വേദസൂക്തങ്ങളുടെ സാര്‍വ്വകാലികത്വം
നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിച്ച ഒരു അപരിഷ്കൃത ജനസഞ്ചയത്തിന്റെ പ്രാര്‍ത്ഥനകളും പ്രകൃതി ശക്തികളുടെ മുമ്പില്‍ അന്തംവിട്ടതിന്റെ ഫലമായുണ്ടായ പ്രകീര്‍ത്തനങ്ങളും മാത്രമാണ് വേദസൂക്തങ്ങള്‍ എന്ന് വിശ്വസിക്കുന്ന കുറെ പല്ലവഗ്രാഹികളുണ്ട്. അതേ അവര്‍ കേവലം പല്ലവഗ്രാഹികളാണ്. പൂക്കളിലേയ്ക്കും ഫലങ്ങളിലേയ്ക്കും അവരുടെ കണ്ണെത്താറില്ല, കയ്യെത്താറില്ല. വേദങ്ങളില്‍ താല്‍ക്കാലികങ്ങളായ ആവശ്യങ്ങളെ മുന്‍നിര്‍ത്തി കുറെ പ്രാര്‍ത്ഥനകളുണ്ടാകാം; പ്രകൃതിശക്തികളുടെ പ്രകീര്‍ത്തനങ്ങളുണ്ടാകാം. പക്ഷെ പല സൂക്തങ്ങളും സാര്‍വ്വകാലികങ്ങളായ ആശയങ്ങളും ഉല്‍ബോധനങ്ങളും ഉള്‍ക്കൊള്ളുന്നവയാണ് എന്ന് ഒരു സൂക്ഷ്മമായ പഠനത്തില്‍ ബോധ്യപ്പെടും. അല്‍പ്പം ചില ഉദാഹരണങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടുകയേ ഈ ലേഖനത്തില്‍ ചെയ്യുന്നുള്ളൂ.
ഐക്യത്തിനുള്ള ആഹ്വാനം
മനുഷ്യന്റെ ആധ്യാത്മിക വിജയം പാര്യന്തികമായി ‘ഏകാകീ യതചിത്താത്മാ നിരാശീരപരീഗ്രഹഃ’ എന്നിങ്ങനെ ഗീത നിര്‍ദ്ദേശിക്കുന്ന അവസ്ഥ കൈവരുമ്പോഴാവാം. എന്നാലും ‘ലോകസംഗ്രഹമേവാപി സംപശ്യന്‍ കര്‍ത്തുമര്‍ഹസി’ എന്ന ഉപദേശാനുസാരം കര്‍മ്മം ചെയ്യാതിരിക്കാന്‍ ആര്‍ക്കും അര്‍ഹതയില്ല. കര്‍മ്മം ചെയ്ത് ഭൌതികമായ നേട്ടം ഉണ്ടാക്കേണ്ടത് ലോകസംഗ്രഹത്തിനാവശ്യമാണ്. ലോകസംഗ്രഹത്തിനുള്ള ശ്രമത്തില്‍ അനുപേക്ഷണീയമാണ് ഐക്യം. ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് മനുഷ്യരെ വിജയത്തില്‍നിന്നും വിജയത്തിലേയ്ക്കെത്തിച്ചിട്ടുള്ളത്. വേദത്തില്‍ ഐക്യത്തിനുള്ള ആഹ്വാനം പല സൂക്തങ്ങളിലുമുണ്ട്. “സംഗച്ഛദ്ധ്വം സംവീദ്ധ്വം സംവോമനാംസിജായതാം” എന്ന് തുടങ്ങുന്ന സൂക്തം വാസ്തവത്തില്‍ ഒരൈക്യമന്ത്രമാണ്. ആ സൂക്തത്തെ ശ്രീ.ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാട് ഇങ്ങിനെ വിവര്‍ത്തനം ചെയ്തിരിക്കുന്നു.
“ഒന്നിച്ചുപോവുക, ഒന്നിച്ച് സംസാരിക്കുക,
നിങ്ങളുടെ മനസ്സുകളെല്ലാം ഒരുപോലെയാവട്ടെ!
പണ്ട് ദേവന്മാര്‍ യോജിപ്പോടെ
ഹവിസ്സ് പങ്കിട്ടെടുത്ത് ആസ്വദിച്ചപോലെ,
യോജിച്ചുകൂടിയാലോചന നടത്തുക.
