ഗുംഗുരുഭ്യോ നമഃ

Mayor Thottathil Ravindran
Mayor Thottathil Ravindran Inaugurating Prof. APP’s 25th Death anniversary function at Calicut

കഴിഞ്ഞ 32 വര്‍ഷമായി അക്ഷരം കൊണ്ട് അരി വാങ്ങി ജീവിക്കുന്നു. ആദ്യത്തെ20 വര്‍ഷം അക്ഷരം കൂട്ടിയെഴുതിക്കൊണ്ട് . പിന്നെ 12 വര്‍ഷമായി മറ്റുള്ളവര്‍കൂട്ടിയെഴുതിയത് വേര്‍പെടുത്തിക്കൊണ്ട് . റിപ്പോര്‍ട്ടറായും ന്യൂസ് എഡിറ്ററായും കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്ററായും അച്ചടിയുടെ വലിയ ലോകത്തേക്ക് ഉപനയനം നടത്തിയആചാര്യനാണ് പ്രൊഫ. എ.പി.പി. നമ്പൂതിരി. അദ്ദേഹത്തിന്റെ ‘അഭിവീക്ഷണ’ത്തില്‍നിന്ന് ‘അക്കഡമിക് അപ്രോച്ച് “കിട്ടിയില്ലായിരുന്നെങ്കില്‍ ഇതാവില്ല ലോകമെന്ന് തീര്‍ച്ചപറയാം.

1977ലാണ്. 40 വര്‍ഷം മുമ്പ്.

പത്താം ക്ളാസ് കഴിഞ്ഞു. മലബാറിലെ ഏറ്റവും പ്രശസ്തമായ ഫാറൂഖ്കോളേജില്‍ തന്നെ പ്രീ ഡിഗ്രിയ്ക്കു അഡ്മിഷന്‍ കിട്ടി. ആദ്യ ദിവസം തന്നെ മറ്റൊരുനമ്പൂതിരിയെ കണ്ടു. പ്രൊഫസര്‍ എ.പി.പി. യെ. മലയാളത്തിന്റെ പ്രൊഫസറാണ് .കണ്ടാല്‍ പ്രേംനസീറിന്റെ ലുക്ക് . നല്ല ക്ളാസ് . നിരവധി പുസ്തകങ്ങള്‍ എഴുതിയപ്രശസ്തന്‍. അദ്ദേഹത്തിന്റെ തന്നെ ‘അഭിവീക്ഷണം’ അന്ന് ഡിഗ്രി ക്ളാസില്‍പാഠപുസ്തകവുമായിരുന്നു. നന്നായി ബോധിച്ചു. ഇത്ര പ്രശസ്തനായ ഒരു നമ്പൂതിരിയെനേരില്‍ കാണുന്നത് ആദ്യം. എഴുത്തുകാരനായ എ.പി.പി. യെ മുറുകെപ്പിടിക്കാന്‍തന്നെ തീരുമാനിച്ചു.

App Namboodiri
Prof. A.P.P. Namboodiri

കഞ്ചാവ്, കമ്മ്യൂണിസം , കവിത തുടങ്ങി കോളേജില്‍ ആളാവാന്‍ പലവഴികളുമുണ്ടായിരുന്നു. കവിതയിലായിരുന്നു പിടിച്ചത് . എ.പി.പിയെപ്പോലൊരു മഹാഗുരു മുന്നിലുള്ളപ്പോള്‍ പ്രത്യേകിച്ചും.

അദ്ദേഹം ഇല്ലപ്പേരു ചോദിയ്ക്കും. സാധാരണ മറ്റൊരു നമ്പൂരിയെക്കണ്ടാല്‍ കുശലംതുടങ്ങുക അങ്ങനെയാണ് . ഉൗക്കും തേവാരോം ഉള്ള ആളാണെങ്കില്‍ കയ്യോടെചാത്തത്തിന് ഏല്പിക്കും.അല്ലെങ്കില്‍ അടുത്ത അമ്പലത്തില്‍ മുട്ടുശാന്തിക്ക്.

