ഓര്‍മ്മയില്‍ എന്നും…

P.V. Nirmala

ഒരിക്കലും നിറം മങ്ങാതെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന
ഓരോര്‍മ്മയായി ഇനി എന്‍റെ ജീവിത സഖി-
നേരിയ നൊമ്പരമുണര്‍ത്തി മുന്നില്‍ നിര്‍മ്മലയുടെ ചിരിതൂകുന്ന മുഖം…
ഇപ്പോഴും വിട്ടുപിരിഞ്ഞു എന്ന തോന്നലില്ല; കൂടെതന്നെ ഉള്ളതുപോലെ…
കാതില്‍ ഒരു മൃദുസ്വരം; തോളില്‍ ഒരു നനുത്ത സ്പര്‍ശം-
“അതേയ്…”
പേരു വിളിക്കാതെയുള്ള അഭിസംബോധനയ്ക്കായി ഇടയ്ക്ക്
കാതോര്‍ത്തു പോകുന്നു. അസാന്നിദ്ധ്യത്തെ കുറിച്ച് ബോധവാനാകുമ്പോള്‍
ഒരു തേങ്ങല്‍ തൊണ്ടയില്‍ വന്നു മുട്ടിത്തിരിയുന്നു…

-എങ്കിലും ഇത്രയും പെട്ടെന്ന് അനന്തയാത്ര വേണമായിരുന്നോ?
ആദ്യമാര്? ഞാനോ, നിയോ? ഞങ്ങള്‍ ഇടയ്ക്കിടെ
ചര്‍ച്ചചെയ്യാറുള്ള വിഷയമായിരുന്നു ഇത്. ആരാദ്യം പോകുന്നതാണ്
കൂടുതല്‍ നല്ലത് എന്ന് കാര്യകാരണ സഹിതം ചര്‍ച്ചചെയ്ത്
ഒടുവില്‍ എവിടെയുമെത്താതെ “ഒന്നും നമ്മുടെ കയ്യിലല്ലല്ലോ”
എന്ന് സമാധാനം കണ്ടെത്തുകയാണ് പതിവ്.

മറവിരോഗം ബാധിച്ച അമ്മയുടെ പരിചരണത്തില്‍ ബദ്ധശ്രദ്ധരായിരുന്നു
അഞ്ചു വര്‍ഷത്തോളം ഞങ്ങള്‍. എവിടെയും പോകാനാകാതെ
നളിനാലയത്തില്‍ കെട്ടിയിട്ട പോലെയായിരുന്നു; പ്രത്യേകിച്ചും നിര്‍മ്മല.
അമ്മയുടെ മരണശേഷം കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടാണ്
ബാംഗ്ലൂര്‍ക്കും തൃശ്ശൂര്‍ക്കുമെല്ലാം ചില യാത്രകള്‍ ഞങ്ങള്‍ നടത്തിയത്.

ഒടുവില്‍ ഈ ജൂലായ് മാസത്തില്‍ ബാംഗ്ലൂര്‍ക്ക് കോഴിക്കോട്ടുനിന്ന്
യാത്രതിരിക്കുമ്പോള്‍ ഒരു മടക്കമുണ്ടാകില്ലെന്ന് തീരെ ഓര്‍ത്തില്ല.
നളിനാലയം പൊളിച്ച് അവിടെ മക്കള്‍ മൂന്നുപേരും ചേര്‍ന്ന്
ഫ്ളാറ്റുകളുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഒരു വര്‍ഷത്തിനകം
പുതിയ ഫ്ളാറ്റില്‍ ചേക്കേറാന്‍ കോഴിക്കോട്ടെത്താമെന്ന
മോഹം ബാക്കിവെച്ച് നിര്‍മ്മല പക്ഷേ, യാത്രയായി.

Family photo

രണ്ടാമത്തെ മകള്‍ നന്ദിതയുടെ പ്രസവശുശ്രൂഷ കൂടി ഈ
ബാംഗ്ലൂര്‍യാത്രയുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. എന്നാല്‍ മകളുടെ
പ്രസവത്തിനു കാത്തുനില്‍ക്കാതെ എല്ലാവരേയും സ്തബ്ധരാക്കി
നിര്‍മ്മല തിടുക്കത്തില്‍ മടങ്ങി .

