വൈരുദ്ധ്യങ്ങളുടെ നടുവില്‍


ഡോ.എം.പി പരമേശ്വരന്‍റെ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രസിദ്ധീകരിയ്ക്കുന്നത് ചൈന ഇന്ത്യയെ ആക്രമിച്ച 1962-ലാണ്. അന്ന് ഞാന്‍ ചെറിയ ക്ലാസ്സിലെ വിദ്യാര്‍ത്ഥിയായിരുന്നു. നാം നമ്മുടെതെന്നും അവര്‍ അവരുടേതെന്നും പറയുന്ന സ്ഥലത്തായിരുന്നു കമ്മ്യൂണിസ്റ്റുകാരന്‍ ഇ.എം.എസ്സിന്‍റെ ഭാഷയില്‍ യുദ്ധം. മാവോവീനെക്കുറിച്ച് ബഹുമാനം പറയാത്ത കമ്മ്യൂണിസ്റ്റുകാരില്ല. ചൈനീസ് യുദ്ധകാലത്ത് ദേശസ്നേഹമില്ലാത്ത കമ്യൂണിസത്തിന്‍റെ അന്താരാഷ്ട്ര സ്വഭാവം പല്ലിളിച്ചപ്പോള്‍, ചൈനയില്‍ ദേശസ്നേഹപരമായിരുന്നു കമ്യൂണിസം. അതിനാവശ്യമായിടത്തോളമായിരുന്നു അതേ രാഷ്ട്ര കമ്യൂണിസം. റഷ്യയില്‍ നിന്ന് കമ്യൂണിസ്റ്റ് വളര്‍ച്ചയില്‍ നിര്‍ലോഭ സഹായം ചൈനയ്ക്ക് ലഭിച്ചു. കുറച്ച് ശക്തിപ്പെട്ടപ്പോള്‍ ഭസ്മാസുര സ്വഭാവത്തിലായി ചൈനയുടെ അതിരുകളുടെ സംരക്ഷണം. ഇതൊക്കെ ഒളിച്ചുവെയ്ക്കുക തെറ്റില്ലാത്ത അക്കാലത്ത് കമ്യൂണിസ്റ്റ് ക്ലാസുകളുടെയും ജനയുഗങ്ങളുടെയും ഉത്തരവാദിത്വവുമായിരുന്നു. ഈ പരിസ്ഥിതിയില്‍ ഭൗതികവാദത്തിന് ഒരടിത്തറ ആവശ്യമാണെന്ന് അന്നത്തെ കമ്യൂണിസ്റ്റ് ദേവലോകമായ റഷ്യയില്‍ ഉപരിപഠനത്തിന് പോകാനൊരുങ്ങിയ നമ്പൂതിരിയായ എം.പിയ്ക്ക് തോന്നിയതാകാം ഗ്രന്ഥ നിര്‍മ്മാണത്തില്‍ കലാശിച്ചത്. ഈ പുതിയ പതിപ്പിന് എം.പിയുടെ പുതിയ ആമുഖമുണ്ട്. പക്ഷെ പുസ്തകം പഴയപടി തന്നെ നിലനിര്‍ത്തിയതാണ്. അതിന്‍റെ ചെറുതല്ലാത്ത പ്രശ്നങ്ങളും ഗ്രന്ഥത്തിനുണ്ട്. ഗയ പുസ്തകച്ചാലയാണ് ഈ ഗ്രന്ഥം പുറത്ത് കൊണ്ടുവന്നിട്ടുള്ളത്. ഒമ്പത് അധ്യായങ്ങളിലൂടെയാണ് ഗ്രന്ഥം വിഷയം അനാവരണം ചെയ്യുന്നത്.

