ആര്‍ദ്രം, സാന്ദ്രം, ഭാവദീപ്തം…
മൌനത്തിന്റെ അനന്തമാനങ്ങളിലേയ്ക്കും ശൂന്യതയുടെ നിറവിലേയ്ക്കും അനുവാചകനെ ആനയിച്ച അപൂര്‍വ്വ കാവ്യപ്രതിഭ ആര്‍.രാമചന്ദ്രന്‍ ഒരോര്‍മയായിട്ട് ഒരു പതിറ്റാണ്ടിലേറെയായെങ്കിലും ഇന്നും അദ്ദേഹത്തിന്റെ കവിതകള്‍ നിറശോഭയോടെ വിടര്‍ന്നു നില്‍ക്കുന്നു. “കവിതയുടെ കറുകനാമ്പുകള്‍ തീര്‍ച്ചയായും ഉണരും; കാത്തിരിക്കൂ….” എന്ന് ആശീര്‍വദിച്ച ആ ധന്യാത്മാവിന്റെ കാവ്യകല്പനകളിലേയ്ക്ക് ഒരെത്തിനോട്ടം-
പൊരുള്‍ തേടുന്നവനാണ് കവി. ഇരുളില്‍ തളരാതെ തിരി തെളിയിക്കുക എന്നതാണ് സര്‍ഗ്ഗ കര്‍മ്മം. നിഴല്‍ കണ്ട് നടുങ്ങാതെ നിലാവന്വേഷിക്കുമ്പോള്‍ കവിയുടെ കൈക്കുമ്പിളില്‍ പൂജിക്കുവാന്‍ ഒരു പിടി പൂവ് കിട്ടുന്നു. ഈ പൂക്കള്‍ ആത്മവിശുദ്ധിയോടെ അനന്തതയ്ക്ക് സമര്‍പ്പിക്കുമ്പോള്‍ ഒരു പുലരി പിറക്കുന്നു. ഇവിടെ കവി കര്‍മ്മം സഫലത നേടുന്നു.
അന്തര്‍യോഗത്തിന്റെ കര്‍മ്മപഥം തന്നെയാണ് കവിയുടെ മുന്നിലുള്ളത്. അനുഭൂതി മണ്ഡലത്തിലൂന്നിയുള്ള ആത്മദര്‍ശനത്തിനാണ് ഇവിടെ ശ്രമം. തന്നില്‍തന്നെ വീണുറങ്ങാതെ മുന്നിലേക്കാവണം പ്രയാണം എന്നിരിക്കിലും ഋജുരേഖകളിലൂടെയല്ല കാവ്യഭാവന പടരുന്നത്. കളങ്ങളിലെ നിറക്കൂട്ടുകളുടെ വൈവിധ്യത്തേക്കാളുപരി അവയുടെ വിന്ന്യാസലയത്തില്‍ നിന്നുത്ഭൂതമാകുന്ന ഭാവചിത്രത്തിന്റെ ദീപ്തിയാണ് കവിതയുടെ കാതല്‍.
