കഥാകാരണം
കഥയും കാര്യവും
ഉള്ളില്‍ നിറഞ്ഞുനിന്ന്, എഴുത്ത് അനിവാര്യമാക്കും വിധത്തില്‍ വിഷമിപ്പിയ്ക്കുന്നതിനാല്‍ തന്റെ ആന്തരിക മോചനത്തിനായി എഴുതുന്ന കഥകളുണ്ട്. അനുഭവത്തിന്റെ തൊട്ടടുത്തെഴുതപ്പെടുന്ന യാത്രാ വിവരണങ്ങള്‍പോലെയല്ല അവയുടെ സ്ഥിതി. തന്റെയോ, അടുത്തവരുടെയോ ഗഹനമായ അനുഭവം ഹൃദയത്തില്‍ ചിലപ്പോള്‍ സമയമെടുത്തുമാവാം. പുതിയ രൂപഭാവങ്ങള്‍ തേടി, പ്രകാശത്തില്‍ കുളിച്ചുനില്‍ക്കുന്നവയാണിത്തരം കഥകള്‍. ഇവയ്ക്ക് കവിതയില്‍നിന്ന് കുറഞ്ഞ വ്യത്യാസമേ ഉള്ളൂ. വ്യത്യാസം കൂടുതലും രൂപത്തിന്റെ എന്നു പറയാം. വികാരത്തിന്റെ വിസ്ഫോടനത്തിന് കവിതയില്‍ സംഭവഗതി അല്പപ്രസക്തങ്ങളാണ്. അനാവശ്യത്തിന്റെ വക്കിലാണെന്ന് വരെ പറയാം.
കഥയില്‍ ഈ അംശം നിലനിര്‍ത്താതെ മുന്നേറുക ദുഷ്ക്കരമാണ്. പക്ഷെ, അസാദ്ധ്യമെന്ന് പറഞ്ഞുകൂട. “വെര്‍തറുടെ ദുഃഖങ്ങള്” വായിച്ച് നോക്കുമ്പോള്‍, എത്ര കുറച്ചേ ഘടനയ്ക്ക് പ്രാധാന്യമുള്ളൂ എന്നു തോന്നാം. സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ അവയിലും ഘടന ഉള്ള് അനുഭവേദ്യവുമാകും. സ്വന്തം അനുഭവത്തിലേയ്ക്ക് മുങ്ങാംകുഴിയിടുമ്പോള്‍ കാണുന്നതാണ് കവിത. പുനരനുഭവിക്കുന്നവനാണ് അനുവാചകന്‍. സ്വത്വത്തിന്റെ ഘടന അത്ര വൈവിധ്യവും വൈചിത്യ്രവുമുള്ളതുമാണ്. അവിടെ സമയത്തിനകം ഭൌതിക ബന്ധങ്ങള്‍ക്കും പ്രസക്തി വ്യത്യാസവുമുണ്ട്.
മറ്റൊരു വഴി നമുക്ക് സഞ്ചരിക്കാം. മഹാനായ റഷ്യന്‍ കാഥികന്‍ കൌണ്ടലിയോ ടോള്‍സ്റ്റോയ് ഏതോ ഒരു യുവതി ഒരു തീവണ്ടിയുടെ മുന്നിലേയ്ക്ക് എടുത്തുചാടി മരിയ്ക്കുന്നത് ഒരു ദിവസം കാണാനിടയായത്രെ. അതിന്റെ അനുസ്വരങ്ങള്‍ “അന്നാ കരിനീന”യില്‍ ഉണ്ടെന്നും കരുതപ്പെടുന്നു. അന്നാ കരിനീന വായിച്ചിട്ടും ഒരു വലിയ അനുഭവം ഉണ്ടാകുന്നില്ലെങ്കില്‍ വായന നിര്‍ത്തിക്കോളൂ. അതിനി നിങ്ങള്‍ക്കു വേണ്ട. പത്രങ്ങളെടുത്തു ഉറപ്പുവരുത്തുക. അവയിലൊന്നും നിങ്ങളുടെ ചരമവാര്‍ത്തയില്ലെന്ന്! ടോള്‍സ്റ്റോയിയ്ക്ക് കുറഞ്ഞ ജീവിതകാലമേ ദൈവം അനുഗ്രഹിച്ചിരുന്നുള്ളൂ. നൂറില്‍ താഴെ വര്‍ഷങ്ങള്‍ മാത്രം. എന്നാല്‍ അന്നയ്ക്ക് ടോള്‍സ്റ്റോയി മനുഷ്യഹൃദയത്തില്‍ നല്‍കിയിരിക്കുന്ന ജീവിത കാലം ദൈവത്തേക്കാള്‍ ഉദാരമാണ്; അവസാനത്തെ സഹൃദയനും മരിയ്ക്കുന്നതുവരെ നീണ്ടുകിടക്കുന്നു, അന്നയുടെ ജീവിതം. മനുഷ്യരാശിയോട് എന്നെന്നും അന്ന തന്റെ അനുഭവം പങ്കിടും.
