നവയൗവ്വനം

A.P.Nalinan

“അച്ഛനു കണ്ണട വെക്കണ”മെന്നല്ലോ
കൊച്ചുമോള്‍ ചൊല്ലി, ചിരിക്കുന്നു-
“സൂചിക്കുഴയിലൂടീ നുലുകോര്‍ക്കുവാന്‍
നേരമിതെത്രയെടുക്കുന്നു!”

“മാമന്നു മറവി, ഇടയ്ക്കിടെ, യീയിടെ,”
മരുമകള്‍ പരിഭവമോതുന്നു-
‘ഇന്നലെ നല്‍കാമെന്നറ്റൊരു സമ്മാനം
ഇന്നു മറന്നേ പോകുന്നു!”

‘തലയൊക്കെ നരകേറി, കവിളോ കുഴികെട്ടി
കളിചൊല്ലി ഭാര്യ തുടങ്ങുന്നു-
‘നാല്‍പ്പതായില്ലെന്നു വന്നാലും കാഴ്ചയി-
ലമ്പതിന്നാരും മതിച്ചേക്കും”

‘നെറ്റിച്ചൂളി വീണു, മുതുകും വളഞ്ഞെ”ന്നു
പെറ്റമ്മക്കിത്തിരി നോവുന്നു-
‘എല്ലാ തലവിധി, യിത്ര ചെറുപ്പത്തില്‍
കുട്ടനു പ്രാരാബ്ധമായല്ലോ!”

‘അല്ലല്ലാ കുട്ടന്റെ മുന്‍പല്ലു പോയല്ലോ! ”
വായ പൊളിക്കുന്നതിമ്മായി-
‘ഓണം വരുന്നുണ്ടെ! കാണണം പിന്നേയും
മോണയില്‍ പല്ലൊന്നുരണ്ടെണ്ണം!”

കണ്ണാടി തേടി നടക്കേ പുറത്തള
വാതില്‍പ്പടി തട്ടി വീണു ഞാന്‍
പൊട്ടിച്ചിരികള്‍ മുഴങ്ങുന്നു ചുറ്റിലും
പറ്റിയതെല്ലാമെനിക്കല്ലോ!

കണ്ണിണയീറനണിഞ്ഞു കരള്‍പീലി
നോവിലുറഞ്ഞു വിതുമ്പുമ്പോള്‍
നെറുകയില്‍ മുത്തി; കുളുര്‍വെണ്ണനീട്ടി
ചിരിതൂകി മുന്നില്‍ മുത്തശ്ശി-
‘അയ്യയ്യേ, കുട്ടാ കരയാതെയിങ്ങനെ;
തട്ടിത്തടഞ്ഞാരും വീഴുമല്ലൊ.
തട്ടാതെ, മുട്ടാതെ ജീവിതമില്ലല്ലോ
തട്ടിക്കുടഞ്ഞഴുന്നേല്‍ക്ക വേഗം !”

മാറോടണച്ചിട്ടു മുത്തശ്ശി ചൊല്ലവെ
നാണമൊഴിഞ്ഞു മനമുണര്‍ന്നു-
നരമാറി ചുളിനീങ്ങി. നടുനിവരുന്നെന്റെ
കരളില്‍ പുത്തുലയുന്നു പുതുവസന്തം!

                                                         – എ.പി.നളിനന്‍

Share Button