ഓര്‍മ്മയില്‍ ഒരു ചിത്രം!


ഓര്‍മ്മയില്‍ ഒരു കിളിത്തൂവലാല്‍
എഴുതി ഞാന്‍,
ഓമലേ നിന്‍ മഞ്ജുചിത്രം…..!
ഓരോ നിനവിലും ഓരോ നിറംചേര്‍ത്തു
ചാരുത ചേര്‍ക്കുന്നു ചിത്തം…!

പുലരിത്തുടുപ്പും പോരെന്നറിഞ്ഞു നിന്‍
കവിളിലെ നാണത്തിന്‍ പൂ ചമയ്ക്കാന്‍….!
പവിഴച്ചുവപ്പും തികയാതെ വന്നു നിന്‍
അരുണാധരങ്ങള്‍ പകര്‍ത്തിവെയ്ക്കാന്‍….!

ഓര്‍മ്മയില്‍ ഒരു കിളിത്തൂവലാല്‍
എഴുതി ഞാന്‍,
ഓമലേ നിന്‍ മഞ്ജുചിത്രം…..!

അഴകാര്‍ന്ന നിന്‍ചുരുള്‍ മുടി മിനുക്കാന്‍
മഴമുകില്‍ കറുപ്പു ഞാന്‍ കവര്‍ന്നെടുത്തു…!
നീള്‍മിഴിയിണകളില്‍ മഷിയെഴുതാന്‍, ആഴ-
ക്കടലിന്‍റെ കാളിമ കടഞ്ഞെടുത്തു….!

ഓര്‍മ്മയില്‍ ഒരു കിളിത്തൂവലാല്‍
എഴുതി ഞാന്‍,
ഓമലേ നിന്‍ മഞ്ജുചിത്രം…..!

നിറതാലമേന്തും നിലാവിനോടും, പിന്നെ
കുളിരിന്‍ കുണുങ്ങും തൂമഞ്ഞിനോടും.
ഒരു നുള്ളു വെണ്മ ഞാന്‍ ചോദിച്ചു നിന്‍
മെയ്യഴകിനു മിഴിവേകി പൊലിമ ചാര്‍ത്താന്‍….!

ഓര്‍മ്മയില്‍ ഒരു കിളിത്തൂവലാല്‍
എഴുതി ഞാന്‍,
ഓമലേ നിന്‍ മഞ്ജുചിത്രം….!
മഴവില്‍ നിറങ്ങളാല്‍ നിറമാല ചാര്‍ത്തി
ചാരുത ചേര്‍ക്കുന്നു ചിത്തം…..!

                                                   – എ.പി. നളിനന്‍

Share Button