ബാംഗ്ലൂര്‍ മണിപ്പാല്‍ ഹോസ്പിറ്റലിലെ ഐ.സി.യു.വില്‍, വെന്‍റിലേറ്ററില്‍
12 ദിവസം മല്ലിട്ടു പിടിച്ചുനിന്നെങ്കിലും ശ്വാസകോശസംബന്ധമായ
രോഗവും ഡെങ്കിപ്പനിയും ചേര്‍ന്ന് നിര്‍മ്മലയെ തോല്‍പ്പിച്ചു കളഞ്ഞു.
മള്‍ട്ടിപ്പിള്‍ ഓര്‍ഗണ്‍ ഫെയിലിയര്‍ എന്നൊക്കെ ഡോക്ടര്‍മാര്‍ പേരിട്ടു
വിളിക്കുമ്പോഴും ജീവിതത്തിലേക്ക് ജയിച്ച് തിരിച്ചുവരുമെന്ന്
ഞങ്ങള്‍ മോഹിച്ചു. പക്ഷേ ഒടുവില്‍ 2019 സെപ്റ്റംബർ 10ന്
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ സ്വന്തം ജന്മനക്ഷത്രത്തില്‍
നിര്‍മ്മല ഈ ലോകത്തോട് വിടപറഞ്ഞു.

അറുപത് വയസ്സ് ഒരു നീണ്ട ആയുസ്സല്ല. എട്ടു വര്‍ഷം മുമ്പ്
ബാധിച്ച ചിക്കന്‍ഗുനിയയോടെയാണ്
നിര്‍മ്മലയുടെ കഷ്ടകാലത്തിന്‍റെ തുടക്കം.
തുടര്‍ന്ന് റുമറ്റോയിഡ് ആര്‍ത്രൈറ്റിസിനുള്ള വര്‍ഷങ്ങളുടെ ചികിത്സ.
ഇന്‍റര്‍സ്റ്റീഷ്യല്‍ ലങ് ഡിസീസ് എന്ന അത്യപൂര്‍വ്വമായ രോഗത്തിന്‍റെ
സാന്നിദ്ധ്യം കണ്ടെത്തലും തുടര്‍ചികിത്സയും.
വേദനകള്‍ കടിച്ചൊതുക്കി എപ്പോഴും പ്രവര്‍ത്തനനിരതയാവാന്‍ ആഗ്രഹിച്ച
ആ കര്‍മ്മോത്സുക മരിക്കുന്നതിന്‍റെ രണ്ടാഴ്ച്ച മുമ്പുവരെ ബാംഗ്ലൂരില്‍
കുടുംബ സന്ദര്‍ശനങ്ങളുമെക്കെയായി തിരിക്കിലായിരുന്നു.

With Grandchildren-Ammu, Ani & Appu

പക്ഷേ എല്ലാം പെട്ടെന്ന് തകിടംമറിഞ്ഞു. പനിയും ഛര്‍ദ്ദിയും
തുടങ്ങിയപ്പോള്‍ ഫുഡ് പോയിസണ്‍ ആയിരിക്കുമെന്നാണ്
ആദ്യം കരുതിയത്. ലാബ് റിപ്പോര്‍ട്ടില്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കപ്പെട്ടപ്പോഴും
ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമെന്ന വിശ്വസമാണ് ഉണ്ടായിരുന്നത്.
എന്നാല്‍ ILD എന്ന ശ്വാസകോശസംബന്ധമായ രോഗം
ഒരു തിരിച്ചു വരവിന് നിര്‍മ്മല്ക്ക് അവസരം നല്കിയില്ല.

ബാംഗ്ലൂരില്‍ത്തന്നെയുള്ള മൂത്ത മകള്‍ നൂതനയും ഭര്‍ത്താവ് രാമാനന്ദനും
രണ്ടാമത്തെ മകള്‍ നന്ദിതയുടെ ഭര്‍ത്താവ് ശ്രീകാന്തും
മണിപ്പാല്‍ ആശുപത്രിയില്‍ എല്ലാ കാര്യത്തിനും വേണ്ടി ഓടിനടന്നു.
ദുബായിലുള്ള ഇളയ മകള്‍ നന്ദനയും ഭര്‍ത്താവ് വരുണും
ബാംഗ്ലൂരിലെത്തി അവര്‍ക്കൊപ്പം അമ്മയുടെ പരിചരണത്തില്‍
പങ്കുചേര്‍ന്നു. നമുക്ക് ശ്രമിക്കാനല്ലേ കഴിയൂ!
നിർമ്മലയുടെ രോഗവിവരമറിഞ്ഞ് കോഴിക്കോട്ട് നിന്നും
അനിയൻ നവീനനും ഭാര്യ ഡോ.മിനിയും മണിപ്പാൽ
ആസ്പത്രിയിൽ പെട്ടെന്നുതന്നെ എത്തി. തൃശൂരില്‍നിന്നും
നിര്‍മ്മലയുടെ സഹോദരന്‍മാരായ വാസുദേവനും, രാമനും
ഓപ്പോളെ വന്നുകണ്ട് പോയി. എന്നാല്‍, സഹോദരിമാര്‍ ഗീതയും,
ഗിരിജയും, ജയശ്രീയും ബാംഗ്ലൂര്‍ക്ക് തിരിച്ചെങ്കിലും
അവര്‍ ബാംഗ്ലൂരില്‍ വണ്ടിയിറങ്ങി നിമിഷങ്ങള്‍ക്കം അവരെ
കാണാന്‍നില്ക്കാതെ നിര്‍മ്മല അന്ത്യശ്വാസം വലിച്ചു-

