ഹൃദ്യമായ ഒരു പ്രകാശനസന്ധ്യ
ഇപ്പോള്‍ ഈ നിമിഷത്തില്‍, മാത്രം മുഴുകി ആഹ്ളാദകരമായി, അന്യനെയും തന്നെയും ദര്‍ശിച്ചു കഴിയുന്നവര്‍ നമുക്ക് ചുറ്റും വിരളം തന്നെ. മനസ്സിലാണ് ഭൂതകാലത്തിലാണ്, നാമെല്ലാം ജീവിച്ചു പോരുന്നത്. കഴിഞ്ഞതിന്റെ ആവര്‍ത്തനമായാണ് വരാന്‍ പോകുന്നതും അനുഭവപ്പെടുക. അല്ലാതെയാക്കാന്‍, ഏറെ പ്രയാസമേറുന്ന ഘടനാവിശേഷമാണ് മനുഷ്യമനസ്സിന്റെത്. കുറെയേറെ നിര്‍ഭാഗ്യകരം തന്നെയാണ് പുതുതായി ജീവിയ്ക്കാന്‍ കഴിയില്ല എന്ന അവസ്ഥ തുടര്‍ച്ച എന്ന ആശയത്തിനും താനെന്ന പ്രഹേളികയ്ക്കും നിലനില്ക്കാന്‍ . പക്ഷെ, ഈ വില നല്കാന്‍ വിധിയ്ക്കപെട്ടവനാണോ മനുഷ്യന്‍? ദൈവീകത്വത്തിന്റെ ഒരംശം സ്വയം ദര്‍ശിയ്ക്കുവാന്‍ മനുഷ്യരില്‍ മഹാഭാഗ്യം ലഭിയ്ക്കുന്ന കുറച്ചുപേര്‍ ഓരോ യൂഗത്തിലും ഭൂജാതരാവുന്നുണ്ട്. പക്ഷെ ബഹൂഭൂരിപക്ഷവും ആവര്‍ത്തനത്തിന്റെ ശക്തമായ ചുഴിയില്‍ പെട്ടുഴലുന്നവരാണ്. അതില്‍ നിന്നുള്ള മോചനമാണ് അത്യാവശ്യം; പുതുമയുടെ ജനനത്തിന് ഈ വിടുതി അനിവാര്യവുമാണ്.
അഭയാര്‍ത്ഥികള്‍ ഒരു വലിയ ഗൂണം ചെയ്യുന്നുണ്ട്, അങ്ങിനെ ആവാത്തവര്‍ക്ക് – തങ്ങള്‍ കുറച്ച് ഭേദമാണെന്ന ഒരു ധാരണയില്‍ അവര്‍ക്കു പുതുച്ചുറങ്ങാം. തന്റെതെന്നഭിമാനിക്കുന്ന ബന്ധുക്കളും ബാന്ധവങ്ങളും അതിലയാള്‍ക്കെതിരുപറയുകയില്ല. എല്ലാവര്‍ക്കും ആസ്വാദ്യകരമാണ് സ്വമേന്മയുടെ കമ്പളം. പക്ഷെ, അജ്ഞാതനെ ആര്‍ക്കും സഹിച്ചു കൂടാ. അയാള്‍ക്ക്, പുതുതായും, ഉപേക്ഷിയ്ക്കുവാന്‍ കഴിയാത്തതും ആയ പുതുമകള്‍ ഉക്തിയ്ക്കായി കൈവശമുണ്ടെങ്കില്‍- അയാളുടെ വാക്കുകളില്‍ അനുഭവങ്ങളുടെ തീക്ഷ്ണതയും, ആസുരമായ വന്യതയും നൃത്തം വെയ്ക്കുന്നുവെങ്കില്‍ , അഥവാ താന്‍ കാണുന്ന സ്വപ്നങ്ങള്‍ അയാള്‍ അന്യ ബോധമണ്ഡലത്തിലേക്ക് ഉപലബ്ധമാക്കുന്നുവെങ്കില്‍- അയാള്‍ ഒരു കവിയാവുകയായി. ഋഷിത്വത്തിന്റെ പാതയിലാണയാള്‍ . പ്രവാചകത്വം അയാളില്‍ ഉദിച്ചുയരുന്നുമുണ്ട്. അയാളാണ് കവി. മോചനത്തിന്റെ ദൃഷ്ടാവ്; ഈ നിമിഷത്തിന്റെ അനുഭവശില്പിയും.
