മര്‍ദ്ദനത്തില്‍ നിന്ന് മാര്‍ദ്ദവത്തിലേക്ക് – പി.യം. നാരായണന്, ഒരു പുനര്‍വായന
ഉള്‍വഴി മര്‍ദ്ദനത്തില്‍ നിന്നു മാര്‍ദ്ദവത്തിലേയ്ക്കാണ് എക്കാലവും. വളരാനാണ് വെമ്പല്‍. ആ വെമ്പലിനാണ് വഴി. ആ വഴി ഏതെന്ന് ദര്‍ശനം. പുതിയ വഴികള്‍ ഉരുത്തിരിയുമ്പോള്‍ കൊള്ളാനും തള്ളാനും വേണം കരുത്ത്. ആര്‍ജ്ജിയ്ക്കാനും പകരാനും പ്രയാസമാണെങ്കിലും ദിശാബോധം അനിവാര്യം തന്നെ. കവികളിലും കവിതകളിലും പുരോഗമനത്തിന്റെ ഈ ദിശയാണ് നിര്‍ണ്ണായകചാലകശക്തി. സമയമെന്ന കൊത്തുപണിയില്‍ അനുനിമിഷം മാറി മാറി, പുതുമകള്‍ സൃഷ്ടിയ്ക്കാനും സൌന്ദര്യം സമാര്ജ്ജിയ്ക്കാനും, സത്യത്തിലേയ്ക്കും ആനന്ദത്തിലേക്കും പാവം മാനവഹൃദയത്തെ നയിയ്ക്കാനും ഉള്ള മാര്‍ഗ്ഗം കുടുസ്സാണ്. ആന്തരികമര്ദ്ദനത്തില് നിന്ന് ആന്തരികമാര്ദ്ദവത്തിലേയ്ക്ക് തന്നെ വേണം അതിനു മുന്നേറാന്‍.
“ഞാന്‍ അല്പനാണീയറിവിന്റെ കണ്ണുകള്‍
ദേവി! നീ ചൂഴ്ന്നെടുത്താലും അസംശയം
ഞാന്‍ അനുസ്വാരമാണിക്കത്തിയാളുന്നൊ-
രാദിത്യബിംബം മടക്കിയെടുക്ക നീ!”
മരണത്തിനും ഏറെ അപ്പുറം സജീവമായ ഒരു ജീവബിന്ദു. കത്തിക്കാളുന്ന അതിന്റെ മാധുര്യം! അവ അറിയാനും പറയാനും പി.എം നാരായണന് എന്തെളുപ്പം! കവിയുടെ അന്തര്‍നേത്രത്തില്‍ മാനുഷികവൈവശ്യങ്ങള് ആര്‍ദ്രമായി പീലികള്‍ വിരുത്തുന്നു. അതാണ് പിയമ്മിന്റെ വാക്കുകള്‍ , വരികള്‍. ആ ദത്തശ്രദ്ധയ്ക്കാണ് ആധുനികകവികളും കവിതകളും പണ്ട് സൂക്ഷിച്ചു പോന്ന രൂപഭദ്രത ഉപേക്ഷിച്ചത്. എപ്പോഴും ഇല്ല ഈ ഉപേക്ഷ- ആവശ്യം വന്നാല്‍ മാത്രം. സത്യദര്‍ശനത്തിന് തടസ്സമായി സൌന്ദര്യത്തിന് സ്ഥാനമില്ല. സോപാനം മുടക്കിയാവരുത് അതിന്റെ സ്ഥാനം.
ശ്രോതാവിന് വേണം, ചൂരും ചുണയും പകരുന്ന വാക്കുകള്‍. തന്റെ ചാലകശക്തിയെ ക്രിയാത്മകമായി പ്രചോദിപ്പിയ്ക്കുന്ന വാക്കുകളും വരികളുമാണ് അവനില്‍ താമസമുറപ്പിയ്ക്കുന്നത്, പ്രവര്‍ത്തിയ്ക്കുന്നത്.
ഒരനുസ്വാരത്തിന്, നോക്കുക, എന്തെളുപ്പത്തിലാണ് ഒരു പ്രപഞ്ചത്തെത്തന്നെ വലയം ചെയ്യാന്‍ സാധിച്ചത്!
