സ്മൃതിയോരങ്ങള്‍
“കാലമിനിയും മാറും മുന്‍പ്, തലച്ചോറിലെ എന്ഗ്രാമുകളില്നിന്ന്
സ്മരണാശകലങ്ങളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയകള്‍ ഉയര്‍ന്നുവന്ന്
സജീവമാകുംമുമ്പ്,ഞാന്‍ ഒന്നു തിരിഞ്ഞുനോക്കട്ടെ”
എന്ന ആമുഖത്തോടെ ആരംഭിക്കുന്ന പി. കിരാതദാസിന്റെ ‘സ്മൃതിയോരങ്ങള്‍’
എന്ന കൃതിയെ ആത്മകഥാപരമായ നോവല്‍ എന്നു വിശേഷിപ്പിക്കാം.
അനുഭവസമ്പന്നനായ ഈ അറുപത്തഞ്ചുകാരന്റെ ആത്മാലാപത്തിലൂടെ
കടന്നുപോകുമ്പോള്‍ ‘ജീവിതമെന്ന അത്ഭുതത്തെ ഒരാവര്‍ത്തികൂടി
അനുഭവിക്കുവാനും, ലാവണ്യാനുഭൂതിയുടെ ആത്മഹര്‍ഷത്തില്‍
മുങ്ങിനിവരാനും’ അനുവാചകന് അവസരം ലഭിക്കുന്നു.
അതീവഹൃദ്യമാണ് കിരാതദാസിന്റെ ശൈലി. അത്ഭുതപ്പെടുത്തുന്ന
വാങ്മയങ്ങളിലൂടെ സ്വന്തം ജീവിതരേഖകള്‍ ദാസ് ആവിഷ്കരിച്ചിരിക്കുന്നു.
ഇരുപത്തഞ്ച് അദ്ധ്യായങ്ങളിലായി മുപ്പത്തിരണ്ടായിരത്തി എഴുനൂറു പദങ്ങളില്‍
ഈ ഓര്‍മ്മകള്‍ പടര്‍ന്നു കിടക്കുന്നു. സ്വന്തം ജീവിതകഥയുടെ
വരച്ചാര്ത്തുകള്ക്കിടയില് തനിക്കേറ്റവും പ്രിയപ്പെട്ടവരുടെ
ജീവിതരേഖകളും ദാസ് വിദഗ്ദ്ധമായി ഇഴചേര്‍ത്തിരിക്കുന്നു;
അതോടൊപ്പം കാലത്തിന്റെ സ്പന്ദനങ്ങളും.
തറവാട്ടിലെ ഉമ്മറച്ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ക്യാന്‍വാസ് ചിത്രം
ഒരഞ്ചുവയസ്സുകാരനില് ഉണര്‍ത്തിയ വിസ്മയം
ഓര്‍ത്തെടുത്തുകൊണ്ടാണ് ‘സ്മൃതിയോരങ്ങള്‍’ തുടങ്ങുന്നത്:
“ഒരു സന്ധ്യാവേളയില്‍ ആ ചിത്രത്തിലെ പ്രകാശവും
കാട്ടുവഴിയും അടങ്ങാത്ത ശുഭാപ്തി വിശ്വാസമാണ്
അവന് നല്‍കിയത്. അതോടൊപ്പം സങ്കല്‍പ്പങ്ങളും ഭാവനകളും
അവനില്‍ മുളയിട്ടു…” ‘സ്മൃതിയോരങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍
സങ്കല്പ്പങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും ഇടവരമ്പുകല്
കൂടിക്കലര്ന്നിക്കുന്നു. പലപ്പോഴും നമുക്കനുഭപ്പെടുന്ന അനുഭവസീമകള്‍
ദുഃഖത്തിന്റെ നിഴല്‍പ്പാടുകളിലേക്ക് വഴിമാറുന്നതും നാം അറിയുന്നു.