കരിനീന്‍ പ്രഭുവിന്റെ മുരടത്തമാണ് ഭാര്യ അന്ന, അകാലത്തില്‍ അന്ത്യത്തിലെത്തുന്നതിലെ പ്രധാന ഘടകമെന്ന് ഒരു വായനക്കാരി വാദിച്ചാല്‍ അതിനെതിര് നില്‍ക്കുക അത്ര എളുപ്പമല്ല. ഏതാണ്ട് അസാദ്ധ്യം തന്നെയാണ് ആ നിലപാടിനെ എതിര്‍ക്കല്‍. സ്ത്രീശക്തിവാദി ആകാതെയും ഇങ്ങിനെ ഒരു വായനക്കാരി ഉണ്ടാകുകയും ചെയ്യാം. ഈ ഭാഗം താരതമ്യേന വ്യക്തതയുള്ളതാണ്. തനിയ്ക്ക് നഷ്ടപ്പെടുന്നതെന്തെന്ന ബോധ്യമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോള്‍, തന്റെ നഷ്ടബോധത്തിന് ജീവന്‍ നല്‍കുകയാണ് കഥാകാരന്‍. വാസ്തവത്തില്‍ അങ്ങിനെയുമല്ല. വായനക്കാരന്റെ നഷ്ടബോധത്തിന് ചിറക് കിട്ടുകയാണ് ചെയ്യുന്നത്. തന്നിലേയ്ക്ക് തിരിഞ്ഞുനോക്കാന്‍ ഒരവസരംകൂടി- അതാണ് വലിയ കഥകളൊക്കെ വായനക്കാരന് നല്‍കുന്ന സമ്മനം. താനൊരു കരിനീന്‍ പ്രഭു തന്നെ ആണോ എന്ന് ഓരോ പുരുഷ വായനക്കാരനേയും വിഹ്വലനാക്കുന്നതാണ് ടോള്‍സ്റ്റോയിയുടെ കഥനരീതി. ആണെന്ന ആവേഗം സത്യബന്ധത്തെ മഥിയ്ക്കുകയും ചെയ്യും. കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു രീതിയും മനുഷ്യരാശി ആത്മവികസനത്തിന് കണ്ടെത്താത്ത മേഖലയാണിത്.
