ഉത്തമം
എണ്ണാന്‍ മറന്നു ഞാനു-
യരത്തിലായിരം
പൂര്‍ണചന്ദ്രന്‍മാര്‍
ഉദിച്ചു, മറഞ്ഞവാര്‍!
കണ്ടില്ലെ? യിന്ദു
ചിരിച്ചു നില്കുന്നൊരീ
രാവില്‍ ശതാവരി
തന്‍നിഴല്‍ നോക്കി
അനങ്ങാതെ നില്പതും,
കാറ്റിളകുമ്പോള്‍
വെറുതെ ഞെട്ടുന്നതും?
തേടി ഞാന്‍ വെറുതെ
യെന്നുള്ളിലെ സാഗരം
കുത്തിക്കുറിയ്കാനൊ
രായിരം വാക്കുകള്‍!
വന്നവ, പോകുമ്പോള്‍
സ്വസ്തി മറന്നു ഞാന്‍
നിന്നേനറിയാതെ,
‘എന്നു കാണും വീണ്ടു’
മെന്നൊരുല്‍ക്കണ്ഠയാല്‍
സുസ്മിത ശീര്‍ഷനായ്!
എന്തെന്റെ തെറ്റെന്ന-
റിഞ്ഞില്ല ഞാനന്നു,മിന്നും
വരുന്നില്ല, പോയവര്‍, വാക്കുകള്‍!
തേടി ഞാന്‍,
എന്നുള്ളിലെവി-
ടെയാണുന്മതന്‍
വെള്ളിവെളിച്ച-
മുറങ്ങുന്ന വാക്കുകള്‍?
പോകാന്‍ മടിച്ചു,
തിരിച്ചു നടന്നവ!
വന്നു നില്കുന്നിതാ
സ്തബ്ധരായ്, ഞാനെന്ന
ദുഃഖ ചിത്രത്തിന്റെ
മുക്കുകള്‍, മൂലകള്‍
നന്നായ് തിരിഞ്ഞ,വര്‍!
ഉണ്ടാകുമെന്നുമീ
വാക്കുകള്‍, ഞങ്ങള്, നിന്‍
അന്ത്യമെത്തും വരെ,
നിന്നുള്ളില്‍ മൂകരായ്!
പറയാന്‍ നിനക്കറിയാത്ത
നിന്‍സത്ത, നിന്നിലുണരട്ടെ,
ചൊല്ലേണ്ട നീയതു,
ഞങ്ങളെ ഇല്ലായ്മ
ചൊല്ലി, തളച്ചു,
വലയ്കാതെ നിത്യവും!
—-എം.കെ. മൂസദ്