അനുയാത്രകള്‍, അഭിമുഖങ്ങള്‍

മൂന്നര പതിറ്റാണ്ടായി മലയാള സാഹിത്യ-മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന
ശ്രീ.എ.പി. നളിനന്റെ ഏറ്റവും പുതിയ പുസ്തകമായ ‘അനുയാത്രകള്‍, അഭിമുഖങ്ങള്‍’ സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
പത്രപ്രവര്‍ത്തനം ഇവിടെ സര്‍ഗ്ഗസപര്യയായി മാറുന്നു.
‘ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറി’കള്‍ക്കുമപ്പുറം വിഷയത്തിന്റെ അനുഭൂതിതലവും
ആത്മഭാവവും വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്ന രചനകളാണ്
ഈ പുസ്തകത്തിലുള്ളത്.

‘അനുയാത്രകള്‍’ എന്ന ആദ്യഭാഗത്തില്‍ എട്ട് ലേഖനങ്ങളാണുള്ളത്.
‘ഭാരതത്തിന്റെ പഞ്ചമം’ സരോജിനി നായിഡുവിന്റെ കാവ്യഹൃദയത്തെ
ചിത്രണം ചെയ്യുന്നു. ‘നിഴലിന്റെ വെളിച്ചവും അഴലിന്റെ പുഞ്ചിരിയും’
ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കഥാപ്രപഞ്ചത്തെ പരിചയപ്പെടുത്തുന്നു.
‘ഇതിഹാസഭൂമിയിലൂടെ’ എന്ന ആസ്വാദനം കോവിലന്റെ ‘തട്ടകം’ എന്ന
നോവലിന്റെ പരിശോഭ പകര്‍ത്തിക്കാട്ടുന്നു.
അമേരിക്കന്‍ കവയിത്രിയായ എമിലി ഡിക്കിന്‍സിന്റെ ഏകാന്തദുഃഖങ്ങള്‍
പങ്കുവെയ്ക്കുകയാണ് “വേനലില്‍ ഒരു വാനമ്പാടി” എന്ന
ഭാവാത്മകമായ ഉപന്യാസം. ‘വിലാസിനിയുടെ കഥാപാത്രങ്ങള്‍’
മനുഷ്യബന്ധങ്ങളുടെയും മാനസിക വ്യാപാരങ്ങളുടെയും പൊരുള്‍ തിരയുന്നു.
“ഹരിതവനങ്ങളുടെ കാവല്‍ക്കാരി” സുഗതകുമാരി എന്ന
പ്രകൃതി സ്നേഹിയായ കവയിത്രിയ്ക്കുള്ള അഭിവാദ്യമാണ്.
ടി.ആര്‍. എന്ന കഥാകാരന്റെ രചനകളുടെ ശക്തിസൗന്ദര്യങ്ങളാണ്
‘വാങ്മയങ്ങളുടെ നക്ഷത്രലോകം’ ചര്‍ച്ച ചെയ്യുന്നത്. ‘കേരളീയ ക്ഷേത്രകലകളില്‍
ഏറെ ചാരുതയാര്‍ന്ന കൃഷ്ണനാട്ടത്തെ അടുത്തറിയുവാനുള്ള ശ്രമമാണ്
‘കൃഷ്ണനാട്ടം – കളരിയും കളിത്തട്ടും’ എന്ന നിബന്ധം.

കൈരളിക്ക് അമൂല്യസംഭാവനകള്‍ നല്‍കിയ നാലുപേരുടെ അഭിമുഖങ്ങളാണ്
രണ്ടാം ഭാഗത്തിലുള്ളത്. ‘നോവല്‍ എന്ത്? എങ്ങിനെ?’ (വിലാസിനി)
‘വികല്‍പ്പവും യാഥാര്‍ത്ഥ്യവും’ (കോവിലന്‍)
‘കല-ശാസ്ത്രം-പ്രതിബദ്ധത’ (സി.രാധാകൃഷ്ണന്‍)
‘വരകളുടെ ആചാര്യന്‍’ (ആര്‍ട്ടിസ്റ്റ് നമ്പൂതിരി) എന്നീ സംവാദങ്ങള്‍
സഹൃദയര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ആസ്വാദ്യമാണ്.
എഴുത്തുകാരന്റെ, കലാകാരന്റെ, ദര്‍ശനവും രചനാതന്ത്രവുമന്വേഷിക്കുന്ന
ഈ അഭിമുഖങ്ങള്‍ നാതിദീര്‍ഘമെങ്കിലും പഠനമൂല്യമുള്ളവയാണ്.

‘അനുബന്ധ’മായി മൂന്ന് രചനകള്‍കൂടി ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.
‘ഒരു നാടകക്കളരി’ തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നടന്ന
ഒരു റിഹേഴ്സല്‍ ക്യാമ്പിന്റെ നഖചിത്രമാണ്. കൊടൈക്കനാലില്‍
നടന്ന ജോഷിയുടെ സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങളാണ്
‘ശ്യാമയുടെ സെറ്റില്‍’ വിവരിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ
വളരുന്ന സാഹിത്യം എന്ന പംക്തിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട
നോവല്‍ നിരൂപണമാണ് ‘ഏറെ വേദന, കുറെ നോവലുകള്‍’.
ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന സൃഷ്ടികള്‍ കോര്‍ത്തിണക്കി
അനുവാചകന് മുന്നില്‍ അവതരിപ്പിക്കുന്ന ‘അനുയാത്രകള്‍, അഭിമുഖങ്ങള്‍’
വ്യത്യസ്തമായ വായനാനുഭവമൊരുക്കുന്നു.
തേജസ്വിനി പ്രസാധനമാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

-കേശവ്

Share Button