‘ദാരിദ്ര്യമില്ല. നാളെയെപ്പറ്റി ആര്‍ക്കും ഒരു ഉല്‍ക്കണ്ഠയുമില്ല. എല്ലാം സുരക്ഷിതമാണെന്ന് അവര്‍ക്ക് ബോദ്ധ്യമുണ്ടായിരുന്നു’. അങ്ങിനെയാണ് എം.പി കമ്യൂണിസ്റ്റ് സ്വര്‍ഗ്ഗമായ മോസ്കോവിനെ ചിത്രീകരിച്ചിരിയ്ക്കുന്നത് (1962). ‘ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിയ്ക്കാവുന്ന ഒരു ഇടമുണ്ടെങ്കില്‍ അത് സോവിയറ്റ് യൂണിയന്‍ ആണെന്ന് തോന്നിയതായി യം.പി സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. വാസ്തവത്തില്‍ റഷ്യയുടെ ഉള്ളില്‍ത്തന്നെ ശക്തമായ വൈരുദ്ധ്യങ്ങള്‍ നിലനിന്നത് ശ്ലോകത്തില്‍ കഴിച്ചിട്ടുണ്ട്. ഇപ്പോള്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെ ഇല്ലെന്ന് സമ്മതിയ്ക്കുന്ന എം.പി, പക്ഷെ വളരെ വിചിത്രമായ ഒരു വാദം ഉന്നയിച്ചതായും കണ്ടു: “സോഷ്യലിസ്റ്റ് സ്വഭാവത്തോടുകൂടിയ തദ്ദേശ സമൂഹങ്ങള്‍ ഒരളവുവരെ വളര്‍ന്നാലേ സോഷ്യലിസ്റ്റ് വിപ്ലവം നടക്കൂ; വിപ്ലവം നടത്തി സോഷ്യലിസം കെട്ടിയിറക്കാന്‍ സാധിയ്ക്കില്ല”.

M. Kumaran Moosad

ടെക്സ്റ്റ് പുനഃപരിശോധിയ്ക്കാത്തതിന്‍റെ പല ദുരന്തങ്ങളും പുസ്തകത്തില്‍ ഉണ്ട്. കുറച്ചുപേര്‍ ചേര്‍ന്ന് അവ ഒഴിവാക്കുന്ന പക്ഷം അനാവശ്യമായ കുറെ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാമായിരുന്നു എന്നെനിയ്ക്ക് തോന്നി. എങ്കിലും അവ ഒന്നൊന്നായി ഇവിടെ എടുത്ത് എഴുതുന്നത് രോചകമാവില്ല. പ്രകൃതിയിലെ വൈവിധ്യങ്ങളെ ലഘൂകരിയ്ക്കാന്‍ മനുഷ്യന്‍ നടത്തിയ പരിശ്രമങ്ങള്‍ അത്ര ഗുണഫലം മാത്രം ഉണ്ടാക്കി എന്ന് എനിയ്ക്ക് കരുതുക പ്രയാസമാണ്. പക്ഷെ എം.പിയ്ക്ക് അങ്ങിനെ ഒരു പ്രയാസമില്ല.

കൂടുതല്‍ വിചിത്രമായ ഒരു കാഴ്ചപ്പാടും പുസ്തകത്തില്‍ കാണുകയുണ്ടായി. ഇലക്ട്രോണിക് തലച്ചോറിനെപ്പറ്റിയും ചിന്തിയ്ക്കുന്ന യന്ത്രത്തെപ്പറ്റിയും മനുഷ്യന്‍റെ തലച്ചോറ് കാലഹരണപ്പെടുന്നതിനെപ്പറ്റിയുമെല്ലാമുള്ള സംസാരങ്ങള്‍ ഈ കഴിവ് (മനുഷ്യന്‍റെ സംശ്ലേഷിക്കാനുമുള്ള കഴിവ്) മനസ്സിലാക്കാത്തതില്‍നിന്ന് ഉടലെടുത്തതാണ് എന്നും എം.പി അഭിപ്രായപ്പെട്ടിട്ടുണ്ട്. എത്രമാത്രം അടിസ്ഥാനഹരിതമായിരുന്നു മാര്‍ക്സിയന്‍ ചിന്ത എന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവനകള്‍.