ഒരു പദം മാത്രം
പച്ചിലചാര്‍ത്തില്‍
ത്തട്ടിച്ചിതറിത്തെറിച്ചതാ-
മൊരു നീലക്കതിരിന്‍ തരി
ഒരു നിഴല്‍ക്കീറിന്‍ ചലനം
ഒരു മൂവന്തിതന്‍ മയക്കമായ്
മാറിന മനസ്സില്‍
പാറി വീണതാ-
മൊരു പദം മാത്രം
എന്ന് ആര്‍ രാമചന്ദ്രന്‍ കുറിച്ചിടുമ്പോള്‍ നമ്മുടെ മുന്നില്‍ വിടരുന്നത് ഒരു പദമല്ലെന്നും ഒരു ഭാവമാണെന്നും നാം അറിയുന്നു. “മൌനം കാവ്യമാകുമോ? പരീക്ഷിച്ചു നോക്കിയ കവികളില്‍ ഒരാളാണ് പ്രൊഫ.ആര്‍.രാമചന്ദ്രന്‍. വാക്കുകള്‍ മാറി നില്‍ക്കുക, ഉന്‍മുക്തമായ രീതിയില്‍ കാവ്യശക്തി പ്രവഹിക്കുക ഇതാണ് അദ്ദേഹം എത്തിച്ചേരാന്‍ ശ്രമിക്കുന്ന മഹാലക്ഷ്യം. അന്തര്‍ലോകത്തില്‍ കാവ്യത്തിന്റെ നീരുറവകള്‍ തെളിഞ്ഞുനില്‍ക്കുമ്പോള്‍ പദങ്ങള്‍ ഭാരങ്ങളായി മാറുന്നു എന്ന പഴയ വേദന തന്നെ ഇതിന്റെ പിന്നില്‍” എന്ന് പ്രശസ്ത നിരൂപകന്‍ ശ്രീ.ജി.എന്‍.പിള്ള നിരീക്ഷിച്ചിട്ടുള്ളത് ഓര്‍ക്കുക (കല, സൃഷ്ടി, ആസ്വാദനം, പുറം 229) അന്തര്‍മനസ്സില്‍ ബാഹ്യപ്രകൃതിയോട് സംവദിക്കുകയും വിസ്മയഭരിതനായി നോക്കി നില്‍ക്കുകയും ചെയ്യുന്ന ഒരു ശിശു ആര്‍.രാമചന്ദ്രനിലുണ്ടെന്നും അദ്ദേഹം കണ്ടെത്തുന്നു. “ശോണരശ്മി”യെന്ന കവിത ഉദാഹരിക്കുകയും ചെയ്യുന്നു.
ഉറങ്ങിപ്പോയോ വാനം?
ചെവിയോര്‍ക്കുന്നോ?
താഴെപ്പുല്പ്പരപ്പുകള്‍
ഒന്നേ ഞാനറിയുന്നേന്‍
നിത്യത തന്നാത്മാവി-
ലൂര്‍ന്നതാമൊരശ്രുബിന്ദു പോല്‍
വെളിച്ചം വീണലിഞ്ഞതാ
മീയന്ധകാരം തന്നില്‍
ആരെയോ കാത്തു
നില്‍ക്കയാണാരോ?
ശ്യാമസന്ധ്യകളില്‍ വെളിച്ചത്തിന്റെ വെള്ളിഴകളന്വേഷിക്കുന്ന കവി ശോണദീപ്തമായൊരു സൂചിത്തുമ്പിനാല്‍ കരളില്‍ താപം പെയ്യുന്ന ഇരുളിന്റെ മിഴികള്‍ കുത്തിപ്പൊട്ടിക്കാനൊരുങ്ങുന്നു, ഏതോ ദുഃഖത്തിന്റെ നിഗൂഢതടത്തില്‍ കൊടും തപമാചരിക്കുന്ന ചേതനയെ തട്ടിയുണര്‍ത്താനുള്ള ശ്രമമാണ് ആര്‍.രാമചന്ദ്രന്റെ കവിതയെന്ന തിരിച്ചറിവ് വഴിതെറ്റിപ്പോയ പാന്ഥന്റെ ഗാനോന്മാദത്തെ അനുഭവിക്കുവാന്‍ അനുവാചകനെ സന്നദ്ധനാക്കുന്നു.
പ്രയാണ വീഥികളിലെവിടെയോവെച്ച് സ്വയം നഷ്ടപ്പെടുന്ന കവിയുടെ ആത്മാലാപനങ്ങളാണ് സാന്ധ്യനികുഞ്ജങ്ങള്‍ എന്ന ആദ്യ കഥാ സമാഹാരത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.
വാടുന്നു പ്രകാശത്തിന്‍
സ്വപ്നങ്ങളന്തിത്തുടു-
പ്പാടീടും പൊന്നമ്പലം
മായുന്നു ഞൊടിയ്ക്കുള്ളില്‍
എന്ന് വ്യാകുലപ്പെടുന്നുണ്ട് കവി. ‘മറയും ദുഃഖങ്ങളെ സൌഖ്യമായ് വ്യാഖ്യാനിച്ചു കരയുമതിന്‍ ദയനീയത യസഹ്യംതാന്‍’ എന്ന് ഓര്‍മ്മിക്കുന്നുമുണ്ട്. “പിന്നെ?” എന്ന സമാഹാരത്തിലെ “എന്റെ കഥ” എന്ന കവിതയില്‍ തനിക്ക് പറ്റിയ ച്യുതി കവി ഏറ്റുപറയുന്നത് ശ്രദ്ധിക്കുക-
ഒരു ചുംബനത്താല്‍
എന്‍ കിനാവിന്‍
ധ്യാനരഹസ്യം കവര്‍ന്നെടു
ത്തേതോ വ്യോമമൌനത്തി
ലുള്‍ച്ചേര്‍ന്ന താരകത്തിനെ
ത്തേടിനടന്നേന്‍…..