എന്തായാലും അദ്ദേഹത്തിനും കാണുമല്ലൊ കൊല്ലത്തില്‍ നാലഞ്ചു ചാത്തം.ചാലപ്പുറത്താണ് താമസം. അല്ലെങ്കില്‍ അമ്പലപ്പുത്തൂരിലെ ഇല്ലത്ത് വച്ചാവും.എന്തായാലും ഒരു ചാത്തം തരപ്പെടും. അപ്പോള്‍ മെല്ലെ കവിതക്കാര്യം പറയാം.പക്ഷേ, അഞ്ചാറു മാസം കഴിഞ്ഞിട്ടും ഇല്ലപ്പേരു ചോദിച്ചില്ല. ചാത്തത്തിനു ക്ഷണിച്ചില്ല.പിന്നെ മനസ്സിലായി അദ്ദേഹവും അച്ഛനെപ്പോലെ നല്ല കമ്മ്യൂണിസ്റ്റാണെന്ന് .അദ്ദേഹത്തിന്റെ അടപ്രഥമന്‍ കൂട്ടാന്‍ യോഗമില്ലെന്നും ഉറപ്പായി.

അന്നത്തെ ആ പൂച്ചപ്പീഡീസിക്കാരന് മൂന്നായിരുന്നു ഓപ്ഷന്‍. ഒന്നുകില്‍ അച്ഛനെപ്പോലെ കമ്മ്യൂണസ്റ്റ് ആവുക. അല്ലെ അമ്മാമനെപ്പോലെ ഡോക്ടറാവുക. അതുമല്ലെങ്കില്‍ അമ്മായിയെപ്പോലെ കോളേജ് വാദ്ധ്യാരാവുക. എ.പി.പിയെക്കൂടികണ്ടതോടെ ആ മൂന്നാമത്തെ ചോയ്സിനായി മുന്‍ഗണന.

ചാത്തമൂട്ടിയാലും ഇല്ലെങ്കിലും കവിതയൂട്ടുന്നതില്‍ ഒട്ടും പിശുക്ക് കാട്ടിയില്ല. ഉള്ളൂരിന്റെ ചിത്രശാലയായിരുന്നു പഠിപ്പിച്ചിരുന്നത് . സ്കൂളിലെപ്പോലെമനഃപാഠമാക്കേണ്ട. പക്ഷേ,എ.പി.പി.യുടെ ആലാപനം വല്ലാതെ ആകര്‍ഷിച്ചു.

‘ഭാരതക്ഷമേ നിന്റെ പെണ്‍മക്കളടുക്കള-
ക്കാരികള്‍ വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍’
ആ പ്രീ ഡിഗ്രി ക്ളാസിലെ വല്ലതും ഇന്നും ഓര്‍മ്മയുണ്ടെങ്കില്‍ ചിത്രശാലയാണ്. അക്കാലത്തിറങ്ങിയ സിനിമാപ്പാട്ടുകളേക്കാള്‍ ഹൃദിസ്ഥയാരുന്നു അതെല്ലാം. ഇടക്കൊക്കെ സ്റ്റാഫ് റൂമില്‍ ചെന്നു നോക്കും. അദ്ദേഹം ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെയോ മറ്റുമീറ്റിംഗുകളുടെയോ തിരക്കിലാവും. നേരില്‍ പരിചയപ്പെടുന്ന കാര്യം നീണ്ടു നീണ്ടു പോയി.
അപ്പോഴേക്കും വര്‍ഷം കഴിയാറായി.

P. Padmanabhan Namboothiri
P. Padmanabhan Namboothiri remembering Professor. A.P.P.

 