എം.പിയുടെ പ്രസ്താവനയ്ക്ക് ചരിത്രപരമായി നില്‍ക്കള്ളിയില്ല. ഒരു യന്ത്രവും അതിന് രൂപം കൊടുക്കുന്ന മനുഷ്യന്‍റെ തലച്ചോറിനോളം മെച്ചപ്പെട്ടതാക്കാന്‍ പറ്റില്ല. ‘ചില ഗണിതങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ചെയ്യാന്‍ യന്ത്രത്തിന് പറ്റിയെന്ന് വന്നേയ്ക്കാം. എന്നാല്‍ വേണ്ടത് ഏത്, വേണ്ടാത്തതേത് എന്ന വിവേചനബുദ്ധി യന്ത്രത്തിനുണ്ടാകാന്‍ തരമില്ലത്രെ! വേണ്ടതും വേണ്ടാത്തതും സുനശ്ചിതങ്ങളല്ല എന്ന വിശദീകരണവുമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിയുണ്ട് തുടങ്ങിയ ശാസ്ത്രശാഖകളെതന്നെ ആകെ കാണാതെപോയ അന്ധത എത്ര യുക്തിയുക്തമായിരുന്നു എന്ന് എം.പി ബോധ്യപ്പെടുത്തിതരുന്നു എന്നുതന്നെ വേണം പറയാന്‍. എത്ര യുക്തിഭദ്രമായാലും ഭാവിയെക്കുറിച്ച് അടച്ച് പറയുന്നത് കരുതി വേണമെന്ന് ഈ അനുഭവം നമുക്ക് ഒരു പാഠമായും കരുതാം.

ഇനി പുസ്തകങ്ങളിലെ മുഖ്യപ്രതിപാദ്യമായ ഭൗതികവാദത്തെയും ആശയവാദത്തേയും കുറിച്ചുള്ള കാര്യങ്ങളാണെങ്കില്‍ അതിലും സുപ്രധാനമായ പോരായ്മകള്‍ സമൃദ്ധമാണ്. അതൊക്കെ ഈ കുറിപ്പില്‍ ചേര്‍ക്കാന്‍തക്കവണ്ണം ലാഘവമുള്ളവയുമല്ല. എന്നാല്‍ ആധുനികശാസ്ത്രം മാറ്ററും എനര്‍ജിയും പരസ്പരം രൂപാന്തരപ്പെട്ടുകൊണ്ടിരിയ്ക്കുന്ന പ്രക്രിയകളായി യാഥാര്‍ത്ഥ്യത്തെ വിവരിയ്ക്കുന്നിടത്തും, അനന്തവും അജ്ഞാതങ്ങളും, അവര്‍ണ്ണനീയങ്ങളും തന്നെയാണ് അടിസ്ഥാന സ്ഥിതി. അതിന് ഒരു വിധത്തിലും പരബ്രഹ്മത്തിന്‍റെ വിവരണത്തെ മാറികടക്കാന്‍ സാധിക്കുന്നുമില്ല. മേല്പത്തൂര്‍ പറഞ്ഞതുപോലെ കാലാതീതമാണ് തന്നെ മാറ്റര്‍ അഥവാ എനര്‍ജി. പരബ്രഹ്മത്തിന് ഹിന്ദുമതവിശ്വാസം അണിയിക്കുന്ന എല്ലാ ഗുണഗണങ്ങളും മാറ്റര്‍/എനര്‍ജിയ്ക്കുമുണ്ട്. ബ്രഹ്മം അതിന്‍റെ ദൃശ്യരൂപമായ മാറ്ററില്‍ കാണുന്നതുപോലെയല്ല അതിന്‍റെ എനര്‍ജി രൂപത്തില്‍. അവിടെ അതിന് ദൃശ്യത കുറവാണ്. ക്രിയാകര്‍തൃത്വം എനര്‍ജിയ്ക്കും ക്രിയാഫലം ഭുജിയ്ക്കുന്നത് മാറ്ററുമാണ്. ഈ മാറ്റത്തില്‍ പലതരം പ്രക്രിയകളും ഉടലെടുക്കുകയും നശിയ്ക്കുകയും ചെയ്യും. ചാക്രികതയ്ക്ക് സ്ഥാനമുണ്ടെന്നാണ് ഹിന്ദുമത വിശ്വാസം. ഹിന്ദുമതം ഭൗതികവാദവും ആത്മീയവാദവും ഒരേ സമയത്ത് അംഗീകരിയ്ക്കുന്നതാണ്. അതിനെ സംബന്ധിച്ചിടത്തോളം വസ്തുവിന് ആത്മീയവും ഭൗതികവുമായ സവിശേഷതകളുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ ചര്‍ച്ചയില്‍ പ്രധാനമാകേണ്ടുന്ന ഒരു വിഷയം മാറ്ററിന് ബോധമുണ്ടോ ഇല്ലയോ എന്നതാണ്. മനുഷ്യന്‍ ഒരു വസ്തുവാണ്. മൃഗങ്ങളും ചെടികളും എല്ലാം വസ്തുക്കളാണ്. അവയ്ക്കെല്ലാം ബോധമുണ്ട്. പക്ഷെ എല്ലാവരുടെയും ബോധം ഒന്നല്ല. അവയ്ക്ക് പല വിധത്തിലുള്ള സവിശേഷതകളുമുണ്ട്. സവിശേഷത, അഭാവത്തിന്‍റെയല്ല, പ്രഭാവത്തിന്‍റെ പ്രസക്തിയാണ് പ്രകടിപ്പിയ്ക്കുന്നത്.