സന്ധ്യയുടെ ചെരുവില്‍ താരകത്തെ തേടി നടക്കുന്ന കവിയുടെ കരളില്‍ പദങ്ങള്‍ തന്‍ ശിശിരം! സര്‍ഗ്ഗച്യുതിതന്‍ കരിയും മൃതിഗന്ധം. ആത്മാവിന്റെ വിണ്ടുകീറിയ നിലത്തില്‍ തളര്‍ന്നു പിടഞ്ഞു മരിക്കുന്ന പറവകളുടെ കൊക്കില്‍ ഉടഞ്ഞുപോയ ഗാനം. ശ്യാമമൌനങ്ങളില്‍ മരവിച്ചിരിക്കുന്ന കാവ്യചേതന. ഈ ഇന്ദ്രീയാന്ധ്യം കവിയ്ക്ക് വന്നുപെട്ടതെങ്ങിനെ? ധ്യാനരഹസ്യം കവര്‍ന്നെടുത്ത താരകം ഒരു ഉദാത്ത രൂപകം മാത്രം. കവി നേടുന്നതും നഷ്ടപ്പെടുന്നതും ഈ മണ്ണില്‍ തന്നെയാണ്; മനസ്സില്‍തന്നെയാണ്. മാനത്തിന്റെ അതിരുകള്‍ മനസ്സില്‍ തന്നെയാണെന്നതും ഒരു കവി രഹസ്യമാണ്.
എന്നില്‍ നിന്നകലാന്‍
എന്നിലണയാന്‍, കഴിയാതെ
ഞാനെന്നെത്തന്നെ
തേടി നില്‍ക്കുന്നു
വാനത്തില്‍
നിത്യവൃദ്ധമൌനത്തിന്‍ മാറില്‍ തട്ടി
എന്‍ നിമിഷങ്ങള്‍
ചിതറിത്തെറിയ്ക്കുന്നു!
(എന്റെ കഥ)
നഷ്ടപ്പെട്ട സ്വര്‍ഗ്ഗഭൂമിയെക്കുറിച്ചുള്ള വേദന ആര്‍.രാമചന്ദ്രന്റെ വരികളില്‍ പ്രതിധ്വനിക്കുന്നുണ്ട്. വിശുദ്ധി ഇവിടെ ഒരു സ്വപ്നമാണ്.
ഒരു ഗാനമാ-
യുണരും
കുളിര്‍ നീര്‍ച്ചോല
ഇളം നീലവരകള്‍ തെളിയും
പുലരൊളിത-
ന്നാര്‍ദ്രപാദങ്ങള്‍,
ഒരു കുളിച്ചുണ്ടില്‍ നി-
ന്നുതിര്‍ന്നുവീഴും ഹര്‍ഷം.
ആയിരം തൊഴുകൈകളാ
യുയരും
മന്നിന്‍ ഹരിതാഭമാം മനം-
ദൈവത്തി-
ന്നാദ്യസ്മിതം
എത്ര ദൂരെയാണുഞാ-
നീ വിശുദ്ധിയില്‍ നിന്നും!
(ബഹിഷ്കൃതന്‍)
ഈ സത്യം കവിയെ അസ്വസ്ഥനാക്കുന്നു. ശൂന്യതയുടെ പ്രേതഭൂമികളിലെ നിഴലുകളുടെ നിശബ്ദ നിര്‍ത്ധരങ്ങളായി സ്വന്തം കിനാവുകള്‍ മാറുന്നതുകൊണ്ട് വേദനിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയുന്നില്ല.
എന്നെതേടിപ്പോയ
എന്റെ പറവകള്‍
എന്നെക്കാണാതെ
എന്നിലേയ്ക്കുതന്നെ
മടങ്ങിവന്നിരിയ്ക്കുന്നു.
