാര വിക്ഷോഭങ്ങളില്ലാതെ, സമചിത്തതയോടെയുള്ള അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലാണ് ‘ധന്യസ്‌മൃതികള്‍’ എന്ന് ശ്രീമതി കെ.പി.സുധീര വ്യക്തമാക്കി മലയാള സാഹിത്യത്തിലെ ജീവചരിത്രശാഖയില്‍ വേറിട്ടവ്യക്തിത്വം പുലര്‍ത്തുന്ന കൃതിയാണ് ഇതെന്ന് അദ്ധ്യക്ഷന്‍ ശ്രീ. ആറ്റക്കോയ പള്ളിക്കണ്ടി അഭിപ്രായപ്പെട്ടു.
ധന്യസ്‌മൃതികളുടെ പ്രസാദാത്മകതയെക്കുറിച്ചും പാരായണക്ഷമതയെക്കുറിച്ചുമാണ് ആശംസകളര്‍പ്പിച്ചവര്‍ സംസാരിച്ചത് മഹത്തായ ഒരു സാംസ്‌കാരിക ദൗത്യമാണ് ഗ്രന്ഥകര്‍ത്താവ് നിര്‍വ്വഹിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി കോഴിക്കോട്ടെ തേജസ്വിനി പ്രസാധനമാണ് ‘ധന്യസ്‌മൃതികള്‍’ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
–കേശവ്