ജീവനില്ലാത്ത വസ്തുക്കള്‍ക്ക് ബോധമില്ല എന്ന് പറഞ്ഞുകൂടെ? അതിനും തടസ്സങ്ങളുണ്ട്. ശൂന്യാകാശത്ത് വസ്തുവില്ല എന്ന് പറഞ്ഞാല്‍ ഒരര്‍ത്ഥത്തില്‍ അത് ശരിയാണ്. എന്നാല്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ മാറ്ററിന്‍റെ തോത് ലോലമായിടം മാത്രമാണ് സ്പേസ്. അവിടെയും ആറ്റങ്ങളും മോളിക്യൂളുകളുമുണ്ട്. അവയ്ക്ക് സ്വന്തമായ സ്വഭാവങ്ങളുമുണ്ട്. അതേപോലെ അചേതന വസ്തുക്കളിലും അല്പമായ ബോധതലം ഉണ്ടായിരിയ്ക്കണം. അവയ്ക്ക് പ്രാമുഖ്യം കിട്ടും വിധത്തിലുള്ള ഒരു പാതയിലൂടെ മാറ്ററും സ്പേസും സഞ്ചാരം ചെയ്യുമ്പോഴായിരിക്കും ജീവജാലങ്ങളുടെ ഉല്പത്തിപഥം തുടങ്ങുന്നതും വളരുന്നതും.
ആത്മാവിനെ മാത്രമല്ല, എനര്‍ജിയെയും എപ്പോഴും കാണാന്‍ കഴിയില്ല. അത്തരം കഴിവ്/കഴിവുകേടിന് നമ്മുടെ ഘടനയുമാണ് ബന്ധം. നാം ഒരിയ്ക്കലും കാണാത്ത എന്തൊക്കെയാണീ പ്രപഞ്ചത്തില്‍ സമൃദ്ധമായിരിയ്ക്കുന്നത്? ഉദാ: ബ്ലാക്ഹോള്‍ അതിനെ ആരും കാണുകതന്നെയില്ലത്രെ!

വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലുകളും പുനഃസംശ്ലേഷണങ്ങളും ചിലവയുടെ അപ്രത്യക്ഷമാകല്‍/ അപ്രസക്തമാകല്‍ ഒക്കെ യാഥാര്‍ത്ഥ്യം തന്നെ. ആ നിലയില്‍ ശക്തമായ ഒരു ചിന്താധാരയ്ക്കും പ്രവര്‍ത്തനരീതിയ്ക്കും ഏറെ അനുയോജ്യവുമാണ്. അവയെക്കുറിച്ചുണ്ടാവുന്ന മികച്ച ബോധങ്ങള്‍ ബോധശാസ്ത്രത്തിനെ അവഗണിയ്ക്കാമെന്ന അതിരുകടന്ന ആത്മവിശ്വാസം – തന്നേക്കാള്‍ വികസിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ചുറ്റുപാടിന്‍റെ ഒരു ഭാഗം മാത്രമാണ് താനെന്നുള്ള ബോധത്തിന്‍റെ അപര്യാപ്തിയോടൊത്തുകൂടുമ്പോള്‍ വളരെ ഗുരുതരമായ ഒരു പോരായ്മയായി മാറും എന്ന ധാരണ, ശരിയായ വൈരുദ്ധ്യാത്മക ഭൗതികവാദത്തിനുണ്ടാവേണ്ടതുണ്ട്. അങ്ങിനെ ഉണ്ടായിത്തുടങ്ങിയിട്ടില്ല എന്നോര്‍മ്മപ്പെടുത്തുന്നതുകൂടിയാണ് എം.പിയുടെ ഈ പുസ്തകം.

താന്‍ മഹത്തായ യാഥാര്‍ത്ഥ്യത്തിന്‍റെ ഒരെളിയ പ്രതിനിധിയായതിനാല്‍, അതിനുള്ളിലേയ്ക്കുതന്നെ തിരിച്ചുവെച്ചതാണ് ആത്മീയവാദിയുടെ ദൃഷ്ടി. തന്‍റെ ധിക്കാരത്തിലടിസ്ഥാനമുള്ള പ്രവര്‍ത്തനങ്ങളില്‍ അയാള്‍ക്കത്ര പഥ്യവുമില്ല. താന്‍ ബ്രഹ്മാണ്ഡത്തിലെ കോശമാണെന്നും ലക്ഷക്കണക്കിന് കോശങ്ങളുടെ സംഘടന ആണെന്ന് അയാള്‍ക്ക് അറിയാം. അതിനാല്‍ പിടിച്ചെടുക്കലിന്‍റെ ഭാഷയിലും അയാള്‍ക്ക് വിശ്വാസമില്ല. പിടിച്ചെടുത്തതൊക്കെ കൊഴിഞ്ഞുവീഴുമെന്നറിയാം. തന്‍റെ ദേഹമടക്കം! ഉദരംമൂലം ബഹുകൃതവേഷമെന്ന് ശങ്കരാചാര്യര്‍ ഉദ്ബോധിപ്പിച്ചിട്ടുമുണ്ട്. അതിതരളമാണ് ജീവനും അതിന്‍റെ പ്രക്രിയകളുമെന്ന് ഏറ്റവും ബോധമുണ്ടാകേണ്ട ഭൗതികവാദി, മിയ്ക്കപ്പോഴും പ്രവര്‍ത്തിക്കുന്നത് കഠിനമായി പ്രവര്‍ത്തിക്കുന്നത്, ആ നിലയിലല്ല. നിയന്ത്രണത്തിലും ശക്തിയിലും ഊന്നിനില്‍ക്കുന്നതിനൊക്കെ തകര്‍ച്ച അടുത്ത് തന്നെയുണ്ട്. തരളമായവ അത്യാവശ്യമായതേ ചെയ്യൂ. നിയന്ത്രണം നാമമാത്രമായാല്‍ സ്വാതന്ത്ര്യം പരമാവധിയായിരിയ്ക്കും. അപ്പോള്‍ അതിന് ആയുര്‍ദൈര്‍ഘ്യം കൂടും. മരണം എല്ലാറ്റിനും അതികാര്യം തന്നെയെങ്കിലും. എന്നാല്‍, ചൈന, റഷ്യ മുതലായ കമ്മ്യൂണിസം കാല്‍വെച്ച പ്രദേശങ്ങളിലെ മനുഷ്യാനുഭവം എം.പി എഴുതിയതുപോലെയാണെങ്കില്‍, അവിടെയെല്ലാം ഇത്ര ശക്തമായ സ്റ്റേറ്റ് നിയന്ത്രണം എന്താണ് ഒരു നിരന്തര രീതിയായി തുടരുന്നത്? എന്താണ് കമ്യൂണിസം സ്വയം തകര്‍ന്നടിയുമ്പോഴും കാപ്പിറ്റലിസമെന്ന മറുപുറം മാര്‍ക്സിസ്റ്റ് പ്രവചനങ്ങള്‍ക്കെതിരായി നൂറ്റാണ്ടുകളായി ശക്തി പ്രാപിച്ചുകൊണ്ടിരിയ്ക്കുന്നത്?