ക്ളാസിനപ്പുറം വ്യക്തിപരമായി പരിചയപ്പെടുകയെന്ന സംഗതി നടന്നതേയില്ല.ആയിടയ്ക്കാണ് നോട്ടീസ് ബോര്‍ഡില്‍ ഒരറിയിപ്പ്. കോളേജ് മാഗസിനിലേക്ക് സൃഷ്ടികള്‍ക്ഷണിച്ചിരിക്കുന്നു. നല്ലൊരു കവിത ഉണ്ടായി വരണേ. സരസ്വതി നമസ്തുഭ്യം എന്ന്എല്ലാ ദിവസവും ജപിക്കുന്നതാണ്. ദക്ഷിണാമൂര്‍ത്തിയെ കൂടി ധ്യാനിച്ചു. പക്ഷേ, കവിതവരുന്നില്ല. രണ്ടു രൂപയാണ് ഒരു കിലോ ന്യൂസ് പ്രിന്റിനു അന്നു വില. അതില്‍ അരക്കിലോ പേപ്പര്‍കഴിഞ്ഞു. കവിത കാതങ്ങള്‍ക്കപ്പുറത്തു തന്നെ.അടുക്കുന്ന ലക്ഷണമില്ല. അവസാന ദിവസമെത്തി. ഒറ്റ മാര്‍ഗ്ഗമേയുള്ളൂ. പഴയ പ്രഭാതം. പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി എഴുതിയത് . അതിന്റെബലത്തിലാണ് ജില്ലാ യുവജനോത്സവത്തിന് പോയതും ആസ്ഥാനകവിപ്പട്ടം ജില്ലാതലത്തില്‍ കിട്ടിയതും. അത് ഒരു കടലാസില്‍ പകര്‍ത്തി. മലയാളം ഡിപ്പാര്‍ട്ടുമെന്റില്‍ചെന്നു. ഭാഗ്യം എ.പി.പി യുണ്ട്.
കയ്യില്‍ കൊടുത്തു.
‘ശരി’കഴിഞ്ഞു.
ചോദ്യമമോ ഉത്തരമോ ഇല്ല. നോക്കാം എന്നു പറയുന്നില്ല, വായിച്ചുനോക്കുന്നുപോലുമില്ല. നില്ക്കണോ അതോ പോണോ . നിന്നിട്ട് കാര്യമില്ലെന്ന്തോന്നിയപ്പോള്‍ അവിടെ നിന്നിറങ്ങി.
മഹാപണ്ഡിതനായ മേല്പത്തൂരിന്റെ മുന്നില്‍പ്പെട്ട സാധുപ്പൂന്താനത്തിന്റെ അവസ്ഥ. കവിതയുമായി സാറിന്റെ മുന്നില്‍ പോവേണ്ടിയിരുല്ലെന്ന് തോന്നി.

പിന്നെ അതിന്റെ കഥ മറന്നു.
സെക്കന്റ് പ്രീഡിഗ്രിയുടെ ആദ്യനാളുകളിലൊന്നില്‍ മാഗസിന്‍ പുറത്തു വന്നു. അതിലതാപ്രഭാതമങ്ങനെ പ്രകാശിച്ചു നില്‍ക്കുന്നു.
ഫസ്റ്റ് പ്രീ ഡിഗ്രിക്കാരനായ ഒറ്റയാളുടെ രചനയേ അതിലുള്ളൂ.
പി. പദ്മനാഭന്‍ നമ്പൂതിരിയുടേത്.
പ്രഭാതത്തിന്റെ നിറുകയിലെ ആ പേര് ഉദയസൂര്യനെപ്പോലെ തോന്നി അന്ന്.
അന്നത്തെ ആ അച്ചടി മഷിയാണ് പില്‍ക്കാലത്ത് അച്ചടിയുടെ വലിയ ലോകം കാണിച്ചുതന്നത്. ഗും ഗുരുഭ്യോ നമഃ

എ.പി.പി മേല്പത്തൂരല്ലെന്നും വേറെ ജനുസ്സില്‍പ്പെട്ട പുത്തൂരാണെന്നും മനസ്സിലായി. പിടിച്ചു കയറാന്‍ തന്നെ തീരുമാനിച്ചു. ഇടയ്ക്ക് മലയാളം ഡിപ്പാര്‍ട്ടുമെന്റില്‍ ചെല്ലും.കവിതാഭാസം കയ്യിലുണ്ടാവും. എ.പി. പി.നന്നായിട്ടുണ്ടെന്ന് പറയും. എത്ര വഷളായിഎഴുതിയാലും. പത്രാധിപന്മാരുടെ ഒരു സ്റ്റൈലായിരുന്നു അത് . കവിത ഉഗ്രന്‍ പക്ഷേസ്ഥലപരിമിതി. സാറും അതേ പരിപാടി തുടര്‍ന്നു. ഇങ്ങനെപോയാല്‍ പറ്റില്ലെന്ന് തോന്നി. അങ്ങനെയാണ് ആ കോളേജില്‍ സാഹിത്യവേദി എന്നൊരു സാധനം തുടങ്ങിയത് .കവിതബ്ഭ്രാന്തന്‍മാരായ വേറെയും ചില കുട്ടികളെക്കൂട്ടി. ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലുംക്ളാസ്റൂമില്‍ ഒത്തുകൂടും.

