പുഴ
മലമുടിയിൽ
ഒരു ജലരേഖയായ് ഉദിച്ച്,
സമതലങ്ങളിൽ
തിടം വെച്ച് വളർന്ന്,
നാടും നഗരവും താണ്ടി
കടലലകളിൽ അലിയുന്ന പുഴ –
ഓർമ്മയുടെ ചുഴികളിൽ
കറങ്ങിത്തിരിയുമ്പോൾ
കടവിൽ ഒരു കേവുവള്ളം;
കരയിൽ നാമം ജപിക്കുന്ന
ജടപിടിച്ച ആൽമരം…
ഇരുകരകളേയും തഴുകി ഒഴുകിയ പുഴ ഇന്ന്,മെലിഞ്ഞുണങ്ങി ഇഴയുന്നു;
തെളിമണലിൽ തലചായ്ച്ച് കേഴുന്നു …
മുഖം തിരിച്ചു നില്ക്കുന്ന മഴക്കാറുകൾ;
കലപില കൂട്ടുന്ന കിഴക്കൻകാറ്റ് –
വരുംവരായ്മകളുടെ തിരിവുകളിൽ
ഉദ്വേഗങ്ങളെ ചിറകെട്ടി തടയാൻ
ഒരുങ്ങുന്ന സ്വാർത്ഥ മോഹങ്ങൾ-
പുഴ ഒരു തുടർച്ചയാണെന്ന
തിരിച്ചറിവില്ലാത്ത കാലപ്പകർച്ച…
തിരിച്ചൊഴുകാനാകാതെ
പകച്ചു നില്ക്കുന്ന പുഴ!
-ഊർമ്മിള