പ്രൊഫ.എ.പി.പി അനുസ്മരണവും ശിഷ്യസംഗമവും
ഒരവലോകനം
പ്രശസ്ത നിരൂപകനും വാഗ്മിമിയുമായിരുന്ന പ്രൊഫ.എ.പി.പി നമ്പൂതിരിയുടെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷിക ദിനം അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ശിഷ്യസമൂഹവും 2016 ഡിസംബര്‍ 22ന് സമുചിതമായി ആചരിച്ചു. പ്രസിദ്ധ വിമര്ശകന്.ഡോ.എം.എം.ബഷീറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗം കോഴിക്കോട് കോര്പ്പറേഷന് ബഹു: മേയര്‍.ശ്രീ. തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. നിരുപകര്‍ക്ക് ഉത്തമ മാതൃകയായിരുന്നു പ്രൊഫ.എ.പി.പി. നമ്പൂതിരിയെന്ന് മേയര്‍ അനുസ്മരിച്ചു. മുന്‍വിധികളോ പക്ഷപാതങ്ങളോ ഇല്ലാതെ കൃതികളെ നിഷ്പക്ഷമായി വിലയിരുത്തിയ നിരൂപകനായിരുന്നു പ്രൊഫ.എ.പി.പി. നമ്പൂതിരിയെന്ന് ഡോ.എം.എം.ബഷീര്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി.
പ്രൊഫ.എ.പി.പി.നമ്പൂതിരിയുടെ പുത്രന് ശ്രീ. എ.പി. നളിനനാണ് ജീവിതരേഖ അവതരിപ്പിച്ചത്. മുതിര്‍ന്ന പത്ര പ്രവര്ത്തകന് ശ്രി.കെ.പി.കുഞ്ഞിമൂസ, മലയാള മനോരമ അസി.എഡിറ്റര്‍ ശ്രി.കെ.എം. ജോര്‍ജ്ജ്, പ്രൊഫ.എ.പി.പി സ്മാരക കവിത അവാര്‍ഡ് ജേതാവി ശ്രീ. പൊന്നങ്കോട് ഗോപാലകൃഷ്ണന് എന്നിവര്‍ പ്രൊഫ.എ.പി.പിയെ അനുസ്മരിച്ചു.
പ്രൊഫ.എ.പി.പി. നമ്പൂതിരിയുടെ സാഹിത്യസപര്യയെ കുറിച്ചുള്ള ഗവേഷണ പഠനം അനിവാര്യമാണ് എന്ന് ശ്രീ.കെ.പി. കുഞ്ഞിമൂസ പ്രസ്താവിച്ചു. ഈ ദിശയില്‍ ഉള്ള ഒരു നല്ല സംരംഭമാണ് ഡി.എസ് അനുപമയുടെ “നിരുപണത്തിലെ സമഗ്രദര്‍ശനം” എന്ന പ്രൊഫ.എ.പി.പിയുടെ കൃതികളെ വിലയിരുത്തുന്ന പഠനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കവികളെക്കാള്‍ മഹത്വമുള്ളവരാണ് നിരൂപകരെന്നും പ്രൊഫ.എ.പി.പി എന്ന നിരൂപക പ്രതിഭ അസ്തമിച്ചുവെങ്കിലും അദ്ദേഹം ചൊരിഞ്ഞ പ്രഭ ഇന്നും നമുക്ക് മാര്‍ഗ്ഗദര്‍ശനമേകുന്നു എന്നും ശ്രീ.പൊന്നാങ്കാട് ഗോപാലകൃഷ്ണന് പറഞ്ഞു.