രണ്ടാഴ്ചയിലൊരിക്കല്‍ .ആര്‍ക്കും വരാം .എന്തും അവതരിപ്പിക്കാം. കവികളായിരുന്നുകൂടുതലും. ശ്രോതാക്കളുടെ കൂവലായിരുന്നു നെറ്റ് റിസല്‍റ്റ് . ഇങ്ങനെ പോയാല്‍കവിതയുടെ കൂമ്പടയും എന്നുറപ്പായി. സാറിനെ ചെന്ന് കണ്ടു.

സാഹിത്യവേദിയില്‍ അദ്ധ്യക്ഷന്‍ ആയി ഇരിക്കണം. സാറുണ്ടെങ്കില്‍ കൂവലുണ്ടാവില്ല. അത്ഫലിച്ചു. സാഹിത്യവേദിയിലേക്ക് കൂടുതല്‍ കുട്ടികള്‍ വരാനും തുടങ്ങി.

കടമ്മനിട്ടയുടെ കുറത്തിയും ചുള്ളിക്കാടിന്റെ യാത്രാമൊഴിയും ഒക്കെ യുവാക്കള്‍തൊണ്ടപൊട്ടിച്ചൊല്ലിയ കാലം. വൃത്തം വേണ്ട . ഇതി വൃത്തം വേണ്ട. പ്രാസം വേണ്ട. ഒന്നുംവേണ്ട. തൊലിക്കട്ടി മാത്രം മതി. ഇതായിരുന്നു അവസ്ഥ.

സാഹിത്യ വേദിയില്‍ വന്നു നമ്മുടെ കൃതികള്‍( അഹമ്മതികള്‍) സാഹിത്യഅക്കാദമിയിലെ സിംപോസിയം പോലെ ഗൗരവത്തില്‍ കേട്ടിരുന്ന ( ഇടക്ക് ആസ്വാദനംവരെ നടത്തിയ) എ പി പി സാറിനെ നമിക്കുന്നു എന്ന് രണ്ടു വര്‍ഷം മുമ്പ് ഒരു ഫേസ് ബുക്ക്പോസ്റ്റില്‍ മനോജ് കമന്റ് ചെയ്തത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു.

കോളേജിലെ അക്കാലത്തെ സന്തോഷ് പണ്ഡിറ്റ് ആയിരുന്നു മൊയ്തീന്‍ കുട്ടി. ഏതുവേഷവും കെട്ടും . പരിഹസിച്ചാല്‍ അതും അലങ്കാരമാക്കും. രാഷ്ട്രീയത്തിലും കാന്റീനിലുംലേഡീസ് കോര്‍ണറിലും ഓഡിറ്റോറിയത്തിലും ഒക്കെ വിദൂഷകനായി അവനുണ്ടാവും. അലമ്പാക്കുന്നതില്‍ ബിരുദം നേടിയ ആളാണ് അവന്‍. എന്നാല്‍ ഭാഗ്യം! എന്തുകൊണ്ടോസാഹിത്യവേദിയില്‍ മാത്രം അവന്‍ വന്നില്ല.