നിങ്ങളുടെ സമിതി യോജിപ്പുള്ളതാകട്ടെ
നിങ്ങളുടെ മനസ്സുകള്‍ ഏകീഭവിയ്ക്കട്ടെ
നിങ്ങളുടെ ചിന്തകള്‍ക്ക് ഐകരൂപ്യമുണ്ടാവട്ടെ!
യോജിച്ച് പൂജകള്‍ നടത്തുക.
നിങ്ങളുടെ ലക്ഷ്യം ഒന്നാവട്ടെ.
നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് യോജിപ്പുണ്ടാവട്ടെ
നിങ്ങളുടെ മനസ്സ് സമാനമാവട്ടെ
എല്ലാവരും യോജിച്ച് സുഖമായിരിയ്ക്കട്ടെ”.
ജനാധിപത്യത്തിന്റെ ഈ യുഗത്തില്‍ എത്ര പ്രസക്തങ്ങളാണീ വാക്കുകള്‍! ജാതിയുടെ, മതത്തിന്റെ, വര്‍ഗ്ഗത്തിന്റെ, ഭാഷയുടെ എല്ലാം പേരില്‍ തമ്മില്‍ത്തല്ലി നശിക്കാന്‍ മുതിരുന്ന ഭാരതീയ ജനത ഉരുക്കഴിക്കേണ്ടത് മേലുദ്ധരിച്ച വേദസൂക്തമാണ് എന്ന് എനിയ്ക്ക് തോന്നുന്നു.
കര്‍മ്മത്തിന്റെ മാഹാത്മ്യം
അലസരായിരിയ്ക്കാതെ കളികളില്‍ മുഴുകി കാലംകഴിയ്ക്കാതെ, കര്‍മ്മത്തില്‍ വ്യാപാരിക്കൂ എന്ന് വേദം പലപ്പോഴായി ഉദ്ബോധിപ്പിക്കുന്നുണ്ട്:
“അക്ഷൈര്‍മ്മാദീവ്യ: കൃഷിമന്‍ കൂഷസ്വ-
വീത്തേരമസ്വ ബഹുമന്യമാനഃ
തത്രഗാവഃ കിതവതത്രജായാഃ”
എന്ന് തുടങ്ങുന്ന സൂക്തം ഇത്തരം ഉദ്ബോധനത്തിന്റെ മികച്ച ഒരു മാതൃകയാണ്. “ചൂതുകളിച്ച് സമയം കളയരുത്; വയല്‍ കൃഷി ചെയ്യുക, സ്വാഭിമാനത്തോടുകൂടി ധനത്തില്‍ സുഖിക്കുക, അല്ലയോ ചൂതുകളിക്കാരാ, അവിടെ നിന്റെ കാളകളുണ്ട്, ഭാര്യയുണ്ട്” എന്നിങ്ങനെ തര്‍ജ്ജമ ചെയ്യാവുന്ന ഈ ഭാഗം മനുഷ്യന്റെ കര്‍ത്തവ്യത്തെ എന്നുമെന്നും ഓര്‍മ്മിപ്പിക്കുന്നതാണ്. ഉറക്കത്തിനെതിരെ, ആലസ്യത്തിനെതിരെയുള്ള നിലപാട് വേദസൂക്തങ്ങളില്‍ കാണാം. നോക്കൂ ചില ഉദാഹരണങ്ങള്‍:
“ഉറക്കം ആലസ്യം, എന്നെ കീഴടക്കരുതേ!
വൃഥാവാദി എന്നെ കീഴടക്കരുതേ!
ഞങ്ങള്‍ സുവീരന്മാരായി യജ്ഞത്തെ
അഭിസംബോധന ചെയ്തു പ്രഭാഷിക്കാവൂ”.
“ദേവന്മാര്‍ കര്‍മ്മം ചെയ്യുന്നവരെയാണിഷ്ടപ്പെടുന്നത്. ആലസ്യത്തിനെയല്ല. മടിയില്ലാത്തവരാണ് പ്രമാദങ്ങളെ കടന്നുപോകുന്നത്”.
“ദേവന്മാര്‍ വിശ്രമിക്കുന്നവന്റെ സഖ്യത്തിന് വരുന്നില്ല” – ഈ സൂക്തങ്ങളിലൊക്കെ കര്‍മ്മത്തിന്റെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കുന്നു ഋഷിവര്യന്മാര്‍. ഏത് സോഷ്യലിസ്റ്റിനും കര്‍മ്മത്തിന്റെ ഈ സന്ദേശം അരോചകമാവാനിടയില്ലല്ലോ.