ഏകാഗ്രതയും അവതരണശക്തിയുമുള്ള വലിയ എഴുത്തുകാരുടെ നഷ്ടം നാം ഇന്ന് അനുഭവിക്കുന്നുവെന്നും പ്രൊഫ.എ.പി.പിയെ പോലുള്ളവരുടെ അഭാവം നാം ഇന്ന് തിരിച്ചറിയുന്നുവെന്നും ശ്രി. കെ.എഫ്.ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. ശ്രീ.എ.പി.നവീനന് സ്വാഗതവും, ശ്രീ.ടി.പി മമ്മു മാസ്റ്റര്‍ നന്ദിയും പ്രകാശിപ്പിച്ചു.
ശിഷ്യസംഗമം
മൂന്നര പതിറ്റാണ്ടോളം സ്തുത്യര്‍ഹമായ വിധം അദ്ധ്യാപകനായി പ്രവര്‍ത്തിച്ച പ്രൊഫ.എ.പി.പി.നമ്പൂതിരിയുടെ ശിഷ്യന്മാരില് പ്രമുഖരായ പലവും പങ്കെടുത്ത ‘ശിഷ്യസംഗമം’ വേറിട്ട അനുഭവമായി. ഫാറൂഖ് കോളേജില്‍ 1951-ല്‍ പ്രൊഫ.എ.പി.പി അദ്ധ്യാപകനായി ചേര്‍ന്ന വര്‍ഷം വിദ്യാര്‍ത്ഥിയായിരുന്ന എന്‍.എം.ശ്രീ.മനേഴി, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ശ്രീമതി. ഹമീദാ ബീഗം, ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നും വിരമിച്ച ശ്രീ.അബ്ദുള്ളനന്മണ്ട, കേരള കൌമുദി കോ.ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി.പി. നമ്പൂതിരി കവയിത്രിയും ചിത്രകാരിയുമായ ശ്രീമതി.പ്രസന്ന ആര്യന്, സാമൂഹ്യ പ്രവര്‍ത്തകനായ പി.പി.ഉമ്മര്‍ ഫാറൂഖ് എന്നിവര്‍ പങ്കെടുത്തു.
ശിഷ്യസംഗമം ഉദ്ഘാടനം ചെയ്തത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. ടി നാരായണനായിരുന്നു. ഒരേ സമയം തനിക്ക് അദ്ധ്യാപകനും ഗുരുവും ആചാര്യനുമായിരുന്നു പ്രൊഫ.എ.പി.പി.നമ്പൂതിരിയെന്ന് ഡോ.നാരായണന് നിരീക്ഷിച്ചു. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ശ്രീ. എ.പി.കുഞ്ഞാമു അദ്ധ്യക്ഷത വഹിച്ചു. മധുരവും സൌമ്യവും ദീപ്തവുമായ വ്യക്തിത്വത്തിനുടമയായിരുന്നു പ്രൊഫസറെന്ന് ശ്രീ.കുഞ്ഞാമു പറഞ്ഞു.
ശ്രീ. ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതമാശംസിച്ചു. മുന്‍മന്ത്രി ശ്രീ.കെ.കുട്ടിഅഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. തന്നെ ഏറെ സ്വാധീനിച്ച ഈ ഗുരുവിന്റെ ശിഷ്യനാവാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച അസുലഭ ഭാഗ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു; ആ അദ്ധ്യാപന രീതി വിവരിച്ചു. അദ്ധ്യാപക ശ്രേഷ്ഠനെ കുറിച്ചുള്ള ദീപ്തമായ സ്മരണകള്‍ ഓരുരത്തരും സദസ്സുമായി പങ്കിട്ടു.
കവിത പോലെ മനോഹരമായിരുന്നു പ്രൊഫ.എ.പി.പിയുടെ കവിതയെക്കുറിച്ചുള്ള ക്ളാസുകളെന്ന് പലരും സ്മരിച്ചു. ഭാഷാബോധവും സാഹിത്യാഭിരുചിയും വളര്‍ത്തി, വഴികാട്ടിയായി മുന്നോട്ട് നയിച്ച ആചാര്യ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികളര്‍പ്പിച്ച് ശിഷ്യസമൂഹം കൃതാര്‍ത്ഥമായി.
കേശവ്