ഒളിച്ചുകളി
ആകാശക്കുന്നിന്‍ ചെരുവില്‍
ഒരു മൂവന്തിനേരത്ത്
നക്ഷത്രക്കുരുന്നുകള്‍ ഒളിച്ചുകളിക്കാനൊരുങ്ങി.
ആര് ആരെ തിരയണമെന്ന കാര്യത്തില്‍
അവര്‍ തമ്മില്‍ തര്‍ക്കമായി-
“നമുക്ക് നറുക്കിട്ടു നോക്കാം……”
“അതുവേണ്ട; നാണയമിട്ടു നോക്കാം……”
“ചൂണ്ടിപ്പറഞ്ഞു നോക്കാം…..”
തര്‍ക്കം മൂത്ത് മൂത്ത്
അടിപിടിയുടെ വക്കോളമെത്തി.
സൂര്യമുത്തച്ഛന്‍ പകലൂണും കഴിഞ്ഞു
മയക്കമായിരുന്നു.
താരക്കുരുന്നുകളുടെ കശപിശ
പറവകളുടെ ചിലപ്പായി
പച്ചിലക്കാടുകളില്‍ കലിതുള്ളി നിന്നു…
ആകാശക്കുന്നിന്‍ ചെരുവില്‍
ഇരുട്ട് ഇറങ്ങിക്കഴിഞ്ഞിരുന്നു…
അതുവഴി പതിവു കവാത്തിനിറങ്ങിയ
അമ്പിളി അമ്മാവന്‍
തമ്മില്‍ തല്ലുന്ന താരക്കുരുന്നുകളോട്
കാര്യം തിരക്കി.
“നറുക്കിട്ടു നോക്കണോ, നാണയമിട്ടു നോക്കണോ
ചൂണ്ടിപ്പറഞ്ഞു നോക്കണോ? അതാണ് തര്‍ക്കം”
താരക്കുരുന്നുകള്‍ ഒരേ സ്വരത്തില്‍ മൊഴിഞ്ഞു.
ഒളിച്ചുകളിയുടെ കാര്യം അവര്‍ മറന്നു കഴിഞ്ഞിരുന്നു.
“അമ്മാമനിതിന്നൊരു പരിഹാരം കണ്ടുതരണം”
തടിതപ്പുവാന്‍ ഒരു വഴികണ്ട്
അമ്പിളിമാമന്‍ ഒരു ഉപായം പറഞ്ഞു:
“നമുക്ക് കംപ്യൂട്ടറിനോടു ചോദിക്കാം…..”
പക്ഷപാതം പിടിപെട്ടു കഴിഞ്ഞിട്ടില്ലാത്ത
കംപ്യൂട്ടറിനും പെട്ടെന്നൊരു
പരിഹാരം നിര്‍ദ്ദേശിക്കാനായില്ല.
പ്രശ്നം നറുക്കിടലോ, നാണയമിടലോ
ചൂണ്ടിപ്പറയലോ അല്ലെന്നും
ഒളിച്ചുകളിയാണെന്നും കംപ്യൂട്ടര്‍ കണ്ടെത്തി.
അല്പനേരം കഴിഞ്ഞ്, ബോധോദയവുമുണ്ടായി:
“താരക്കുരുന്നുകള്‍ ഒളിക്കട്ടെ,
അമ്പിളി അമ്മാമന്‍ തിരഞ്ഞുപിടിക്കട്ടെ…..”.
-എ.പി നളിനന്‍