ഇതെല്ലാം എഴുതിയതിനര്‍ത്ഥം സ്പിരിച്ചലിസം അത്ര ഉത്തമാണെന്ന് സ്ഥാപിയ്ക്കാനൊന്നുമല്ല. അതിനുമുണ്ട് നിരവധി പോരായ്കള്‍. ഒരു യാഥാര്‍ത്ഥ്യവാദി യാജ്ഞവല്‍ക്യന്‍റെ അഭിപ്രായത്തോട് യോജിയ്ക്കാനാണ് ഇട.”വേണ്ടതുപോലെ ഈ പ്രപഞ്ചത്തിലുള്ളതെന്തും നിനക്കും അവകാശപ്പെട്ടവ തന്നെ. പക്ഷെ അന്യനുകൂടി പ്രയോജനമുള്ളയാണവയില്‍ പലതും. ആയതിനാല്‍ എടുത്തും എടുക്കാതെയും വേണം നീ ഈ വഴി കടന്നുപോകാന്‍. അന്യന് വേണ്ടതില്‍ തനിയ്ക്ക് ആകര്‍ഷണം കുറയ്ക്കണം”.അജ്ഞാനത്തിന്‍റെ മാര്‍ഗ്ഗത്തില്‍ യാത്ര ചെയ്യുന്നവര്‍ ഇരുട്ടിലും, ജ്ഞാനത്തിന്‍റെതാണ് മാര്‍ഗ്ഗമെങ്കില്‍ കുറെക്കൂടി ഇരുട്ടിലും നാം ചെന്നെത്തുന്നു. ജ്ഞാനവും അജ്ഞാനവും ഒരേ സമയം തിരിച്ചറിയുന്ന ആള്‍. യാഥാര്‍ത്ഥ്യത്തിന്‍റെ മാധുര്യം രുചിച്ചുതന്നെ ജീവിയ്ക്കുന്നു.

ഇന്ത്യന്‍ ഹിന്ദുതത്വശാസ്ത്രത്തിന് വലിയ മാറ്റം വരുത്താവുന്നതൊന്നും ഈ ഭൗതികവാദത്തില്‍ കണ്ടില്ല. ചിലപ്പോള്‍ ഇല്ലാത്തതുകൊണ്ടാകാം. ആത്മീയതയായാലും ഭൗതികതയായാലും അത് യാന്ത്രികതയില്‍ന്നുള്ള മുക്തിയിലെ മൃദുലവും ജീവസ്സുറ്റതുമാകുകയുള്ളൂ.

-എം. കുമാരന്‍ മൂസദ്

Share Button