ആത്മഹര്‍ഷങ്ങളും നൊമ്പരങ്ങളും ഇടകലര്‍ന്ന വിചിത്ര
കമ്പളമാണ് ‘സ്മൃതിയോരങ്ങള്‍’ എന്നു നാം മനസ്സിലാക്കുന്നു.
“മീനച്ചൂടില്‍ എന്റെ തറവാട് മയങ്ങിക്കിടന്നു. തേക്കിന്കാട്ടിനകത്ത്
തപസ്സിരുന്ന വേനല്‍ക്കാലം തീനാളതലപ്പുകളായി ഞങ്ങളുടെ ഉമ്മറത്തേക്ക്
കയറിവന്നുകൊണ്ടിരുന്നു. അകത്തളങ്ങളുടെ തണുപ്പായിരുന്നു
ഞങ്ങള്‍ക്കഭയം. പക്ഷേ പെട്ടെന്ന് താളഭ്രംശംപോലെ ചില മാറ്റങ്ങളുണ്ടായി.
വെയില് ഒരു കനത്ത നിഴലായി കിഴക്കന്മലയിലേക്കു തിരിച്ചുപോയി.
പൊടിക്കാറ്റുയര്ന്ന മാമ്പറ്റ മൈതാനത്ത് ഇലകള്‍ ചുഴലിയായിയുയര്ന്നു.
കാറ്റ്, മാവിന്റെയും നെല്ലിമരത്തിന്റെയും കൊമ്പുകളുടെ സംഘഗാനമായി.
മുറ്റത്തെ മുല്ലപ്പന്തലില്‍ മയങ്ങിയിരുന്ന ചെറുകിളികള്‍ ആരവത്തോടെ പറന്നുയര്‍ന്നു.
പുഴയോരത്തോ മറ്റോ ഇടവെട്ടി. സാവകാശം തേക്കിന്കാട്ടില്നിന്നു മഴയുടെ
ആരവം കേട്ടു തുടങ്ങി. അനിവാര്യമായ നിയോഗംപോലെ അതടുത്തുടുത്ത് വന്ന്
എന്റെ ഉമ്മറമുറ്റത്തുമെത്തി. ഘോരമഴ. കാടും മണ്ണും സങ്കടവും സന്തോഷവും
മണത്ത മഴ. വിടപറയുന്ന ഗ്രീഷ്മത്തിനു വെള്ളിപ്പാദരസമണിയിച്ച മഴ.
അതങ്ങനെ ധ്യാനംപോലെ പെയ്തുകൊണ്ടിരുന്നു.
ഉയര്‍ന്ന ഉമ്മറപ്പടിയിലിരുന്നു ഞാന്‍ എന്തൊക്കേയോ ഓര്‍ത്തു.”
നാട്ടിന്‍പുറത്തെ ബാല്യ കൗമാരങ്ങളെക്കുറിച്ചും വഴിയോരങ്ങളില്‍
കുണുങ്ങിനിന്ന വേലിയരിപ്പൂക്കളെക്കുറിച്ചും ദാസ് ഓര്‍ത്തെടുക്കുന്നു.
അനന്തമായ പരിതാപംപോലെ രാത്രിയും പകലും വര്‍ഷിക്കുന്ന മഴ.
കോരിത്തരിപ്പുകള്പോലെ ഉരുമ്മിപ്പോകുന്ന മിന്നാമിനുങ്ങുകള്‍.
ദൂരെ, വേനല്‍ക്കാല സന്ധ്യകളില്‍ കാട്ടുതീയിന്റെ
സ്വര്ണ്ണപ്പാദരസരങ്ങളണിഞ്ഞ കിഴക്കന്‍മല.
ഗ്രാമത്തിലെ നിഴല്‍വീണ ഊടുവഴികള്‍. കാവിലെ ഉത്സവാരവങ്ങള്‍.
വേട്ടക്കരന്റെ പാട്ടുല്ത്സവത്തിന് തേവരെ കാണാന്‍ കാടും മലയും
താണ്ടിയെത്തുന്ന പാതിനായ്ക്കന്‍മാരും പണിയന്മാരും കുറുമന്മാരും.