ഭാവി തിളങ്ങുന്നു. അത് മാടിവിളിയ്ക്കുന്നുമുണ്ട്. ആകാംക്ഷയോ? ഉത്തേജിതവുമാണ്. സമാനതകള്‍, വൈജാത്യങ്ങള്‍, സമസ്യകള്‍, പൂരണങ്ങള്‍ എന്നിങ്ങനെ അളന്നുകൂട്ടിയും മുറിച്ചുമാറ്റിയും വേണമല്ലൊ മാനുഷികപ്രശ്നങ്ങളെ നിര്‍ദ്ധാരണം ചെയ്യാന്‍. സ്വപ്നങ്ങളിലേയ്ക്കും യാഥാര്ത്ഥ്യങ്ങളിലേയ്ക്കുമുള്ളവയാണ് ദര്ശനപഥങ്ങള്. പ്രചോദനം അവിടെയാണ് പ്രവര്‍ത്തിയ്ക്കുന്നതും. ഭാസുരമായ ഒരു നാളെ എന്നും ആകര്‍ഷിച്ചു പോന്നിട്ടുണ്ട് മനുഷ്യനെ. കലികാലത്തില്‍ നേരിടേണ്ടി വരാവുന്ന വിപത്തുകള്‍ പുരാണങ്ങളില്‍ ഒരു സുപ്രധാന പ്രശ്നമായും കാണുന്നുണ്ടല്ലൊ.
തന്റെ തന്നെ നിര്മ്മിതീരഹസ്യമടക്കം ഒരുപാടു പുതിയ ശക്തികള്‍ മനുഷ്യന്റെ പിടിപ്പാട്ടില് ആയിത്തുടങ്ങിയിട്ടുണ്ട്. അതിനനുസരിച്ച് വേഗത്തില്‍ പുതിയ പാരസ്പര്യങ്ങളെ വ്യക്തമാക്കാനാവശ്യമായ വാക്കുകളും ദര്‍ശനങ്ങളും ദര്‍ശനീയ സത്യങ്ങളും ഉരുത്തിരിഞ്ഞു കഴിഞ്ഞിട്ടില്ല. ഇതുവരെ നിലനിന്നുപോരുകയും പ്രയോജനപ്പെടുകയും ചെയ്തിട്ടുള്ള മനുഷ്യരാശിയുടെ സ്ഥാപനങ്ങളും ദര്ശനവിശേഷങ്ങളും ഭീഷണി നേരിട്ടുകൊണ്ടിരിയ്ക്കുകതന്നെയാണ്. സത്യം കൂടുതല്‍ ഭൌതികം മാത്രമായും ബലം ഭൌതികബലം മാത്രമായും രൂപഭാവങ്ങള്‍ക്ക് കാര്യമായ ശോഷണം സംഭവിച്ചു കൊണ്ടിരിയ്ക്കുന്നുണ്ട്. ശോഷണത്തോത് ഭീഷണമായിത്തീരുന്നു എന്ന നിഗമനം ശക്തമാവുകയാണ്.
വൈകാരികമായ പരസ്പരബന്ധങ്ങള്‍ ആന്തരികതലത്തിലും സാമൂഹ്യതലത്തിലും വലിയ ആക്രമണത്തെ നേരിട്ടുകൊണ്ടിരിയ്ക്കുന്നു. വൈകാരികമായ നിറവ് അറിയാനും ഉണ്ടാകാനും പ്രയാസങ്ങള്‍ കൂടിവരുകയാണ്. അറിവിന്റെ കണ്ണുകള്‍ ദേവി ചൂഴ്ന്നെടുക്കുക തന്നെയാണോ എന്ന് സംശയം തോന്നിയ്ക്കുന്നതാണ് ഈ കരാളമായ കാലം.