പക്ഷേ.ഒരു ദിവസം ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അവന്‍ കയറി വന്നു.കയ്യില്‍ എന്തോകടലാസുമുണ്ട്. ഇന്നത്തോടെ സാഹിത്യവേദി ഇല്ലാതാവുമെന്ന് ഉറപ്പായി.
പ്രതീക്ഷിച്ച പോലെത്തന്നെ സംഭവിച്ചു.
അവന്‍ കവിത കയ്യിലെടുത്തു.
വായയ്ക്ക് ചവന്നത് കോയയ്ക്ക് പാട്ട് എന്ന രീതിയില്‍.
അദ്ധ്യക്ഷവേദിയിലെ സാറിന് ഇരിക്കപ്പൊറുതിയില്ലാതായി. കവിത കേട്ട് ആസ്വദിച്ച്ഇരിക്കാറുള്ള സാര്‍ അസ്വസ്ഥനാവുന്നു.അവന്‍ എന്തൊക്കെയോചൊല്ലുന്നുണ്ട്. ഒരു നായയെപ്പറ്റിയായിരുന്നു എന്നാണ് ഓര്‍മ്മ.ഒരു ഘട്ടത്തില്‍ വാലു നീട്ടി ഘ്രാണിച്ചു എന്നൊക്കെ ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ സാറ്ചോദിച്ചു.
“എന്താ മൊയ്തീന്‍ കുട്ടി ഇതൊക്കെ”.
ഘ്രാണിച്ചു എന്നതിന്റെ അര്‍ത്ഥം അത് അവന് നല്ല തിട്ടമുണ്ടായിരുന്നില്ല. വെയ്റ്റ് ഉള്ള ഒരുവാക്ക് ഇരുന്നോട്ടെ എന്നേ കരുതിയുള്ളൂ.
മൊയ്തീന്‍ കുട്ടിയുടെ നായയ്ക്ക് വാലിലാണോ മൂക്ക് എന്നൊരു കമന്റും. ശ്ളഥ ബിംബം എന്നൊക്കെ പിടിച്ചു കയറാന്‍ അന്ന് അവന് അറിയാതെ പോയതിനാല്‍ ആ സെഷന്‍ അവിടെ തീര്‍ന്നു. സാഹിത്യവേദി അസ്തമിച്ചുമില്ല. എ.പി.പി. രക്ഷിച്ചു.

കവിതക്കാരുടെ ശല്യം ഒഴിവാക്കാന്‍ സാര്‍ തന്നെയാണ് ഒരു വിദ്യ ഉപദേശിച്ചത് . ചിലപ്രത്യേകതയുള്ളദിവസങ്ങള്‍ അനുസ്മരിക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കുക. അത് നല്ലഐഡിയയാണെന്ന് എല്ലാവര്‍ക്കും തോന്നി. അന്ന് സമദാനി ഖുദറത്തുള്ളയുടെ ഉര്‍ദുവിദ്യാര്‍ത്ഥിയാണ് .പ്രസംഗമാണ് സമദാനിയുടെ ലൈന്‍. എത്ര വേണമെങ്കിലും നിര്‍ത്താതെസംസാരിക്കും . അല്ലാമാ ഇഖ്ബാലിനെപ്പറ്റി ആണെങ്കില്‍ പറയുകയും വേണ്ട. പക്ഷേസമദാനി വന്നത് കാളിദാസ ജയന്തിയുമായാണ് . സാറിനും അത് ക്ഷ പിടിച്ചു. അതോടെശങ്കരക്കുറുപ്പിനെയും ആശാനെയും വള്ളത്തോളിനെയും ഒക്കെ കലണ്ടര്‍ നോക്കി പിടികൂടാന്‍ തുടങ്ങി.

സെക്കന്റ് ലാംഗ്വേജ് ലെവലിന് അപ്പുറത്ത് മലയാളം ആവശ്യമില്ലാത്ത ഫാറൂഖ് കോളേജില്‍ഇങ്ങനെ മലയാളം പണ്ഡിറ്റുകള്‍ ഉണ്ടാവാന്‍ തുടങ്ങിയതില്‍ സാറിനും സന്തോഷം. സാഹിത്യവേദി മാത്രം പോരെന്നും എഴുതിയ കൃതി നാലു പേര്‍ വായിക്കണമെന്നും തോന്നാന്‍ തുടങ്ങി.

അന്ന് ഡി.ടി. പിയൊന്നും ഇല്ല. കയ്യെഴുത്തു മാസികയാണ് ആത്മാവിഷ്കാരത്തിന്റെ മാര്‍ഗ്ഗം. സുവോളജി റിക്കാര്‍ഡ് ബുക്ക് സംഘടിച്ചിച്ചു. കവിയശപ്രാര്‍ത്ഥികളായ കുറെ പേരുടെവികൃതികളും കിട്ടി. സാഹിത്യവേദിയില്‍ ചൊല്ലിക്കേള്‍പ്പിച്ചത് . മനോഹരമായ കയ്യക്ഷരത്തില്‍ ചിത്രങ്ങള്‍ സഹിതം ഒരു മാഗസിന്‍ തയ്യാറാക്കി. ലൈബ്രേറിയനെകാണിച്ചപ്പോള്‍ പ്രിന്‍സിപ്പാള്‍ സമ്മതിച്ചാലേ ലൈബ്രറിയി ഇടാന്‍ പറ്റൂ എന്നായി.