വാത്സല്യത്തിന്റെയും ഉപ്പിന്റെയും മണമുള്ള അഷ്ടമുടിക്കായലില്നിന്നുള്ള
ഈറന്‍ കാറ്റ്. കുന്നിന്മുകളില് കാമ്പസിനു പുറത്ത്,
പാറകള്‍ തുറിച്ചുനിന്ന മൊട്ടപ്പറമ്പ്. തേക്കിന്‍കാട് മൈതാനത്തിന് പിറകില്‍
തലയുയുര്‍ത്തി നിന്ന് വടക്കുന്നാഥന് ക്ഷേത്രം. പിന്നെ അങ്ങാടിക്കിളികള്‍
വട്ടമിട്ടു പറക്കുന്ന, സൂര്യവെളിച്ചം ഉറഞ്ഞുകൂടി വരുന്ന ആകാശം.
അടഞ്ഞ പടിപ്പുരകള്‍ക്കും കനത്ത കരിങ്കല്‍ മതിലുകള്‍ക്കും പിന്നില്‍
പ്രൗഢഗംഭീരമായ ലജ്ജയോടെ തലകുനിച്ചു നിന്ന സുന്ദരവിലാസം കൊട്ടാരം.
മുത്തപ്പന് കാവില്‍ മടപ്പുരയുടെ പുറത്ത് ഒറ്റച്ചെണ്ടയുടെ പ്രാകൃതതാളത്തില്
കൈപ്പന്തങ്ങളേന്തി നൃത്തം ചവിട്ടുന്ന കാളര്‍ ഭൂതങ്ങള്‍.
കുറ്റിച്ചിറക്കുളത്തില് പായല്‍ മൂടി പച്ചയായ ജലവിതാനത്തില്‍
പൊട്ടിവിടരുന്ന കുമിളകള്‍. നിലാവില് മയങ്ങുന്ന ഗംഗ. വാരാണസിയിലെ
വിവിധ ഘട്ടുകളില്‍ സ്വര്‍ണ്ണനിറത്തില്‍ തിളങ്ങുന്ന അഗ്നിജ്വാലകള്‍
– ഓര്‍മ്മകളുടെ നിറച്ചാര്‍ത്തുകളാല്‍ സമ്പന്നമാണ് ‘സ്മൃതിയോരങ്ങള്‍’.
നിലമ്പൂര്‍ കോവിലകത്തിന്റെ വൃദ്ധിക്ഷയങ്ങള്ക്കു സാക്ഷിയാകേണ്ടി വന്ന
ആത്മകഥാകാരന്റെ നിസ്സഹായത ഈ രചന സാക്ഷ്യപ്പെടുത്തുന്നു.
കിഴക്ക് നീലഗിരിയില്‍ ദേവാര്ശാല മുതല്‍ പൂക്കോട്ടൂര്‍, അമരമ്പലം
എന്നീ ഏറനാടിന്റെ പ്രവിശ്യകളിലും താഴെ സമനിലങ്ങളിലും ശക്തനും ഭക്തനും
ചേര്‍ന്ന് സ്ഥാപിച്ച സാമ്രാജ്യത്തിന്റെ പതനം;
കീരീടവും ചെങ്കോലും നഷ്ടപ്പെട്ട പുതിയ തലമുറ.
പ്രതാപിയും ഒപ്പം സഹൃദയനുമായിരുന്ന പിതാവ് കുഞ്ഞുകുട്ടന് തമ്പുരാന്
ഇടതുപക്ഷ സഹയാത്രികനായിരുന്നു. അച്ഛന്റെ നിഴലായി,
വീടിന്റെ നെടുവീര്‍പ്പായി അമ്മ.
“തമ്പുരാനും തങ്കത്തിനും ജനിച്ച ഏഴു മക്കളില്‍ ഇളയവനായിരുന്നു ഞാന്‍.