ദാമ്പത്യബന്ധത്തെപ്പറ്റി ഉദാത്തമായ സങ്കല്പം
അത്യുദാത്തമായ സങ്കല്‍പ്പമാണ് ദാമ്പത്യബന്ധത്തെപ്പറ്റി വേദത്തില്‍ ഉദ്ഗ്രഥിയ്ക്കപ്പെടുന്നത്. സ്ത്രീയെ പുരുഷന്റെ അടിമയായി ഒരിക്കലും വേദം സങ്കല്‍പ്പിച്ചിട്ടില്ല. ദാസിയായല്ല രാജ്ഞിയായാണ് സ്ത്രീയെ വേദം വിശേഷിപ്പിച്ചിട്ടുള്ളത്. കേള്‍ക്കൂ:
“നീ ഭര്‍തൃപിതാവിങ്കല്‍ സമ്രാജ്ഞിയാവുക!
ഭര്‍തൃമാതാവിങ്കല്‍ സമ്രാജ്ഞിയാവുക!
ഭര്‍തൃസഹോദരിമാരില്‍ സമ്രാജ്ഞിയാവുക!
രാജ്ഞി എന്ന വാക്കിന് ഭരിയ്ക്കുന്നവള്‍ എന്നല്ല അര്‍ത്ഥം. രഞ്ജിപ്പിക്കുന്നവള്‍ എന്നാണ്. ഭര്‍തൃപിതാവിനെയും ഭര്‍തൃമാതാവിനെയും ഭര്‍തൃസഹോദരിയെയും നല്ലപോലെ രഞ്ജിപ്പിക്കുന്നവളാവണം വധു. എത്ര അര്‍ത്ഥവത്തായ ഉപദേശമാണിത്. ഭര്‍തൃമാതാവിനെയും ഭര്‍തൃസഹോദരിയെയും രഞ്ജിപ്പിക്കാന്‍ കഴിയായ്കകൊണ്ട് എത്ര കുടുംബജീവിതം തകരുന്നു! വധുവിനുകൊടുക്കുന്ന മറ്റു ചില ഉപദേശങ്ങളിതാഃ
“അല്ലയോ വധൂ, നീയഘോരചക്ഷസ്സായി ഭവിയ്ക്കുക!
ഭര്‍ത്താവിന് ദ്രോഹകാരിണിയാകരുത്.
അനുകൂലയാവണം.
പ്രാണികള്‍ക്ക് മുഴുവന്‍ ഹിതകാരിണിയാവുക.
സുമനസ്വിനിയും തേജസ്വിനിയും ആവുക!
സല്‍പുത്രന്മാര്‍ക്കമ്മയാവുക!
സര്‍വ്വഥാസുഖകാരിണിയാവുക.
മനുഷ്യര്‍ക്കും നാല്‍ക്കാലികള്‍ക്കും ശാന്തിയായി ഭവിയ്ക്കുക!”
‘ശാകുന്തള’ത്തില്‍ കണ്വന്‍ ശകുന്തളയ്ക്ക് നല്‍കുന്ന ഉപദേശങ്ങളേക്കാള്‍ കാലികപ്രസക്തിയുള്ളതാണ് വേദത്തിലെ ഉപദേശങ്ങള്‍. ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നത് കുറ്റമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഈ കാലഘട്ടത്തില്‍ “കുരുപ്രിയസഖിവൃത്തിം സപത്നീജനേ” എന്ന ഉപദേശത്തിന് പ്രസക്തിയേ ഇല്ലല്ലോ. വധു അഘോരചക്ഷുസ്സും സ്നേഹാര്‍ദ്രദൃഷ്ടിയും ആയി വര്‍ത്തിക്കണമെന്ന വേദോപദേശം സാര്‍വ്വകാലികമാണെന്ന് നിസ്സംശയം പറയാവുന്നതാണ്.
ഇടയ്ക്കെങ്കിലും വേദത്തിലെ ഇത്തരം സാര്‍വ്വകാലിക സന്ദേശങ്ങളിലേക്ക് സമകാലിക ശ്രദ്ധ തിരിച്ചുവിടേണ്ടത് അത്യാവശ്യമാണ്.
— പ്രൊഫ.എ.പി.പി നമ്പൂതിരി
(നിരൂപകനും കവിയുമായിരുന്ന പ്രൊഫ.എ.പി.പി നമ്പൂതിരിയുടെ 26-ാം ചരമവാര്‍ഷികദിനമാണ് ഈ ഡിസംബര്‍ 22).