നാട്ടില്‍ ബാലുശ്ശേരിക്കടുത്ത് അവിടനല്ലൂരില്‍
അമ്പലപുത്തൂരില്ലത്തിന്‍റെ തെക്കേപറമ്പിലാണ് ചിതയൊരുക്കിയത്.
മഴ മാറിനിന്ന സന്ധ്യയില്‍ അഗ്നിജ്വാലകള്‍ ആത്മസഖിയുടെ
ശരീരം ഏറ്റുവാങ്ങുന്നത് വിങ്ങുന്ന ഹൃദയത്തോടെ നോക്കിനിന്നു;
ഇനി ഏകനായാണ് യാത്ര. എങ്കിലും ഊര്‍ജ്ജം പകരാന്‍
ഓര്‍മ്മച്ചെപ്പില്‍ നാലു പതിറ്റാണ്ടോളം ഒരുമിച്ചു ജീവിച്ച
നല്ല പാതിയുടെ തെളിഞ്ഞ ചിത്രമുണ്ട്; അതുമതി.

“മുകളില്‍ നിന്‍റെ കണ്ണാടി തെളിഞ്ഞിരിക്കുന്നു.
നീ വിവാഹ ജീവിതത്തിനൊരുങ്ങിക്കൊള്ളൂ… സ്നേഹവതിയായ
നിന്‍റെ പൂര്‍വ്വജന്മത്തിലെ കൂട്ടുകാരി കാത്തിരിക്കുന്നു…”

വിവാഹജീവിതം വേണ്ടെന്നു കരുതിയ കാലത്ത്,
എന്‍റെ ആത്മീയഗുരുവായ ശ്രീ. ജി.എന്‍. പിള്ള സാറിന്‍റെ നിര്‍ദ്ദേശമാണ്
ദാമ്പത്യത്തിലേക്ക് എന്നെ പ്രേരിപ്പിച്ചത്. കോഴിക്കോട് കടല്‍പ്പുറത്ത്
ഒരു സായാഹ്നത്തില്‍ കൂടിയ കുടുംബ സംഗമത്തില്‍ വിവാഹത്തിന്
സമ്മര്‍ദ്ദമേറി വന്നപ്പോള്‍ എന്‍റെ ഒരു ബന്ധു കൂടിയായ നിര്‍മ്മലയുടെ
പേര് ഞാന്‍ മുന്നോട്ടു വെച്ചു. (വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ കോളേജില്‍
പഠിക്കുന്ന കാലത്ത് നാട്ടില്‍, തറവാട്ടില്‍ നടന്ന ഒരു വേളിയില്‍
പങ്കെടുക്കാനെത്തിയ നിര്‍മ്മല കോഴിക്കോട് ചാലപ്പുറത്തുള്ള
നളിനാലയത്തിലും വന്നിരുന്നു. പച്ച പാവാടയും മേലുടുപ്പും ധരിച്ച്
പ്രസന്നവതിയായി കാണപ്പെട്ട നിര്‍മ്മലയുടെ രൂപം അന്നേ
മനസ്സില്‍ പതിഞ്ഞിരുന്നു. അന്നു വൈകുന്നേരം നിര്‍മ്മലയേയും
കുടുംബത്തേയും വീട്ടിലെ കാറില്‍ കടപ്പുറത്തു കൊണ്ടു പോയതും
മടങ്ങി വന്ന് രാത്രി “Buz!” കളിച്ചതും മനസ്സിലെ തുടുത്ത ഓര്‍മ്മകളായിരുന്നു…)
പിന്നെ കാര്യങ്ങളെല്ലാം തകൃതിയായി നടന്നു.
തൃശ്ശൂര്‍ പുതുശ്ശേരി മനയ്ക്കല്‍ ചെന്ന് ഔപചാരികമായി പെണ്ണു കണ്ടു.
രണ്ടുപേര്‍ക്കും അന്യോന്യം ഇഷ്ടപ്പെട്ടു. 1980 ഏപ്രില്‍ 18ന്
നിര്‍മ്മല എന്‍റെ ജീവിത പങ്കാളിയായി.