മത്തുപിടിച്ചു തഴച്ചുവളരുന്ന കളകള്‍ നിറഞ്ഞതാണീ ഉദ്യാനമെന്ന് ജീവിതത്തെക്കുറിച്ച് ഷേക്സ്പിയര്‍ ഓര്‍മ്മിയ്ക്കുന്നു. അതില്‍ സുഗന്ധവാഹികളായ ചെറുചെടികള്‍ക്ക് സ്ഥാനം പോര. അവ മത്സരിക്കുവാന്‍ മടിച്ച് നശിച്ചുപോകുന്നു. കണ്ണും മൂക്കും നഷ്ടപ്പെടുന്ന ദൃഷ്ടാവിന്റെ മുന്നില്‍ ഉദ്യാനം തന്നെ ഒരു ചോദ്യചിഹ്നമായി, ഒരു കളയായി, ഉയര്‍ന്ന് നില്‍ക്കുന്നു. കളയ്ക്കാണ് സംരക്ഷണവും സുരക്ഷയും, ആത്യന്തികമായി. ഓര്‍മ്മയില്‍പ്പോലും, ചെറുചെടികളുടെ അന്ത്യം ആരെയും നൊട്ടി നോവിയ്ക്കുന്നില്ല. അവ അപ്രത്യക്ഷമാവുന്നു എന്നതുമാത്രമാണ് സത്യം. ഭൂമി ദരിദ്രമായി മാറുന്നു എന്നും നമുക്കുതോന്നാം. എന്നാല്‍ കളകളും ഭൂമിയുടെ അവകാശികള്‍ തന്നെ. ഒരുനാള്‍ അവയില്‍നിന്നും അമൃതും ഉത്ഭവിയ്ക്കാം. വിരോധമില്ല. ആശ്വാസം അനുവര്‍ത്തകന്റേതാണെന്ന് തെളിച്ചുപറയാനാവും.
ഉല്പത്തിയ്ക്കുമുമ്പ്
“കഥയും കാര്യവും തമ്മില്‍ എന്താണ് വ്യത്യാസം?”
“നല്ല കഥകള്‍ക്ക് വ്യത്യാസം വേണമെന്നില്ല. മാര്‍ക്സിനെപ്പോലെ ഉദ്ദേശപൂര്‍വ്വം കഥാകാരന്‍ എഴുത്തില്‍ വ്യത്യാസം വരുത്തി, അതുകൊണ്ടുതന്നെ. വിവരണം ആകര്‍ഷണീയമാക്കുന്നതാണ് മറ്റൊരു രീതി”.
“അനുഭവിയ്ക്കുമ്പോള്‍ നിലനില്‍പ്പിന്റെയും സാധ്യതയുടെയും വെളിച്ചം വീശിയ വശങ്ങള്‍ മാത്രമേ ശ്രദ്ധ ചിത്രത്തില്‍ ഉണ്ടാവൂ. ഇതിന്റെ ആഴം വ്യക്തികള്‍ തമ്മിലും അവസരങ്ങള്‍ക്കൊത്തും ഏറെ അന്തരത്തിലുള്ളതുമാണ്. എഴുത്തില്‍ അതേ ചിത്രത്തിന് കൂടുതല്‍ മിഴിവും അര്‍ത്ഥതലങ്ങളും ബന്ധങ്ങളും അനുഭവേദ്യമാക്കുന്ന ഒരു ദര്‍ശനസ്ഥാനം എളുപ്പത്തില്‍ ഒരു നല്ല കാഥികന് വായനക്കാരന് നല്‍കാം. അതിനാവശ്യമായ സമയം അയാള്‍ക്കെടുക്കാം. അനുഭവത്തേക്കാള്‍ ശക്തമായ ഒരു ദൃഷ്ടി വായനയില്‍ വാര്‍ത്തെടുക്കാം. എന്നാല്‍ മരണത്തിന്റെയും ഭയത്തിന്റെയും അടുത്തുകൂടുന്ന ഭിത്തികള്‍ യഥാര്‍ത്ഥാനുഭവത്തില്‍ സ്വാഭാവികമായി ഉണ്ട്. സമയം അനുഭവസ്ഥന് അതീതവുമാണ്. വായനയില്‍ ഇത്തരം ഭിത്തികള്‍ ഇല്ലാത്തതിന്റെ പിടി അഴിവും എഴുത്തുകാരന് നികത്താന്‍ സാധിയ്ക്കുകയും വേണം”.
“അതെങ്ങനെ സാധിയ്ക്കും?”
“നല്ല കാഥികരൊക്കെ ഇത് എങ്ങനെ സാധിയ്ക്കുമെന്ന് പരീക്ഷിച്ച് കണ്ടെത്തിയവരാണ്. കൃത്യമായ ഒരു അല്‍ഗോരിതത്തിലൂടെ എഴുതാവുന്നതല്ലല്ലോ കഥകള്‍!”
-മനേഴി കുമാരന്‍ മൂസ്സത്.