മതവും മനുഷ്യനും
അരക്ഷിതവും അപൂര്‍ണ്ണവുമായ മനുഷ്യാവസ്ഥയില്‍ നിന്നുള്ള മോചനമാര്‍ഗ്ഗമെന്ന നിലയ്ക്കാണ് മതത്തിന്റെ ആവിര്‍ഭാവം. ജീവിതമെന്നത് ശാരീരികമായ ഒരു പ്രതിഭാസമോ ജൈവപരമായ പ്രക്രിയയോ മാത്രമല്ല. മൃത്യുവില്‍നിന്നും ജീവിതത്തിലെ അപകടകരമായ ഊരാക്കുടുക്കുകളില്‍ നിന്നുമുള്ള രക്ഷാസരണിയെന്ന നിലയ്ക്കാണ് മനുഷ്യന്‍ മതത്തെ കണ്ടത്. മാനവചരിത്രത്തിലെ സന്നിദ്ധഘട്ടങ്ങളില്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ തുറന്നിട്ടുകൊണ്ടാണ് മതങ്ങള്‍ ഉരുത്തിരിഞ്ഞുവന്നതെന്ന് ഭാരതത്തിന്റെ ദാര്‍ശനികനായ മുന്‍ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണന്‍ പറയുന്നു: “മനുഷ്യമനസ്സിന്റെ വികാസം തന്നെയാണ് മതത്തിന്റെ ലക്ഷ്യം. ബൗദ്ധികലോകത്തില്‍നിന്നും പൊരുത്തക്കേടുകളും ദ്വന്ദാത്മകതകളും നിറഞ്ഞ പരിച്ഛിന്നമായ അവബോധത്തില്‍നിന്നും ഏകതാനവും സ്വതന്ത്രവും സ്നേഹനിര്‍ഭരവുമായ ഒരു ലോകത്തിലേക്ക് വളരുവാന്‍ നമ്മെ സഹായിക്കുക എന്നതാണ് മതങ്ങളുടെ പ്രയോജനം”.
ആത്മസാക്ഷാത്കാരത്തിനുള്ള അവസരമെന്ന നിലയില്‍ ജീവിതത്തെ നോക്കിക്കാണുവാനാണ് എല്ലാ മതങ്ങളും നമ്മോട് ആവശ്യപ്പെടുന്നത്. പരമതത്ത്വത്തോട് ഏറെക്കുറെ സമാനരീതിയിലാണ് മാനവരാശി പ്രതികരിക്കുന്നത്. വിവിധ മതങ്ങളിലെ സമാനതത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആ മതങ്ങളെല്ലാം ഒരേ തരത്തില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് കരുതുന്നതാകട്ടെ മൌഢ്യവുമാണ്. ഓരോ മതവും സ്വന്തമായ ധര്‍മ്മത്തിലും തത്വത്തിലും അനുഷ്ഠാനക്രമത്തിലും അധിസ്ഥിതമായ ഓരോ ജീവല്‍പ്രസ്ഥാനമാണ്. ഓരോ കാലഘട്ടത്തിന്റെയും ആവശ്യകതയാണ്.
പ്രവാചകന്‍ തന്നെ ദൈവമായി അവരോധിക്കപ്പെടുന്ന സ്ഥിതിവിശേഷത്തിലേക്ക് ഡോ.രാധാകൃഷ്ണന്‍ വിരല്‍ചൂണ്ടുന്നുണ്ട്. “മതം ദൈവത്തെയും മനുഷ്യനെയും പ്രതിനിധീകരിക്കുന്നു. സ്വീകരിക്കപ്പെടേണ്ട പ്രമാണമെന്നതിലും മുറുകെ പിടിക്കേണ്ട വിശ്വാസമെന്നതിലുപരി, മതം ജീവിതചര്യമെന്നതിലുപരി, മതം ജീവിതചര്യ തന്നെയാണെന്നതിനാല്‍ ആത്മീയമായ ഉദാത്തതയിലേക്ക് നയിക്കുന്ന വൈവിധ്യമാര്‍ന്ന സമീപനങ്ങള്‍ക്ക് സാധുതയും സാദ്ധ്യതയുമുണ്ട്. ദൈവികതയുടെ വെളിപാടുകള്‍ പലതുണ്ടാകാമെങ്കിലും പരമതത്ത്വത്തിന്റെ വിവിധ രൂപങ്ങള്‍ മാത്രമാണവ”.