വൈകാരികത ഒരു നിര്‍മ്മിതി മാത്രമായി ചുരുങ്ങുകയാണ്. അതിന്റെ സ്വാഭാവികതയും നൈര്‍മല്യവും അതിനു അന്യമാവുന്നു. ആഡംബരത്തിന്റെ പുതിയ രൂപമായാണ് പ്രേമവും സ്നേഹവും ദര്‍ശനീയമാകുന്നത്. ആഡംബരം നിലനില്പിന്റെ ഏറ്റവും എത്തിപ്പിടിയ്ക്കേണ്ട തലമാകുമ്പോള്‍, നിലനില്പിന്റെ കാതലിന്ന് ധനമായി ചുരുങ്ങാതെയും വയ്യ. പുതിയ മനുഷ്യന് ദൈവത്തിന്റെ ശക്തിയില്‍ ആസക്തി കൂടിയിട്ടെയുള്ളു. മനുഷ്യരാശി ദൈവത്തിന് സങ്കല്പ്പിച്ച വൈകാരികാവസ്ഥകള്‍ അനാവശ്യമാണെന്ന് കൂടുതല്‍ പേര്‍ക്ക് തോന്നുന്നു. ദൈവം പ്രബലനായ ഒരു റോബോട്ട് ആയി ചുരുങ്ങിക്കൊണ്ടിരിയ്ക്കുകയാണ്. മിക്ക ഹൃദയങ്ങളിലും നുണപ്പരസ്യങ്ങള് സൃഷ്ടിയ്ക്കുന്നവരാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയെവരെ നിശ്ചയിക്കുക. കളവിന്റെ രൂപം മാത്രമാണ് സത്യമെന്ന ഭാഷ്യം മാത്രം ശക്തിപ്പെടുകയാണ്.
വായനക്കാരന്, തൊഴില്പ്രവര്ത്തകന് എന്നീ നിലകളില്‍ പീയെമ്മുമായി സംവദിച്ചതിന്റെ ധാരാളം അനുഭവങ്ങളുണ്ട് എനിയ്ക്ക്. പല ദശകങ്ങളിലായി അവ ചിതറിക്കിടക്കുന്നു. അതുകൊണ്ട് ലോകമോ ചുറ്റുപാടുകളോ കാര്യമായി മാറിയിട്ടുമില്ല. അവകൊണ്ട് ഞാന്‍ മെച്ചപ്പെട്ടു എന്ന് അഭിപ്രായപ്പെടാനുള്ള ധൈര്യം ആരും കാണിച്ചിട്ടുമില്ല. എന്നാലും ഉള്ളില്‍ , എനിയ്ക്ക് കുറച്ചു മേന്മകള് ഉണ്ടായതായി തോന്നിയിട്ടുണ്ട്. കരിന്തിരിയ്ക്ക് ഇരുട്ടിനെ തിരിച്ചറിയാം; മറിച്ചേ കഴിയാതുള്ളു. നേട്ടങ്ങള്‍ പിശറുകളാവാം. അവകൂടി ഇല്ലെങ്കില്‍ ഞാന്‍ കൂടുതല്‍ ഊഷരമാവുമായിരുന്നു. അതെനിയ്ക്ക് അന്യരെക്കാള്‍ അധികം, അവരെക്കാള്‍ മുന്നെ, കൂടുതല്‍ നിര്‍ണ്ണായകമായി, അറിയുകയും ചെയ്യാം. അല്ലെങ്കില്‍ എന്റെ ധാരണ അതാണ് എന്ന് ചുരുക്കുകയുമാവാം.
പരാങ്മുഖരാണ് ചിന്തകര്‍. ജീവിതം ദുഃഖചിത്രമാണ് വരച്ചുതീര്ക്കുക. മരണത്തിന്റെ വാളിലെ നിണം നുണഞ്ഞു തന്നെ വേണം, അതിനു പിടിച്ചു നില്ക്കാന്. അടുത്ത പുലരി വരുമെന്ന ചിന്ത, അതു വന്നെത്താത്ത രാവിലും ജീവി താലോലിയ്ക്കും. മര്‍ദ്ദനത്തില്‍നിന്ന് ഉണ്ടാവേണ്ടത് മാര്‍ദ്ദവമാണ്. വേദന മാത്രമല്ല, ആ മാര്ദ്ദവവുമാണ് കത്തിയാളുന്ന ആദിത്യബിംബം ദ്യോതിപ്പിക്കുന്നത്.
—കെ.എം.മനേഴി