എനിക്ക് ഒന്നര വര്‍ഷം മുമ്പു മാത്രം ജനിച്ച മകന് കൂടെക്കൂടെ
സന്നിജ്വരം വന്നതിനാല്‍ അമ്മയുടെ സാന്ത്വന ഊഷ്മാവ് മുഴുവന്‍
മടിയില്‍ തളര്‍ന്നു കിടന്ന ആ കുഞ്ഞിനു പകര്‍ന്നു കൊടുത്തു.
ഗര്ഭഗൃഹത്തില് ഞാന്‍ വിസ്മരിക്കപ്പെട്ടവനായി, അല്ലെങ്കില്‍
ഒരു അസൗകര്യശിഷ്ടമായി വളര്‍ന്നു വന്നിരിക്കണം. വയറ്റാട്ടികള്‍
പറഞ്ഞിരുന്നുവത്രേ; ‘ഈ കുട്ടിയെ കിട്ടിയാലായി, കണ്ടറിയണം.’
ഏട്ടനും മൂന്നു ചേച്ചിമാര്‍ക്കും മുതിര്‍ന്നതായി രണ്ടു ജ്യേഷ്ഠന്മാര്
കൂടിയുണ്ടായിരുന്നു. കൗമാരം മുതല്‍ എന്റെ ഇഷ്ടാനിഷടങ്ങള്‍,
വാസനകള്‍ എന്നിവ കുറെയൊക്കെ, അല്ല, ഏതാണ്ട് പൂര്‍ണ്ണമായും
മനസ്സിലാക്കിയ ഒരാള്‍ രണ്ടാമത്തെ ഏട്ടനായിരുന്നു.
അദ്ദേഹം അസാധാരണത്വങ്ങള്‍ ധാരാളമുള്ള ഒരു വ്യക്തിയായിരുന്നു.
ഈ ജീവിതം ഒരു വലിയ കളവാണ് എന്ന് സ്ഥായിയായ ഒരു പുച്ഛച്ചിരിയിലൂടെ
ധ്വനിപ്പിച്ചുകൊണ്ടിരുന്നു, അദ്ദേഹം.” ദാസ് എഴുതുന്നു.
തറവാട്ടിലുണ്ടായ ദുരന്തങ്ങളുടെയും അനര്‍ത്ഥങ്ങളുടെയും കുറ്റമേറ്റെടുക്കാനായി
ജനിച്ച പട്ടാളക്കാരനായിരുന്ന ഉണ്ണിമാമയുടെ കഥ നൊമ്പരമുണര്‍ത്തുന്ന ഒന്നാണ്.
“ആറടിയില്‍ കൂടുതല്‍ പൊക്കമുണ്ടായിരുന്നു ഉണ്ണിമാമയ്ക്ക്. ഏതോ ഹിന്ദി
സിനിമാതാരത്തിന്റെ ഛായയുള്ള സുന്ദരമുഖമുണ്ടായിരുന്നെങ്കിലും
അതില്‍ ഒരരക്ഷിതാവസ്ഥയുടെ ആധിയുണ്ടായിരുന്നു..”
ബോംബെയിലെ മെട്രോട്രാക്കിലൊരിടത്ത് ഉണ്ണിമാമയുടെ ശരീരം
അവകാശികളില്ലാതെ കിടന്നു.
കഥകളിക്കാരന് കൃഷ്ണന് എളയതിന്റെ ഏകമകള്‍ മോഹിനിയുടെ
വശ്യതയ്ക്കു മുന്നില്‍ അടിയറവുപറഞ്ഞ് അപഹാസ്യനായിത്തിരുന്ന
വില്ലേജ് ഓഫീസര്‍ തൃക്കിടീരിക്കാരന് രാധാകൃഷ്ണമേനോന് –
രതിലീലകളുടെ ഇടവേളകളില്‍ കറുപ്പുകലര്ത്തിയ പാല് കുടിപ്പിച്ച്
മറവിയുടെ ഇരുട്ടിലേയ്ക്ക് തള്ളിയിടപ്പെട്ട ഹതഭാഗ്യന് –
നമ്മെ അസ്വസ്ഥരാക്കുന്ന ഒരു ദുരന്ത കഥാപാത്രമാണ്.