മതത്തിന്റെ വാതായനങ്ങള്‍ പലതാണ്. മതാനുഷ്ഠാനങ്ങള്‍ ഒരിക്കലും നിഷ്ഫലമാകുന്നില്ല. പക്ഷെ വിഷമഘട്ടങ്ങളില്‍ പലപ്പോഴും നമ്മുടെ മതനേതാക്കന്മാര്‍ അനീതിക്കും അധര്‍മ്മത്തിനുമെതിരെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ലെന്നത് ഒരു ചരിത്രസത്യമാണ്. സങ്കുചിത രാഷ്ട്രീയത്തിന് വശപ്പെടാതെ, മനുഷ്യരെ ഉദ്ബുദ്ധമാക്കാനുള്ള കടമ മതമേധാവികള്‍ക്കുണ്ട്. “മതങ്ങളെല്ലാം തന്നെ ആത്മവിശകലനത്തിലൂടെയും സ്വയം വിമര്‍ശനത്തിലൂടെയും കടന്നുപോവുകയാണ്. ഒരു മതവും ഇതുവരെ അവസാനവാക്ക് പറഞ്ഞ് കഴിഞ്ഞിട്ടില്ല. ആധുനികതയില്‍നിന്നും ശാസ്ത്രീയതയില്‍നിന്നും പിന്തിരിയാന്‍ ഒരു മതത്തിനും കഴിയുകയില്ല. ശാസ്ത്രവിജ്ഞാനത്തിന്റെ വ്യാപനത്തോടെ മതങ്ങള്‍ വിശാലമനസ്കത പുലര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു” എന്ന ഡോ.എസ്.രാധാകൃഷ്ണന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.
ഏകസംസ്ക്കാരാധിഷ്ഠിതമായ ഒരു ലോകം ഭാവിയില്‍ ഉരുത്തിരിഞ്ഞുവരുമെന്ന പ്രത്യാശ പല ദാര്‍ശനികന്മാരും പ്രകടിപ്പിച്ചിട്ടുണ്ട്. “ആത്മീയതയിലടിയുറച്ച സഹവര്‍ത്തിത്വമാണ് പ്രപഞ്ചത്തിന്റെ ആത്യന്തിക ലക്ഷ്യം. വിശകലന – വിമര്‍ശനങ്ങള്‍ക്കും ആത്മീയമായ ആദാന – പ്രദാനങ്ങള്‍ക്കും സന്നദ്ധമായ മതങ്ങള്‍ ഇന്ന് തമ്മിലടുത്തുകൊണ്ടിരിക്കുകയാണ്. സ്വന്തം മതാദര്‍ശങ്ങള്‍ വെടിഞ്ഞ് അനുരഞ്ജനത്തിന് ആരും മുതിരേണ്ട ആവശ്യമില്ല. പരസ്പര ബഹുമാനം ഉള്‍ക്കൊണ്ട് ഇതര മതങ്ങളില്‍നിന്ന് നമുക്ക് പലതും മനസ്സിലാക്കാം. സത്യദര്‍ശനങ്ങളൊന്നും തന്നെ നമുക്ക് അന്യമായിത്തീരേണ്ടതില്ല” എന്ന ഭാരതത്തിന്റെ ദാര്‍ശനിക ചിന്തകനായ മുന്‍ രാഷ്ട്രപതിയുടെ വരികള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്.
“മാനവരാശിയ്ക്ക് മുന്നില്‍ രണ്ട് വഴികളുണ്ട്. ഒന്ന് സ്വാതന്ത്യ്രബോധത്തിലും പരസ്പര ധാരണയിലും ഊന്നിക്കൊണ്ടുള്ള സഹവര്‍ത്തിത്വം. മറ്റൊന്ന്, ഭയാശങ്കകളുടെയും അസൂയയുടെയും അന്തരീക്ഷത്തില്‍ സംഘര്‍ഷഭരിതമായ ജീവിതം. ഇതിലേത് തിരിഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മാനവികതയുടെ ഭാവി. അഭിപ്രായ ഭിന്നതയല്ല, ആശയപ്പൊരുത്തമാണ് മനുഷ്യ ജീവിതത്തിന് ആത്മീയമാനങ്ങള്‍ നല്‍കുന്നത്”.
-എ.പി നളിനന്‍