യാത്രാന്ത്യങ്ങള്‍

(ശ്രീ പി.യം നാരായണന്‍റെ ‘കേദാര്‍നാഥ്’ എന്ന കവിതയോട് കടപ്പാട്)

ഒറ്റപ്പെട്ട് നില്‍ക്കുമ്പോഴുള്ള സ്വഭാവമല്ല, ജീവികള്‍ക്ക് കൂട്ടം കൂടുമ്പോള്‍ പലപ്പോഴും ഉണ്ടാകുന്നത്. മനുഷ്യനും ചെന്നായ്ക്കള്‍ക്കും ഇങ്ങിനെ മാറ്റം വരുന്നത് കാണാം. ഒറ്റയ്ക്ക് സാധിയ്ക്കാത്ത പലതും കൂട്ടില്‍ സാദ്ധ്യമാവും. ഈ പുതിയ ശക്തി ആനകളിലെന്നപോലെ ക്രിയാത്മകമാകാം. അതിന് സിംഹങ്ങളിലെന്നപോലെ മദ്ധ്യമ സ്വഭാവവും, വെട്ടുകിളികളിലെന്നപോലെ വിനാശകരവുമായ അന്ത്യങ്ങളും കാണാം.

പെട്ടെന്ന് തെളിയാഞ്ഞത് അറിഞ്ഞ് പ്രവര്‍ത്തിച്ചാണ് അതിജീവനം സാദ്ധ്യമാകുന്നത്. അന്യന്‍റെ അസത്യബോധത്തെ അയാളുടെ സഹനശക്തിയ്ക്കനുസൃതമായി മാത്രം ഹനിയ്ക്കാന്‍ ഒരാള്‍ ആര്‍ജ്ജിയ്ക്കുന്ന സ്വയം നിയന്ത്രണമാണ് അറിവ്. ആവശ്യത്തിനുമാത്രം അസത്യത്തെ ഹനിയ്ക്കുന്നത് തന്നെയാണ് മോചനത്തിന്‍റെ കാതല്‍. അസത്യത്തിന്‍റെ മഹാശക്തിയിലാണ് സത്യത്തിന്‍റെയും തായ്‌വേര്. പ്രവര്‍ത്തനക്ഷമതയില്‍ ദിശാവ്യത്യാസം ഉണ്ടെന്ന് നിശ്ചയം.

pm-narayanan
P.M. Narayanan

പ്രപഞ്ചത്തിന്‍റെ ചലനശക്തി, ഇലക്ട്രോണും പ്രോട്ടോണുമായി വിപരീത ദിശകളില്‍ പ്രവര്‍ത്തനക്ഷമമാണ്. പ്രവര്‍ത്തനക്ഷമതതന്നെ ഉപേക്ഷിച്ച ഖനീഭൂതങ്ങളായ ന്യൂട്രോണുകളും ആവാം, പ്രപഞ്ചത്തിന്‍റെ നിസ്തുലമായ ചലനശക്തിയ്ക്ക്. ദിശ നഷ്ടപ്പെടുന്നത് അവശ്യമില്ലാത്തിടത്ത് ഒരനുഗ്രഹമാണല്ലോ. വേദനയെ ഇല്ലാത്തതിന്നു വേദനാസംഹാരിയും വേണ്ട. ആവശ്യം ഉള്ളിടത്ത് കൃത്യവും സൂക്ഷ്മവുമായ ദിശകള്‍ ഏതെന്ന് കണ്ടെത്തി, അങ്ങോട്ട് ഉടനടി നീങ്ങാനുള്ള സാമര്‍ത്ഥ്യം തന്നെയാണല്ലോ വിജയവൃത്തിയായിത്തീരുന്നത്.

‘വഴികള്‍ അതിന്‍റെ ഇടതുഭാഗത്തിനോടൊ, വലതുഭാഗത്തിനോടൊ, മമത സൂക്ഷിയ്ക്കുന്നില്ല. അതിനാലാണ് അവ വഴികളായിത്തന്നെ നിലനില്‍ക്കുന്നതും’ എന്ന ഏതാണ്ടര്‍ത്ഥത്തില്‍ ലാവോസി(Lao-Tzu) മാര്‍ഗ്ഗങ്ങളെ ‘താവോതെ ചിങി’ല്‍ പ്രതിപാദിയ്ക്കുന്നതായാണ് ഓര്‍മ്മ. ഒരുതരം ന്യൂട്രോണുകളാണ് വഴികളെന്ന് തോന്നാം.
പെട്ടെന്ന്, പീയമ്മിന്‍റെ കേദാര്‍നാഥ് എന്ന കവിത തുടങ്ങുന്ന വരികളിലെത്തിച്ചേരുന്നു, ഓര്‍മ്മ.

‘കരിങ്കല്ലുപാകിയ
ഉയര്‍ന്നുയര്‍ന്നു പോകുന്ന
ഒറ്റയടിപ്പാതയിലൂടെ
താങ്കളും ഞാനും’ എന്നാണല്ലോ അതിന്‍റെ ആദ്യവരികള്‍.
വിവരണം എങ്ങിനെ മുന്നോട്ട് നീങ്ങുന്നുവെന്ന് ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

‘നമുക്കു മുന്നില്‍
അരികിലരികില്‍
അകലെയകലെ
വെട്ടിത്തിളങ്ങുന്ന മഞ്ഞുമാമല!’
കൂടുതലായി ചുറ്റുപാടുകളെ കവിത സ്പര്‍ശിയ്ക്കുന്നതിന്‍റെ ഓര്‍മ്മ മനോഹരമാണ്.