With grandson Kichu

ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ നിമ്നോന്നതങ്ങളിലൂടെയാണ്
എന്‍റെ ജീവിതം കടന്നുപോയികൊണ്ടിരുന്നത്. സുഖത്തിലും ദുഃഖത്തിലും
നിര്‍മ്മല എന്‍റെ ഒപ്പം നിന്നു. പല സംരംഭങ്ങള്‍ക്കും പ്രചോദനമായി.
മലയാളം എം.എ.യ്ക്ക് പ്രൈവറ്റായി പഠിക്കുമ്പോള്‍ അല്പം
സംസ്കൃതം പറഞ്ഞു തന്നുകൊണ്ട് എന്‍റെ ഗുരുവായി.
കുങ്കുമം വാരികയ്ക്കുള്ള ഫീച്ചറുകളായാലും നോവലായാലും
ലളിതഗാനങ്ങളായാലും എന്‍റെ ആദ്യ വായനക്കാരി
നിര്‍മ്മലയായിരുന്നു. വിമര്‍ശനങ്ങളും, അഭിപ്രായങ്ങളും ഒന്നും
അധികം ഉണ്ടാവാറില്ലെങ്കിലും എല്ലാം മനസ്സിരുത്തി വായിച്ച്
അക്ഷരത്തെറ്റുകള്‍ ഒന്നും വിടാതെ ചൂണ്ടിക്കാണിക്കുമായിരുന്നു.
ഒടുവില്‍, നന്നായിട്ടുണ്ട് എന്നൊരു വാക്കും-…

ഞങ്ങളുടെ ദാമ്പത്യത്തിനിടയില്‍ ഒരിക്കല്‍പോലും നിര്‍മ്മലയുടെ
കറുത്ത മുഖം ഞാന്‍ കണ്ടിട്ടില്ല. എന്തിനോടും പൊരുത്തപ്പെടുവാനുള്ള
അസാമാന്യമായ ശേഷി – അതെന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഗുരുവായൂരപ്പന്‍റെ പരമഭക്തയായിരുന്നു. നാരായണ നാമങ്ങളെഴുതിയ
നിരവധി താളുകള്‍ ഗുരുവായൂരില്‍ സമര്‍പ്പിക്കാനിരിക്കുന്നു.
വിഷ്ണുസഹസ്രനാമവും സൗന്ദര്യലഹരിയും ഭാഗവതവുമെല്ലാം
നിത്യജീവിതത്തിന്‍റെ ഭാഗങ്ങളായിരുന്ന നിര്‍മ്മലയുമായി
അതിഗഹനങ്ങളായ അദ്ധ്യാത്മതത്ത്വങ്ങളും ഞാന്‍ ചര്‍ച്ച ചെയ്യുമായിരുന്നു.
മടക്കയാത്രയെക്കുറിച്ച് അബോധമനസ്സില്‍ അറിവുണ്ടായതിനാലായിരിക്കാം
കഴിഞ്ഞ പൂരക്കാലത്ത് അച്ഛന്‍റെയും അമ്മയുടെയും ശ്രാദ്ധത്തിന്
തൃശ്ശൂരില്‍ പോയപ്പോള്‍ വടക്കുനാഥനേയും തിരുവമ്പാടി കൃഷ്ണനേയും
പാറമേക്കാവ് ഭഗവതിയേയുമെല്ലാം ചെന്നുകണ്ട് വന്ദിച്ചത്.