കാലത്തെ തളച്ചിട്ട് ദൈവവഴി അന്വേഷിക്കുന്ന ബ്രദര്‍ ഫിലിപ്പ് എന്ന
കൊല്ലത്തെ കോളേജിലെ സഹപാഠിയുടെ വ്യഥിതമായ പൂര്‍വ്വാശ്രമം
മറ്റൊരു ദുരന്തകഥയുടെ ഇതള്‍ വിടര്‍ത്തുന്നു.
അലമേലു എന്ന കര്‍ണ്ണാടക സംഗീതജ്ഞയുടെ ജീവിതവഴികളും
തുടക്കത്തില്‍ വേദനമുറ്റിനില്ക്കുന്നതാണ്.
ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ ക്ഷണപ്രകാരം അലമേലു
ഇടയ്ക്കിടെ കര്‍ണ്ണാടക സംഗിതം പാടാന്‍ വന്നു.
അലമേലുവിന്റെ മുത്തശ്ശന് മുറുക്കുസ്വാമി എന്നറിയപ്പെടുന്ന
വൈദ്യനാഥനാണ് ഏറെ സംഭവബഹുലമായ ജീവിതകഥയുടെ
ചുരുള്‍ നിവര്‍ത്തുന്നത്. മുപ്പത്താറുവര്ഷങ്ങള്ക്കുശേഷം
ചെന്നൈ ലീലാപാലസ് ഹോട്ടലിന്റെ സ്വീകരണമുറിയില്‍
അഗ്നിജ്വാലപോലെ തിളങ്ങുന്ന കാഞ്ചീപുരം പട്ടുടുത്ത്
മൂക്കിലും കാതിലും വൈരക്കല്ലുകളണിഞ്ഞ്, തലയില്‍ നിറയെ
പൂക്കള്‍ ചൂടി മൈലാപ്പൂരില്‍ കച്ചേരി അവതരിപ്പിക്കാന്‍ പോകുന്ന
അലമേലുവിനെ വീണ്ടും കണ്ടത് കരിതദാസ് വിവരിക്കുന്നുണ്ട്.
“ആത്മകഥയും ഓര്മ്മക്കുറിപ്പുമെല്ലാം ഡിമോണിട്ടയ്സ്ഡ്
കറന്‍സി പോലെയാണ്” എന്ന് ഓര്‍മ്മിപ്പിക്കുന്ന ‘ഗുരുജി’ എന്ന
ഓമനപ്പേരില്‍ അറിയപ്പെടുന്ന സഹപാഠി ആദിത്യന്
ഒരു സവിശേഷവ്യക്തിത്വമാണ്. സാമൂഹ്യസേവനം, തീവ്രവാദം,
സംഗീതപ്രേമം ഇങ്ങിനെ വ്യത്യസ്തങ്ങളായ ഭൂമികയിലൂടെയാണ്
സഞ്ചാരം. “മാറ്റങ്ങള്‍ വന്നുകൊണ്ടേയിരിക്കും. നോക്കിക്കോളൂ,
മനുഷ്യന് തീരെ ചെറുതാവും, അവന്റെ അഹന്ത കാണാന്‍
ആരുമില്ലാത്തൊരു കാലം വരും.” – ഒരു പ്രവാചകനെപ്പോലെ
മനുഷ്യരാശിയുടെ ഭാവിയുരയ്ക്കുന്ന ഗുരുജി വിജയിക്കുമെന്ന് ഉറപ്പില്ലാത്ത
ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിനുമുമ്പ് അവസാനമായി മൊഴിയുന്നു:
“മാനന്തവാടിയില്‍ ഒരു ജുവനൈല്‍ ഹോമില്‍ സിദ്ധാര്ത്ഥന്
എന്നൊരു പതിനഞ്ചുകാരനുണ്ട്. എനിക്ക് വളരെ വേണ്ടപ്പെട്ടവനാണ്,
ഞാനാണ് അവന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്. അഡ്രസ്സ് തരാം.