“മടക്കുമടക്കായി ഗിരി ശിഖരങ്ങള്‍
നിഗൂഢതയുടെ താഴികക്കുടങ്ങളെന്നപോലെ.
കറുകറുത്ത പാറക്കൂട്ടങ്ങള്‍…” എന്ന് വിവരണം തുടരുന്നു.

ഈ ചുറ്റുപാടുകളിലൂടെ അനവരതവും അനുസ്യൂതവുമായി കിടക്കുന്നതാണ്, മുന്‍ നടന്നവരുടെ സ്മൃതിയാണ് വഴി. അവയിലൂടെ നമ്മളൊക്കെ യാത്ര ചെയ്ത് വേണം എവിടെയും എത്താന്‍; കേദാരത്തില്‍ വിശേഷിച്ചും.

ഈ യാത്രയുടെ മധുരവും ഭീതിയും മുങ്ങിക്കുളിച്ചു നില്‍ക്കുന്നതാണ് പീയമ്മിന്‍റെ കവിത. മനോഹരിയായ പ്രകൃതി; സന്ധ്യ വരുന്നതോടെ അതിന്‍റെ ഭാവം മാറുന്നു.
ക്രൂരതയുടെ മുഖങ്ങള്‍ തെളിഞ്ഞു വരുമ്പോള്‍, ഉള്ളിലെ ചിന്തകളും മാറുന്നു.

‘മഞ്ഞുവീണു തുടങ്ങി
കേദാരം ദൂരെയാണ്’ എന്ന അറിവ്. ഒരു ജീവിതാന്ത്യത്തിലെന്നപോലെ അറ്റമില്ലാത്ത ആശങ്കയായി ഉള്ളില്‍ തെളിയുന്നു.
നടന്നെത്താനാകാത്തിടത്താണ് നാഥന്‍. ഉത്തരം കിട്ടാക്കയത്തില്‍ മുങ്ങിപ്പൊങ്ങുകയാണ് രണ്ടാത്മാക്കള്‍. ഗിര്‍ധാരീലാല്‍ ഒരു കുതിരയുമായി മുന്നിലെത്തി, ഇരുവരെയും നാഥന്‍റെ ശ്രീകോവിലില്‍ എത്തിയ്ക്കുന്നു. ഇരുവരുടെയും ഉള്ളില്‍ തെളിയുന്ന കേദാര്‍നാഥന് ഗിരിനിരകളുടെ, മന്ദാകിനിയുടെ, ഗിര്‍ധാരിലാലിന്‍റെ നറുമണം.

M. Kumaran Moosad

പൂര്‍ണ്ണമാവാന്‍ യാത്രയ്ക്ക് അവസാനം വേണം. ഒരു നിമിഷം ലഭിച്ച്, യാത്രയെ അവലോകനം ചെയ്ത് അനുഭവിയ്ക്കുവാന്‍ സാധിയ്ക്കയും വേണം. ഈ അപൂര്‍വ്വ നിമിഷത്തിന്‍റെ പുനര്‍ നിര്‍മ്മാണമാണ് പീ. യം ഹിമാലയത്തില്‍നിന്നും തന്നില്‍നിന്നും അടര്ത്തിയെടുത്ത് നമുക്ക് നല്‍കുന്നത്. വീണ്ടും യാത്രകള്‍ തുടരുമെന്ന ആശയില്‍ ഒരു സ്ഫുലിംഗമായി ജ്വലിച്ചുനില്‍ക്കുന്നതാണ് സായൂജ്യം നേടിയിടത്ത്, നഷ്ടപ്പെടുന്നിടത്തും, മനുഷ്യചേതനയെ ഉദാത്തമാക്കുന്നത്. ഈ സ്ഫുലിംഗം തന്നെയാണ് മനുഷ്യന് അമൃതും മധുവും. മരണം തന്‍റെ ശൂന്യമാവുന്ന ആവനാഴി നോക്കി മധുരമായി ചിരിയ്ക്കുന്നത് അടുത്ത യാത്രയ്ക്കൊരുങ്ങുന്ന പഥികനോടു തന്നെ. തപസ്സിന്‍റെ ഊഷ്മളത സ്ഫുരിയ്ക്കുന്നത് ഉറപ്പില്‍നിന്ന് വികസിച്ച് മൃദുലതയുടെ സൂക്ഷ്മലോകങ്ങളിലേയ്ക്കുതന്നെ. ദൃഢമാവുന്നത് ലോലമായതു മാത്രമാണ്. കൂട്ടുകൂടുന്നതിന്‍റെ ശക്തി അതിന്‍റെ ലോലതയാല്‍തന്നെയാണ് ഉന്നതി തേടുന്നതും തേടേണ്ടതും. കൂട്ടില്‍ ഒന്ന് ഇത്തിരി വലിയ ഒന്നാവുന്നു എന്ന് ഈ അനുഭവ സഞ്ചയത്തെ ചുരുക്കാനും പ്രയാസമില്ല.

-എം. കുമാരന്‍ മൂസദ്

Share Button