പൊഫ. വി. മുഹമ്മദ് ആണ് അന്ന് പ്രിന്‍സിപ്പല്‍. ആള്‍ ഗൗരവക്കാരനാണ് . സംഗതിഒാക്കെയാവുന്നില്ല. നിങ്ങള്‍ ഇതില്‍ എന്തൊക്കെയാണ് എഴുതിയതെന്ന് ആര്‍ക്കറിയാം. ലൈബ്രറിയില്‍ ഇടണമെങ്കില്‍ ആരെങ്കിലും സര്‍ട്ടിഫൈ ചെയ്യണം. നേരെ സാറിനെ ചെന്നുകണ്ടു. മുഖപ്രസംഗത്തിന് ഒഴിച്ചിട്ട ഒന്നാം പേജില്‍ സാറിന്റെ വക ഒരു സാക്ഷ്യ പത്രം.സംഭവം കലക്കി. ലൈബ്രറിയില്‍ വാരികകളുടെ ഇടയില്‍ കയ്യെഴുത്തുമാസികയ്ക്കും ഇടം കിട്ടി.

Manezhi-Narayanan-Moosad
ശിഷ്യ സംഗമം – Speech by N.M Manezhi. Mr. Atakkoya Pallikkandi, Ex. Minister K. Kutti Ahammed Kutti, Mr. Abdulla Nanminda, Mrs. Hameeda Beegum, Mr. P.P Ummer Farookh at the dias.

പത്തു കിട്ടുകില്‍ നൂറു മതിയെന്നും .. എന്ന പോലെയായി പിന്നത്തെ കാര്യങ്ങള്‍.കയ്യെഴുത്തുമാസിക പോര അച്ചടിമഷി പുരണ്ട പ്രസിദ്ധീകരണം വേണമെന്നായി. അച്ചടിയുടെ ഹരിശ്രീ കൂടിയായി ഹരിശ്രീ മാസിക.

പക്ഷേ, തോറ്റത് കവികളെക്കൊണ്ടാണ് . ഒരു രക്ഷയുമില്ല.എല്ലാവരും കവികള്‍. ഗഹനമായഒരു ലേഖനം എഴുതാന്‍ ത്രാണിയുള്ളവര്‍ ആരുമുണ്ടായിരുന്നില്ല. ഒടുവില്‍ അതും സാറ് എഴുതിത്തന്നു. ലേ ഒൗട്ടിനും ഇലസ്റ്റേഷനും മറ്റും എന്‍. പി. ഹാഫിസ് മുഹമ്മദും സഹായിച്ചു.അതും ഗംഭീരമായി.

ആയിടയ്ക്കാണ് കോളേജ് യൂണിയന്റെ ഉദ്ഘാടനം. കോവിലന്‍ ആണ് വരുന്നത്. ഫറോക്ക്റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് കോവിലനെ കൂട്ടണം. കോളേജില്‍ മലയാളം ബി എഇല്ലാത്തതിനാല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ സ്വന്തമായി കുട്ടികളൊന്നുമില്ല. അപ്പോഴാണ് സാഹിത്യവേദിയുമായി നടക്കുന്നവരെ സാറ് ശട്ടം കെട്ടിയത് . കോവിലന്റെ എ മൈനസ് ബി യും ചില പട്ടാളക്കഥകളും ഒക്കെ വായിച്ചതിനാല്‍ വിഷയദാരിദ്ര്യമുണ്ടായില്ല. വലിയ സാഹിത്യകാരന്മാരുമായി ചുളുവില്‍ സൗഹൃദം ഒപ്പിക്കാന്‍ സാഹിത്യത്തിനു സിദ്ധിയുണ്ടെന്നും ആ സഹയാത്രയില്‍ മനസ്സിലായി.