(പ്രേതഭൂമിയില്‍)
എന്ന പരിദേവനവും കവിയ്ക്കുണ്ട്. വെളിച്ചത്തിന്റെ ഉപാസനകനെങ്കിലും ഇടയ്ക്ക് തമസ്സിന്റെ നഖപ്പാടുകളില്‍ പെടുന്നുമുണ്ട്, ഈ കവി-
ഓ! ഞാന്‍! ഞാന്‍!
ഞെക്കി ഞെക്കി ക്കൊന്നേന്‍
വെളിച്ചത്തെ,
ആര്‍ദ്രമൃദുലാംഗുലികളാ-
ലെന്നെത്തഴുകി വിളിച്ചുണര്‍ത്തിന
വെളിച്ചത്തെ!
അടിച്ചടിച്ചുകൊന്നേന്‍
നാദങ്ങളെ,
(പ്രേതം)
എന്ന് ഒരു കവിതയില്‍ കുറ്റസമ്മതം നടത്തുന്നുണ്ടെങ്കിലും
എന്‍ പദങ്ങള്‍ക്കിടയിലെ
തന്ദ്രിലസ്ഥലികളില്‍
നിന്‍സ്വരം പുഷ്പിച്ചതും
മറക്കാതിരിക്കുക.
നീ മറക്കാതിരിക്കുക.
എന്ന് മറ്റൊരിടത്ത് ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.
“സര്‍ഗ്ഗശക്തി തന്നാലസ്യം
പോലെ
വിളറിക്കിടന്നീടും വാനം”.
(പിരിഞ്ഞുപോയ ഒരു സുഹൃത്തിനോട്)
വീണ്ടും ചൈതന്യപൂര്‍ണ്ണമായിക്കാണുവാനുള്ള കവിയുടെ അഭിവാഞ്ഛ തളിരണിയുന്നതും നാം കാണുന്നു.
ഒന്നുമില്ലൊന്നുമില്ല,
മീതെ
പകച്ചേ നില്‍ക്കുമംബരം മാത്രം
താഴെ,
കരളുറഞ്ഞേ പോകും പാരിടം
മാത്രം
ഒന്നുമില്ലൊന്നുമില്ല.
അടരുമലര്‍ മാത്രം
പടരുമിരുള്‍ മാത്രം
ഒന്നുമില്ലൊന്നുമില്ല.
എന്നിങ്ങനെ ശൂന്യതയുടെ മുന്നില്‍ ഒരുനിമിഷം അന്ധാളിച്ചുപോവുന്നു കവി. പക്ഷെ, ദീപ്തവും വിശുദ്ധവുമായ ആത്മമണ്ഡലം തിരിച്ചെടുക്കുക എന്ന തപസ്സില്‍ ആമഗന്നനാവുന്ന കവി നഭസ്സിലെ അമ്പിളിക്കീറിനെ ഉണര്‍ത്തി ഉയിര്‍ത്തെഴുന്നേല്‍ക്കുവാന്‍ ശ്രമിക്കുന്നു. ആദ്യം സൂചിപ്പിച്ചതുപോലെ!
കുത്തിപ്പൊട്ടിച്ചേനല്ലോ,
ശോണദീപ്തമാ
മൊരു സ്വപ്നത്തിന്‍
സൂചിത്തുമ്പാല്‍
കരളില്‍ തപം ചെയ്യു
മിരുളിന്‍ മിഴികള്‍ ഞാന്‍!
(ച്യവനന്‍)
നാദകണങ്ങള്‍ തേടിപ്പെറുക്കാന്‍ കുനിയുന്ന കവിയുടെ മിഴി മറച്ചുകൊണ്ട് ചുറ്റും അന്ധതമസ്സ് പ്രേതധൂമംപോലെ പൊന്തുന്നു. അതു പ്രേതധൂമമല്ലെന്നും പ്രപഞ്ചത്തിന്റെ നീല ശൂന്യതയാണെന്നും അറിയുന്നിടത്ത് ആര്‍.രാമചന്ദ്രന്‍ എന്ന കവിയുടെ സര്‍ഗ്ഗകര്‍മ്മം സാഫല്യമടയുന്നു.
-എ.പി. നളിനന്‍