മറ്റൊരു രക്ഷാധികാരി കൂടി ഉണ്ടാവുന്നത് നല്ലതാണല്ലോ…”
ജീവിതത്തിന്റെ നല്ലൊരുഭാഗം പ്രശസ്തമായ മരുന്നുകമ്പനിയുടെ
പ്രതിനിധിയായി യാന്ത്രികമായി പ്രവര്‍ത്തിക്കേണ്ടിവന്ന സര്‍ഗ്ഗധനനായ
ഒരു വ്യക്തിയുടെ ധര്‍മ്മസങ്കടം ‘സ്മൃതിയോരങ്ങള്‍’ എന്ന
ഈ തിരിഞ്ഞുനോട്ടത്തില്‍ അവിടവിടെ നിഴലിക്കുന്നതു കാണാം.
അന്‍പതാം വയസ്സില്‍ “സഞ്ചിയില്‍ താക്കോല്‍ പോലെ കിടന്ന രാജിക്കത്ത്
കമ്പനിക്ക് ഫാക്സ് ചെയ്ത് നാട്ടിലേക്കുപോയി,
പുഴയില്‍ മുങ്ങിക്കുളിച്ചു, പരിശുദ്ധനായി” കിരാതദാസ്
ഭാഷയുടെയും സാഹിത്യത്തിന്റെയും മണ്ഡലത്തിലേക്ക് തിരിച്ചുവന്നു.
പ്രശസ്തനായ ഇംഗ്ലീഷ് ഭാഷാധ്യാപകനായി.
ഭാര്യയുമൊത്ത് സ്തുത്യര്‍ഹമായ നിലയില്‍ ഒരു
ഇംഗ്ലീഷ് ഭാഷാ പഠനകേന്ദ്രം നടത്തിവരുന്നു.
ജീവിതത്തില്‍ കണ്ടുമുട്ടിയ, മനസ്സില്‍ കൊണ്ടുനടന്ന ചില തുടുത്ത
മുഖങ്ങളെക്കുറിച്ചും ‘സ്മൃതിയോരങ്ങളില്’ പരാമര്‍ശമുണ്ട്.
“മേഘമല്‍ഹാര്‍ രാഗമുണ്ടോ കളക്ഷനില്‍” എന്ന് ചോദിച്ച്,
മനസ്സില്‍ ആശപടര്ത്തി ഒരു സമസ്യപോലെ മുന്നില്‍ വിടര്‍ന്നുനിന്ന
ഒരു പെണ്‍കുട്ടിയുടെ കഥ ദാസ് പറഞ്ഞുവെയ്ക്കുന്നുണ്ട്;
മാന്ദ്യതയില്‍ ആണ്ടുപോയ തന്റെ സത്തയെ ഉണര്‍ത്തുപാട്ടുകള്‍
കൊണ്ടെന്നവണ്ണം സജീവമാക്കിയ ജീവിതപങ്കാളിയെ നന്ദിപൂര്‍വ്വം
സ്മരിക്കുന്നുമുണ്ട്. ‘മുന്നിലും പിന്നിലും പടരുന്ന നിഴലായി അവള്
ചലിച്ചുകൊണ്ടിരിക്കുന്നു’ എന്നും രേഖപ്പെടുത്തുന്നു.
നിഴല്‍പ്പാടുകളും ഖസാക്കിന്റെ ഇതിഹാസവും കാലവും
മയ്യഴിപ്പുഴയുടെ തീരങ്ങളും തട്ടകവും ഓര്‍മ്മപ്പെടുത്തുന്ന,
എന്നാല്‍ തികച്ചും മൗലികമായ ഒരു ധന്യരചന –
അതാണ് “സ്മൃതിയോരങ്ങള്‍”. ഇതൊരു തുടക്കം മാത്രമാണെന്നും
കിരാതദാസിന്റെ തൂലികയില്‍ നിന്ന് ഇനിയും വിശേഷരചനകള്
പിറവിയെടുക്കുമെന്നും ആശിക്കുന്നു; എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു…”