മനോഹരമായ ഒരു പ്രകാശനസന്ധ്യയില്‍ സെപ്റ്റംബര്‍ പതിനഞ്ചിന് കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ കൂടിയ കവിതാസ്വാദകരുടെ മുന്നില്‍ ഡോ. ചാത്തനാത്ത് അച്ചുതനുണ്ണി, ആര്‍.മുരളി മൊഴിമാറ്റം നടത്തി, റൈറ്റേര്‍സ് വര്‍ക്ക് ഷോപ്പ് പുറത്തിറക്കിയ പി.യം നാരായണന്റെ ‘Selected Poems’ എന്ന അമ്പത്തൊന്നു കവിതകളുടെ സമാഹാരം സ്വീകരിച്ച സന്ദര്‍ഭത്തിലാണ് കവി ആര്, താനാര് എന്ന ചോദ്യങ്ങള്‍ സഹൃദയരില്‍ സജീവമായത്. പ്രകാശന വേദിയില്‍ , പ്രമുഖ സാഹിത്യകാരന്മാരായ, ഡോ. അച്ചുതനുണ്ണി, സി.വി. ഗോവിന്ദന്‍, കെ.പി. രാമനുണ്ണി, പി.പി. രാമചന്ദ്രന്‍, പി.പി. ശ്രീധരനുണ്ണി, സജയ് കെ.വി, വി.ടി. ജയദേവന്‍, പി.എല്‍. ശ്രീധരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പുസ്തകപ്രകാശനത്തിന്ന് പ്രതീക്ഷിച്ചിരുന്ന എം.ടി. വാസുദേവന്‍ നായര്‍ക്ക് അപ്രതീക്ഷിതമായി എത്താന്‍ കഴിയാഞ്ഞതിന്റെ വിടവ് ഡോ. ചാത്തനാത്ത് അച്ചുതനുണ്ണി ഏറ്റെടുത്ത് നികത്തുകയായിരുന്നു. പുസ്തകം സ്വീകരിച്ചത് കെ.പി. രാമനുണ്ണിയും പുസ്തക പരിചയം ചെയ്തത് സജയ് കെ.വി.യും ആയിരുന്നു. രണ്ടു പേരും, തര്‍ജമ ചെയ്ത കവിതകള്‍, വായിക്കാനുള്ള ഒരു പശ്ചാത്തലം ഒരുക്കുന്നതില്‍ വലിയ സംഭാവന സദസ്യര്‍ക്ക് നല്‍കുകയും ചെയ്തു.
ഡോക്ടര്‍ അച്ചുതനുണ്ണിയുടെ പ്രകാശന പ്രസംഗം ഉജ്വലവും, ഏറെ പഠനസൌകര്യം നല്കുന്നതുമായിരുന്നു. പി.എം. നാരായണന്റെ ആത്മാവിലേയ്ക്കുള്ള ഹൃദയപാതയാണ് ഈ കവിതകളെന്ന് വ്യക്തമാക്കുവാന്‍ അദ്ദേഹത്തിന്ന് ഒട്ടും പ്രയാസപ്പെടേണ്ടി വന്നതുമില്ല. മലബാറിലും കേരളത്തിലും ഒതുങ്ങി നില്ക്കാതെ, പീയമ്മിന്റെ ആന്തരികദര്‍ശനങ്ങള്‍ ലോകത്തിനു മുഴുവന്‍ ഒരു പൊതുസ്വത്തായി വികസിക്കുന്നതില്‍ ആഹ്ലാദഭരിതരായിരുന്നു ശ്രോതാക്കള്‍. ‘കവി’യെ കുറിച്ചു തന്നെ പീയം എഴുതിയത് മുരളി മൊഴിമാറ്റം നടത്തിയത് ഹൃദ്യമായി താഴെ കൊടുത്തതുപോലെയാണ്
“The one
Who slept dreaming words,
The one
Who searched for the hidden music of words”
… എന്ന് തുടങ്ങി
“The one
Who, even while dying cell by cell
Saffocating in the mighty fortress of words,
Realising all words to be hollow,
Still loved words.
Is his name the poet?”
ആത്മപരം കൂടിയാണ് ഈ കവിത.