ആരെയും സ്വയം മറന്ന് സഹായിക്കുമായിരുന്ന നിര്‍മ്മലയുടെ
നിസ്വാര്‍ത്ഥതയുടെയും സ്ഥൈര്യത്തിന്‍റെയും നിദര്‍ശനമായി
ഒരു സംഭവം വിവരിക്കാം. ഒരു രാത്രിയില്‍ ഡൈനിംഗ് റൂമില്‍ നിന്നുള്ള
നിര്‍മ്മലയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ഞാന്‍ ഓടിച്ചെന്നു.
ടി.വി. കണ്ടുകൊണ്ട് ചൂരല്‍ കസേരയില്‍ അമ്മ ഇരിയ്ക്കുന്നു.
തൊട്ടടുത്ത് പരിഭ്രാന്തയായി നില്‍ക്കുന്ന നിര്‍മ്മല എന്നെ തടഞ്ഞു.
“മുന്നോട്ട് വരരുത്; പാമ്പ്…” എത്ര പറഞ്ഞിട്ടും അമ്മ
ചൂരല്‍കസേരയില്‍നിന്ന് എഴുന്നേറ്റില്ല. പാമ്പ് മുറിയില്‍ത്തന്നെയുണ്ട്.
കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കാന്‍ കഴിയാത്തവിധം മറവിരോഗം
അമ്മയെ ബാധിച്ചിരുന്നു. ഞാന്‍ നിര്‍മ്മലയോട് അവിടെ നിന്ന്
മാറാന്‍ പറഞ്ഞു. “അമ്മയെ വിട്ട് ഞാന്‍ മാറില്ല” എന്നായിരുന്നു മറുപടി.
ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചു നിന്നു.
അടുത്ത നിമിഷം സര്‍വ്വശക്തിയുമെടുത്ത് ഞാന്‍ അമ്മയെ
ഇരുത്തിക്കൊണ്ടുതന്നെ ചൂരല്‍കസേര വേഗത്തില്‍ വലിച്ചിഴച്ച്
ഉമ്മറത്ത് എത്തിച്ചു. അതിനുശേഷമേ നിര്‍മ്മല ഡൈനിംഗ് റൂം വിട്ട്
പുറത്തിറങ്ങിയുള്ളൂ. ബഹളത്തിനിടയില്‍ വാഷിംഗ് മെഷീന്‍റെ
പുറത്തേയ്ക്കു വെള്ളം കളയുന്ന പൈപ്പിന്‍റെ ഇടയിലെ
ചെറിയ പഴുതിലൂടെ പാമ്പ് പുറത്തേയ്ക്ക് പോയി.
നിര്‍മ്മലയുടെ അന്നത്തെ ആ നിലപാട് അത്ഭുതാദരങ്ങളോടെ
മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളൂ.

Now, have to travel all alone…

പേരക്കുട്ടികളുമായി ഇടപഴകുമ്പോഴാണ് നിര്‍മ്മലയുടെ
സ്നേഹത്തിന്‍റെ സ്നിഗ്ദ്ധത നേരിട്ടറിയുക.
അമ്മുവിനും അനിക്കും അപ്പുവിനും കിച്ചുവിനും
അമ്മാത്തെ മുത്തശ്ശി എല്ലാമായിരുന്നു. പിറക്കാനിരിക്കുന്ന
പേരക്കുട്ടിയെ താലോലിക്കുകയെന്ന സ്വപ്നം ബാക്കിവെച്ചാണ്
പാവം മറഞ്ഞുപോയത്. ഞെട്ടിപഴുത്ത വെള്ളരിയ്ക്ക
ആരുമറിയാതെ കൊഴിഞ്ഞു പോകുന്നതുപോലെ, ആത്മാവ്
ദേഹമുപേക്ഷിക്കണമെന്ന മഹാമൃത്യുഞ്ജയമന്ത്രത്തിലെ
സങ്കല്പം മനസ്സില്‍ കുറെയെല്ലാം ഉറച്ചിട്ടുണ്ടായിരുന്നെങ്കിലും
ഇത്രപെട്ടെന്ന് ഞങ്ങളെയെല്ലാം വിട്ടുപോവേണ്ടി വന്നപ്പോള്‍
നീ അല്പമൊന്ന് ഇടറിയോ? ഇവിടെ, ഞങ്ങള്‍ ഒരു വലിയ
ഞെട്ടലില്‍നിന്ന് ഇനിയും മുക്തരാവാനിരിക്കുന്നതേയുള്ളൂ…

നിത്യതയിലിരുന്ന് നീ എല്ലാം കാണുമെന്നും
അറിയുമെന്നുമുള്ളത് അല്പം ശാന്തി പകരുന്നു.
അനന്തതയില്‍ പൂത്തുലയുന്ന സഹസ്രദളങ്ങളുള്ള സ്വര്‍ണ്ണത്താമരയുടെ
തിളങ്ങുന്ന ശോഭയില്‍ പടരുന്ന മിന്നല്‍പിണരിന്റെ വാങ്മയം
നാം പണ്ടേ മനസ്സില്‍ നമിച്ചു നിര്‍വൃതി നേടിയിരുന്നുവല്ലോ!
ജപിച്ച നാമങ്ങള്‍ നിനക്കു കൂട്ടിനുണ്ടെന്നും ഞാന്‍ അറിയുന്നു…

– ഓര്‍മ്മയിലെന്നും നീ വിടര്‍ന്നു നില്‍ക്കുന്നു…

                                                                            – എ.പി. നളിനന്‍

Share Button