കവിതയ്ക്കുമുണ്ടായില്ല വിഷയദാരിദ്ര്യം.
വായില്‍ തോന്നിയതെല്ലാം എഴുതാന്‍ തുടങ്ങി. അഞ്ചു കൊല്ലത്തിനുള്ളില്‍ സാറിനെ കവിത കൊണ്ട് ബുദ്ധിമുട്ടിച്ചത് കുറച്ചൊന്നുമല്ല.
ഒന്നുകില്‍ വൃത്തഭംഗം ശരിയാക്കും .അല്ലെങ്കില്‍ പ്രാസം ശരിയാക്കും. അതുമല്ലെങ്കില്‍ അവസാനവരിയിലെ ട്വിസ്റ്റ് അതിമനോഹരമാക്കും. പൊട്ടക്കവിതകളെ കൈപിടിച്ചുനടത്തിച്ച ആ വലിയ ദയാവായ്പ് വേണ്ടുവോളം അനുഭവിച്ചു. പ്രീഡിഗ്രിപ്രായത്തിലുള്ളഎന്റെ പ്രഭാതസൂര്യനെപ്പിടിച്ച് ഗംഭീരസുധാംശുമാനാക്കി പി.ജി. ലെവലിലേക്ക്ഉയര്‍ത്തിയതൊന്നും മറക്കാന്‍ പറ്റില്ല. ഡിഗ്രിക്കാലത്ത് ബാച്ച് മേറ്റായി സാറിന്റെ മകന്‍നവീനും വന്നിരുന്നു. നവീന്‍ കൂട്ടായതോടെ ആ അടുപ്പത്തിന് ആഴവും കൂടി.

അങ്ങനെ തിരുത്തിക്കിട്ടിയ ചിലത് മാതൃഭൂമിയുടെ ബാലപംക്തിയില്‍. വേറെ ചിലത്ആകാശവാണിയുടെ യുവവാണിയില്‍. മറ്റു ചിലത് തുഞ്ചന്‍ പറമ്പിലെ കവിയരങ്ങില്‍ .സാറിന്റെ തിരുത്തലുകള്‍ നല്ലൊരു കാവ്യപാഠം കൂടിയായി. കോളേജില്‍ നിന്ന് വിട്ടിട്ടുംആ ബന്ധം തുടര്‍ന്നു. കേരള പാണിനീയം,വൃത്തശില്പം പോലുള്ളത് ഡിഗ്രി തലത്തില്‍പഠിച്ചിട്ടില്ലാത്ത ബി. എ മലയാളക്കാരന്‍ അല്ലാതിരുന്നിട്ടും എം. എയ്ക്ക് ഒന്നാം റാങ്കോടെജയിക്കാനായത് ആ ഗുരുകടാക്ഷം.

പിന്നീട് എം.ഫില്ലിന് അയ്യപ്പപ്പണിക്കരുടെ ശ്ളഥബിംബങ്ങള്‍ കണ്ട് തല കറങ്ങിവീഴാതിരുന്നതും സാറിന്റെ ശിഷ്യത്വം കാരണം.

എം.ഫില്ലും കഴിഞ്ഞ് കോളേജ് വാദ്ധ്യാരുടെ വേഷം കെട്ടാന്‍ തയ്യാറെടുക്കുമ്പോഴാണ്ആദ്യമായി സാറിന്റെ വീട്ടില്‍ പോയത്.
ചിരപരിചിതനായ ആളെപ്പോലെയായിരുന്നു സാറിന്റെ ആതിഥ്യം. ചെന്ന കാര്യം പറഞ്ഞു.ഒരു കോളേജില്‍ മലയാളം അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. അക്കാലത്ത് പലകോളേജുകളിലും മലയാളം ഇന്റര്‍വ്യൂ ബോര്‍ഡില്‍ സബ്ജക്ട് എക്സ്പര്‍ട്ട് സാറാണ്. മറ്റൊരാള്‍ പൊഫ. ഏട്ടനുണ്ണി രാജ. തമ്പ്രാന്‍ മാഷ് 50 ചോദ്യമെങ്കിലും ചോദിച്ചു കാണും. മണിമണിയായി ഉത്തരം പറയുമ്പോള്‍ എ.പി.പി.യുടെ മുഖത്ത് സംതൃപ്തിയുടെ ചിരി. സാറിന്റെഉള്ളം മുഖത്തു വായിച്ചെടുക്കാന്‍ പറ്റി.