കവിത ഒരു ഒളിത്താവളമാണ്. ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയാത്ത ഒരു ഒളിത്താവളം. അവിടെത്തെ സഹായികളാണ് വാക്കുകള്‍. അവയെ ഇടയ്ക്കിടെ കവി ദര്‍ശിക്കുന്ന സന്ദര്‍ഭങ്ങളാണ് കവിതയായി വാര്‍ന്നൊഴുകി, മോചനത്തിന്റെ പാതകള്‍ സൃഷ്ടിച്ചുപോരുന്നത്. ഈ പാതയുടെ അവസാനം, കവി കൈവിടുന്നിടത്തു നിന്ന്, പുതിയതായ പാതകള്‍ വെട്ടിയിറക്കലാണ് സഞ്ചാരിയായ സഹൃദയന്റെ, അനുവാചക ധര്‍മ്മവും ആസ്വാദനവും. താന്‍ എഴുതാത്ത കവിതകള്‍ ആസ്വാദകര്‍ക്ക് സ്വന്തം ഹൃദയത്തില്‍ നിറച്ചു വെയ്ക്കാന്‍ പ്രാപ്തി പകരുന്നവന്‍ തന്നെയാണ് കവി. വിഭിന്നമായ പരിശ്രമങ്ങളിലും, വായനക്കാരന്റെ ജീവിതപാതകളില്‍, ആശയുടെ നവകിരണങ്ങള്‍ വാരിവിതറുന്നവയാണല്ലോ ഉത്തമ കവിതകള്‍.
ഹൃദയസ്പൃക്കായി, പീയം സംസാരിക്കുന്നതിന്റെ മുന്നെ സംസാരിച്ച മുരളി, തന്റെ തര്‍ജ്ജമ ഗുരുദക്ഷിണയായി പീയെമ്മിന് സമര്‍പ്പിക്കുകയും മൊഴിമാറ്റത്തില്‍ കെ.സി ബിന്ദു നല്‍കിയ സംഭാവനകള്‍ ആഹ്ളാദത്തോടെ ഓര്‍ത്തെടുക്കുകയും ചെയ്തു.
തര്‍ജ്ജമ ഋജുഃ; കാര്യമാത്രപ്രസ്കതങ്ങളും. കൃത്യതയും വ്യക്തയുമുള്ള ഇംഗ്ലീഷ് പദങ്ങള്‍ കോര്‍ത്തിണക്കി പീയമ്മിന്റെ സുന്ദരമായ കവിതകളുടെ അനുഭവം പുനഃസൃഷ്ടിക്കുന്നതില്‍ മുരളി ഏറെ വിജയിച്ചിട്ടുണ്ട്. സദസ്സിന് തൃപ്തി നല്‍കിയ കവിതാസന്ധ്യക്ക് ശേഷം പുസ്തകത്തിന്റെ ഒരു കോപ്പി വാങ്ങി വായിച്ചു നോക്കുമ്പോള്‍ ,പ്രധാനപ്പെട്ട പല സുദിനങ്ങളിലും – പിറന്നാള്‍, വിവാഹം തുടങ്ങിയവ പെട്ടെന്ന് മനസ്സില്‍ വന്നു- നല്കാന്‍ പറ്റിയ ഒരുപഹാരമായി ഈ മനോഹരമായ കവിതാസമാഹാരത്തെ ഞാന്‍ കാണുകയായിരുന്നു. എന്റെ ആത്മസമരങ്ങളിലെ ഒരു കൂട്ടാളിയാവുമെന്നാണ് ഗ്രന്ഥത്തിന്റെ ശരിയായ മേന്മയെന്നത് പിന്നീട് അറിയേണ്ടതുമാണ്.
മലയാളത്തിന്റെ മഹത്വം, മാവേലി ഓണത്തിന് വരുന്ന നാടായി മാത്രമല്ല ഇനി അറിയപ്പെടുക. മനുഷ്യര്‍ മാഹാത്മ്യത്തെകുറിച്ചും തന്നിലെ പുതുമകളെകുറിച്ചും അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്ന ഒരു ദേശം കൂടിയായാണ്. അതിന് ഈ ഗ്രന്ഥം ഒരു വലിയ സംഭാവനയാണ്.
ഇംഗ്ലീഷുകാരുടെ ഇംഗ്ലീഷ് കവിതകളെക്കാള്‍ ഇന്ത്യന്‍ അനുഭവങ്ങള്‍ ഏറെയുള്ള ഇത്തരം തര്‍ജ്ജമകള്‍ അടുത്ത തലമുറക്ക് ഇംഗ്ലീഷ് പഠനത്തിനും പ്രയോജനകരമാവുമെന്ന് സദസ്യര്‍ക്ക് ബോധ്യം വരുത്തുന്നതായി ശ്രീ. കാസിം വാടാനപ്പള്ളി അധ്യക്ഷത വഹിച്ച, കേരള സാഹിത്യ സമിതിയുടെ ഈ പ്രകാശന സന്ധ്യ.
–മനേഴി കുമാരന്‍ മൂസത്