പക്ഷേ, ആ തസ്തികയില്‍ ജോയിന്‍ ചേയ്യേണ്ടി വന്നില്ല. പിറ്റേത്തെ വര്‍ഷം ജൂണില്‍കോളേജില്‍ ചേരാന്‍ കാത്തു നില്‍ക്കും മുമ്പ് പത്രത്തില്‍ ജോയിന്‍ ചെയ്തു കഴിഞ്ഞിരുന്നു.അങ്ങനെ ശുദ്ധസാഹിത്യത്തില്‍ നിന്ന് പ്രയുക്ത സാഹിത്യത്തിലേക്ക് . ജേര്‍ണലിസത്തെഅപ്ളൈഡ് ലിറ്ററേച്ചര്‍ എന്നു വിളിക്കാനാണ് ഇപ്പോള്‍ ഇഷ്ടം. ജേര്‍ണ്ണലിസത്തിന്റെ ആ മൂന്നുപതിറ്റാണ്ടില്‍ മറ്റൊന്നു കൂടി കണ്ടു. കവിതയുടെ പ്രഹരശേഷി. വെറുതെയല്ല കാളിദാസന്‍ശിരസി മാ ലിഖയെന്നു പറഞ്ഞു പോയത്.
ഒരു മുമ്പാണ്.
തികച്ചും യാദൃശ്ചികം.
നമ്പൂതിരിമാരുടെ സംഘടനയായ യോഗക്ഷമസഭ കോഴിക്കോട് ജില്ലാ കമ്മിറ്റി ഒരുമാസികയുമായി ഇറങ്ങിപ്പുറപ്പെട്ടു.
അതിന്റെ പ്രാഥമിക യോഗത്തില്‍ ആരോ എന്റെ പേരും പറഞ്ഞു. അവരെല്ലാം കൂടി വീട്ടില്‍വന്നു. കയ്യില്‍ ഒരു കെട്ട് കവിതകള്‍.
അന്തര്‍ജനങ്ങളും നമ്പൂതിരിമാരും എഴുതിയ നൂറുകണക്കിന് കവിതകള്‍ .പത്രമോഫീസില്‍ തപാലിലും ഇ മെയിലിലും ആയി ലഭിക്കുന്ന കവിത കാരണം തന്നെശ്വാസം മുട്ടിക്കഴിയുമ്പോഴാണ് ഇത്.

A view of the audience.

കവിതയല്ലാതെ വല്ലതും വേണമെന്നായി ഞാന്‍. നോക്കാമെന്നായി ഒരാള്‍.
രണ്ടാഴ്ച കഴിഞ്ഞ് അയാള്‍ വീണ്ടും വന്നു.
കയ്യില്‍ ഒരുഅനുസ്മരണവുമായി.
തിലോദകം
ആ അനുസ്മരണം മറ്റാരെക്കുറിച്ചു ആയിരുന്നില്ല.
പൊഫ.എ.പി.പി നമ്പൂതിരിയെക്കുറിച്ച്.മകന്‍ നളിനന്‍ എഴുതിയതായിരുന്നു അത്.
നൊമ്പരമുളവാക്കുന്ന വിയോഗക്കുറിപ്പ്.
പേരക്കുട്ടികള്‍ക്ക് തിരുവാതിരക്ക് ഉൗഞ്ഞാലാടാന്‍ മാവില്‍ കോണി വച്ച് കയറിയമുത്തശ്ശനെ അതിലൂടെ നേരില്‍ക്കണ്ടു.
കാര്‍പോര്‍ച്ചില്‍ തട്ടിക്കൂട്ടിയ ഉൗഞ്ഞാല്‍ പോരെന്നു പറഞ്ഞ് മൂത്ത മകനെ തിരുത്തിയ ആതിരുത്ത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് പഴയ കവിതയിലെ തിരുത്തുകള്‍.
വീണ്ടും യാദൃശ്ചികത. ഒരാഴ്ച കഴിഞ്ഞപ്പോള്‍ നവീനന്റെ വിളി. ഇങ്ങനെയൊരു ചടങ്ങില്‍ ശിഷ്യസംഗമത്തിന് വരാന്‍.
സന്തോഷം തോന്നുന്നു. ഒരിക്കല്‍ കൂടി നമിക്കുന്നു.
ആ വലിയ ആചാര്യനു മുന്നില്‍.

-പദ്മനാഭന്‍ നമ്പൂതിരി.
(പ്രൊഫ. എ.പി.പി. നമ്പൂതിരിയുടെ 25-ആം ചരമവാര്‍ഷിക അനുസ്മരണത്തില്‍ ചെയ്ത പ്രസംഗം)

Share Button